ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൗര്യസാമ്രാജ്യം Mauryan Empire





മൗര്യസാമ്രാജ്യം 
മഗധയുടെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം. (Maurya Empire). ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് വിലയിരുത്തുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്. ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്. ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഭരിച്ചത്.മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ്‌ അവസാന മൗര്യചക്രവർത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് സാമ്രാജ്യത്തിന്‌ അന്ത്യം വരുത്തിയത്. അതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.

മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് റോമാ റിപ്പബ്ലിക്കിന്‌ സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ ചെങ്കോൽ, അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള വൈരാജ്യം എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ രാജഭരണം നിലനിന്നിരുന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും കാര്യമായുണ്ടായിരുന്നു. BC 530 നോടടുത്ത് സൈറസ് എന്ന അഖാമാനിയൻ ചക്രവർത്തി ഹിന്ദുക്കുഷ് കടന്നുവന്ന് കാംബോജം, ഗാന്ധാരം (ഇന്നത്തെ കാണ്ഡഹാർ), എന്നിവിടങ്ങളിൽ നിന്ന്‌ കപ്പം വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു പേർഷ്യൻ ചക്രവർത്തിയായ ദാരിയുസിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.


സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും കാശിയേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ അവന്തി യും വിഴുങ്ങി. പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധം വിജയിച്ചു. ജൈന, ബുദ്ധ മതങ്ങളും ഭൗതിക വാദങ്ങളുമെല്ലാമായി ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്തഃച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകൻ അജാതശത്രുവുമായിരുന്നു. എന്നാൽ അവർക്ക് പിന്നീട് വന്ന തലമുറകൾ ഒന്നും അത്രകണ്ട് ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് അല‍ക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റേയും വരവ്. ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദ രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി.

അല‍ക്സാണ്ഡർ ചക്രവർത്തി, BC 331 -ല് അഖാമാനിയൻ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെകാബൂൾ വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല. വിതസ്താ(ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നൽകിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം ഒരു സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേൽ പറഞ്ഞ കാരണങ്ങൾ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.


മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാനരാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം)നിന്നാണ് വരുന്നതെന്നും നന്ദ കുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്. അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്. അതിൻ പ്രകാരം ആന്ത്രൊകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്. ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.

അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബിൽ നിന്ന് പലായനം ചെയ്ത ഒരു ബ്രാഹ്മണ സന്യാസിയായ ചാണക്യൻ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ യാഥാർത്ഥ നാമം വിഷ്ണുഗുപ്തൻ എന്നായിരുന്നു. അർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തികൾ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ കെടുതികൾ അനുഭവിച്ചു വന്നു. ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതായി.

ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാൽ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാൽ പിന്നീടാണ് അർത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായി വരുന്നത്. അതിൽ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യൻ കേൾക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാൻ ശ്രമിക്കുകയും എന്നാൽ ചൂടു മൂലം പറ്റാതെ വരുമ്പോൾ അവന്റെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാൻ നോക്കി വിഡ്ഢിയാകുന്നു അരികിൽ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോൾ കൈ പൊള്ളില്ല“ എന്ന വാക്കുകൾ ആണ് അവർക്ക് പിന്നീട് വഴിത്തിരിവായിത്തീർന്നത്.

ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവിൽ പോകേണ്ടി വന്നു. ഏതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാർ അലക്സാണ്ഡറുടെ മേൽതിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡർ തിരിച്ചു പോകാൻ തീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാൽ അലക്സാണ്ടർ തന്റെ സൈന്യത്തിന്റെ മനോ വീര്യം നഷ്ടപ്പെട്ടതിനാൽ പിൻ‍വാങ്ങാൻ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തൻ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡർ മനസ്സു മാറ്റാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് യവനരേഖകളിൽ അദ്ദേഹത്തെ പറ്റി പരാമർശിതമായിരിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.
ചന്ദ്രഗുപ്തൻ അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.

ചാണക്യൻ വിദഗ്ദ്ധനായ ഒരു സൂത്രധാരനായിരുന്നു. അദ്ദേഹം വലിയ ഒരു ചാര ശൃംഘലയുണ്ടാക്കിയിരുന്നു. ധന നന്ദനെന്ന രാജാവിന്റെ അതിരു കടന്ന ഭരണത്തിൽ എതിർപ്പുണ്ടായിരുന്ന ജനങ്ങളെ അദ്ദേഹം ഇളക്കി വിട്ടു. രാജാവിന്റെ പാരമ്പര്യത്തിലും അദ്ദേഹം സംശയം ജനിപ്പിച്ചു വിട്ടു. സൈന്യത്തിൽ മുറുമുറുപ്പ് ഉണ്ടാക്കി. മദ്യശാലകളിൽ വച്ച് സേനാ നായകന്മാർ തമ്മിലിടയുന്നത് പതിവായി. ചന്ദ്രഗുപ്തൻ മഗധയിൽ നിന്നു തന്നെ വിഘടന വാദികളുടെ കൂട്ടായ്മയെ സംഘടിപ്പിച്ചു, തന്റെ മിത്രമായ പൗരവ രാജാവിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.

ചാണക്യനും ചന്ദ്രഗുപ്തനും കൂട്ടരും ചേർന്ന് ഒരുക്കിയ കെണിയിൽ മഗധ വീണു. അതിനായി അവർ ചെയ്തത് മഗധയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി നേരിടാൻ മഗധ കുറേ ദൂരത്തായിരുന്ന യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. ഇത്തരുണത്തിൽ ചന്ദ്രഗുപ്തൻ നഗരത്തിൽ മറ്റൊരു വഴിയിലൂടെ കയ്യേറുകയും അവിടെ അഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്തു. മിക്ക സൈന്യാധിപന്മാറ്ക്കും കൈക്കൂലി കൊടുത്ത് ഒതുക്കിയിരുന്നു. ഈ അഭ്യന്തരകലാപത്തിനിടയ്ക്ക് ധന നന്ദന്റെ പുത്രനും കിരീടാവകാശിയുമായ രാജകുമാരൻ മരിക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം അനുകൂലമാക്കാൻ ചന്ദ്രഗുപ്തന് കഴിഞ്ഞു. തിരിച്ചു വന്ന ധന നന്ദൻ സമ്മർദ്ദം താങ്ങാൻ പറ്റാതെ രാജ്യം ചന്ദ്രഗുപ്തന് കൈമാറി നാടുവിട്ടു, പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

BC 321-ലാണ് ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്. ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേർ ഇൻഡിക്കഎന്നായിരുന്നു. ചാണക്യൻ എഴുതിയ അർത്ഥശാസ്ത്രം ആണ് മറ്റൊരു ചരിത്രാധാരം. മറ്റു ചില കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികർ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മഗധ സ്വന്തമാക്കിയശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കൻ പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു
BC 305ൽ സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. അന്ന് ഗംഗാ സമതലം മുഴുവൻ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു. അലക്സാണ്ഡറുടെ സേനാ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാർ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു. പേർഷ്യയും ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സിന്ധൂ നദീ തടം വൻ കച്ചവട സാധ്യത ഉള്ളത് അവരെ ഇങ്ങോട്ട് ആകർഷിച്ചിരുന്നിരിക്കണം. എന്നാൽ ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. BC. 303-ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ (Arachosia), ബലൂചിസ്ഥാൻ( gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂ പ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപൊയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻ നിർണ്ണായക സ്വാധീനമായിരുന്നു. ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീ പുത്രത്തിലെത്തുന്നത്. അങ്ങനെ സിന്ധൂ നദീ തടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നു ചേർന്നു. ഇത്തരം ദൂര ദേശങ്ങളിൽ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ്‌ സാമ്രാജ്യം ഭരിച്ചത്‌. ബിസി 297-ലായിരുന്നു അദ്ദേഹം സിംഹസനാരോഹണം ചെയ്തത്‌. സെലൂക്കിഡ്‌ രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ്‌ പുലർത്തിയത്‌. അന്തിയോക്കസ്‌ രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ്‌ പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു. യവനർ അമിത്രോഖാതിസ്‌ എന്നാണ്‌ ബിന്ദുസാരനെ വിളിച്ചിരുന്നത്‌. 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക്‌ ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധങ്ങൾ നടത്തി. കിഴക്ക്‌ കലിംഗവും തെക്ക്‌ ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച്‌ അധികം രേഖകൾ കിട്ടാനില്ല.

ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ്‌ പിന്നീട്‌ രാജ്യം ഭരിക്കുന്നത്‌. അദ്ദേഹത്തെ മഹാനായ അശോകൻ എന്നാണ്‌ എച്ച്‌. ജി. വെൽസ്‌ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌. എന്നാൽ കണ്ണിൽ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങൾ ആയിട്ടുകൂടി നിർദ്ദയം വധിച്ചാണ്‌ കീരീടാവകാശി അല്ലായിരുന്നിട്ടു കൂടി അദ്ദേഹത്തിന്‌ സിംഹാസനം ലഭിച്ചത്‌ എന്നും ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. എന്നാൽ അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ്‌ അഹിംസയുടെ വക്താവായി മാറി, ബുദ്ധമത പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞു വച്ചു.

അദ്ദേഹം ഏതു വർഷമാണ് സിംഹാസനാരോഹണം നടത്തിയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ബിസി 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്. ചെറു പ്രായത്തിലേ പ്രായത്തിൽ കവിഞ്ഞ കാര്യ ശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ചചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു. ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ്‌ അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്‌. ഒരു സുപ്രധാന വിജയം നേടുന്നത്‌ അദ്ദേഹത്തിന്റെ വിമർശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാൽ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാൾ കനത്ത ഭാരമാണ്‌ ഇരു പക്ഷത്തും ഏൽപിച്ചത്‌. ഒരു ലക്ഷത്തിൽ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാൾ പ്രയാസാമായിരുന്നത്‌ മരിച്ചവരുടെ ജഢങ്ങൾ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതു മൂലം അസുഖം ബാധിച്ച്‌ വീണ്ടും അത്ര തന്നെ ജനങ്ങൾ മരിക്കാനിടയായതും ആണ്. ഇത്‌ അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചക്രവർത്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു. തെക്കോട്ട്‌ തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധമതത്തിൽ അഭയം തേടി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു. സിംഹളത്തിലും മറ്റുമായി അദ്ദേഹം ധർമ്മ വിജയത്തിന്റെ മാത്രം (രാജ്യം വിസ്ത്രിതമക്കാനോ പ്രശസ്തനാവാനോ യുദ്ധം ചെയ്യാതെ പ്രതിരോധം മാത്രമായി യുദ്ധം ചെയ്യുക) ഉപജ്ഞാതാവായി പ്രചരണം നടത്തി.
അദ്ദേഹം നായാട്ടും അത്തരത്തിൽ പെടുന്ന നായാട്ടുകളികളും നിരോധിച്ചു. അടിമത്തത്തെ നിർത്തലാക്കാൻ ശ്രമിച്ചു. 40 വർഷത്തോളം അദ്ദേഹം സൈന്യത്തെ പുലർത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു പോലും സഞ്ചരിച്ചു. മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു. നാടെങ്ങും ബുദ്ധ തത്ത്വങ്ങൾ പഠിപ്പിക്കാനുള്ള എർപ്പാടുകൾ ചെയ്തു. സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്‌, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും വരെ അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു. രാജ്യത്തെ സ്വത്തുക്കൾ നിർലോഭം സംഭാവന ചെയ്തുകൊണ്ടിരുന്നത്‌ മക്കൾ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്റെ അളവല്ലാതെ മറ്റു രേഖകൾ വിരളമാണ്. നാണയങ്ങൾ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം
പാടലീപുത്രം

മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു. ചുറ്റും കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന്‌ 570 കാവൽമാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു. മരവും മണ്ണിഷ്ടികയും കൊണ്ടു നിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്. രാജകൊട്ടാരവും മരം കൊണ്ടാണ്‌ നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു. കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും ഇതിൽ പക്ഷിക്കൂടുകളും ഒരുക്കിയിരുന്നു.
ഗോത്രഭരണരീതിയ്ക്ക് ഈ സമയമായ്പ്പോഴേയ്ക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു. ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി. മൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവുമായി. സാമന്തരാജാക്കന്മാർ വാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തിരുന്നു. രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.
തലസ്ഥാനമായ പാടലീപുത്രത്തിന്റെ ഭരണനിയന്ത്രണം ചക്രവർത്തി നേരിട്ടു നടത്തി. തക്ഷശില, ഉജ്ജയനി എന്നിങ്ങനെയുള്ള വിദൂരപ്രവിശ്യകളിലെ ഭരണം അതാതു പ്രവിശ്യാ ആസ്ഥാനത്തു നിന്നുമായിരുന്നു. ഇവിടത്തെ ഭരണമേൽനോട്ടത്തിനായി രാജകുടുംബാംഗങ്ങളെ നിയമിച്ചിരുന്നു. ഇത്തരം പ്രവിശ്യകളിൽ തദ്ദേശീയമായ നിയമങ്ങളും രീതികളുമാണ്‌ പിന്തുടർന്നിരുന്നത്.
സുപ്രധാനമായ സംഗതി ഏകീകൃതനാണയസമ്പ്രദായമായിരുന്നു. നാണയങ്ങൾക്ക് രൂപം എന്നർത്ഥത്തിൽ രൂപ എന്ന് വിളിച്ചിരുന്നതായി അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. അതനുസരിച്ച് സ്വർണ്ണരൂപ, രുപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു. ഇതിൽ അതാത് കാലത്തെ ചക്രവർത്തിയുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു. ഭരണം വിഭജിച്ചിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു. മന്ത്രിമാർ അഥവാ മഹാമാത്രന്മാരുടെ കീഴിൽ അദ്ധ്യക്ഷന്മാർ, സചിവന്മാർ, രാജൂകന്മാർ, യുക്തന്മാർ അഥവാ കാര്യനിർവാഹകർ(executives) എന്നിവർ ജോലി നോക്കിയിരുന്നു.

സമാഹർത്താവ് എന്നൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഇത് ഇന്നത്തെ കളക്ടർക്ക് സമാനമായ പദവിയാണ്. വ്യാപാരം, കൃഷി, വന വിഭവങ്ങൾ, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, വേശ്യാവൃത്തി, ജലയാനം, കാലികൾ, വിദേശ യാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേൽനോട്ടം നടത്തിയിരുന്നത്.
രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചു കൊല്ലം കൂടുമ്പോൾ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. നാട്ടു വാർത്തകൾ ശേഖരിച്ച രാജാവിനടുത്തെത്തിക്കാൻ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.

രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളത്തിനും ക്ഷേമപ്രവർത്തനത്തിനും മറ്റുമായി ചെലവാക്കിയിരുന്നു. ഉദ്യോഗത്തിനനുസരിച്ച ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും. 
പാത നിർമ്മാണം, പൊതു മരാമത്ത് ജലസേചനം തുടങ്ങിയവ ഭരണകൂടം നിർവ്വഹിച്ചിരുന്നു.
പ്രധാനപ്പെട്ട പട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗതപ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇവിടെ നിന്നും സാധ്യമായ കപ്പവും നികുതിയും പിരിക്കുകയും ചെയ്തിരുന്നു. വടക്കു പടിഞ്ഞാറൻ മേഖലകൾ പരവതാനികൾക്കും, ദക്ഷിണേന്ത്യ സ്വർണ്ണത്തിനും വിലപിടിച്ച രത്നങ്ങൾക്കും കേൾവികേട്ടതാണെന്നും ഈയിടങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ കപ്പമായി പിരിച്ചെടുക്കാമെന്നും അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിനു പുറമേ വനമേഖലയിൽ ജീവിച്ചിരുന്ന ആളുകൾ അവർ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഏറെക്കുറേ സ്വതന്ത്രരായിരുന്നെങ്കിലും, ആന, തടി, തേൻ, മെഴുക് തുടങ്ങിയ വനവിഭവങ്ങൾ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർക്ക് കപ്പമായി നൽകിപ്പോന്നു.
നിയമങ്ങൾ 
കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ. അചാരമായിരുന്നു മറ്റൊരു പ്രമാണം. നിയമത്തിന് ആധാരങ്ങൾ ഇവ രണ്ടുമായിരുന്നു. അചാരങ്ങൾ സർവ്വ സമ്മതങ്ങളായിരുന്നു എങ്കിലും വ്യത്യസ്ത മതങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ വ്യത്യസ്തവുമായിരുന്നു. ക്രമ സമാധാനത്തിന് പ്രായശ്ചിത്തമില്ലായിരുന്നു. ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്. ശിക്ഷകൾ അതി കഠിനമായിരുന്നു. അതു കൊണ്ടു തന്നെ കളവും ചതിയും വളരെ കുറവാണെന്ന് യവനർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വർണ്ണ വ്യവസ്ഥയ്ക്കനുസരിച്ച് ശിക്ഷയുടേ കാഠിന്യത്തിന് വ്യത്യാസം ഉണ്ടായിരുന്നു. എന്നാൽ അശോകന്റെ കാലത്തെ സൈദ്ധാന്തികമായെങ്കിലും ഇതിന് മാറ്റം വന്നു വ്യവഹാര സമത, ദണ്ഡന സമത എന്നിവ അന്ന് നടപ്പിൽ വരുത്താൻ അദ്ദേഹം ശ്രമിച്ചതായി ശാസനങ്ങളിൽ നിന്ന് മനസ്സിലാക്കാം.
കുറ്റാന്വേഷണത്തിന് ചാരന്മാർ ഉണ്ടായിരുന്നു, അതിൽ സഹായിക്കുന്ന ജനങ്ങൾക്ക് പാരിതോഷികം നൽകുമായിരുന്നു.

മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. വിസ്തൃതി ധാരാളമായി വർദ്ധിച്ചതു നിമിത്തം പലയിടങ്ങളിലുമുള്ള ജനങ്ങൾ ഇടകലരാൻ തുടങ്ങി. അലക്സാണ്ഡറുടെ കൂടെ വന്ന പല പട്ടാളക്കരും തിരികേ പോകാതെ ഇവിടെ തങ്ങിയിരുന്നു. പിന്നീട് അവരുമായി ബന്ധങ്ങൾ ഊഷ്മളമായപ്പോൾ പല യവനരും പാർസികളും കച്ചവടത്തിനും മറ്റുമായി വന്നു ചേരാനും തുടങ്ങി.
കൃഷി വിപുലമായപ്പോൾ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാർഗ്ഗവും അതിൽ നിന്നായി. ഭൂ നികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി. സാമ്പത്തിക ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമായ അർത്ഥശാസ്ത്രം എഴുതിയ ചാണക്യൻ ഇതിനെല്ലാം സൂത്രധാരനായിരുന്നു. ഭൂമിയുടെ ഉടമസ്ഥത രാജാവിനായിരുന്നു. എന്നാൽ അത് തത്ത്വത്തിൽ മാത്രമായിരുന്നു. അതിനാൽ അവകാശികൾ സ്വന്തമെന്നോണം ആണ് അത് അനുഭവിച്ചിരുന്നത്. എന്നാൽ ഇതിനെല്ലാം പാട്ടക്കരാർ ഉണ്ടായിരുന്നു. നിലം വികസിപ്പിക്കുനത് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്. കാടു വെട്ടിത്തെളിച്ച് പുതിയ കൃഷിഭൂമി നിർമ്മിക്കുന്നതും അവർ തന്നെ. കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. സിതാദ്ധ്യക്ഷൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ചില സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി. യുദ്ധത്തടവുകാരേയും മറ്റും ഇതിനായി ബലമായി ജോലി എടുപ്പിച്ചിരുന്നു. എന്നാൽ ഭൂമി കൈവശം വച്ചിരുന്നവർക്ക് കൃഷി നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നിലങ്ങളിൽ പലർ ചേർന്ന് കൂട്ടമായി വിതയ്ക്കുകയും വിള പങ്കിടുന്ന രീതിയും ഉണ്ടായിരുന്നു
പഠനം ഉന്നതർക്കു മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. എങ്കിലും ക്ഷത്രിയരോ, ബ്രാഹ്മണരോ മാത്രമേ വിദ്യാഭ്യാസം ആർജ്ജിച്ചിരുന്നുള്ളൂ.
കൈത്തൊഴിലുകൾ വാണിജ്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇത് ചിലത് ഭരണകൂടം നേരിട്ട് നടത്തി. വിദേശ വ്യാപാരത്തിന് ചുങ്കം ചുമത്തിയിരുന്നു. ആയുധ നിർമ്മാണം, തോണി-കപ്പൽ നിർമ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു.നൂൽ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകൾ ആയിരുന്നു. മിക്കവാറും എല്ലാ ഉത്പന്നങ്ങക്കും നിർമ്മാണ വേളയിലും വില്പന വേളയിലും നികുതി ഒടുക്കേണ്ടീയിരുന്നു. നികുതി വണിക്കുകൾ ഒന്നായി കൊടുക്കേണ്ടതായിരുന്നു. വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം. വിദേശിയരുമായുള്ള സമ്പർക്കം നിമിത്തം വസ്ത്രധാരണരീതിയിലും മാറ്റങ്ങൾ വന്നു തുടങ്ങി. കുടുക്കുകൾ ഇല്ലാത്ത മേൽ വസ്ത്രം ഇക്കാലത്ത് പ്രചരിച്ചിരുന്നു.

സാമ്പത്തികമായി ഭദ്രത കൈവന്നിരുന്നു. ഏക നാണയ വ്യവസ്ഥ നിലവിൽ നിന്നിരുന്നതിനാൽ വിനിമയം എളുപ്പമായിരുന്നു. എന്നിരുന്നാലും കൈമാറ്റ സമ്പ്രദായവും നില നിന്നു. വ്യാപരികളും മറ്റും വലിയ സമ്പന്നരായിത്തീർന്നു. പലിശക്ക് പണം കൊടുക്കുന്ന ഏർപ്പാട് ചിലർ നടത്തിപ്പോന്നു. 15 ശതമാനാമായിരുന്നു പലിശ. നികുതി വെട്ടിപ്പ് നടന്നിരുന്നു എങ്കിലും കടുത്ത ശിക്ഷയായതിനാൽ തുലോം കുറവായിരുന്നു.
മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ്‌ അവസാന മൗര്യചക്രവർത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് സാമ്രാജ്യത്തിന്‌ അന്ത്യം വരുത്തിയത്. പുഷ്യാമിത്രൻ ഒറ്റദിവസം കൊണ്ട് സാമ്രാജ്യസ്ഥാപനം നടത്തുകയായിരുന്നില്ല. അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല. പുരോഹിത വർഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിർപ്പുകൾ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു. ബുദ്ധ മത പ്രചരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്കിടയിലേയ്ക്ക് എത്തിക്കാൻ ശ്രമിച്ചതും അവർക്ക് ഇഷ്ടമായിരുന്നില്ല. മാത്രവുമല്ല ശിക്ഷാ നിയമങ്ങൾ ഏകീകരിക്കാൻ ശ്രമിച്ച അശോകന് വീണ്ടും ഈ വർഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു. അന്നു വരെ കുറ്റകൃത്യങ്ങൾക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്. ബ്രാഹ്മണർക്ക് എന്നും ലളിതമായ ശിക്ഷകൾ ആയിരുന്നു നൽകപ്പെട്ടിരുന്നത്.

മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതിന്റെ സ്ഥാനത്ത് വിവിധ രാജവംശങ്ങൾ ഉടലെടുത്തു. പുഷ്യാമിത്രശുംഗൻ, ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും വ്യാപിച്ച ശുംഗസാമ്രാജ്യം സ്ഥാപിച്ചു. വടക്കു പടിഞ്ഞാറു ഭാഗത്തും ഉത്തരേന്ത്യയിലും ഇന്തോ-ഗ്രീക്ക് സാമ്രാജ്യം നൂറോളം വർഷക്കാലം ഭരണം നടത്തി
സാമ്രാജ്യത്തിന്റെ അടയാളം:
സിംഹ തലസ്ഥാനം
സ്ഥാപകൻ: ചന്ദ്രഗുപ്ത മൗര്യൻ
ഔദ്യോഗിക ഭാഷ :പ്രാകൃത്
മതങ്ങൾ:ഹിന്ദു മതം,ജൈന മതം,ബുദ്ധ മതം
തലസ്ഥാനം: പാടലീപുത്രം
സാമ്രാജ്യത്തിന്റെ തലവൻ:സമ്രാട്ട് (ചക്രവർത്തി)
ആദ്യത്തെ ചക്രവർത്തി: ചന്ദ്രഗുപ്ത മൗര്യൻ
അവസാനത്തെ ചക്രവർത്തി:ബൃഹദ്രഥൻ
വിസ്തീർണ്ണം:50 ലക്ഷം ച.കി.മീ(ദക്ഷിണ ഏഷ്യയും മധ്യേഷ്യയുടെ)ഭാഗങ്ങളും
ജനസംഖ്യ: 5 കോടി (അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന്)
നാണയം: വെള്ളിനാണയങ്ങൾ 
മൗര്യസാമ്രാട്ടുകളുടെ ഏകദേശ കാലഘട്ടങ്ങൾ
ചന്ദ്രഗുപ്ത മൗര്യൻ ബിസി 322 ബിസി . 298
ബിന്ദുസാരൻ . ബിസി 297 ബിസി 272
സമ്രാട്ട് അശോകൻ ബിസി 273 ബിസി 232
ദശരഥൻ .ബിസി232 ബിസി 224
സമ്പ്രതി ബിസി 224 .ബിസി215
ശലിസുകൻ ബിസി 215 .ബിസി202
ദേവവർമ്മൻ .ബിസി202 ബിസി 195
ശതധന്വൻ ബിസി 195 ബിസി 187
ബൃഹദ്രഥൻ ബിസി 187 .ബിസി185

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ