എന്താണ് സിക്സ്ത്ത് സെൻസ് ?
ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്‌സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ എന്ന ഹോളിവുഡ് സംവിധായകൻ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്‌കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള ‘സൂപ്പര്‍ നാച്ചുറല്‍’ കഴിവിനെയാണ് പൊതുവേ സിക്‌സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്റെ സിനിമയിലെ നായകന്റെ സിക്‌സ്ത്ത് സെന്‍സ്. ഇങ്ങനെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയുന്നതില്‍ കൂടുതല്‍ അറിവോ വിവരമോ വെളിപ്പെടുത്തുന്നവര്‍ക്ക് അതീന്ദ്രീയജ്ഞാനം അഥവാ എക്‌സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ ഉണ്ടെന്നാണ് പറയാറുള്ളത്. അയ്യര്‍ ദി ഗ്രേറ്റ് എന്ന ചലച്ചിത്രത്തിലെയും നായക കഥാപാത്രം ഇത്തരമൊരു പ്രത്യേകതയുള്ളയാളായിരുന്നു. പ്രസ്തുത ചലച്ചിത്രത്തില്‍ ഒരു അപകടം ഉണ്ടാകാന്‍ പോകുന്നു എന്നൊക്കെ മുന്‍കൂട്ടി ആ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ആ വിവരം അയാള്‍ക്ക് ലഭ്യമായത് അയാളുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഏതിലെങ്കിലും കൂടി അയാള്‍ക്ക് അനുഭവവേദ്യമായതിനാല്‍ അല്ല. അയാള്‍ കണ്ണു കൊണ്ട് കാണുകയോ കാതിലൂടെ കേള്‍ക്കുകയോ തൊട്ടറിയുകയോ ഒന്നും ചെയ്തതിനു ശേഷമല്ല ഇതൊക്കെ വെളിപ്പെടുത്തുന്നത്. സാധാരണ മനുഷ്യര്‍ക്കുള്ള ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് അയാള്‍ക്കു ലഭിച്ചതല്ല ആ വിവരം. അപ്രകാരം ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിന് ശരീരത്തില്‍ ഒരു സ്വീകരണി അല്ലെങ്കില്‍ റിസപ്റ്റാര്‍ പോലെ എന്തെങ്കിലും ഉണ്ടെങ്കിലേ അതിനു കഴിയൂ. ആ പ്രത്യേകതയെ ആറാം ഇന്ദ്രിയം അഥവാ സിക്സ്ത്ത് സെൻസ് എന്നു പറയാം.
പിന്നെ ഈ ‘പഞ്ചേന്ദ്രിയങ്ങള്‍’ എന്ന്! പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളുടെ കഴിവിനെ തന്നെ കുറച്ചു കാണുകയാണ് ചെയ്യുന്നത് എന്നറിയുമോ? സ്‌കൂള്‍ ക്ലാസുകള്‍ മുതല്‍ നമ്മള്‍ മിക്കവരും മനസിലാക്കി വെച്ചിരിക്കുന്നത് മനുഷ്യന്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിങ്ങനെ തന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. അങ്ങ് ക്രിസ്തുവിനും മുന്പ് ജീവിച്ചിരുന്ന അരിസ്‌റ്റോട്ടില്‍ ആണ് ഈ ‘അഞ്ച് ഇന്ദ്രിയങ്ങള്‍’ എന്ന ആശയം ഉണ്ടാക്കിയത്. ഇന്ന്! ‘മനുഷ്യന് എത്ര ഇന്ദ്രിയങ്ങള്‍ (sense organs) ഉണ്ട്?’ എന്ന ചോദ്യത്തിന് അഞ്ച് എന്ന ഉത്തരം വളരെ ചെറുതാണ്. ശാസ്ത്രം ഒരുപാട് പുതിയ സെന്‍സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ഇന്ന്. നമ്മള്‍ ഏത് രീതിയില്‍ എണ്ണുന്നു എന്നതിനനുസരിച്ച്, ഇന്നത്തെ കണക്കില്‍ മനുഷ്യനുള്ള ഇന്ദ്രിയങ്ങളുടെ എണ്ണം 10 മുതല്‍ 20 വരെ ആണ്. ഞാന്‍ പാരാ സൈക്കോളജി അല്ല കേട്ടോ പറയുന്നത്. പച്ചയായ ജീവശാസ്ത്രം തന്നെയാണ്.

ഒരു സെന്‍സ്/സംവേദനം നമുക്ക് സ്വീകരിക്കണം എങ്കില്‍ അതിന് ഒരു സെന്‍സര്‍/സംവേദിനി ആവശ്യമാണ്. ഒരു പ്രത്യേകതരം സെന്‍സ് സ്വീകരിക്കാന്‍ ഒരു പ്രത്യേക സെന്‍സര്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും. ഉദാഹരണത്തിന്, നമ്മുടെ കണ്ണില്‍ രണ്ടു തരം സെന്‍സര്‍ കോശങ്ങള്‍ ഉണ്ട്. കോണ്‍, റോഡ് എന്നിങ്ങനെയാണ് അവയ്ക്കു പേര്. കോണ്‍ കോശങ്ങള്‍ നല്ല പ്രകാശം ഉള്ള സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ. നിറങ്ങള്‍ തിരിച്ചറിയുക എന്നതാണു അവയുടെ ജോലി. എന്നാല്‍ റോഡ് കോശങ്ങള്‍ വളരെ മങ്ങിയ പ്രകാശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്കു നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല. ഈ രണ്ടു കോശങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് ചെയ്യുന്നത്. പ്രകാശം എന്ന സംവേദനം അവയില്‍ കിട്ടുന്ന സമയത്ത്, ഉദ്ദീപിപ്പിക്കപ്പെട്ട് ആ സന്ദേശം തലച്ചോറിനെ അറിയിക്കുക. അതായത് റോഡ്-കോണ്‍ കോശങ്ങള്‍ പ്രകാശസെന്‍സറുകള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇതുപോലെ ചെവികള്‍ക്കുള്ളില്‍ ശബ്ദസെന്‍സറുകളും, മൂക്കിനുള്ളില്‍ ഗന്ധസെന്‍സറുകളും ഉണ്ട്. സെന്‍സറുകള്‍ അവരവരുടെ ജോലി മാത്രം ചെയ്യുന്ന കണിശക്കാരായ സ്റ്റാഫ് ആണ്. മൂക്കിലെ സെന്‍സര്‍ പ്രകാശത്തിന്റെ കാര്യത്തിലോ ചെവിയിലെ സെന്‍സര്‍ ഗന്ധത്തിന്റെ കാര്യത്തിലോ ഇടപെടില്ല എന്ന്‍ സാരം. കൃത്യമായി പറഞ്ഞാല്‍, എത്ര തരം സെന്‍സറുകള്‍ ഉണ്ട് എന്നതാണ് യഥാര്‍ത്ഥത്തില്‍ സെന്‍സുകളുടെ എണ്ണം, അല്ലാതെ അവയവങ്ങളുടെ എണ്ണമല്ല. നമ്മള്‍ ഒറ്റ സെന്‍സ് എന്ന്‍ കരുതിയിരുന്ന പലതും വ്യത്യസ്തങ്ങളായ പല സെന്‍സുകള്‍ ചേര്‍ന്നതാണ്. ഇന്ന് ട്രഡീഷണൽ സെന്സുകൾ എന്ന്‍ വിളിക്കുന്ന കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി എന്നിവയ്ക്കു പുറമെ തിരിച്ചറിയപ്പെട്ടിട്ടുള്ള മറ്റ് ചില പ്രധാനപ്പെട്ട സെന്‍സുകള്‍ ഇവയാണ്:
1 . ഈക്വിലിബ്രിയോസെപ്ഷൻ
(Equilibrioception)
(Equilibrioception)
ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്ന്‍ പോകുമ്പോ ശരീരം താഴെ വീഴാതെ നോക്കുന്ന ഒരു ‘ബോധം’ ഇല്ലേ? ഈ സെന്‍സ് ആണത്. ഇതിന് ആവശ്യമായ സെന്‍സറുകള്‍ നമ്മുടെ ചെവികള്‍ക്കുളിലാണ് ഉള്ളത്. ചെവിയുടെ ഉള്‍ഭാഗത്തെ പ്രത്യേക കനാലുകളില്‍ ഉള്ള ദ്രാവകത്തിന്റെ ചലനമാണ് ഈ സെന്‍സറുകള്‍ നിരീക്ഷിക്കുന്നത്. ഇത് പരിശോധിച്ചാണ് തലച്ചോറ് ശരീരത്തിന്റെ ചലനം, ദിശ, വേഗത ഇവയൊക്കെ മനസിലാക്കുന്നത്.
2 . തെർമോസെപ്ഷൻ (Thermoception)
ചൂടും തണുപ്പും തിരിച്ചറിയാനും നമ്മുടെ ശരീരത്തില്‍ സെന്‍സുകള്‍ ഉണ്ട്. സ്പര്‍ശം എന്നതുപോലെ തന്നെ ഇവയും തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. ‘ഹോ! ഇന്ന്‍ ചൂട് ഭയങ്കര കൂടുതലാണല്ലോ!’ എന്ന്‍ നമ്മള്‍ കാലാവസ്ഥയെ വിലയിരുത്തുമ്പോ ഈ സെന്‍സ് ആണ് ഉപയോഗിക്കുന്നത്.
3 . പ്രോപ്രിയോസെപ്ഷൻ (Proprioception)
സ്വന്തം ശരീരഭാഗങ്ങളുടെ ആപേക്ഷികസ്ഥാനം നമ്മള്‍ അറിയുന്നത് ഈ സെന്‍സ് വഴിയാണ്. ഇരുട്ടത്തിരുന്ന് ആഹാരം കഴിച്ചാലും കൃത്യമായി കൈ വായിലേക്ക് തന്നെ പോകില്ലേ? ഇതാണ് കാര്യം. നിങ്ങള്‍ക്ക് കണ്ണടച്ച് പിടിച്ചുകൊണ്ട് ഇടത്തെയും വലത്തെയും ചൂണ്ടുവിരല്‍ തുമ്പുകള്‍ പരസ്പരം മുട്ടിക്കാന്‍ കഴിയുന്നത് ഈ സെന്‍സ് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. സ്പര്‍ശം അറിയുന്ന സെന്‍സുമായി ചില കാര്യങ്ങളില്‍ ഇതിന് ബന്ധമുണ്ട്.
4 . നോസിസെപ്ഷൻ (Nociception)
നല്ലൊരു ഇടി കിട്ടുമ്പോ നമുക്ക് വേദന തോന്നും അല്ലേ? അവിടെ നമ്മള്‍ സ്പര്‍ശം എന്ന സെന്‍സ് അല്ല ഉപയോഗിക്കുന്നത്, നോസിസെപ്ഷന്‍ ആണ്. കോശങ്ങള്‍ക്കൊ ഞരമ്പുകള്‍ക്കൊ കേടുപാടുകള്‍ വരുത്താവുന്ന ഉദ്ദീപനങ്ങളെ തലച്ചോറിനെ അറിയിക്കുന്ന ജോലിയാണ് ഈ സെന്‍സിന്. അപകടങ്ങളിലേക്ക് നമ്മുടെ അടിയന്തിര ശ്രദ്ധ കൊണ്ട് വന്ന് അവ ഒഴിവാക്കാന്‍ ഈ സെന്‍സ് സഹായിക്കുന്നു. കൈ പൊള്ളും എന്ന സാധ്യത മുന്‍കൂട്ടി കണ്ടു തീയില്‍ നിന്നും കൈവലിക്കാന്‍ നമ്മുടെ ശരീരത്തിനു കഴിയുന്നത് ഇതുകൊണ്ടാണ്. തൊലി, അസ്ഥി, അസ്ഥി സന്ധികള്‍, മറ്റ് ശരീരാവയവങ്ങള്‍ എന്നിവിടങ്ങളിലായി പ്രധാനമായും മൂന്ന്‍ തരം വേദനാ സെന്‍സറുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട്.
5 . ക്രോണോസെപ്ഷൻ (Chronoception)
സമയം കടന്ന്‍ പോകുന്നത് മനസിലാക്കാന്‍ നമ്മുടെ തലച്ചോറിനെ സഹായിക്കുന്ന സെന്‍സ് ആണിത്. ഇത് മറ്റ് സെന്‍സുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ഒന്നാണ്, കാരണം നേരിട്ടു സമയം അളക്കാന്‍ തലച്ചോറിന് കഴിയില്ല. മില്ലിസെക്കന്‍റുകളോളം ചെറിയ സമയം മുതല്‍ വര്‍ഷങ്ങളോളം നീളുന്നവ വരെ മനുഷ്യനു അനുഭവഗോചരമാണ് എന്നാണ് നിരീക്ഷണം.
ഇനി ഇതുവരെയും വിളിക്കാന്‍ പറ്റിയ പേര് ഇട്ടിട്ടില്ലാത്ത ചില സെന്‍സുകള്‍ ഇവയാണ്.
ശ്വാസകോശത്തിന്റെ വികാസം മനസിലാക്കി ശ്വസനനിരക്ക് നിര്‍ണയിക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍, കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് മനസിലാക്കി ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍, രക്തത്തിലെ ലവണങ്ങളുടെ നില (Salt level) മനസിലാക്കി അവ ഒരുപാട് കൂടിയാല്‍ ദാഹം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍, ദേഷ്യമോ സങ്കടമോ വരുമ്പോഴോ പ്രണയപരവശരാവുമ്പോഴോ ഉണ്ടാവുന്ന കവിള്‍ തുടുക്കലിനെ നിയന്ത്രിക്കുന്ന സെന്‍സറുകള്‍, വിഴുങ്ങുമ്പോഴും ഛര്‍ദിക്കുമ്പോഴും ഉണ്ടാകുന്ന വിശേഷവികാരങ്ങള്‍ ഉണ്ടാക്കുന്ന അന്നനാളത്തിലെ സെന്‍സറുകള്‍, മൂത്രാശയവും മലാശയവും നിറയുന്ന അവസ്ഥ മനസിലാക്കി ‘ഒന്നിനോ രണ്ടിനോ പോകാനുള്ള’ ആവശ്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍, മര്‍ദ്ദവും (pressure) ചൊറിച്ചിലും (itching) തിരിച്ചറിയുന്ന സെന്‍സറുകള്‍.
ഇപ്പോ മനസിലായില്ലേ? തനിക്ക് ആറാം ഇന്ദ്രിയം ഉണ്ട് എന്ന്‍ വീമ്പ് പറയുന്നവരെ ഇനി ധൈര്യമായി കളിയാക്കാം, “അയ്യേ! ആറേ ഉള്ളോ?” എന്ന്‍.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ