കൈലാസം
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം . എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
മതപരമായ വിശ്വാസങ്ങൾ
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു
കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ