ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്തുപ്പാട്ട് (Pattuppāṭṭu)



പത്തുപ്പാട്ട് (Pattuppāṭṭu)
ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനം തമിഴിനാണുള്ളത്. ക്ലാസ്സിക്കല്‍ തമിഴ് സാഹിത്യം പ്രധാനമായും മൂന്നു കാലഘട്ടങ്ങളിലൂടെയാണ്. 1. സംഘകാലം 2. സാരോപദേശ കൃതികളുടെ കാലം 3. മധ്യകാല സാഹിത്യം. തമിഴ് ഭാഷയുടെ സാഹിത്യരൂപമായ ചെന്തമിഴിലാണ് കൃതികള്‍ ര്‍ചിച്ചിരിക്കുന്നത്.
ബിസി 300 മുതല്‍ എഡി 300 വരെയുള്ള കാലഘട്ടമാണ് സംഘകാല സാഹിത്യം എന്ന വിഭാഗത്തില്‍ പ്പെടുന്ന കവിതകളുടെ രചനാകാലം. സംഘംകൃതികളെ അകം, പുറം എന്നിങ്ങനെ രണ്ടായി തിരിക്കാം. ഭാവനാസൃഷ്ടികളായ നായികാനായകന്മാരുടെ പ്രണയമാണ് അകം കൃതികളില്‍ വിഷയമാകുന്നത്. രാജാക്കന്മാരുടെ വീരകൃത്യങ്ങളും ദാനധര്‍മ്മങ്ങളും മറ്റുമാണ് പുറം കൃതികളിലെ ഇതിവൃത്തം. പഴന്തമിഴ് കവിതകളെ പൊതുവെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് മേല്‍കണക്കുകള്‍, പതിനെട്ട് കീഴ്കണക്കുകള്‍ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍കണക്കുകള്‍ വലിയ പാട്ടുകളാണ്. എട്ടുത്തൊകൈ, പത്തുപ്പാട്ട് എന്നീ കവിതാസമാഹാരങ്ങളാണ് പതിനെട്ട് മേല്‍കണക്കുകളില്‍ ഉള്‍പ്പെടുന്നത്. അകനാനൂറ്, പുറനാനൂറ്, അയ്ങ്കുറുനൂറ്, പതിറ്റുപത്ത്‌, കലിത്തൊകൈ, കുറുന്തൊകൈ, നറ്റിണൈ, പരിപാടൽ എന്നീ എട്ട് ഭാവഗീത സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി ജീവിച്ചിരുന്ന നാനൂറോളം കവികള്‍ രചിച്ച 2121 ചെറിയ പാട്ടുകള്‍ എട്ടുത്തൊകൈയില്‍ അടങ്ങിയിരിക്കുന്നു. സംഘം കൃതികളിലെ നീളംകൂടിയ പാട്ടുകളടങ്ങിയ പത്ത് ഗ്രാമീണകാവ്യങ്ങളുടെ സമാഹാരമാണ് പത്തുപ്പാട്ട്.
സംഘകാലത്തിനു ശേഷമുള്ള (എഡി 200-600) കാലഘട്ടത്തെ സാരോപദേശകൃതികളുടെ കാലം എന്നു വിളിക്കുന്നു. പുഹാര്‍ കേന്ദ്രീകരിച്ച് ചോളന്മാര്‍, മധുര കേന്ദ്രീകരിച്ച് പാണ്ഡ്യന്മാര്‍, കരൂര്‍ കേന്ദ്രീകരിച്ച് ചേരന്മാര്‍ എന്നിവരായിരുന്നു തമിഴകത്തിന്റെ ഭരണം കയ്യാളിയിരുന്നത്. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ കീഴില്‍ സമാധാനപൂര്‍ണമായിരുന്ന ഭരണത്തില്‍ അക്കാലത്തു കുഴപ്പങ്ങളുണ്ടായെന്നും കളഭ്രര്‍ എന്നൊരു കൂട്ടര്‍ പുറത്തു നിന്നെത്തി ജനങ്ങളുടെ സ്വൈര്യം കെടുത്തിയെന്നും പറയപ്പെടുന്നു. ജീവിതം പ്രശ്നസങ്കീര്‍ണമായപ്പോള്‍ ജീവിതാനന്ദത്തെക്കുറിച്ച് പാടാന്‍ കവികള്‍ക്ക് നിര്‍വാഹമില്ലാതായി. പ്രേമം, വീരഗാഥകള്‍, പ്രകൃതി സൗന്ദര്യം എന്നിവയ്ക്കു പകരം സമൂഹത്തില്‍ പാലിക്കേണ്ട ധര്‍മ്മങ്ങളും മര്യാദകളും വിശദീകരിക്കേണ്ട കടമ കവികള്‍ക്ക് വന്നുചേര്‍ന്നു. ഇക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ പതിനെട്ട് കീഴ്കണക്ക് വിഭാഗത്തില്‍പ്പെടുന്നു. വൃത്തങ്ങളില്‍ രചിക്കപ്പെട്ട കവിതകളെയാണ് കീഴ്കണക്ക് എന്നു പറയുന്നത്. പതിനെട്ട് കീഴ്കണക്ക് വിഭാഗത്തിലെ പന്ത്രണ്ടും സാരോപദേശകൃതികളാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുവള്ളുവരുടെ തിരുക്കുറല്‍ ആണ്.
മധ്യകാല സാഹിത്യം (എഡി 7-10 നൂറ്റാണ്ട്): ധര്‍മ്മപ്രചരണ ഗ്രന്ഥങ്ങളായ ചിലപ്പതികാരം, മണിമേഖല എന്നീ ഇരട്ടക്കാവ്യങ്ങള്‍ ഈ കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം ജൈനധര്‍മ്മ പ്രചരണഗ്രന്ഥമാണ്. സിതലൈ സാത്തനാര്‍ രചിച്ച മണിമേഖല ബുദ്ധധര്‍മ്മ പ്രചരണഗ്രന്ഥവും. ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ. ചിലപ്പതികാരം, മണിമേഖല, ജീവകചിന്താമണി, വളയാപതി, കുണ്ഡലകേശി എന്നിവയെ ഒരുമിച്ച് ചേര്‍ത്തു തമിഴിലെ ഐംപെരുംകാപ്പിയങ്കള്‍ (പഞ്ചമഹാകാവ്യങ്ങള്‍) എന്നു പറയുന്നു. ഇതില്‍ വളയാപതിയും കുണ്ഡലകേശിയും പൂര്‍ണരൂപത്തില്‍ ലഭ്യമല്ല. ഭക്തിപ്രസ്ഥാന സാഹിത്യമാണ് പിന്നീട് നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഭക്തിപ്രസ്ഥാന സാഹിത്യത്തിലെ രണ്ടു സമാന്തര പഥങ്ങളാണ് തേവാരവും ദിവ്യപ്രബന്ധവും. ശൈവമതാചാര്യന്മാരായ നായനാര്‍മാര്‍ രചിച്ച ശിവസ്തുതികളുടെ സമാഹാരമാണ് തേവാരം. വൈഷ്ണവമതാചാര്യന്മാരായ ആഴ് വാര്‍മാര്‍ പലകാലങ്ങളായി രചിച്ച വിഷ്ണുസ്തുതികളുടെ സമാഹാരമാണ് നാലായിരം ദിവ്യപ്രബന്ധം.
യു.വി.സ്വാമിനാഥ അയ്യര്‍ (1855-1942) ആണ് തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നൂറ്റാണ്ടുകളോളം അജ്ഞാതമായി കിടന്നിരുന്ന പഴന്തമിഴ് സാഹിത്യവുമായി ബന്ധപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ സമാഹരിച്ചത്.
നീണ്ട പാട്ടുകൾ അടങ്ങിയ പത്ത് സുന്ദരകാവ്യങ്ങളുടെ സമാഹരമാണ്‌ പത്തുപാട്ട്. പത്തു കാവ്യങ്ങള്‍ ഇവയാണ്. (രചയിതാക്കളും വരികളുടെ എണ്ണവും ബ്രാക്കറ്റില്‍)
1. തിരുമുരുകാറ്റ്രുപടൈ (നക്കീരര്‍- 317)
2. പെരുംപാണാറ്റ്രുപടൈ (മുതതാമക്കണ്ണിയാര്‍-317)
3. ചിറുപാണാറ്റ്രുപടൈ (നല്ലൂര്‍ നതത്തനാര്‍- 269)
4. പൊരുനരാറ്റ്രുപടൈ (ഉരുത്തിരന്‍ കണ്ണനാര്‍- 248)
5. മുല്ലൈപ്പാട്ട് (നപ്പൂതനാര്‍- 103)
6. മതുരൈക്കാഞ്ചി (മാങ്കുടി മരുതനാര്‍-782)
7. നെടുനാള്‍വാടൈ (നക്കീരര്‍- 188)
8. കുറിഞ്ചിപ്പാട്ട് (കപിലര്‍- 261)
9. പട്ടിനപ്പാലൈ (ഉരുത്തിരന്‍ കണ്ണനാര്‍- 301)
10. മലൈപടുകടാം (പെരുകോസികനാര്‍- 583)
'ആറ്റ്രുപടൈ'എന്ന രചനാസങ്കേതമാണ് പാട്ടുകളില്‍ പൊതുവെ ഉപയോഗിച്ചിരിക്കുന്നത്. രാജാവില്‍ നിന്നോ പ്രഭുക്കന്മാരില്‍ നിന്നോ ഉപഹാരം ലഭിച്ച സ്തുതിപാഠകന്‍, മറ്റൊരുവനെ അവിടേക്ക് വഴികാട്ടുന്ന രീതിയാണ് ആറ്റ്രുപടൈ. തങ്ങള്‍ക്ക് യാത്രചെയ്യേണ്ട പ്രദേശത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും കുറിച്ചുള്ള ഒരു സുചിത്രിത വിവരണം രചിക്കാന്‍ കവികള്‍ക്ക് ഇതിനാല്‍ അവസരം ലഭിക്കുന്നു.
സംഘം കൃതികളില്‍ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി വിവിധ തിണകളായി തരം തിരിച്ചിരുന്നു. കുറിഞ്ഞിത്തിണ (mountains), പാലത്തിണ (wasteland, ദ്esert), മുല്ലൈത്തിണ (forest, pasture), മരുതംതിണ (agricultural/marshy areas), നെയ്തൽത്തിണ (coastal area) എന്നിവയാണ് വിവിധ തിണകൾ.
1. തിരുമുരുകാറ്റ്രുപടൈ:
പത്തുപ്പാട്ട് സമാഹാരത്തിലെ ആദ്യത്തെ പാട്ട്. 'മുരുകനിലേക്കുള്ള വഴി' എന്നാണര്‍ഥം. പുലവറാറ്റ്രുപടൈ എന്നും അറിയപ്പെടുന്നു. അചിരിയപ്പ വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്. പ്രാചീന തമിഴകത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായിരുന്നു മുരുകന്‍. മുരുകനെക്കുറിച്ചുള്ള സ്തുതിഗീതങ്ങളും മുരുകന്റെ ആറു വാസസ്ഥാന (ആറുപടൈ വീടുകള്‍) ങ്ങളെപ്പറ്റിയുള്ള വര്‍ണനകളും പാട്ടില്‍ അടങ്ങിയിരിക്കുന്നു. മുരുകന്റെ ഭക്തരെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ് ഈ കവിതയ്ക്കു പിന്നിലുള്ള ഉദ്ദേശ്യം. തിരുമുരുകാറ്റ്രുപടൈ പിന്നീട് വന്ന ശൈവഭക്തിസാഹിത്യമായ തിരുമുറൈയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2. പെരുംപാണാറ്റ്രുപടൈ
കവി ഉരുത്തിരന്‍ കണ്ണനാര്‍ കാഞ്ചി ആസ്ഥാനമാക്കി ഭരണം നടത്തിയ രാജാവ് തൊണ്ടൈമാന്‍ ഇളം തിരൈയനെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിച്ചതാണ് പെരുംപാണാറ്റ്രുപടൈ. ചോളരാജാവിന്റെ സഹോദരന്‍ ഒരു നാഗ രാജകുമാരിയുമായി പ്രണയത്തിലാകുന്നു. അവര്‍ക്കുണ്ടാകുന്ന മകനാണ് ഇളം തിരൈയന്‍. പിന്നീട് ഇളം തിരൈയന്‍ തൊണ്ടൈമണ്ഡലത്തിന്റെ അധിപനായി, തൊണ്ടൈമാന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുന്നു. പല്ലവ വംശത്തിന്റെ സ്ഥാപകനാണ് ഇളം തിരൈയനെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
3. ചിറുപാണാറ്റ്രുപടൈ
നാകനാട്ടിലെ (ജാഫ്ന) നാടുവാഴി വേളീര്‍ വംശജനായ നല്ലിയക്കോടനെ പ്രകീര്‍ത്തിച്ചുകൊണ്ട് നല്ലൂര്‍ നതത്തനാര്‍ എഴുതിയ പാട്ടാണ് ചിറുപാണാറ്റ്രുപടൈ.
4. പൊരുനരാറ്റ്രുപടൈ
കവി മുത്തതാമക്കണ്ണിയാര്‍ ചോളരാജാവ് കരികാലനെ സ്തുതിച്ചുകൊണ്ട് രചിച്ചതാണ് പൊരുനരാറ്റ്രുപടൈ.
5. മുല്ലൈപ്പാട്ട്
വര്‍ഷകാലത്തെ മുല്ലൈത്തിണൈയെ വര്‍ണിച്ചിരിക്കുന്ന മുല്ലൈപ്പാട്ട് ഒരു പ്രണയകാവ്യമാണ്. മഴക്കാലത്ത് സൈനികര്‍ നാട്ടിലേക്ക് മടങ്ങിവന്ന് കൃഷിയിലും മറ്റും ഏര്‍പ്പെടുകയായിരുന്നു പതിവ്. മഴയെത്തിയിട്ടും യുദ്ധത്തിനുപോയ തന്റെ കാമുകന്‍ തിരിച്ചെത്താത്തതില്‍ വിരഹവേദന അനുഭവിക്കുന്ന നായികയെ കവി ഈ പാട്ടില്‍ ഭാവബന്ധുരമായി ചിത്രീകരിച്ചിരിക്കുന്നു.
6. മതുരൈക്കാഞ്ചി
തലയലങ്കാണം യുദ്ധത്തില്‍ വിജയിച്ചു വന്ന പാണ്ഡ്യരാജാവ് നെടുഞ്ചെഴിയനെ പ്രകീര്‍ത്തിച്ചുകൊണ്ട് മാങ്കുടി മരുതനാര്‍ രചിച്ച പാട്ടാണ് മതുരൈക്കാഞ്ചി. പാണ്ഡ്യ രാജധാനിയായ മധുരയെക്കുറിച്ച് മനോഹരമായ വിവരണം ഇതിലുണ്ട്. മധുര കൂടല്‍ അഴകര്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന തിരുവോണാഘോഷത്തെക്കുറിച്ച് മതുരൈക്കാഞ്ചിയില്‍ പരാമര്‍ശമുണ്ട്. മായോന്റെ (വിഷ്ണു) പിറന്നാളായാണ് ആവണി മാസത്തിലെ തിരുവോണം ആഘോഷിച്ചിരുന്നത്.
7. നെടുനാള്‍വാടൈ
നെടുനാള്‍വാടൈ എന്ന വാക്കിന്റെ അര്‍ഥം "നീണ്ടുനില്‍ക്കുന്ന കാറ്റ്" എന്നാണ്. കവി നക്കീരര്‍ പാണ്ഡ്യരാജാവ് നെടുഞ്ചെഴിയന്റെ കൊട്ടാരത്തെക്കുറിച്ച് ഈ പാട്ടില്‍ വര്‍ണിക്കുന്നുണ്ട്. യുദ്ധക്കളത്തില്‍ നിന്നുള്ള കാമുകന്റെ തിരിച്ചുവരവിനായി ദേവിയോടു പ്രാര്‍ഥിക്കുന്ന രാജകുമാരിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ശീതകാല രാത്രിയില്‍ ദീര്‍ഘനേരം വീശിയടിക്കുന്ന ഈര്‍പ്പമുള്ള കാറ്റ് കൊട്ടാരത്തില്‍ തളര്‍ന്നിരിക്കുന്ന നായികയുടെ പ്രണയാദ്രഹൃദയത്തിലും യുദ്ധം കഴിഞ്ഞ് വിശ്രമിക്കുന്ന നായകനിലും പ്രകൃതിയിലെ ഓരോരോ ജീവജാലങ്ങളിലും ചെലുത്തുന്ന പ്രഭാവം കവി വര്‍ണിക്കുന്നു.
8. കുറിഞ്ചിപ്പാട്ട്
ആര്യന്‍ രാജാവ് ബൃഹദത്തന് തമിഴ് കവിതയുടെ സൗന്ദര്യം കവി ധരിപ്പിക്കുന്ന രീതിയിലാണ് പാട്ട് രചിച്ചിരിക്കുന്നത്. കുറുഞ്ചിതിണൈയിലെ മലനിരകളുടെ ഭംഗി വര്‍ണിച്ചിരിക്കുന്ന പാട്ടില്‍ 100 സസ്യലതാദികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.- അടമ്പ്, അശോകം,തുമ്പ, നന്ത്യാര്‍വട്ടം തുടങ്ങിയവ ഉദാഹരണം.
നായികാനായകന്മാര്‍ തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. പ്രണയബദ്ധരായ നായികാനായകന്മാര്‍ രക്ഷിതാക്കളുടെ വിലക്ക് ഭയന്ന് രഹസ്യ സമാഗമത്തിലേര്‍പ്പെടുന്നു. ഒരുവേള അതിനുള്ള സാധ്യത അടയുന്നു. നായികയുടെ തീവ്രമായ അഭിലാഷം അവളെ മാനസികമായി തകരാറിലാക്കുന്നു. രക്ഷിതാക്കള്‍ പല ചികിത്സകളും നടത്തി ആ അവസ്ഥയില്‍ നിന്നവളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വൃഥാവിലാകുന്നു. അവസാനം നായികയുടെ ഒരു സുഹൃത്ത് മാതാപിതാക്കളോട് കാര്യങ്ങള്‍ ധരിപ്പിച്ച് തുടര്‍ബന്ധത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
9. പട്ടിനപ്പാലൈ
ചോളരാജാവ് കരികാലനെ സ്തുതിച്ചുകൊണ്ട് കണ്ണനാര്‍ എഴുതിയതാണ് പട്ടിനപ്പാലൈ. ചോള തലസ്ഥാനമായ പുഹാറിനെ (കാവേരിപ്പൂപട്ടണം) കുറിച്ച് വര്‍ണാഞ്ചിതമായ വിവരണമുണ്ട്. കാവേരീനദി കടലില്‍ പതിക്കുന്ന സ്ഥലമായിരുന്നു പുഹാര്‍. പുഹാര്‍ തുറമുഖത്തേക്ക് കച്ചവടത്തിന് കടല്‍ കടന്നെത്തുന്ന യവനരും അവരുടെ അധിവാസകേന്ദ്രങ്ങളും ഈഴത്ത് നിന്നുള്ള ധാന്യങ്ങളുടെ ഇറക്കുമതിയും മറ്റും പാട്ടില്‍ കടന്നുവരുന്നുണ്ട്. ഉപജീവനത്തിനായി കാമുകിയെ വേര്‍പ്പെട്ട്, പാലൈത്തിണ മറികടന്ന് അന്യദേശത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന യുവാവാണ് ഇതിലെ നായകന്‍.
10. മലൈപടുകടാം
മലമ്പ്രദേശത്തെ പ്രകൃതിഭംഗി വര്‍ണിച്ചിരിക്കുന്ന ഈ പാട്ട് നന്നന്‍ വെണ്മാന്‍ എന്നൊരു നാടുവാഴിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്. മലമ്പ്രദേശത്തെ വിവിധയിനം ശബ്ദങ്ങളെയും നാടോടിനര്‍ത്തകരുടെ ജീവിതരീതിയെയും പറ്റിയുള്ള വിവരണം ഇതില്‍ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...