ചേരമാന്റെ പേരമക്കൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്
=================================================
=================================================
ഏകദേശം ഒരു വർഷം മുന്നെയാണ് അവിചാരിതമായി സൗദി അറേബ്യൻ പൗരനായ ഖാലിദിനെ അബൂദാബി എയർപോട്ടിൽ വെച്ച് ഞാൻ പരിചയപ്പെടാൻ ഇടയായത്.
പരിചയപ്പെടലിനിടയിൽ ഞാൻ മലബാറുകാരനാണെന്ന് ( മലബാരി - അങ്ങിനെയാണ് മലയാളിയെ അറബി അഭിസംബോധനം ചയ്യുന്നത് ) പറഞ്ഞപ്പോൾ ഖാലിദ് പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.
പരിചയപ്പെടലിനിടയിൽ ഞാൻ മലബാറുകാരനാണെന്ന് ( മലബാരി - അങ്ങിനെയാണ് മലയാളിയെ അറബി അഭിസംബോധനം ചയ്യുന്നത് ) പറഞ്ഞപ്പോൾ ഖാലിദ് പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.
സൗദി അറേബ്യൻ പൗരനായ തനിക്കും മലബാറുമായി രക്തബന്ധമുണ്ടെന്നും അത് ചരിത്രപരമായ ബന്ധമാണെന്നും അദ്ധേഹം പറഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആകാംക്ഷയായി. തന്റെ ഗോത്രനാമം മലൈബാരി എന്നാണെന്ന് ഖാലിദ് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ( മലൈ , മനിബാർ , മലിബാർ , മലൈബാർ , മലബാർ എന്നൊക്കെയാണ് പുരാതന അറബ് വണിക്കുകളും സഞ്ചാരികളും മറ്റും ഈ ദേശത്തെ വിളിച്ചിരുന്നത് ) പിന്നെ അങ്ങിനെ വലിയൊരു ഗോത്രം മക്കയുടെ സമീപ പ്രദേശങ്ങളിലും യമനിലെ ഹദർ മൗത്തിലും ഉണ്ടെന്ന് ഖാലിദ് പറഞ്ഞപ്പോൾ അതെനിക്ക് ഒരു പുതിയ അറിവായി.
ഞാൻ കരുതിയത് , മലബാറുമായി-പ്രത്യേകിച്ച് കോഴിക്കോടുമായി അറബികൾക്കുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ബാക്കിപത്രമാവാം അറബ് ദേശത്തെ ഈ മലൈബാരി ഗോത്രം എന്നായിരുന്നു. അക്കാലത്ത് ഏതെങ്കിലും മലബാറുകാരൻ തന്റെ കുടുംബസമേതം അറേബ്യയിൽ കുടിയേറി പാർത്തതാവാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഹജ്ജിനു വേണ്ടി മക്കയിൽ പോയ ഏതെങ്കിലും മലയാള കുടുംബം അവിടെ സ്ഥിരതാമസമാക്കിയതാവാനും സാധ്യത ഞാൻ മനസ്സിൽ കണ്ടു.
പക്ഷെ ഖാലിദ് അൽ മലൈബാരിയെന്ന ആ സൗദി പൗരന്റെ പിന്നീടുളള വാക്കുകൾ എന്നെ ചരിത്രത്തിന്റെ ഒരു പുതുലോകത്ത് എത്തിച്ചു.
പണ്ട് മക്കത്ത് പോയി മതം മാറിയ ചേരചക്രവർത്തിയുടെ ചരിത്രം മലനാട്ടിൽ ഏറെ പ്രസിദ്ധമാണ്. കേരളീയ മുസ്‌ലിംകളുടെ ചരിത്രം പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒന്നാണ് അറബ് വണിക്കുകളുടെ കൂടെ മക്കയിൽ പോയി ഇസ്‌ലാം സ്വീകരിച്ച ചേരമാൻ പെരുമാളുടെ ചരിത്രം. തിരികെയുളള യാത്രക്കിടയിൽ ഒമാനിലെ ദോഫാർ പ്രദേശത്ത് ( സലാല ) വെച്ച് അദ്ധേഹം മൃതിയടയുകയും അവിടെ അദ്ധേഹത്തെ സംസ്കരിക്കുകയുമുണ്ടായി. ( അദ്ധേഹത്തിന്റെ ഖബർ ഒമാനിലെ സലാലയിൽ ഇപ്പോഴുമുണ്ട് )
മിക്ക ചരിത്രപണ്ഡിതന്മാരും ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ധേഹം മക്കയിൽ പോയ കാലഘണനയെ പറ്റി ചില ചരിത്രകാരന്മാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ആ അഭിപ്രായങ്ങളിൽ ഒന്നാണ് മുഹമ്മദ് നബിയുടെ മക്കാ ജീവിതകാലത്താണ് ചേരമാൻ ചക്രവർത്തി മക്കയിലേക്ക് പോയതെന്നതാണ്. ഇതിനെ സാധൂകരിക്കുന്ന വാക്കുകളാണ് ഖാലിദിൽ നിന്ന് ഞാൻ കേട്ടത്.
മക്കയിലേക്ക് വന്ന ആ ചേരരാജ സംഘത്തിൽ അദ്ധേഹത്തിന്റെ പുത്രനടക്കമുളള കുടുംബത്തിൽ പെട്ട ചിലർ ഉണ്ടായിരുന്നുവെന്നും നബിയെ കണ്ട് മക്കയിൽ നിന്ന് മലബാറിലേക്ക് തിരികെ മടങ്ങും വഴി ദോഫാറിൽ വെച്ച് മരണമടഞ്ഞ ഷാക്രവർത്തി ഫർമാസിനെ ( അറബ് പരാമർശ്ശങ്ങളിൽ ചേരമാൻ പെരുമാൾ ചക്രവർത്തിയെ അഭിസംഭോധന ചെയ്യുന്നത് ഷാക്രവർത്തി ഫർമാസ് , ഷാക്രവർത്തി സാമിരി , ഷാക്രവർത്തി ഫാർമാൽ തുടങ്ങിയ നാമങ്ങളിലാണ്. അത്പോലെ മലികു ഫിൽഫിൽ അഥവാ കുരുമുളക് രാജാവ് എന്ന പേരിലും അദ്ധേഹത്തെ പരിചയപ്പെടുത്തുന്നത് കാണാം ) സലാലയിൽ കബറടക്കുകയും അദ്ധേഹത്തിന്റെ മകനടക്കമുളള സംഘത്തിലെ ചിലർ ഒഴികെ ബാക്കിയുളളവർ അറബ് സംഘത്തോടൊപ്പം മലബാറിലേക്ക് മടങ്ങുകയും ചെയ്തു.
ആ പുത്രനും സംഘവും ആദ്യം ദോഫാറിൽ തങ്ങുകയും പിന്നീട് മക്കയിലേക്ക് പോവുകയും ചെയ്തു. അവിടെ സ്ഥിരതാമസമാക്കിയ ചേരപുത്രന്റെ കുടുംബം വളർന്ന് മലൈബാരി ( അൽ മലൈബാരി - മലബാരി ഗോത്രം എന്നർത്ഥം ) എന്ന പേരിൽ ഒരു അറബ് ഗോത്രമായി മാറുകയുമായിരുന്നു. കാലങ്ങൾക്ക് ശേഷം ഇതിൽ ഒരു ശാഖ പിന്നീട് യമനിലെ ഹദർ മൗത്തിലേക്ക് കുടിയേറുകയുണ്ടായി. ഇന്ന് സൗദിയിലെ മക്കയുടെ സമീപ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു പ്രമുഖ ഗോത്രമാണ് അൽ മലൈബാരി.
മധ്യകാല ഹിജാസി ചരിത്രകാരനായിരുന്ന അഹ്‌മദിന്റെ രചനകളിലാണ് ആദ്യമായി മലബാരി ഗോത്രത്തെ പറ്റിയുളള ആദ്യ പരാമർശ്ശം കടന്നുവരുന്നതെന്ന് ഖാലിദ് എന്നോട് പറയുകയുണ്ടായി. അറബ് ചരിത്രപണ്ഡിതനായിരുന്ന മുഹമ്മദ് അഹ്‌മദുളളയും ആധുനിക അറബ്-ഈജിപ്‌ഷ്യൻ പണ്ഡിതനായ ഡോക്ടർ സഅലൂൽ നജ്ജാറും സൗദി അറേബ്യയിലെ മലൈബാർ ഗോത്രത്തിന്റെ മലബാറുമായും ചേരമാൻ പെരുമാളുമായുമുളള ബന്ധം സ്ഥിരീകരിക്കുമ്പോൾ തന്നെ ആ ഗോത്രത്തിലെ ചെറിയൊരു വിഭാഗം ആളുകൾ ഇതിനെ എതിർക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അവരുടെ പക്ഷം സാധൂകരിക്കത്തക്ക തെളിവുകളൊന്നുമില്ലെങ്കിലും തങ്ങളുടെ കുടുംബം പരമ്പരാഗത ഹിജാസി ഗോത്രമാണെന്ന് അവർ വാദിക്കുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ