ആര്യന് കുടിയേറ്റം പുരാ-ജനിതക തെളിവുകളുടെ വെളിച്ചത്തില്‍
ഇരുന്നൂറിലേറെ വര്‍ഷം മുന്‍പ് പാശ്ചാത്യര്‍ സംസ്കൃതവും ലത്തീനും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിച്ചതില്‍ തുടങ്ങിയ ചരിത്രമാണ് അവയുടെ പൊതുപൂര്‍വിക ഭാഷ സംസാരിച്ച ഒരു ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള പഠനത്തിനുള്ളത്. ഈ വിഷയത്തില്‍ നൂറ്റാണ്ടുകളുടെ അവ്യക്തതകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൃത്യമായ ഉത്തരങ്ങള്‍ കിട്ടിത്തുടങ്ങിയ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ആണ് ഈയിടെ കടന്നു പോയത്.
പഴയ സംസ്കാരങ്ങളില്‍ നിന്നുള്ള അസ്ഥികള്‍ എടുത്ത് ജനിതകം പരിശോധിച്ച് അവര്‍ ആരായിരുന്നു എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചതാണ് ഈ വിപ്ലവത്തിന് ആധാരം. പുരാതന സംസ്കാരങ്ങളില്‍ ജീവിച്ച ആളുകളുടെ ഉത്ഭവവും അവരുടെ ആധുനിക പരമ്പരകളെയും പാരമ്പര്യ മിശ്രണത്തിന്റെ തോതും എന്ന് വേണ്ട അവരുടെ ശാരീരിക പ്രത്യേകതകള്‍ പോലും ഇങ്ങനെ മനസിലാക്കാന്‍ സാധിക്കും.
ആര്യന്മാരുടെ പൂര്‍വികര്‍
ആര്യന്മാരുടെ ജനിതക വേരുകള്‍ തേടിയുള്ള അന്വേഷണം റഷ്യയിലെ പഴയ ആദിവാസികളില്‍ ആണ് എത്തി നില്‍ക്കുന്നത്. മിഡില്‍ ഈസ്റ്റിലെ നിയോലിത്തിക് കാര്‍ഷിക വിപ്ലവത്തോട് അനുബന്ധിച്ച് കോക്കസസ് മേഖലയില്‍ നിന്നും കുടിയേറിയവരുമായി അവര്‍ക്ക് ജനിതക മിശ്രണം ഉണ്ടായി (Lazaridis 2016). കാര്‍ഷിക സംസ്കാരങ്ങളില്‍ നിന്നും കടമെടുത്ത സാങ്കേതിക പുരോഗതികളും മറ്റും ഉപയോഗിച്ച് 3700-3300 BC കാലത്ത് അവര്‍ വിശാലമായ യൂറോപ്യന്‍, ഏഷ്യന്‍ സ്റ്റെപ്പി പുല്‍മേടുകളില്‍ വ്യാപിച്ചു.
ലോകത്ത് ആദ്യമായി കുതിരകളെ മെരുക്കിയത്, അല്ലെങ്കില്‍ ഫലപ്രദമായി ഉപയോഗിച്ചത് ആണ് അവരുടെ നിര്‍ണ്ണായക മുന്നേറ്റം. ഇത് അവര്‍ക്ക് വേഗതയും സൈനിക മേല്‍ക്കോയ്മയും നേടിക്കൊടുത്തു. എവിടെയും സ്ഥിരവാസം ആവശ്യമില്ലാതെ അലയാന്‍ തക്കവിധം ആടുമാടുകളെ മേയ്ക്കല്‍ ആയിരുന്നു അവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. യൂറോപ്പിലും സെന്‍ട്രല്‍ ഏഷ്യയിലുമായി യംനായ, പോള്റ്റൊവ്ക, അഫനസെവോ എന്നീ പ്രധാന സംസ്കാരങ്ങള്‍ ആണ് അവരുടേതായി കാണപ്പെടുന്നത് (Allentoft 2015). ഇവരെ Early Middle Bronze Age സ്റ്റെപ്പി (EMBA steppe) സമൂഹങ്ങള്‍ എന്ന് വിളിക്കുന്നു.
തുടര്‍ന്നുള്ള കാലത്ത് യൂറോപ്പിലും ഏഷ്യയിലുമായി അത്ഭുതകരമായ ഒരു വ്യാപനമാണ് ഈ സ്റ്റെപ്പി ജനതയും അവരുടെ പരമ്പരകളും കാഴ്ചവയ്ക്കുന്നത്. അവരുടെ ജനിതക, സാംസ്കാരിക മുദ്ര ചരിത്രകാലം ആയപ്പോഴേക്കും ഐസ് ലാന്‍ഡ് മുതല്‍ ശ്രീലങ്ക വരെ വ്യാപിച്ചു കിടന്നു. സ്റ്റെപ്പി ജനതയുടെ കുടിയേറ്റം ആണ് സംസ്കൃതവും ഹിന്ദിയും ഗ്രീക്കും പോലുള്ള ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ സാന്നിധ്യം നിര്‍ണ്ണയിക്കുന്ന ഘടകം എന്ന് (Haak 2015), (Lazaridis 2017), (Olalde 2017), (Narasimhan 2018) തുടങ്ങിയ പുരാ-ജനിതക പഠനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ആദിമ ഇന്തോ-യൂറോപ്യന്മാരുടെ വ്യാപനം
2500 BC യ്ക്കകം EMBA സ്റ്റെപ്പിയില്‍ നിന്ന് സെന്‍ട്രല്‍ യൂറോപ്പിലേക്ക് വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി. യൂറോപ്പില്‍ നേരത്തെ തന്നെ എത്തിപ്പെട്ട അനറ്റോളിയന്‍ നിയോലിത്തിക് കര്‍ഷക/പടിഞ്ഞാറന്‍ ആദിവാസി മിശ്ര സമൂഹത്തെ കീഴ്പ്പെടുത്തി യൂറോപ്പിനെ അവര്‍ ജനിതകപരമായി മാറ്റിമറിച്ചു (Haak 2015). ഉയര്‍ന്ന സാംസ്കാരികത നിലനിന്ന പഴയ യൂറോപ്പിലെ (“Old Europe”) കാര്‍ഷിക സംസ്കാരങ്ങള്‍ കാലാവസ്ഥാ മാറ്റം മൂലം ദുര്‍ബലത നേരിട്ട കാലത്ത് അവയെ സ്റ്റെപ്പി അധിനിവേശം പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞതായി പുരാവസ്തു ഗവേഷണം പറയുന്നു. സാംസ്കാരിക തുടര്‍ച്ച നഷ്ടപ്പെട്ടതിന്റെ ഫലമായി സെന്‍ട്രല്‍ യൂറോപ്പില്‍ പഴയ യൂറോപ്പിന്റെ ജനിതകശേഷിപ്പുകള് മാത്രം അടങ്ങിയ കോര്‍ഡെഡ് വെയര്‍ സംസ്കാരം ഉണ്ടായി.
ഇതേ സമയം തന്നെ പടിഞ്ഞാറന്‍ യൂറോപ്പിലും സ്റ്റെപ്പി പാരമ്പര്യമുള്ള കുടിയേറ്റ ജനതയുടെ വ്യാപനം നടക്കുകയായിരുന്നു. അവര്‍ ബെല്‍ ബീക്കര്‍ സംസ്കാരം എന്നറിയപ്പെടുന്നു (2750-2000 BC). ജനിതക പഠനങ്ങളില്‍ ബ്രിട്ടനിലെ ആദിമ കര്‍ഷകരെ ഏതാണ്ട് പൂര്‍ണ്ണമായും തുടച്ചു നീക്കി 90% ജനിതകവും ബെല്‍ ബീക്കര്‍ കുടിയേറ്റക്കാരാകുന്നത് കാണാം (Olalde 2017).
സ്റ്റെപ്പി കുടിയേറ്റം വഴി സെന്‍ട്രല്‍ യൂറോപ്പില്‍ രൂപം കൊണ്ട കോര്‍ഡെഡ് വെയര്‍ സംസ്കാരക്കാര്‍ താമസിയാതെ കിഴക്കോട്ട് വ്യാപിച്ച് സ്റ്റെപ്പിയിലേക്ക് തിരികെ കുടിയേറാന്‍ തുടങ്ങി. ഈ കുടിയേറ്റം വഴി 2000 BC യോടടുത്ത് middle-late bronze age steppe (MLBA സ്റ്റെപ്പി) എന്ന് വിളിക്കുന്ന പുതിയ മിശ്രവംശം രൂപം കൊണ്ടു.
ആര്യന്മാര് ഉടലെടുക്കുന്നു
സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റെപ്പിയില്‍ എത്തിയ MLBA സ്റ്റെപ്പി ജനതയില്‍ സൈബീരിയന്‍ ആദിവാസികളുടെ (West Siberian HG) മിശ്രണം കൂടി കാണാം. സിന്താഷ്ട, ആന്ദ്രോനോവോ തുടങ്ങിയ ആദിമ ഇന്തോ-ഇറേനിയന്‍ സംസ്കാരങ്ങള്‍ ഈ പുതിയ മിശ്ര ജനതയുടെ വകയാണ്. കുതിരകളും രഥവും കാലിവളര്‍ത്തലും ആയിരുന്നു ഈ ജനതയുടെ മുഖമുദ്ര. ഇവരാണ് ആര്യന്മാര് (ആര്യ, അലാന്, ഇറാന്) എന്ന് ചരിത്രകാലത്ത് സ്വയം വിളിച്ച വിഭാഗം.
MLBA സ്റ്റെപ്പി ജനിതകമാണ് നോര്‍ത്ത് ഇന്ത്യയിലെയും സവര്‍ണ്ണരുടെയും ഒരു പ്രധാന പൈതൃകം എന്ന് (Narasimhan 2018) കണ്ടെത്തുന്നു. സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നും തെക്കോട്ട് വന്ന സ്റ്റെപ്പി ആര്യന്മാരെ കാത്തിരുന്നത് ഇറേനിയന്‍ നിയോലിത്തിക് കര്‍ഷകരും അവരുടെ മിശ്ര സമൂഹങ്ങളും സ്ഥാപിച്ച വലിയ സംഘടിത നഗരങ്ങള്‍ ആണ്. BMAC സംസ്കാരം മുതല്‍ ഇന്‍ഡസ് വാലി വരെ ഇതില്‍ ഉള്‍പ്പെടുന്നു. BMAC യുമായി 2100 BC മുതലുള്ള സമ്പര്‍ക്കത്തിന് ശേഷം 2000 BC യോടടുത്ത് ആര്യന്മാര് മേല്‍ക്കൈ നേടി എന്നാണു തെളിവുകള്‍ കാണിക്കുന്നത്. തുടര്‍ന്ന് 2000-1200 BC കാലത്ത് സ്റ്റെപ്പി ആര്യന് ജനിതക മിശ്രണം തെക്കോട്ടുള്ള പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു (Narasimhan 2018).
ആരായിരുന്നു സിന്ധുനദീതട സംസ്കാര വാസികള്‍?
സിന്ധുനദീതട നഗരങ്ങളില്‍ നിന്നു നേരിട്ടുള്ള ജനിതക സാമ്പിളുകള്‍ ഇതുവരെ ലഭ്യമല്ല**, എന്നാല്‍ അല്‍പ്പം പടിഞ്ഞാറും വടക്കും നിന്നുള്ള ഡസന്‍ കണക്കിന് വ്യക്തികളെ ലഭ്യമാണ്. അതില്‍ സുപ്രധാനമായി പാക്കിസ്ഥാന്-ഇറാന്-അഫ്ഗാന് അതിര്‍ത്തിപ്രദേശത്ത് നിന്നും കിട്ടിയ രണ്ടു വ്യക്തികളും BMAC യില്‍ നിന്ന് കിട്ടിയ ഒരു വ്യക്തിയും ആദിമ ഇന്ത്യക്കാരുടെ (AASI) മിശ്രണം കാണിക്കുന്നു. ഇവര്‍ അതാത് പ്രദേശങ്ങളില്‍ തദ്ദേശീയരല്ല. ഇന്ത്യയ്ക്കും ഇവര്‍ക്കും ഇടയില്‍ ആണ് സിന്ധുനദീതട സംസ്കാരം എന്നിരിക്കെ സിന്ധുനദീതട പ്രദേശത്ത് നിന്നും വന്നവരാണ് ഇവര്‍ എന്ന് വേണം അനുമാനിക്കാന്‍. അതിനാല്‍ ഇവരെ Indus periphery എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. 3100-2200 BC കാലത്തുള്ള ഇവരില്‍ മിഡില്‍ ഈസ്റ്റ് കൃഷിക്കാരുടെ പൈതൃകം, ആണ്ടമാനികളോട് ബന്ധപ്പെട്ട ആദിമ ഇന്ത്യന്‍ (AASI) പൈതൃകം, എന്നിവ ആണ് ഉള്ളത്. സ്റ്റെപ്പി ആര്യന് ജനിതകം ഇല്ല (Narasimhan 2018).
Indus periphery യോട് സദൃശ്യമായ ഒരു കാര്‍ഷിക ജനത ഇന്ത്യയൊട്ടാകെ കുടിയേറി എന്നും ഒരു പക്ഷെ ദ്രാവിഡ ഭാഷകള്‍ വ്യാപിപ്പിച്ചു എന്നും ആണ് ജനിതക തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ ജനതയില്‍ അവര്‍ക്ക് സമാനമായ പാരമ്പര്യം ആണ് ഏറ്റവും പ്രധാനം (39 - 72%).
[**update: സിന്ധുനദീതട നഗരമായ Rakhigarhi യില്‍ നിന്നുള്ള പുരാതന ജനിതക പഠനത്തില്‍ ഉള്‍പ്പെട്ട ഗവേഷകര്‍ Indus periphery യ്ക്ക് സമാനമായ ജനിതകം ആണ് സിന്ധു നദീതട പ്രദേശത്തും കണ്ടെത്തിയത് എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ പഠനം ഇനിയും പബ്ലിഷ് ചെയ്തിട്ടില്ല.]
ആര്യന്മാര് ഇന്ത്യയില്‍
1200 BC യില്‍ എത്തുമ്പോഴേക്കും Indus periphery ജനിതകവുമായി സാദൃശ്യമുള്ള ഒരു വിഭാഗത്തെ ആണ് പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില് കാണാന്‍ കഴിയുന്നത്. പക്ഷെ അവരില്‍ പുതിയ ഒരു ജനിതക മിശ്രണവും കാണപ്പെടുന്നു: MLBA സ്റ്റെപ്പി ജനതയുടേത്. ഇന്ന് നോര്‍ത്ത് ഇന്ത്യന്‍ ബ്രാഹ്മണരില്‍ ആണ് സ്റ്റെപ്പി ജനിതകം വന്‍തോതില്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ അവരെത്തിത്തുടങ്ങിയ കാലയളവ് 2000-1500 BC ആണെന്ന് മേല്‍പ്പറഞ്ഞ തെളിവുകള്‍ കൂടാതെ സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നുള്ള മറ്റു ജനിതകങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഓള്‍ഡ് യൂറോപ്പില്‍ സംഭവിച്ചതിനു സമാനമായി ഇന്‍ഡസ് സംസ്കാരം ദുര്‍ബലമായ സമയത്ത് ആര്യന്മാര് പിടിമുറുക്കിയതായിട്ടാണ് കാണാന്‍ കഴിയുന്നത്. തുടര്‍ന്നുണ്ടായ സാംസ്കാരിക മാറ്റത്തില്‍ ഇന്‍ഡസ് നഗരങ്ങള്‍ പോലുള്ള കൃത്യമായി പ്ലാന്‍ ചെയ്ത മികച്ച നഗരങ്ങള്‍ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായി. ഇന്‍ഡസ് ലിപി പോലും സാംസ്കാരിക തുടര്‍ച്ച നഷ്ടപ്പെട്ട് അജ്ഞാതമായി മാറി.
ആര്യാവര്‍ത്തം എന്ന് വിളിക്കപ്പെട്ട നോര്‍ത്ത് ഇന്ത്യയില്‍ ആണ് ആദ്യം Indus periphery യ്ക്ക് മേല്‍ ഉപരിവര്‍ഗ്ഗമായി സ്റ്റെപ്പി ആര്യന് ജനിതകം കൂടി കലര്‍ന്നത്. സ്റ്റെപ്പി ആര്യന് പാരമ്പര്യത്തിന്റെ സാന്നിധ്യം അടിസ്ഥാനമാക്കി വേദകാല നോര്‍ത്ത് ഇന്ത്യന്‍ ജനതയെ (ANI - Ancestral North Indian) സൌത്ത് ഇന്ത്യന്‍ ജനതയുമായി (ASI - Ancestral South Indian) ജനിതക ശാസ്ത്രജ്ഞര്‍ വേര്‍തിരിക്കുന്നു (Narasimhan 2018). നോര്‍ത്ത് ഇന്ത്യയില്‍ തന്നെ Indus Periphery പാരമ്പര്യത്തെ അപേക്ഷിച്ച് സ്റ്റെപ്പി പാരമ്പര്യം ബ്രാഹ്മണരില്‍ ഉയര്‍ന്ന തോതില്‍ ആണെന്നതിനാല്‍ ANI എന്നത് ഒരു ഹോമോജീനസ് വംശം അല്ല എന്നും (Narasimhan 2018) സൂചന തരുന്നു.
(Narasimhan 2018) പ്രകാരം ഉത്തരേന്ത്യന്‍ ബ്രാഹ്മണരില്‍ 25% ത്തോളം കണക്കാക്കുന്ന സ്റ്റെപ്പി പാരമ്പര്യം ദക്ഷിണേന്ത്യന്‍ ജാതി/വര്‍ഗ്ഗങ്ങളില്‍ പലതിലും കാണാനേ ഇല്ല (~1%). ഇന്ത്യയില്‍ ആദ്യകാലത്ത് വടക്ക് മാത്രം ഒതുങ്ങിയ സ്റ്റെപ്പി പാരമ്പര്യം ചരിത്രകാലത്ത് നടന്ന സവര്‍ണ്ണ കുടിയേറ്റങ്ങളും മറ്റും മുഖേനയായിരിക്കണം സൌത്ത് ഇന്ത്യയില്‍ വന്നെത്തിയത്.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ