മഹാകുംഭമേളയില്‍ അവര്‍ ഗംഗയുടെ തീരത്തേക്കിറങ്ങി വരും;
ഗൂഢമായ അഖാഡകളില്‍ നിന്ന്, ഗോപ്യമായി യാതൊന്നുമില്ലാത്ത ദിഗംബര നാഗസംന്യാസിമാര്‍.
വിചിത്രമായ ആ സാധുസംഘങ്ങളിലൂടെ ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകള്‍....
ദിഗംബര സൗന്ദര്യം: ആകാശത്തെ അംബര (വസ്ത്രം)മാക്കിയവന്‍, ദിഗംബരന്‍. ക്യാമറക്കണ്ണിലൂടെ ഈ നഗ്നസൗന്ദര്യം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന നാഗ സംന്യാസിമാര്‍ |
എന്റെ കുംഭമേളാനുഭവത്തിന് നിറം പകര്‍ന്നത് ഒരു പ്രത്യേക വിഭാഗം സംന്യാസിമാരായിരുന്നു. നഗ്നരായ നാഗ സാധുക്കള്‍. മേലാസകലം ഭസ്മം പൂശി, ഇടക്ക് പൊട്ടിത്തെറിച്ച് അശ്ലീലമെറിയുന്ന ദിഗംബരന്‍മാര്‍. പുണ്യ സ്‌നാനത്തിന്റെ ആദ്യാവകാശികള്‍. കുംഭമേള ക്യാമറയിലാക്കാന്‍ വന്ന ഞാന്‍ അവരെ പിന്‍തുടര്‍ന്നു.
മോക്ഷദായിനി: ജന്മാന്തര പാപങ്ങളെ കഴുകിക്കളയുന്ന ഗംഗാജലപാനം |
ചരസ്സിന്റെയും ചായയുടെയും ഗന്ധമുള്ള ടെന്റുകളിലെ ഒരു കാഴ്ച്ച |
ഒരു നാഗ സംന്യാസി സംഘം എന്നെ അവരുടെ അഖാഡയിലേക്ക് സ്വാഗതം ചെയ്തു. എരിയുന്ന ഹോമകുണ്ഡത്തിനകമ്പടിയായി ചരസ്സിന്റെയും ചുടുചായയുടേയും ധൂമവലയങ്ങള്‍ സദാ നിറയുന്ന ഇടങ്ങള്‍. ഫോട്ടോ എടുക്കുന്നതില്‍ നിന്നും തുടക്കത്തില്‍ അവരെന്നെ വിലക്കി.
ആരാധനയുടെ ഭ്രമാത്മകലോകം: നാഗസംന്യാസിമാരുടെ പൂജാവേള |
രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷം ഒരു പടം മാത്രം എടുക്കാന്‍ അനുവാദം കിട്ടി. എനിക്കായി പ്രത്യേകം എമര്‍ജന്‍സി വിളക്കു തെളിയിക്കപ്പെട്ടു. ക്യാമറയുടെ ഷട്ടര്‍ ശബ്ദം പോലും അവരെ അലോസരപ്പെടുത്തുമെന്നു ഞാന്‍ ഭയപ്പെട്ടു. പരിചിതയായപ്പോള്‍ അവരെന്നെ മറ്റിടങ്ങളിലേക്കു കൊണ്ടു പോയി പരിചയപ്പെടുത്തി. 'കൊച്ചു പെണ്‍കുട്ടിയാണ്, പടമെടുത്ത് പേരുണ്ടാക്കുകയാണ് ഉദ്ദേശ്യം'.
കാമനകളേയും ലജ്ജയേയും മറികടന്നാല്‍ അതീതരായി: ഭസ്മലേപിതനായ ഒരു നാഗസംന്യാസി |
അപരിചിതത്വത്തിന്റെ അംഗവസ്ത്രങ്ങള്‍ അഴിഞ്ഞപ്പോള്‍ നാഗ സംന്യാസിമാരുടെ അമാനുഷിക പരിവേഷം മെല്ലെ മെല്ലെ അലിഞ്ഞു. മുഖ്യധാരകളില്‍ നിന്ന് വഴിമാറി നടക്കുന്ന നഗ്നരായ ഈ നാഗബാബമാരെ പുറംലോകം കാണുന്നത് ഗംഗയുടെ തീരങ്ങളില്‍ ചാക്രികമായി അരങ്ങേറാറുള്ള കുംഭമേളകളിലാണ്.
അമൃതം ഗമയ: കുംഭമേള നാളുകളില്‍ ഗംഗ അമൃതായി മാറും എന്നു വിശ്വാസം ഗംഗാമയ്യയെ പ്രണിക്കുന്ന നാഗ ബാബ |
വൈവിധ്യവൈചിത്ര്യങ്ങളുടെ സംഗമഭൂമിയാണ് കുംഭമേള, ഈ ശരീരങ്ങള്‍ പോലെ |
വ്യത്യസ്തരാണ് അവര്‍. പ്രശസ്തി കാംക്ഷി ക്കുന്നവരാണ് പലരും, മൊബൈലും സാറ്റലൈറ്റ് ചാനലുകളും ഇഷ്ടപ്പെടുന്നവര്‍. ആധുനികതയോടു മമത കാണിക്കുന്ന വൈരാഗികള്‍. എന്നാല്‍ ചിലരാകട്ടെ, എല്ലാത്തിനോടും വിമുഖത കാട്ടുന്നു. അപ്രവചനീയമായ സ്വഭാവം പേറുന്നവര്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ