കുളനട| Kulanada
പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.
കുളനട എന്ന സ്ഥനനാമത്തിന്റെ ഉത്ഭവം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തോടാണ് പ്രധാനമായും ചരിത്രകാരന്മാര്‍ ചേര്‍ത്തു വായിക്കുന്നത്. ക്ഷേത്രവും ക്ഷേത്രക്കുളവും ചേര്‍ന്ന് “കുളവും നടയും“ എന്ന് പരിസരവാസികള്‍ വിളിച്ചു തുടങ്ങിയത് പിന്നീട് ലോപിച്ച് കുളനടഎന്ന സ്ഥലനാമമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല “കൊലനിലം” എന്ന പദം ലോപിച്ച് കുളനട ആയി മാറിയതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. വാദങ്ങള്‍ എന്തു തന്നെ ആയാലും കുളനട എന്ന ദേശവും അവിടുത്തെ സ്നേഹനിധികളായ, മത നിരപേക്ഷരായ ജനങ്ങളും ചേര്‍ന്ന് ആ നാടിന്റെ യശ്ശസ്സ് ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് തര്‍ക്കമില്ലാത്ത വിഷയം തന്നെയാണ്. എണ്ണിയാല്‍ തിരാത്തത്ര കുന്നുകള്‍, ചെറുതും വലുതുമായ ധാരാളം കുളങ്ങള്‍, ചെറു ചാലുകള്‍, വലിയ തോടുകള്‍, കുന്നുകളുടെ ഇടയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍, ഫലഭൂയിഷ്ഠവും നിരപ്പാര്‍ന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദര്‍ശിക്കാവുന്ന കാവുകള്‍ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികള്‍ നാളികേരവും റബ്ബറുമാണ്.
തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍താഴം കരകളും കൂടി ചേര്‍ത്ത് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചരി താലൂക്കിലും ഉള്‍പ്പെടുന്നു. മെഴുവേലി, കുളനട വില്ലേജുകളിലായി പത്തു വാര്‍ഡുകള്‍ നിലവിലുണ്ട്. ആദ്യ വില്ലേജുയൂണിയന്‍ പ്രസിഡന്റ് എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ 8 കിലോമീറ്റര്‍ ദൂരം കുളനടപഞ്ചായത്തിലാണ്.
തെക്കുംകൂര്‍രാജാക്കന്മാരുടേയും അറുകാലിക്കല്‍ രാജാക്കന്മാരുടേയും ഭരണത്തിന്‍കീഴിലായിരുന്നു പന്തളം തെക്കേക്കര, വടക്കേക്കര പ്രദേശങ്ങള്‍. കൊല്ലവര്‍ഷം 79-ല്‍ പാണ്ഡ്യരാജാക്കന്‍മാരില്‍ ഒരു വിഭാഗം മധുരയില്‍ നിന്നും വേണാടു രാജാക്കന്മാരുടെ സഹകരണത്തോടു കൂടി പന്തളം രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു. അവര്‍ കൈപ്പുഴ മേലേടത്തു കോയിക്കല്‍ എന്നറിയപ്പെട്ട സ്ഥലത്ത് കൊട്ടാരം പണിതു താമസമാക്കി. കൂടുതല്‍ ആളുകള്‍ വന്നു ചേര്‍ന്നതോടുകൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പുരുഷന്മാര്‍ തോന്നല്ലൂര്‍ കരയിലേക്കു മാറി താമസിച്ചു. ശൈവമത വിശ്വാസികളായ ഇവരുടെ കുലദൈവം ശാസ്താവ് ആയിരുന്നു. ആദ്യമായി ഇവര്‍ നിര്‍മ്മിച്ചത് കൈപ്പുഴക്ഷേത്രം ആയിരുന്നു. പ്രസിദ്ധങ്ങളായ 16 ക്ഷേത്രങ്ങളുടെ ഊരാണ്മ ഈ രാജകുടുംബത്തിനായിരുന്നു. ക്ഷേത്രപൂജയ്ക്കായി ബ്രാഹ്മണരെ കൊണ്ടുവന്നതായും കരുതുന്നു. ഊരാണ്മക്കാരായ ഇടപ്പള്ളി ദേവസ്വത്തിന്റെ പ്രാദേശിക ആസ്ഥാനങ്ങളില്‍ ഒന്നുമായിരുന്നു ഈ പ്രദേശം. കരം, മിച്ചവാരം, പിരിവുകള്‍ എന്നിവ ജന്മികളാണ് നടത്തിവന്നിരുന്നത്. പ്രധാനതൊഴില്‍ കൃഷിയായിരുന്നു. ജന്മികുടിയാന്‍ ബന്ധം ശക്തമായി നിലനിന്നിരുന്നു.
സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ബ്രാഹ്മണസമുദായത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്നു. ആദ്യകാലത്ത് പരമ്പരാഗതതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഉണ്ടായിരുന്ന മാന്യസ്ഥാനവും സാമൂഹികസമത്വവും നഷ്ടപ്പെട്ടു. ജാതിവൃവസ്ഥ ശക്തി പ്രാപിച്ചതോടു കൂടി താഴ്ന്ന ജാതിക്കാര്‍ക്ക് അക്ഷരജ്ഞാനവും നിഷേധിക്കപ്പെട്ടു. ജന്മിത്തത്തേയും നാടുവാഴിത്തത്തേയും നിലനിര്‍ത്തുന്നതിനും ആയുധപരിശീലനത്തിനുമായി കളരികള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തില്‍ പന്തളം, വേണാടിന്റെ ഭാഗമായി.
1000 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള തുമ്പമണ്‍ വടക്ക് ശ്രീവടക്കുംനാഥക്ഷേത്രം, അവിടുത്തെ ചുവര്‍ച്ചിത്രം കൊണ്ടും മനോഹരമായ കൊത്തുപണികള്‍കൊണ്ടും പ്രസിദ്ധമാണ്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പന്തളം രാജാക്കന്മാരുടെ ആദ്യകാലക്ഷേത്രമാണ്. പന്തളം മഹാദേവര്‍ക്ഷേത്രത്തിന്റെ കരകളില്‍പ്പെടുന്ന ഈ പ്രദേശത്തെ കെട്ടുകാഴ്ചയിനമായ കൈപ്പുഴകാളയും, ഞെട്ടൂരിലെ പാവത്തേരും പ്രശസ്തങ്ങളാണ്. ശ്രീവടക്കുംനാഥക്ഷേത്രത്തിലെ കെട്ടുകാഴ്ചയും പ്രസിദ്ധമാണ്. ഉളളന്നൂരിലെ കളിത്തട്ട് പഴമയുടെ ബാക്കിപത്രമാണ്. കൊല്ലവര്‍ഷം 350-ന് തുമ്പമണ്‍പള്ളിയുടെ ശിലാസ്ഥാപനം നടത്താന്‍ പന്തളംരാജാവ് സ്ഥലം അനുവദിച്ചു. അതിനുമുമ്പുതന്ന ക്രിസ്ത്യാനികള്‍ ഇവിടെ താമസമുറപ്പിച്ചിരുന്നു. തുമ്പമണ്‍വടക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാപള്ളി, മാന്തുകവലിയപള്ളി, ഉള്ളന്നൂര്‍ സെന്റ് മേരീസ് പള്ളി ഇവയ്ക്ക് 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കുളനടയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് സംഘടന രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉള്ളന്നൂര്‍ കുറ്റിപീടികയില്‍ എം.മാത്തൂണ്ണി ഈ നാടിന്റെ അഭിമാനമാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്ത് ആദ്യകാലത്ത് രണ്ടു ഗ്രാമോദ്ധാരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒന്ന് ഉള്ളന്നൂരില്‍ ആയിരുന്നു. സ്വാതന്ത്ര്യസമരത്തിലും പുരോഗമനപ്രസ്ഥാനങ്ങളിലും അനവധി പ്രവര്‍ത്തകരെ കുളനട സംഭാവന ചെയ്യുകയുണ്ടായി. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും ആഴത്തില്‍ വേരോടിയ ഭൂമിയാണിവിടം. സംസ്കൃതപഠനത്തിനായി കൊട്ടാരം വക സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1905-ല്‍ ഇവാഞ്ചലിക്കല്‍ സുവിശേഷസംഘം പുന്നക്കുന്ന് ഇ.എ.എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. 1917-ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ സ്കൂളാണ് തുമ്പമണ്‍ വടക്ക് എല്‍.പി.ജി.എസ്. അതുപോലെ വളരെ പഴക്കം ചെന്ന സ്കൂളാണ് പന്തളംഗിരിദീപം.
പുളിക്കേരില്‍ കേശവന്‍ നടത്തിയിരുന്ന സ്കൂള്‍ കാറ്റത്തു വീണുപോകുകയും അത്യാഹിതം സംഭവിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് അവിടെ നിന്നും മാറ്റി സ്ഥാപിച്ചാണ് ഇന്നത്തെ ഗവ.എല്‍.പി.എസ്സ് കൈപ്പുഴ. അന്ന് വേണ്ടത്ര ആശുപത്രി സൌകര്യം ലഭിക്കാതെ കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ ഈ പ്രദേശത്ത് ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് അന്നുള്ളവര്‍ മുന്‍കൈ എടുത്തതിന്റെ ഫലമാണ് ഇന്നത്തെ കുളനട സര്‍ക്കാര്‍ ആശുപത്രി.
ജന്മിത്തവ്യവസ്ഥിതിയിലും ജാതിവ്യവസ്ഥയിലും അവര്‍ണ്ണജനത വളരെ കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ മൂക്കുത്തി ഇടുവാനോ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരായ സമരത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വലിയ കുതിരപ്പടയുമായി വന്ന് അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകളുടെ മാറു മറച്ച് മുക്കൂത്തി ഇടീച്ച് കുളനട വഴി പന്തളത്തിന് പ്രകടനം നടത്തി. ഈ പഞ്ചായത്തിലെ പ്രധാനവഴികള്‍ ജനപങ്കാളിത്തോടു കൂടി വെട്ടിയതാണ്. കുളനട-കിടങ്ങന്നൂര്‍, കുളനട-അമ്പലക്കടവു വഴി ഇലവുംതിട്ട എന്നിവ ആദ്യകാലറോഡുകളാണ്. 1971 ബാച്ചില്‍പ്പെട്ട ഐ.എ.എസ് ആഫീസര്‍ ജോണ്‍മത്തായി, 1976 ബാച്ചില്‍പ്പെട്ട ഐ.പി.എസ് ബാച്ചില്‍പ്പെട്ട ആഫീസര്‍ അലക്സാണ്ടര്‍ ദാനിയേല്‍ തുടങ്ങിയവരുടെ ജന്മസ്ഥലം പഞ്ചായത്തിലാണ്.
10 നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച വൈഷ്ണവ, ശൈവക്ഷേത്രങ്ങളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും ഈ നാട്ടിലുണ്ട്. ക്ഷേത്രകലാരൂപങ്ങളായ കഥകളി, ഓട്ടന്‍തുള്ളല്‍, ചൊല്ലിയാട്ടം ഇവയുടെ പ്രചാരണത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവരുടെ കലാരൂപങ്ങളായ പാക്കനാര്‍കളി, കോലംതുള്ളല്‍, പരിചമുട്ടുകളി, വില്‍പ്പാട്ട്, ഞാറ്റുവേലക്കളി, ഭദ്രകാളിപാട്ട്, കുടംതുള്ളല്‍, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം, യക്ഷിക്കോലം, മാര്‍ഗ്ഗംകളി എന്നിവയും പ്രചാരത്തിലുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളുടെയും കഥകളിയുടെയും പരിശീലനക്കളരി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ