ഭദ്രകാളീ തത്വം
ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം.
ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം.
കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം.കറുത്തവൾ എന്നും അർത്ഥമാക്കാം അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്‍പര്യം. അപ്പോള്‍ നമ്മള്‍ കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്?
കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?
കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം.കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.
ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.
അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.
വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ
അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം.
പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.
ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.
അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.
അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.
ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു.
അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.
ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.
അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ