ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവദേവാലയമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. 'മലബാറിലെ ശബരിമല' എന്ന പേരിൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമിയാണ്.
കിരാതഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഉപദേവതകളായി പരമശിവൻ, മഹാഗണപതി, നാഗരാജാവ്, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കുടികൊള്ളുന്നു.
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് നിരവധി ബ്രാഹ്മണകുടുംബങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു സ്ഥലനാമത്തിനുതന്നെ കാരണമായ ചെർപ്പുളശ്ശേരി മന. ഈ മനയിലെ കാരണവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല.
ഇതിൽ ഏറെ ദുഃഖിതനായ അദ്ദേഹം പെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രത്തിൽ പോയി ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശാനായ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്നാണ് അദ്ദേഹം നാട്ടിലെത്തിയത്.
ജന്മദിനത്തിൽ പുലർച്ചെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് നമ്പൂതിരി ഇല്ലത്ത് തിരിച്ചെത്തിയപ്പോൾ കണ്ടത് ഇല്ലത്തിന്റെ നടുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഒരു ചുരികയാണ് (അയ്യപ്പന്റെ ആയുധമാണ് ചുരിക). ഈ കാഴ്ച കണ്ടപാടേ അദ്ദേഹം ഓടിപ്പോയി ചുരിക തൊട്ടെങ്കിലും അത് അപ്പോൾതന്നെ താണുപോയി.
പകരം സ്വയംഭൂവായി ശാസ്താവിഗ്രഹം ഉയർന്നുവരുന്നത് അദ്ദേഹം കണ്ടു. ഇതുകൂടി കണ്ടപ്പോൾ ആനന്ദാശ്രുക്കൾ പൊഴിച്ച നമ്പൂതിരി തേവാരത്തിന് നേദിയ്ക്കാൻ വച്ച അട ശാസ്താവിന് നേദിച്ചു. ഇന്നും അട തന്നെയാണ് ശാസ്താവിന് പ്രധാനനിവേദ്യം.
ശാസ്താവിനെ ഭക്തിയോടുകൂടി ഭജിച്ച ചെർപ്പുളശ്ശേരി നമ്പൂതിരിയ്ക്ക് ഒടുവിൽ ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയും അച്ഛനെപ്പോലെ തികഞ്ഞ ഭക്തനായിത്തന്നെ ജീവിച്ചു. അച്ഛന്റെ മരണശേഷം ഉണ്ണി സദാ ശാസ്താഭജനയിൽ മുഴുകി ജീവിച്ചതിനാൽ അദ്ദേഹം വിവാഹം കഴിയ്ക്കാൻ പോലും മറന്നുപോകുകയും അങ്ങനെ ആ കുടുംബം അന്യം നിന്നുപോകുകയും ചെയ്തു.
ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉരുളിക്കുന്ന് നായർ ആ ബ്രാഹ്മണാലയത്തെ ദേവാലയമാക്കി മാറ്റി. അങ്ങനെയാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രം നിലവിൽ വന്നത്. ഇല്ലത്തെ നടുമുറ്റത്തെ മുല്ലത്തറ ശ്രീകോവിലായി; അടുക്കള തിടപ്പള്ളിയും. നായരുടെ ശ്രദ്ധയും ഭക്തിയും ക്ഷേത്രത്തെ വലിയ നിലയിലെത്തിച്ചു.
ചെർപ്പുളശ്ശേരി പട്ടണത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ചെർപ്പുളശ്ശേരി നഗരസഭ കാര്യാലയം, പോസ്റ്റ് ഓഫീസ്, നിരവധി കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് പണിതിട്ടുള്ളത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വാഹനപാർക്കിങ് സൗകര്യമുണ്ട്. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നു.
ഉഗ്രമൂർത്തിയായ അയ്യപ്പസ്വാമിയുടെ ഉഗ്രത കുറയ്ക്കാനാണ് നടയ്ക്കുനേരെ കുളം കുഴിച്ചിരിയ്ക്കുന്നതെന്ന് വിശ്വസിച്ചുപോരുന്നു. കുളത്തിനും പടിഞ്ഞാറേ ഗോപുരത്തിനുമിടയിൽ അല്പം സ്ഥലമേയുള്ളൂ. ആ സ്ഥലത്ത് ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലായി കല്യാണമണ്ഡപവും കാണാം. നിത്യേന ഇവിടെ ആയിരക്കണക്കിന് വിവാഹങ്ങൾ നടന്നുപോരുന്നുണ്ട്.
വിവാഹം നടക്കുന്ന അപൂർവ്വം ശാസ്താസന്നിധികളിലൊന്നാണ് ചെർപ്പുളശ്ശേരിയിലേത്. മുഖ്യപ്രതിഷ്ഠ ഗൃഹസ്ഥഭാവത്തിലുള്ള ശാസ്താവായതുകൊണ്ടാണത്രേ ഇത്. പടിഞ്ഞാറേ നടയിൽ ഇരുനില ഗോപുരം പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ കാലപ്പഴക്കം എടുത്തുകാണിയ്ക്കുന്നതാണ് ഈ ഗോപുരം.
ഇപ്പോൾ ക്ഷേത്രത്തിൽ ദ്രുതഗതിയിൽ നവീകരണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിന്റെ ഭാഗമായി ഉടനെത്തന്നെ ഈ ഗോപുരം പൊളിച്ചുമാറ്റാൻ സാദ്ധ്യതയുണ്ട്. ഗോപുരത്തിനടുത്ത് ദേവസ്വം ഓഫീസുകൾ കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് ചെർപ്പുളശ്ശേരി ദേവസ്വം.
അകത്തുകടന്നാൽ, പടിഞ്ഞാറുഭാഗത്ത് പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. ഇവിടെ മുമ്പൊരു കൊടിമരമുണ്ടായിരുന്നു. തേക്കിൻതടിയിൽ തീർത്ത് ചെമ്പുമേഞ്ഞ ആ കൊടിമരം 2015-ൽ ഇവിടെനിന്ന് എടുത്തുമാറ്റിയിരുന്നു. ഇപ്പോൾ പകരം സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഏർപ്പാടുകൾ പറഞ്ഞുവരുന്നുണ്ട്.
കൊടിമരത്തിനപ്പുറം വലിയ ബലിക്കല്ലുണ്ട്. മറ്റ് ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളെക്കാൾ വലുപ്പം കുറവാണ് ഇതിന്. പ്രധാന പ്രതിഷ്ഠ തറനിരപ്പിൽത്തന്നെയായതുകൊണ്ടാണിത്. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. വടക്കുകിഴക്കുഭാഗത്ത് നാഗരാജാവിന്റെയും നവഗ്രഹങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്.
നാഗരാജാവിന്റെ പ്രതിഷ്ഠ പതിവുപോലെ മേൽക്കൂരയില്ലാത്ത തറയിലാണ്. കൂടെ, നാഗയക്ഷിയും മറ്റ് പരിവാരങ്ങളുമുണ്ട്. നവഗ്രഹപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പതിവുപോലെ സൂര്യനെ നടുക്കുനിർത്തി ചുറ്റും മറ്റുള്ളവർ നിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ