ക്ഷേത്രാരാധനയിലെ ലിംഗസമത്വവും ഹിന്ദുത്വവും :
ആരാധനയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നത് വേദകാലം മുതലുള്ള നമ്മുടെ പാരമ്പര്യമാണ്. വേദകാലത്ത് ഏതാണ്ട് 30-35 സ്ത്രീ ഋഷികള്‍ ഉണ്ടായിരുന്നു. വേദത്തിലെ മന്ത്രങ്ങള്‍ ഋഷീശ്വരന്മാര്‍ക്ക് വെളിപ്പെട്ടു എന്നു പറയുന്നു. അങ്ങനെ വെളിപ്പെട്ടവരില്‍ പുരുഷന്മാര്‍ മാത്രമല്ല 35 ഓളം സ്ത്രീകളുമുണ്ട്. ഒരു മന്ത്രമാണ് ഗായത്രി. ഗായത്രി സ്ത്രീകള്‍ ചൊല്ലരുത് എന്ന് ചില യാഥാസ്ഥിതികര്‍ പറയാറുണ്ട്. ദേവതകളെല്ലാം സ്ത്രീകളാണല്ലോ. ഗായത്രിമന്ത്രത്തിന്റെ ദേവത തന്നെ സ്ത്രീയാണല്ലോ. അപ്പോള്‍ വേദങ്ങള്‍ സ്ത്രീകള്‍ക്ക് ചൊല്ലാന്‍ പാടില്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥം? വേദങ്ങള്‍ക്കുശേഷം ഉപനിഷത്തുക്കള്‍ വന്നു. ഉപനിഷത്ത് കാലത്തും സ്ത്രീകള്‍ക്ക് തുല്ല്യ അവസരവും അവകാശവുമാണ് നല്‍കിയിരുന്നത്. ഐതരേയബ്രാഹ്മണത്തില്‍ ഒരു ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ മഹീപാല്‍ എന്നൊരു മകനുണ്ടായി. പണ്ട് അങ്ങനെയൊക്കെ ഉണ്ടാകുമായിരുന്നു. മഹീപാലിന്റെ അമ്മയായ ‘ഇതര’ അയാള്‍ക്ക് വേദാധ്യയനം ചെയ്തുകൊടുത്തു. തുടര്‍ന്ന് മഹീപാല്‍ വിദ്വല്‍സഭയില്‍ ചര്‍ച്ചയ്ക്ക് പോയി വിജയം വരിച്ചു. അദ്ദേഹം അവിടെ അവതരിപ്പിച്ച ബ്രാഹ്മണത്തെ മഹീപാലിന്റെ ബ്രാഹ്മണം എന്ന് എല്ലാവരും അംഗീകരിക്കാന്‍ തയ്യാറായി. അപ്പോള്‍ മഹീപാല്‍ എഴുന്നേറ്റുനിന്നു പറഞ്ഞു. ‘ഈ ബ്രാഹ്മണത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവ് എന്റെ അമ്മയായ ‘ഇതര’യാണ്. അതുകൊണ്ട് ഇതിന് എന്റെ അമ്മയുടെ പേരാണ് കൊടുക്കേണ്ടത്’ അതോടെ അതിന്റെ പേര് ഐതരേയബ്രാഹ്മണം എന്നാക്കി മാറ്റി. ഇതരയുടെ ബ്രാഹ്മണം എന്നര്‍ത്ഥം. രാമായണ കാലഘട്ടത്തില്‍ ദശരഥന് ശ്രാദ്ധം ഊട്ടാന്‍ വേണ്ടി കൈകേയിയും കൗസല്യയും പങ്കെടുക്കുന്നതായി വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശ്രാദ്ധമൂട്ടാനുള്ള അധികാരം അന്നുണ്ടായിരുന്നു. ഇത് പറയുമ്പോള്‍ കേരളീയര്‍ക്ക് പുതുമ തോന്നില്ല. കാരണം മുഴുവന്‍ ഭാരതത്തില്‍, കേരളത്തില്‍ മാത്രമാണ് ശ്രാദ്ധമൂട്ടാനും പിണ്ഡം വെക്കാനും സ്ത്രീകള്‍ക്ക് അധികാരമുള്ളത്. വേദം അധ്യയനം ചെയ്യാനുള്ള അധികാരവും അന്ന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. വേദകാലത്തും ഉപനിഷത്കാലത്തും ഉപനയനകര്‍മ്മം അഥവാ പൂണൂല്‍ ധാരണം സ്ത്രീകള്‍ക്കുമുണ്ടായിരുന്നു.ദയാനന്ദസരസ്വതി ആര്യസമാജം രൂപീകരിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് ബ്രഹ്മോപദേശം, യജ്ഞോപവീതധാരണം, പൂണൂല്‍ കല്ല്യാണം ഉള്ളതുപോലെ ത്രൈവര്‍ണ്ണികര്‍ക്കും സ്ത്രീകള്‍ക്കും പൂണൂല്‍ ധാരണം, ഉപനയനകര്‍മ്മം എന്നിവ നടത്തി. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അന്ന് സന്യാസിനിമാര്‍ വേദം പ്രചരിപ്പിക്കാന്‍ വേണ്ടി നടന്നിരുന്നു. ആ സന്യാസിനിമാരെ ബ്രഹ്മവാദിനി എന്നാണ് പറഞ്ഞിരുന്നത്. അതുപോലെ ഗാര്‍ഹസ്ഥ്യം വരെ അതിനുവേണ്ടി പ്രവര്‍ത്തിച്ചവരും ഗാര്‍ഹസ്ഥ്യത്തിനുശേഷവും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. അവര്‍ക്കാണ് ‘സദ്യോദ്‌വാഹ’ എന്നാണ് പേരിട്ടിരുന്നത്. ഈ സദ്യോദ്‌വാഹ, ബ്രഹ്മവാദിനി എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ധര്‍മ്മത്തിനും മന്ത്രത്തിനും അധികാരം ഉണ്ടായിരുന്നു. ഏ.ഡി. 400-500 കാലഘട്ടത്തിനുശേഷം മുസ്ലീംഭരണകാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായപ്പോള്‍ അവര്‍ വീട്ടില്‍ ഒതുങ്ങി. അപ്പോഴാണ് നമ്മുടെ ആരാധനാസമ്പ്രദായത്തില്‍ സ്ത്രീകളുടെനേരെ വിവേചനം വന്നത്. കാളിദാസന്റെ കുമാരസംഭവകാലത്ത് ഉമയ്ക്ക് തപസ്സു ചെയ്യാന്‍ സാധിച്ചിരുന്നു. പാരമ്പര്യം വച്ചുനോക്കിയാല്‍ സ്ത്രീക്ക് ഒരു തരത്തിലും വിവേചനമില്ല എന്നു കാണാന്‍ സാധിക്കും.
ഈ കാഴ്ചപ്പാടോടു കൂടിയാണ് ആര്‍.എസ്.എസ്. ഈ വിഷയത്തെ നോക്കുന്നത്. അല്ലാതെ ഭരണഘടന നല്‍കുന്ന ആരാധനാസ്വാതന്ത്ര്യം എന്ന അവകാശം മാത്രം നോക്കിയല്ല. ഈ പാരമ്പര്യത്തിന്റെ ഇന്നത്തെ തുടര്‍ച്ചയാണ് മണ്ണാറശാല പോലുള്ള സ്ഥലങ്ങളില്‍ പൂജാരിണിയെ കാണുന്നതില്‍ പ്രകടമാകുന്നത്. അതിലെന്താ തെറ്റ്? പരമ്പരാഗതമായിട്ട് അതുവന്നു. അപ്പോള്‍ പരമ്പരാഗതം എന്നുപറയുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കാത്ത അത്രയും പഴക്കം എന്നല്ലേ?
ശബരിമലക്ഷേത്രത്തില്‍ എന്തുകൊണ്ട് യുവതികളായ സ്ത്രീകള്‍ക്ക് പോകാന്‍ പാടില്ല?
ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അത് സ്ത്രീക്ക് സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം എന്ന് നിശ്ചയിച്ച യോഗത്തില്‍ ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീ പറഞ്ഞേനേ, ഇത് ഞങ്ങള്‍ക്ക് സാധ്യമല്ല എന്ന്. അപ്പോള്‍ ആ സ്ത്രീക്ക് പറ്റുന്ന തരത്തില്‍ തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആര് നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്ത വരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ ചിന്തിച്ചേനേ, തീര്‍ച്ച.
നമ്മള്‍ സ്വീകരിക്കുന്ന താല്‍ക്കാലിക തപസ്സിന്റെ കാലഘട്ടമാണ് വ്രതം. അനുഷ്ഠിക്കുന്നവനെ പരിഗണിച്ചുകൊണ്ടാണ് വ്രതകാലം തീരുമാനിക്കുക. രഘുവംശത്തില്‍ ഒരു കഥയുണ്ട്. ദീലിപ് മഹാരാജാവ് കാമധേനുവിനെ പ്രസാദിപ്പിക്കാന്‍ വേണ്ടി കാമധേനുവിന്റെ കിടാവായ നന്ദിനിയെ പൂജിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ് കഥ. ദിലീപ് മഹാരാജാവും ഭാര്യ സുദക്ഷിണയും നന്ദിനിയെ പൂജിക്കാന്‍ തീരുമാനിച്ചു. വ്രതം നോല്‍ക്കണം. അപ്പോള്‍ ആ വ്രതം എത്ര ദിവസത്തെതായിരിക്കണം? രാജാവും രാജ്ഞിയും കൂടിയിട്ട് എടുക്കേണ്ട വ്രതം 41 ദിവസം ആയിരുന്നെങ്കില്‍ അത് രാജാവിന് മാത്രമേ സാധിക്കൂ. അപ്പോള്‍ വ്രതം 21 ദിവസത്തെക്കാക്കി മാറ്റി. ‘സപ്ത വ്യതീയുസ് ത്രിഗൂണാനി ദിനാനി’ എന്നാണ് കാളിദാസന്‍ വിവരിക്കുന്നത്. മൂന്നിരട്ടി 21 ദിവസത്തെ വ്രതം എന്നാണ്. അത് രാജാവിനും രാജ്ഞിക്കും വിഘ്‌നം കൂടാതെ നോല്‍ക്കാനായി. ഇതൊക്കെ മനുഷ്യന് നിശ്ചയിക്കാവുന്നതാണ്. അതു നിശ്ചയിച്ചു കഴിഞ്ഞാല്‍ അതനുസരിച്ച് അവര്‍ക്ക് ജീവിക്കാന്‍ സാധിക്കും.
സ്വന്തം ഭാര്യയേയും അമ്മയേയും മകളെയും പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍ യഥാസ്ഥിതികവാദികളായ ഇക്കൂട്ടര്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്. സാധാരണ ആര്‍ത്തവവേളയില്‍ ഹിന്ദുസ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുകയോ വിളക്കുകൊളുത്തുകയോ പ്രസാദം സ്വീകരിക്കുകയോ ഒന്നും ചെയ്യില്ല. ആരും പറയാതെ ഇക്കാര്യം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്കല്ലേ ഈശ്വരഭക്തി ഏറെയുള്ളത്? സാംസ്‌കാരികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവരെ ഭാരതമെന്നും ആധുനികവിദ്യാഭ്യാസം കിട്ടിയവരെ ഇന്ത്യയെന്നും ചില ബുദ്ധിജീവികള്‍ വിശേഷിപ്പിക്കാറുണ്ട്. ഈ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ ഭാരതവും പുരുഷന്മാര്‍ ഇന്ത്യയുമാണെന്നു പറയേണ്ടി വരും. ചില കുടുംബ ബൈഠക്കുകളില്‍ പങ്കെടുക്കുമ്പോള്‍ മകന്റെയോ മകളുടെയോ പിറന്നാള്‍ എന്നാണെന്ന ചോദ്യത്തിനു ഭര്‍ത്താക്കന്മാര്‍ ഉത്തരം മുട്ടുമ്പോള്‍ ഭാര്യമാര്‍ കൃത്യമായി പറഞ്ഞുതരും. ഭര്‍ത്താവിന്റെ അച്ഛന്റെ ചരമദിനം, നക്ഷത്രം തുടങ്ങിയവപോലും അവര്‍ ഓര്‍ത്തിരിക്കും. വിവാഹത്തിനുമുമ്പ് തനിക്കു ഒരു പരിചയവുമില്ലാത്ത ഒരാളുടെ വിവരങ്ങള്‍ വരെ ഓര്‍ത്തുവെക്കുന്ന അമ്മമാരുടെയും ഭാര്യമാരുടെയും ശുഷ്‌കാന്തിയും ശ്രദ്ധയും എത്രയാണെന്നു പറയേണ്ടതില്ലല്ലോ. അത്തരം ശ്രദ്ധാലുക്കളായ സ്ത്രീജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സമോ നിയന്ത്രണമോ വെക്കുന്നതു ശരിയാണോ? അവര്‍ക്കറിയാം അവരുടെ ശൗചാശൗചങ്ങള്‍. അതവര്‍ കാത്തുകൊള്ളും. അവരോടുള്ള അവിശ്വാസമായിരിക്കരുത് തീരുമാനത്തിന്റെ അടിസ്ഥാനം. അവരെ അവിശ്വസിച്ചാല്‍ അതിന്റെ അര്‍ത്ഥം പുരുഷന്‍ സ്വന്തം അമ്മയേയും ഭാര്യയേയും മകളേയും അവിശ്വസിക്കുന്നു എന്നാണ്.
മൂന്നോ നാലോ ശബരിമല കയറുന്നതിന്റെ അദ്ധ്വാനമുണ്ട് ഹിമാലയത്തിലെ യമുനോത്രിയിലെത്താന്‍. 13 കി. മീ. ദൂരം ഉയരത്തില്‍ നടന്നുകയറണം. സമുദ്രനിരപ്പില്‍നിന്നും 12000 അടി ഉയരത്തിലാണത്. ഞാന്‍ അവിടെ പോയിട്ടുണ്ട്. അങ്ങോട്ടു പോകാന്‍ കുതിരപ്പുറത്തുകയറാന്‍ ആത്മധൈര്യമില്ലാതെ ഞാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മൂന്നുനാലു സ്ത്രീകള്‍ മേലെ പോയി ദര്‍ശനം കഴിഞ്ഞ് കുതിരപ്പുറത്തുവരുന്നതു കണ്ടത്. സ്ത്രീകള്‍ക്കു കുതിരപ്പുറത്തു പോകാമെങ്കില്‍ എനിക്കും സാധിക്കില്ലേ എന്നു തോന്നി. എനിക്ക് ആത്മധൈര്യം തന്നത് അവരാണ്.
പരശുരാമന്‍ മാതൃഹത്യാപാപം തീര്‍ക്കാന്‍ മുങ്ങിക്കുളിച്ചത് ബ്രഹ്മപുത്രാനദിക്ക് കിഴക്കുള്ള പരശുരാംകുണ്ഡില്‍ ആണ്. അവിടെ എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. മകരസംക്രമദിനത്തില്‍ മാത്രമേ അവിടെ പോകാനാകൂ. മലകയറിക്കയറി ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള അവിടെ തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തില്‍ മകരസംക്രമത്തിനു തീര്‍ത്ഥാടനത്തിനെത്തിയപ്പോള്‍ കണ്ടത് സ്ത്രീകളും പുരുഷന്മാരും വേര്‍തിരിവില്ലാതെ അവിടെ ദര്‍ശനത്തിനെത്തിയതാണ്. തീര്‍ത്ഥമാടി വരുക മാത്രമല്ല, ബ്രഹ്മപുത്രയില്‍ ഇറങ്ങി മുങ്ങി കരയ്ക്കുകയറി നനഞ്ഞ വസ്ത്രം മുഴുവന്‍ വലിച്ചെറിയണം. അതു മുജ്ജന്മം പോലെയാണ്. ഇതു നിര്‍വ്വഹിക്കുമ്പോള്‍ തൊട്ടടുത്തുണ്ടാവുക ഒരു സ്ത്രീയായിരിക്കും. അവളുടെ സമീപം വേറൊരു പുരുഷനായിരിക്കും. ആ സമയത്ത് ആര്‍ക്കാണ് ദുഷ്ടബുദ്ധി തോന്നുക? അത്തരം ചിന്തയ്ക്ക് അവിടെ പോകണോ? ഭക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ലൈംഗികവിവേചനത്തിനു സ്ഥാനമില്ല. ഭക്തിയാണ് പ്രേരണയെങ്കില്‍ കാമപരമായി ചിന്തിക്കുന്ന പ്രശ്‌നമില്ല.
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ