വാഴപ്പള്ളി ശാസനം:
മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ ആണ് 'വാഴപ്പള്ളി ശാസനം'. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്.
കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ ഡി 820 മുതൽ 844 വരെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി) ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. എ ഡി 832-ൽ വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കൂടി വാഴപ്പള്ളി, തിരുവാറ്റാ ക്ഷേത്രങ്ങളിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. തിരുവല്ലയിലെ ഒരു പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് മഹാദേവനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർക്ക് പിഴയായി നൂറു റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും പറയുന്നു (ഈ ശാസനത്തില്‍ കാണുന്ന 'റോമൻ ദിനാർ നാണയത്തെക്കുറിച്ചുള്ള പ്രസ്താവം, റോമാസാമ്രാജ്യവുമായി കേരളത്തിനുണ്ടായ വാണിജ്യബന്ധത്തിന് തെളിവാണ്). പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പറയുന്നു. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നുണ്ട്.
തിരുവിതാംകൂർ പുരാവസ്തു വകുപ്പിന്റെ തലവനായിരുന്ന ടി.എ. ഗോപിനാഥ റാവുവും (1902-1917) വി. ശ്രീനിവാസ ശാസ്ത്രികളും ചേർന്ന് വാഴപ്പള്ളി തലവന മഠത്തിൽ നിന്നുമാണ് ശാസനം കണ്ടെത്തിയത്. മധ്യകാല കേരളത്തിൽ നിലനിന്നിരുന്ന രണ്ടാം ചേര സാമ്രാജ്യത്തിനെ (എ ഡി 800-1122) പ്പറ്റിയുള്ള പഠനങ്ങൾക്കു തുടക്കം കുറിക്കാൻ ഈ ശാസനത്തിൽ നിന്ന് ലഭ്യമായ തെളിവുകൾ സഹായകമായിട്ടുണ്ട്. ചെമ്പുപാളിയിലുള്ള ഈ ശാസനം 1920-ൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത് ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്. ആ നിലയ്ക്ക് മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ് എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു. വാഴപ്പള്ളിശാസനത്തിൽ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുൻപ് മൂന്നോ നാലോ ശതകത്തിൽ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒൻപതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാൻ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാൽ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാൾ, ചരിത്രത്തിലേക്കുള്ള വഴികൾ അടഞ്ഞുപോയതിനാൽ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോർത്തെടുക്കാൻ പിൽക്കാല ചരിത്രകാരന്മാർക്ക് സാധിക്കാതെവന്നു എന്നതാവും കൂടുതൽ സത്യോന്മുഖം.
വാഴപ്പള്ളി ശാസനം കണ്ടെടുത്തത് വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പത്തില്ലത്തിൽ മഠമായ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും, നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. പഞ്ചാക്ഷരിയിലാരംഭിക്കുന്ന ശാസനം വ്യക്തമാക്കുന്ന ഒരു കാര്യം ഹിന്ദുമതത്തിൻറെ ഭരണസ്വാധീനമാണ്.
ശാസനത്തിലെ ചില വരികൾ:
നമശ്ശിവായ
ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക
രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു
വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്
പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി
രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം.
തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ
പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു.
മാതൃപരിഗ്രഹമും ചെയ്തതാരാവതു.
ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക
രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു
വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്
പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി
രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം.
തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ
പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു.
മാതൃപരിഗ്രഹമും ചെയ്തതാരാവതു.
സാമാന്യവിവർത്തനം:
ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു.
ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ