ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

(പ്രാചീന ഭാരതീയ ഗ്രന്ഥങ്ങൾ-5),,,ആണ്ടാളിന്റെ തിരുപ്പാവൈ



ആണ്ടാളിന്റെ തിരുപ്പാവൈ
(പ്രാചീന ഭാരതീയ ഗ്രന്ഥങ്ങൾ-5)
സംഘകാലത്തിനു ശേഷമുള്ള പ്രാചീന തമിഴ് സാഹിത്യത്തിലെ രണ്ടു സമാന്തരപഥങ്ങളാണു് ശൈവസാഹിത്യസംബന്ധമായ തേവാരങ്ങളും വൈഷ്ണവസാഹിത്യസംബന്ധമായ ദിവ്യപ്രബന്ധവും. ഈ പരിവർത്തനകാലഘട്ടത്തിൽ തമിഴിലെ ഭാഷയിലും ശൈലിയിലും വൃത്താലങ്കാരശീലങ്ങളിലും പ്രകടമായ മാറ്റങ്ങൾ വന്നുചേർന്നിരുന്നു. സംഘകൃതികളിലെ തമിഴ് താരതമ്യേന സംക്ഷിപ്തദുർഗ്രഹവും അതിന്റെ ശൈലി സങ്കേതജടിലവുമായിരുന്നു. എന്നാൽ തേവാരങ്ങളിലും ദിവ്യപ്രബന്ധത്തിലും കാണുന്ന ഭാഷ സാഹിത്യസംസ്കാരസമ്പന്നവും അതേസമയം തന്നെ ലളിതവുമായി കാണപ്പെടുന്നു. താളമിട്ടു പാടുവാൻ തക്ക വിധത്തിലാണു് ഇക്കാലത്തെ രചനകൾ മുഴുവൻ സ്വരൂപിച്ചിട്ടുള്ളതു്.
ദക്ഷിണേന്ത്യയില്‍ വൈഷണവഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകരായിരുന്ന ആചാര്യന്മാരാണ് ആഴ്വാര്‍മാര്‍ എന്നറിയപ്പെട്ടിരുന്നതു്. പന്ത്രണ്ടു് ആഴ്വാർമാരിൽ ഒമ്പതാമത്തേതാണു് ആണ്ടാൾ. പെരിയാഴ്വാർ എന്നറിയപ്പെട്ടിരുന്ന വിഷ്ണുചിത്തന്റെ (വിഷ്ണുസിദ്ധൻ) വളർത്തുപുത്രിയായിരുന്ന കോതൈ ആണു് പിൽക്കാലത്ത് ആണ്ടാൾ എന്നറിയപ്പെട്ട കവയിത്രി. എഡി എട്ടാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ രാമനാഥപുരം ജില്ലയിലുള്ള ശ്രീവില്ലിപുത്തൂരിലാണ് ആണ്ടാള്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്.
ആണ്ടാൾ രചിച്ച മുപ്പതു പാസുരങ്ങളുടെ (ഗീതങ്ങൾ) സമാഹാരമാണ് തിരുപ്പാവൈ. പെരുമാളിനെ (വിഷ്ണു) സ്തുതിച്ചുകൊണ്ടു് പാടുന്ന ഈ പാട്ടുകൾ നാലായിരം ദിവ്യപ്രബന്ധം എന്ന തമിഴ് വൈഷ്ണവഭക്തിസാഹിത്യശേഖരത്തിന്റെ ഭാഗമാണ്. അമ്പാടിയിലെ ഇടയപ്പെൺകൊടിമാർ മാർകഴി മാസത്തിൽ ആചരിച്ച 'പാവൈ നോയ്മ്പ്' എന്ന ആതിരാവ്രതത്തിന്റെ ഗീതചിത്രീകരണമാണു് ഈ മുപ്പതു പാട്ടുകളിലൂടെ ആണ്ടാൾ നിർവ്വഹിക്കുന്നതു്. ഭാഗവതപുരാണത്തെ അവലംബമാക്കി എഴുതിയതാണ് ഈ കൃതി. തമിഴ്നാട്ടിലെ വിഷ്ണു ക്ഷേത്രങ്ങളിൽ മാർകഴിമാസപ്പുലരിയിൽ തിരുപ്പാവൈയിൽ നിന്നു പാട്ടുകൾ ഗായകർ ഇന്നും പാടാറുണ്ട്. വർഷത്തിന്റെ ബ്രാഹ്മമുഹൂർത്തമായി കരുതപ്പെടുന്ന മാർകഴി (ധനു) മാസത്തിൽ തിരുപ്പാവൈ പാടുന്നത് പുണ്യമായി ഭക്തര്‍ കരുതുന്നു. വൈഷ്ണവ സാഹിത്യത്തിലെ ഉപനിഷത് സംഗ്രഹമായിട്ടാണ് ഇതു ഗണിക്കപ്പെട്ടുപോരുന്നത്.
തിരുപ്പാവൈയിലെ പദ്യങ്ങൾ സംസ്കൃതരീതി പിന്തുടർന്നുകൊണ്ടുള്ള ചതുഷ്പാദികളാണു്. കൊച്ചകക്കലിപ്പാ എന്നറിയപ്പെടുന്ന വൃത്തത്തിലാണു് തിരുപ്പാവൈ രചിക്കപ്പെട്ടിട്ടുള്ളതു്. ഓരോ പാസുരത്തിലും എട്ടു പാദങ്ങളും ഓരോ പാദത്തിലും നാലു ഗണങ്ങളുമുണ്ടു്. (ഗണങ്ങളെ ചീരുകൾ എന്നു വിളിക്കുന്നു). എന്നാൽ സംസ്കൃതത്തിലുള്ളതിനു വിരുദ്ധമായി, ഗണങ്ങൾ കണക്കാക്കുന്നതു് അതിലെ അക്ഷരങ്ങളെ നോക്കിയല്ല, പകരം 'അചൈ'കളെ എണ്ണിയാണു്. ഒരു 'അചൈ'യിൽ ഒരക്ഷരമോ രണ്ടക്ഷരമോ ആവാം.
തമിഴിലെ എല്ലാ വൃത്തങ്ങളും താരതമ്യേന സംഗീതപ്രധാനമാണു്. അവയെല്ലാം പാടാൻ ഉദ്ദേശിച്ച് താളാധിഷ്ഠിതമായി തയ്യാറാക്കിവെച്ചിട്ടുള്ളവയാണു്. ദിവ്യപ്രബന്ധത്തിലെ മിക്കവാറും എല്ലാ പാട്ടുകൾക്കും മുമ്പേ നിർദ്ദേശിക്കപ്പെട്ട രാഗങ്ങളും താളങ്ങളും ഉണ്ടു്. ഇവയിൽ അത്യന്തം പ്രാചീനമായ ചില രാഗവിശേഷങ്ങളാണു് തമിഴിൽ പണ്ണുകൾ എന്നറിയപ്പെടുന്നതു്. ഇടക്കാലത്തു് പ്രയോഗം കുറഞ്ഞുപോയ ഇവയെ കർണ്ണാടകസംഗീത സമ്പർക്കം മൂലം പരിഷ്കരിക്കപ്പെട്ട ആധുനികതമിഴ് സംസ്കാരം പുനരുദ്ധരിക്കാൻ ശ്രമിച്ചിട്ടുണ്ടു്.
തിരുപ്പാവൈയിലെ പാസുരങ്ങൾ അട, ആദി, ത്രിപുട, രൂപകം എന്നീ താളങ്ങളും ബിലഹരി,പന്തുവരാളി, കാംബോജി, തോടി, ഭൂപാളം, മോഹനം, അസാവേരി,കേദാരഗൗള, ശഹാന, അഠാണ, സാരംഗം, സൗരാഷ്ട്രം, യമുനാകല്യാണി, ശ്രീ, സാവേരി, ദേശി, ഭൈരവി, പിയാകടൈ, ശങ്കരാഭരണം, ആരഭി, ആനന്ദഭൈരവി, ധന്യാശി, കല്യാണി, സുരുട്ടി എന്നീ രാഗങ്ങളിൽ പാടണമെന്നു നിർദ്ദേശങ്ങളോ കീഴ്വഴക്കങ്ങളോ പതിവുണ്ടു്.
എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി തുടങ്ങിയ ആധുനികകർണ്ണാടക സംഗീതജ്ഞരിലൂടെ തിരുപ്പാവൈ പാട്ടുകൾ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുണ്ടു്. ആധുനിക സംഗീതോപകരണങ്ങളുടെ വരവോടെ, തിരുപ്പാവൈ പാസുരങ്ങൾ വിവിധ ശൈലികളിൽ പാടിപ്പരത്താൻ പുതിയ തലമുറയ്ക്കു് അവസരം ലഭിക്കുന്നുമുണ്ടു്.
ലളിതസുന്ദരമായ മുപ്പതു പാട്ടുകൾ ആണു് തിരുപ്പാവൈയുടെ പ്രധാന ഉള്ളടക്കം. എന്നാൽ പിൽക്കാലത്തു് അനുഗാമികൾ എഴുതിച്ചേർത്ത തിരുപ്പാവൈയെ പ്രകീർത്തിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന മൂന്നു തനിയനുകൾ (ഒറ്റശ്ലോകങ്ങൾ) കൂടി തിരുപ്പാവൈയുടെ ഭാഗമായി കണക്കാക്കപ്പെടുകയോ ആചരിക്കപ്പെടുകയോ ചെയ്യുന്നുണ്ടു്. ഇതിനും പുറമേ, ഗോദൈ (കോതൈ) സ്തുതി എന്ന പേരിൽ ഒരു പദ്യം കൂടി തിരുപ്പാവൈയുടെ ഭാഗമായി പഠിതാക്കൾക്കു കണക്കാക്കാം. ഭാരതീയകാവ്യസങ്കൽപ്പമനുസരിച്ചുള്ള 'കാവ്യപ്രശംസ' എന്ന അംഗമായി കണക്കാക്കാവുന്ന ഈ പദ്യം ആണ്ടാളുടെ ഐതിഹ്യത്തിനോ ചരിത്രത്തിനോ ആധാരമാവുന്ന ഒരു പിൻ‌കാലരേഖകൂടിയാണു്.
തിരുപ്പാവൈയിലെ പാട്ടുകൾക്കു് പ്രചോദനമായ മൂലകഥ ഭാഗവതത്തിലെ കൃഷ്ണാവതാരമാണെന്നു വിശ്വസിക്കുന്നു. ഭാഗവതപുരാണത്തിലെ ദശമസ്കന്ധം 22-ആം അദ്ധ്യായത്തിൽ ഒരു കാത്യായനീവ്രതത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടു്. നന്ദഗോപന്റെ വീട്ടിൽ ശ്രീകൃഷ്ണൻ വളർന്നുകൊണ്ടിരിക്കേ ആ കുമാരൻ തങ്ങളുടെ ഭർത്താവായിത്തീരണമെന്നാഗ്രഹിക്കുന്ന പെൺകിടാങ്ങൾ അനുഷ്ഠിക്കുന്ന ഒരു നോയ്മ്പായാണു് കാത്യായനീവ്രതത്തെ സൂചിപ്പിക്കുന്നതു്. ഹേമന്തഋതുവിലെ ആദ്യമാസത്തിൽ കാളിന്ദീനദിയിൽ കുളിച്ച് മണലുകൊണ്ടുണ്ടാക്കിയ ദേവീപ്രതിമയെ ഗന്ധമാല്യാദികളാൽ പൂജിച്ചുകൊണ്ട് "കാത്യായനി മഹാമായേ മഹായോഗിന്യധീശ്വരീ! നന്ദഗോപസുതം ദേവി, പതിം മേ കുരു തേ നമഃ" എന്ന മന്ത്രം ജപിച്ചുകൊണ്ടു് എല്ലാ വർഷവും ഒരു മാസത്തോളം അവർ ഈ വ്രതം തുടർന്നുകൊണ്ടിരുന്നുവത്രേ. അക്കാലത്തു് അവർ നൈവേദ്യം മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ എന്നും എല്ലാ ദിവസവും പ്രഭാതമാവുന്നതിനുതൊട്ടുമുമ്പ് ഉണർന്നെഴുന്നേറ്റ് കൂട്ടം ചേർന്നു് അന്യോന്യം കെട്ടിപ്പിടിച്ച് കൃഷ്ണനെപ്പറ്റി ഉറക്കെപ്പാടിക്കൊണ്ടായിരുന്നു അവർ കാളിന്ദിയിൽ നീരാടാൻ പോയിരുന്നു എന്നും ഭാഗവതത്തിൽ വർണ്ണിച്ചിട്ടുണ്ടു്. ("ഉഷസ്യുത്ഥായ ഗോത്രൈഃ സ്വൈരന്യോന്യാബദ്ധബാഹവഃ; കൃഷ്ണമുച്ചൈർ ജഗുര്യാന്ത്യഃ കാളിന്ദ്യാം സ്നാതുമന്വഹം" - ഭാഗവതം). ഈ കഥാസന്ദർഭമായിരിക്കണം 'തിരുപ്പാവൈ'യ്ക്കു പ്രചോദനമായിട്ടുണ്ടാവുക. പക്ഷേ, ഇതിനുപരി, ഭാഗവതത്തിൽ രേഖപ്പെടുത്താത്ത ഏതോ പാരമ്പര്യമാണു് തിരുപ്പാവൈയുടെ വിപുലമായ വർണ്ണനയ്ക്ക് ആധാരം എന്നു് പിൽക്കാലവ്യാഖ്യാതാക്കൾ അനുമാനിക്കുന്നു. മേൽപ്പറഞ്ഞ പതിവുകളിൽനിന്നും വ്യത്യസ്തമായി 'പാവൈനോമ്പ്' എന്ന ആചാരത്തിലെ ചടങ്ങുകൾ വിവരിക്കപ്പെടുന്നതാണു് ഈ അനുമാനത്തിനു കാരണം.
പ്രതിപാദ്യം:
മാർകഴി (മാർഘശീർഷം) മാസത്തിലെ സുഖകരമായ കുളിരുള്ളതും നിലാവുനിറഞ്ഞതുമായ ദിവസങ്ങളിൽ അമ്പാടിയിലെ സുന്ദരിമാരായ പെൺകിടാങ്ങൾ നീരാടാൻ പോകുമ്പോൾ 'പാവൈനോൻപ്' എന്ന വ്രതത്തിനാവശ്യമായ 'പറ' എന്ന താളവാദ്യം വാങ്ങുന്നതിനു് ഗോത്രനായകനായ നന്ദഗോപന്റെ വീട്ടിൽ ചെന്നു് അദ്ദേഹത്തിന്റെ പുത്രനായ ശ്രീകൃഷ്ണനെ വിളിച്ചുണർത്തുന്നതാണു് തിരുപ്പാവൈയുടെ ആസകലപ്രതിപാദ്യം. കൂട്ടുകാരൊരുമിച്ച് കൃഷ്ണസ്തുതികളും ചേർത്തു പാട്ടുപാടിപ്പോകുന്ന അവർ കൃഷ്ണനെക്കൂടാതെ നന്ദഗോപരേയും യശോദയേയും ബലരാമനേയും കൂടി വിളിച്ചുണർത്തുന്നു. നന്ദഗോപരുടെ പുത്രപത്നിയായ 'നപ്പിന്നൈ'യോടു ഉണർന്നുവന്നു് കതകുതുറക്കാൻ അവർ ആവശ്യപ്പെടുന്നു. ചുറ്റിലും കുത്തുവിളക്കുകൾ എരിയവേ, ആനക്കൊമ്പുകൊണ്ടുതീർത്ത കട്ടിലിൽ പഞ്ഞിക്കിടക്കയിൽ, വിരിഞ്ഞ പൂങ്കുല മുടിയിൽ ചൂടിയ നപ്പിന്നൈയെ പുണർന്നുറങ്ങിക്കൊണ്ടിരിക്കുകയാണു് അപ്പോഴും ശ്രീകൃഷ്ണൻ. മഴക്കാലത്തു് ഗുഹയിൽ നിന്നും ഉണർന്നെണീറ്റുവന്നു് സിംഹാസനത്തിലിരിക്കുന്ന സിംഹത്തെപ്പോലെ, പുറത്തുവന്നു് തങ്ങളുടെ നിവേദനത്തെക്കുറിച്ച് ചിന്തിക്കാൻ അവർ കൃഷ്ണനോട് പ്രാർത്ഥിക്കുന്നു. പറ (ഒരു താളവാദ്യം), ശംഖുകൾ, മംഗലഗാനങ്ങൾ പാടുന്ന ഗായകർ, കുത്തുവിളക്കു്, കൊടി, വിതാനം മുതലായവ തങ്ങൾക്കു നൽകാൻ അവർ അഭ്യർത്ഥിക്കുന്നു. അഥവാ അറിവില്ലാതെ തങ്ങൾ എന്തെങ്കിലും തെറ്റായി പറഞ്ഞുപോയിട്ടുണ്ടെങ്കിൽ തങ്ങളോടു ക്ഷമിക്കണമെന്നും യഥാർത്ഥത്തിൽ പറ വാങ്ങുന്നതല്ല തങ്ങളുടെ ഉദ്ദേശം, പ്രത്യുത ഈയുള്ള ജന്മവും ഇനിയുള്ള ജന്മങ്ങളും അങ്ങയെ സേവിക്കുവാൻ അവസരമുണ്ടാകണമെന്നതാണെന്നും അതിനുവേണ്ടി തങ്ങളുടെ നിസ്സാരസേവനങ്ങൾ അങ്ങു സ്വീകരിക്കണമെന്നും അപേക്ഷിക്കാനാണു് 'ചിറ്റും ചെറുകാലേ' തങ്ങൾ വന്നു് 'ഉണർത്തിക്കുന്ന'തെന്നും പെൺകിടാങ്ങൾ ശ്രീകൃഷ്ണനെ അറിയിക്കുന്നു. "ആയ്പ്പാടിച്ചെൽവച്ചിറുമി"കളുടെ പാവൈനോമ്പുകൊണ്ടു് അവർക്കുമാത്രമല്ല പുണ്യം എന്നു് അവകാശപ്പെടുന്നു. നാൾകാലേ നീരാടിയും നെയ്യും പാലുമുണ്ണാതെയും കണ്ണിൽ മയ്യെഴുതാതെയും മലർചേർത്തു മുടി മെടയാതെയും ചെയ്തുകൂടാത്തവ ചെയ്യാതെയും ഏഷണിയിൽ ഏർപ്പെടാതെയും ദാനധർമ്മങ്ങളിൽ ഏർപ്പെട്ടും അവരിങ്ങനെ നോമ്പുനോൽക്ക കൊണ്ടു് നാട്ടിലെ ദോഷങ്ങൾ തീരും, മാസം തോറും മുമ്മൂന്നു മഴ വീതം പെയ്യും, ചെന്നെല്ലു വിളഞ്ഞുനിൽക്കുന്ന പാടങ്ങളിൽ കയൽമീനുകൾ നീന്തിത്തുടിക്കും, വിരിഞ്ഞ കുമളപ്പൂവുകൾക്കുള്ളിൽ വണ്ടുകൾ തേനുണ്ടു മയങ്ങും, തടിച്ച പശുക്കൾക്കരികിലിരുന്നു് ഇടയർ വീർത്ത അകിടുകൾ കറന്നു് പാൽക്കുടങ്ങൾ നിറയ്ക്കും, ഇതൊക്കെ വഴി നാടാകെ സമ്പൽസമൃദ്ധവും സമാധാനവും നിറയും എന്നെല്ലാം അവർ പ്രതീക്ഷിക്കുന്നു.
ഇപ്രകാരം ലളിതമായ ആവശ്യങ്ങളുടെ പ്രതിപാദനമാണു് ഈ പാട്ടുകൾ എന്നു് പ്രഥമദൃഷ്ട്യാ തോന്നാമെങ്കിലും പ്രചത്തി (ആരാദ്ധ്യദേവന്റെ പാദങ്ങളിൽ ഭക്തന്റെ സമ്പൂർണ്ണമായ ആത്മസമർപ്പണം) ആണു് തിരുപ്പാവൈയുടെ ആന്തരികപ്രമേയമെന്നു് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു.
തിരുപ്പാവൈയും പഴയമലയാളവും:
പഴയ മലയാളത്തിലെ പല ഭാഷാപ്രയോഗങ്ങൾക്കും തിരുപ്പാവൈയുടെ പാസുരങ്ങളിലുള്ള ശൈലികളുമായി പ്രകടമായ സാദൃശ്യമോ സംക്രമണലക്ഷണങ്ങളോ ഉണ്ടെന്നു് ഭാഷാചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. മലയാളവുമായി ഏറ്റവും അടുത്തുനിന്ന തമിഴ് ഭാഷാഘട്ടം തിരുപ്പാവൈയുടെ കാലഘട്ടമായിരിക്കണമെന്നു് വേണുഗോപാലപ്പണിക്കർ അനുമാനിക്കുന്നു. ഇതിനു് ഉപോൽബലകമായി അദ്ദേഹം ചില വസ്തുതകൾ ഉദാഹരിക്കുന്നുണ്ടു്:
1. ഏറ്റവും ആദ്യത്തെ പഴയമലയാളം കൃതികളിൽ കാണുന്ന ക്രിയാരൂപങ്ങൾ കാലപ്രത്യയാന്തങ്ങൾ (ഉദാ: വന്നു, വരുന്നു, വരും) ആയിരുന്നില്ല. പകരം കർത്താവിനെ സൂചിപ്പിച്ചുകൊണ്ടു് വന്നാൻ (അവൻ വന്നു), വന്നാൾ (അവൾ വന്നു), വന്നൂ(തു) (അതു വന്നു), വന്നായ് (നീ വന്നു), വന്നേൻ (ഞാൻ വന്നു), വന്നന (അവ വന്നു) എന്നെല്ലാമായിരുന്നു. ഇവയ്ക്കു സമാനമാണു് തിരുപ്പാവൈയിലെ ക്രിയാപ്രയോഗങ്ങൾ. എന്നാൽ പ്രാചീന തമിളിൽ ഇത്തരം പ്രയോഗങ്ങൾ (പ്രത്യേകിച്ച് സർവ്വനാമപ്രത്യയങ്ങൾ) സമാനമല്ല.
2. "നെയ്യുണ്ണോം, പാലുണ്ണോം (നെയ്യുണ്ണാതെയും പാലുണ്ണാതെയും) എന്നീ നിഷേധാർത്ഥസഹിതമായ വാക്കുകൾ പൂർണ്ണക്രിയകളല്ല. വിനയെച്ചങ്ങൾ - മുറ്റെച്ചങ്ങൾ ആണു്. നിഷേധപ്രത്യയം ചേർക്കുന്നതിനുപകരം ഉൺ-ഓം എന്നീ ധാതുവും സർവ്വനാമപ്രത്യയവും വിളക്കിച്ചേർത്താണു് അർത്ഥപൂർത്തി വരുത്തുന്നതു്. ഒട്ടും പൂട്ടേൻ (കെട്ടിപ്പിടിക്കയില്ല), മുകവുമണയേൻ(ചുംബിക്കയില്ല), തംബലം പോലുമൊന്നു താരേൻ കൊള്ളേൻ (താംബൂലം പോലും തരികയോ ഇങ്ങോട്ടുതന്നാൽ സ്വീകരിക്കുകയോ ഇല്ല) തുടങ്ങിയ പ്രയോഗങ്ങൾ ലീലാതിലകശ്ലോകത്തിലുള്ളതു് ഈ ശീലത്തിനു സമാനമാണു്.
3. മലയാളത്തിലുള്ളതുപോലെ, വാൻ / പാൻ എന്നീ പ്രത്യയങ്ങൾ ചേർത്ത് പിൻവിനയെച്ചമുണ്ടാക്കുന്ന രീതി (പാസുരം 8 : പോവാൻ,കൂവുവാൻ,14:ചങ്കിടുവാൻ,എഴുപ്പുവാൻ) തമിഴിൽ തിരുപ്പാവൈയ്ക്കുമുമ്പോ പിൻപോ പ്രചുരപ്രചാരത്തിലുണ്ടായിരുന്നിട്ടില്ല.
4. ചിറ്റാമൽ, പേശാമൽ തുടങ്ങിയവയ്ക്കു പകരം 'ചിറ്റാതെ', 'പേശാതെ' എന്നെല്ലാം (പാസുരം 11) പ്രയോഗിച്ചിരിക്കുന്നു. ഇതിലെ 'ആ'(ആതവണ്ണം) എന്ന പ്രത്യയമാണു് മലയാളത്തിലെ മൂലനിഷേധപ്രത്യയം എന്നു ശ്രദ്ധിക്കുക.
5. പൂർണ്ണക്രിയയിൽ അവസാനിക്കുന്ന വാക്യത്തെ മുഴുവനായോ നാമം പോലെ ആക്കി വിഭക്തിപ്രത്യയവും ചേർത്തു് കർമ്മമാക്കുന്ന രീതി ((1)പാസുരം 13: "പുള്ളിൻവായ് കീണ്ടാനൈ - (അവൻ പുള്ളിന്റെ വായ് പിളർന്നു - അവനെ); (2)പൊല്ലാവരക്കനെ കിള്ളി കളനിതാനൈ; (3)ആയർചിറുമിയരോമുക്കു)) പുതുമലയാളത്തിൽ പ്രയോഗത്തിലില്ലെങ്കിലും കൃഷ്ണഗാഥയുടെ ശൈലിയുമായി പലയിടത്തും ഒത്തുപോകുന്നു. ഉദാ: (പാവകൻ വന്നു വിഴുങ്ങുന്നോനെ; എന്തങ്ങു ചെയ്യുന്നോൻ; കാർമുകിൽവർണ്ണൻ കളിക്കുന്നോനേ,...). ഇതുപോലെ തോറ്റംപാട്ടുകളിലെ വരികളുമായി സാദൃശ്യമുള്ളതാണു് "നന്നാളാൽ"( നല്ല നാളിൽ) എന്ന പ്രയോഗത്തിലുള്ള സപ്തമീവിഭക്ത്യർത്ഥം ( ഉദാ: "വണ്ണായിക്കടവാൽ നീരാടി...")
6. ഭൂമിയിൽ എന്ന അർത്ഥത്തിൽ കാണപ്പെടുന്ന "വൈയത്തു" എന്ന വാക്കു് പ്രത്യേകം ശ്രദ്ധേയമാണു്. 'വയറ്റത്തു്', 'ഇരുട്ടത്തു്', 'മഴയത്തു്', 'വെയിലത്തു്' തുടങ്ങിയ പ്രയോഗങ്ങൾ ഇന്ന്നു് മലയാളത്തിൽ മാത്രമാണുള്ളതു്.
ആണ്ടാൾ രചിച്ച മറ്റൊരു ഭക്തികാവ്യമാണ് നാച്ചിയാർ തിരുമൊഴി.കൃഷ്ണഭക്തി നിറഞ്ഞുനില്ക്കുന്ന നാച്ചിയാർ തിരുമൊഴിയിൽ 143 പാസുരങ്ങൾ അടങ്ങിയിരിക്കുന്നു. പത്ത് പാട്ടുകൾ വീതമുള്ള പതിന്നാല് ഭാഗമായി എഴുതിയിട്ടുള്ള ഈ കൃതിയിൽ ശ്രീവില്ലിപുത്തൂരിനെ അമ്പാടിയായും, ആ പ്രദേശത്തുള്ള സ്ത്രീകളെ ഗോപികമാരായും, വടപെരുങ്കോവിൽ ക്ഷേത്രത്തെ നന്ദഗോപരുടെ വാസസ്ഥലമായും, ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ശ്രീകൃഷ്ണനായും സങ്കല്പിച്ചു പാടിയശേഷം 14 ക്ഷേത്രങ്ങളെപ്പറ്റിയും പ്രകീർത്തിച്ചിട്ടുണ്ട്.
ഈ കൃതി തായ്‌ലാന്റിലും ആലപിക്കപ്പെടുന്നുണ്ട്. തമിഴ് കലണ്ടറിലെ മാര്‍ഗഴി മാസത്തോടനുബന്ധിച്ച് ഡിസംബര്‍-ജനുവരി മാസങ്ങളില്‍ തായ്‌ലാന്റിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന പെരിയൂഞ്ഞാല്‍ (Gaint Swing) ചടങ്ങിലാണ് തിരുപ്പാവൈ ആലപിക്കപ്പെടുന്നത്.
മധുരയില്‍ നിന്നു ലഭിച്ച 14ആം നൂറ്റാണ്ടിലെ ആണ്ടാള്‍ ശില്പമാണ് ചിത്രത്തില്‍ കാണുന്നത്.
നിത്യശ്രീ മഹാദേവന്‍ പാടിയ തിരുപ്പാവൈ ഗീതങ്ങള്‍ കേള്‍ക്കാം:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...