ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്







പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക് 💚 💜 

മണാലിയിലേക്കോ ഈ ചൂടത്തോ ?
കേരളത്തിലെ സദാചാരവാദികളെക്കുറിച്ച് പുച്ഛത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ഗോവക്കാരന്‍ മലയാളി ചെറുപ്പക്കാരനും കാലാവസ്ഥാ വ്യതിയാനങ്ങളെ പറ്റി വ്യാകുലപ്പെട്ടു
കൊണ്ടിരുന്ന സഹയാത്രികന്‍ അമ്മാവനും മുതല്‍ ഇടയ്ക് പരിചയപ്പെട്ട ബംഗാളിതോഴിലാളികള്‍ വരെ ,
എല്ലാവരോടും സംഭാഷണങ്ങളിലും പൊതുവായി നിന്ന ഒരേയൊരു ചോദ്യശകലം !
മണാലിയിലെക്കോ ? ഈ ചൂടത്തോ ?
അതിനു മുന്നില്‍ ഉത്തരമില്ലാതെ ഞങ്ങള്‍ പകച്ചു നിന്നു .കാരണം ഈ യാത്രയ്ക്ക് യാതൊരു വിധ പദ്ധതികളോ രൂപരേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല!
ഡല്‍ഹിയിലേക്കും തിരിച്ചും ട്രെയിന്‍ ടിക്കെറ്റുകള്‍ കയ്യിലുണ്ട് ,അതിനിടയില്‍ ഇരുപതോളം ദിനങ്ങള്‍
ഉത്തരേന്ത്യ ചുറ്റിക്കാണണം മഞ്ഞു കാണണം ഒരുപാട് ആള്‍ക്കാരെ പരിചയപ്പെടണം എന്നിങ്ങനെ കുറച്ചു പകല്‍ക്കിനാവുകള്‍ മാത്രമാണ് കൈവശമുള്ളത്
അങ്ങനെയിരിക്കെ ഇതുപോലൊരു ചോദ്യത്തെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളില്ലാത്തത് സ്വാഭാവികം!
"എല്ലാം വരുന്നിടത്ത് വച്ച് കാണാം "
ലളിതമായ ഉത്തരം!
അതുതന്നെയാണ് മുഖ്യ അജണ്ടയും
എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യുന്നു ,വെറും മൂന്ന് പേരടങ്ങുന്ന സംഘമായതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു വിലങ്ങുതടിയാവില്ല എന്നൊരു വിശ്വാസവും കൂട്ടിനുണ്ട്
ആഗ്രയില്‍ ഇറങ്ങി താജ് മഹാല്‍ എന്ന സ്വപ്നസാക്ഷാല്‍കാരം നടത്തി ഡല്‍ഹിയിലേക്ക് ബസ് കയറി ,അവിടെ നിന്നു ചണ്ടിഗാഡിലേക്ക് ,
എന്നാല്‍ കടുത്ത ചൂടില്‍ ,സാമാന്യം നല്ല ഭാരമുള്ള ലഗ്ഗേജുമായി ഓട്ടോക്കാരുടെ ശല്യം സഹിക്ക വയ്യാതെ ഞങ്ങള്‍ കുഴങ്ങി ,ഒപ്പം ചിലവുകള്‍ ഞങ്ങളുടെ ബട്ജറ്റിന്റെ അതിര്‍വരമ്പുകള്‍ കടന്നു തുടങ്ങിയതോടെ ഉള്ളിലെവിടെയോ നിരാശ കൂടുകെട്ടി തുടങ്ങി
"ഹിമാചലില്‍ എത്തും ,എല്ലാം ശെരിയാവും "
മൂത്ത സഖാവ് ചിരിച്ചു കൊണ്ട് പറഞ്ഞു
യാത്ര കാരണം വോട്ടു ചെയ്യാനൊക്കില്ലെങ്കിലും തിരഞ്ഞെടുപ്പ് ചൂടിനു യാതൊരു കുറവുമില്ല!
അങ്ങനെ മെട്രോ നഗരങ്ങളെ മനസാ ശപിച്ച് തണുപ്പ് കൊതിച്ച് ബസ്‌ പിടിച്ചു ,മണാലിയിലേക്ക്!
അതൊരു തരത്തില്‍ ടൈം മെഷീനില്‍ കയറി പിന്നോട്ട് യാത്ര പോയത് പോലെയിരുന്നു ..പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ രൂപാന്തരം പ്രാപിച്ച് ചെറിയ കോണ്‍ക്രീറ്റ് കാടുകളായി മാറി ,അത് പിന്നെ ഒറ്റപ്പെട്ട കല്ല്‌ കൊണ്ട് നിര്‍മിച്ച കുടിലുകളായി..പക്ഷെ ആ കാഴ്ച്ച അധികം നീണ്ടു നിന്നില്ല ..പതിയെ ഇരുള്‍ വന്നു മൂടി ഒരുവേളയെപ്പോഴോ മയക്കത്തിലേക്ക് ഊര്‍ന്നു വീഴുകയും ചെയ്തു
പുലര്‍ച്ചെ മൂന്നു മണിക്ക് മണാലിയെത്തി .മരം കോച്ചുന്ന തണുപ്പിനു സസന്തോഷം സ്വാഗതമരുളി ,ഏറെ നേരത്തെ ആയതിനാല്‍ റൂം ബുക്ക് ചെയ്ത ഹോട്ടല്‍ തുറന്നിരുന്നില്ല ..ആ പരിസരത്ത് തന്നെ കിടന്നു ചെറുതായൊന്നു മയങ്ങി.
കണ്ണ് തുറന്നപ്പോള്‍ നല്ല വെളിച്ചമുണ്ട് ,സമയം അഞ്ച് ആയതേ ഉള്ളൂ ,എവിടെ നിന്നോ മാടപ്രാവുകള്‍ ചുറ്റിലും വന്നിരുന്നു കുറുകാന്‍ തുടങ്ങി,റോഡിനിരുവശത്തും ചുവപ്പും വെള്ളയും നിറത്തില്‍ തിങ്ങി നിറഞ്ഞ റോസാപ്പൂക്കള്‍.
കണ്ണ് തിരുമ്മി എഴുന്നേറ്റു ചുറ്റിലും നോക്കി ,കണ്ണെത്താ ദൂരത്തില്‍ പൈന്‍ മരങ്ങളാല്‍ നിറഞ്ഞ മലനിരകള്‍ അതിനുമപ്പുറം മഞ്ഞു പുതഞ്ഞ ഹിമവാന്‍ !
ആ കാഴ്ച്ച നവോന്മേഷം പകര്‍ന്നു നല്‍കി ,ക്ഷീണം പാടെ മറന്നു,മലനിരകളുടെ പ്രലോഭിപ്പിക്കുന്ന വിളി കേട്ടുതുടങ്ങിയിരിക്കുന്നു ,പോയെ തീരു!
പിന്നീടുള്ള ദിനങ്ങള്‍ മനം മയക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ആടിടയന്മാരുടെ കൂടെ മിത്തുകളെ തേടി അലഞ്ഞു തിരിഞ്ഞു .വസിഷ്ട്ട് എന്നുപേരായ ഒരു വെള്ളച്ചാട്ടം തേടി വഴിതെറ്റി ഒരിടത്ത് വിശ്രമിക്കെ സമാന്‍ എന്നുപേരുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു .
" ഞാന്‍ മുകളിലാണ് താമസിക്കുന്നത് ,ബുദ്ധിമുട്ടില്ലെങ്കില്‍ അങ്ങോട്ട്‌ വരാം "
ആ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ എത്തിയത് കയറാവുന്നതില്‍ ഏറ്റവും മുകളില്‍ ഒരു ചെറു കുടിലിനു മുന്‍ വശത്താണ് .ഞങ്ങളെ ചെറുതായ് സല്‍ക്കരിച്ച ശേഷം അയാള്‍ വാചാലനായി. വിഖ്യാതമായ പൂനെ ഫിലിം ഇന്സ്റിട്യൂട്ടില്‍ ച്ഛായഗ്രഹണ പഠനം രണ്ടാം വര്ഷം ഉപേക്ഷിച്ചു നാല് മാസങ്ങളായി ഇവിടെ ഒറ്റയ്ക്ക് താമസിക്കുകയാണത്രെ !
എന്തിനെന്നു ആരാഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ഉത്തരമേകി!
" ഇവിടെ ഈ ഏകാന്തതയില്‍ ഞാന്‍ എന്നെ തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു ,എന്നോട് തന്നെ സംസാരിക്കുന്നു കൂട്ടിനു വന്യമായ പ്രകൃതിയുണ്ട് ,ഏറ്റവും ശുദ്ധമായ ജലം ഹിമാവനില്‍ നിന്നും ഒഴുകിയെത്തുന്നു ,ഓരോ ഇളംകാറ്റിന്റെയും കൂടെ ഞാന്‍ പുനര്‍ജനിച്ചു കൊണ്ടിരിക്കുന്നു ,സര്‍വോപരി ഏറ്റവും ലളിതമായി തോന്നുന്ന കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു ,ഞാന്‍ ആരാണ് ?എന്താണ് എന്‍റെ ലക്ഷ്യം ? "
കണ്ണ് ചിമ്മാതെ ഞാനാ മനുഷ്യനെ ഉറ്റുനോക്കികൊണ്ടിരുന്നു,പ്രസ്തുത സ്ഥാപനത്തിലെ പ്രവേശനം എന്റെയും ജീവിതാഭിലാഷങ്ങളില്‍ ഒന്നാണെന്ന് അറിയിച്ചപ്പോള്‍ വീണ്ടും സ്വതസിദ്ധമായ ചിരി വിടര്‍ന്നു
''ഞാനും അങ്ങനെ തന്നെയായിരുന്നു ,എന്നാല്‍ എത്ര ആഗ്രഹിച്ചു നേടിയതാണെങ്കിലും നമ്മളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ഒന്നിനെ ഉപേക്ഷിക്കാന്‍ മടിക്കേണ്ടതില്ല "
മങ്ങിയ വെളിച്ചത്തില്‍ മലയിറങ്ങി വരുമ്പോള്‍ ആ മുഖം മനസ്സില്‍ മായാതെ നിന്നു ,ഒരു ചിരി കൊണ്ട് വിരാമമിട്ട അപൂര്‍ണമായ ഉത്തരങ്ങള്‍ ഉള്ളിലിരുന്ന് നോവിച്ചു കൊണ്ടിരുന്നു . അതുവരെ അറിഞ്ഞതില്‍ നിന്നും ആഗ്രഹിച്ചതില്‍ നിന്നും എല്ലാം വ്യത്യസ്തമായി ,എന്‍റെ ജീവിത വീക്ഷണങ്ങള്‍ക്ക് മീതെ ലളിതമായൊരു ചോദ്യചിഹ്നം ഞാനും വരച്ചിട്ടു ,തീര്‍ത്തും ലളിതമായതത്രെ !
മണാലിയുടെ മുക്കും മൂലയും പരിചിതമായതോടെ കസോളിലെക്ക് തിരിച്ചു ,അവിടെ വച്ച് തെരുവിന്റെ കോണില്‍ മനോഹരമായി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാടിക്കൊണ്ടിരുന്ന ഒരു സംഘത്തെ പരിചയപ്പെട്ടു
,വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ,
എല്ലാവരും "റൈന്‍ബോ ഗാതെറിംഗ് " ലേക്ക് പോവുന്നു ,അതെന്താണെന്ന് ചോദിച്ചപ്പോള്‍ വിഖ്യാത സംഗീതഞ്ജന്‍ ബോബ് മാര്‍ലിയെ പോലെ മുടി ചുരുട്ടി വച്ച ഗുജറാത്തി ചെറുപ്പക്കാരന്‍ പാര്‍ശ്വാസ് ഉത്തരം നല്‍കി.ചുരുക്കി
പറഞ്ഞാല്‍ : "celebration of life", ജീവിതം ആഘോഷിക്കല്‍" എല്ലാവരും ഒരു കുടുംബം പോലെ ഒത്തുചേര്‍ന്നു ആഘോഷപൂര്‍ണമായി കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുന്നു,ആര്‍ക്കും കൂടെ ചേരാം പണം ആവശ്യമില്ല ,ഉണ്ടെങ്കില്‍ സംഭാവന ചെയ്യാം.
ആവശ്യമായത് തുറന്നൊരു ഹൃദയം മാത്രം" , പാര്‍ശ്വാസ് കണ്ണിറുക്കി കൊണ്ട് ചിരിച്ചു ,
പിന്നെ കൂടുതലായൊന്നും ചിന്തിച്ചില്ല ,ടെന്റ്റ് വാടകയ്ക്കെടുത്ത് ഞങ്ങള്‍ അവര്‍ക്കൊപ്പം തിരിച്ചു ,ഖീര്‍ഗംഗയ്ക്കടുത്ത് ഒരു താഴ്വാരമാണ് ലക്ഷ്യം .
13 കിലോമീറ്ററോളം ചെങ്കുത്തായ വഴികളിലൂടെ നടന്നു കയറണം .ഏറ്റവും മുന്നില്‍ അര്‍ജന്റീനക്കാരന്‍ "എര്‍ നാന്തോ" വഴി തെറ്റാതിരിക്കാനും ക്ഷീണം മറക്കാനും ഇടയ്ക്ക പോലുള്ളൊരു വാദ്യോപകരത്തില്‍ താളമിട്ടു
കൊണ്ടിരുന്നു ,അഞ്ചു മണിക്കൂറോളമെടുത്തു മുകളിലെത്താന്‍ .എത്തിച്ചേര്‍ന്ന ഉടനെ പരമശിവനെ പോലെ മുടി ഒരുക്കിവച്ചൊരു വിദേശി ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് സ്വാഗതമരുളി,ഒപ്പം കയ്യിലെ ക്യാമറ കണ്ട്‌
വിലക്കി.ഇവിടുത്തെ അലിഖിതമായ നിയമാവലികളില്‍ ഒന്നാണത് ,ഫോട്ടോ പാടില്ല .. ചില കാര്യങ്ങള്‍ ഉള്ളുകൊണ്ട് തന്നെ അറിയണം ,ഒരു പകര്‍ത്തിവെപ്പിന്റെ ആവശ്യമില്ല ! അനുസരിച്ചു ,ഷട്ടര്‍ അടച്ചു ,പഞ്ചെന്ദ്രിയങ്ങള്‍
സസൂക്ഷ്മം തുറന്നു പിടിച്ചു
അവരില്‍ മായജാലക്കാരും ചെപ്പടിവിദ്യക്കാരും അഭ്യാസികളും സംഗീതജ്ഞരുമുണ്ടായിരുന്നു ,എല്ലാ വ്യഥകളെയും മറന്നു ,മനുഷ്യരിലെ എല്ലാ വേര്‍തിരിവുകളെയും അവഗണിച്ച് ആടിപ്പാടി ഉല്ലസിച്ചു കൊണ്ടിരുന്നു ,എല്ലാ
അര്‍ത്ഥത്തിലും അതൊരു പുതിയ അനുഭവമായിരുന്നു ,ചുറ്റിലും ചിരിക്കുന്ന മുഖങ്ങള്‍ മാത്രം ,പച്ചയായ മനുഷ്യര്‍ മാത്രം.
ക്യാമ്പിനു നടുവിലെ തീ കുണഠത്തിനു ചുറ്റും രാത്രി ഒത്തുകൂടി,ഗാതെരിംഗ് തുടങ്ങി കഴിയുന്നത് വരെ അത് നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കും .,ഒരു സ്ത്രീ അതിന്റെ ചാരം നെറ്റിയില്‍ അണിയിച്ചു തന്നു .അവരതിനെ "sacred
ash" അഥവാ വിശുദ്ധമായ ചാരം എന്ന് വിളിക്കുന്നു
ചുറ്റുമിരുന്നു ഭക്ഷണം വിളമ്പി ,കയ്യില്‍ പാത്രങ്ങളുണ്ടായിരുന്നില്ല, പര്ശ്വാസ് സന്തോഷപൂര്‍വം തന്‍റെ പാത്രം നീട്ടി..നന്ദി പറഞ്ഞപ്പോള്‍ പിന്നെയും വിലക്കി .ഉപചാരങ്ങള്‍ക്കും ഇവിടെ യാതൊരു സ്ഥാനവുമില്ലത്രേ !
ഇനിയാണ് യഥാര്‍ത്ഥ ആഘോഷം !മരത്തടിയില്‍ എല്ലാ വിധ വാദ്യോപകരണങ്ങളുമായി കലാകാരന്മാര്‍ സജ്ജമായി നിന്നു.ഒരാള്‍ നീളമുള്ള വളഞ്ഞുപുളഞ്ഞ ഒരു കുഴലില്‍ ശക്തിയായി ഊതിക്കൊണ്ട് ആരംഭിച്ചു ,ശംഖൊലി നാദം പോലെ അതു മുഴങ്ങി ..അങ്ങിങ്ങായി പുകഞ്ഞ ലഹരിയില്‍ പലരും എഴുനേറ്റ് നൃത്തം ചെയ്യാന്‍ തുടങ്ങി.കറുത്തിരുണ്ട ആകാശത്തില്‍ ഒരു കോണില്‍ നിന്നും നേരിയ തോതില്‍ വെളിച്ചം വീശിത്തുടങ്ങി ..ചന്ദ്രനുദിക്കാന്‍ പോകുന്നു ..ഞങ്ങള്‍ എത്തിച്ചേര്‍ന്ന ദിവസം വളരെ കൃത്യം !
പൗർണമി !
ഹിമാലയത്തിനു മീതെ പതിയെ പ്രശോഭയോടെ പൂര്‍ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നു ....പൈന്‍ മരങ്ങള്‍ക്കിടയിലെ കട്ട പിടിച്ച ഇരുട്ടിനെ തുരത്തി പാല്‍വെളിച്ചം പടര്‍ന്നു ! എല്ലാവരും ചേര്‍ന്ന് കത്തി ജ്വലിക്കുന്ന തീയ്ക്ക് ചുറ്റും ഭ്രാന്തമായ രീതിയില്‍ ചുവടുകള്‍ വെക്കാനാരംഭിച്ചു ..വന്യമായ താളം പതിയെ മുറുകി
ഉച്ചസ്ഥായിയിലെക്കെത്തി. ..
ആ ഒരു നിമിഷം ഞാന്‍ ഭൂമിയില്‍ നിന്നു വേര്‍പെട്ടതായ് തോന്നി ..തികച്ചും ബാലിശമായ മനുഷ്യ ചേഷ്ടകള്‍ അപ്പോഴും കണ്മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ സ്വര്‍ഗമെത്തി എന്ന് വിശ്വസിക്കാനും തോന്നിയില്ല ! അതിനെ ഞാന്‍ ത്രിശങ്കുസ്വര്‍ഗമെന്നു വിശേഷിപ്പിച്ചു ,അതല്ലാതെ മറ്റെന്തു വിളിക്കും?
ആ ദൃശ്യങ്ങളെല്ലാം തന്നെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു പോയി .ഒരു ക്യാമറ കൂടാതെ തന്നെ !
അന്ന് ടെന്റില്‍ സ്ലീപ്പിംഗ് ബാഗിന്‍റെ ചൂടില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല . വീണ്ടും സമാനെ ഓര്‍ത്തുപോയി..അനന്തമായി പ്രവഹിച്ച ചിന്താധാരയില്‍ പെട്ടു ഒഴുകിക്കൊണ്ടിരുന്നു.."ലളിതമായ" ആ പഴയ ചോദ്യങ്ങളുടെ അര്‍ത്ഥവ്യാപ്തിക്കു മുന്നില്‍ അന്ധാളിച്ചുനിന്നു..
പിറ്റേന്ന് തന്നെ മനസില്ലാമനസ്സോടെ തിരിക്കേണ്ടി വന്നു !ഇവിടെ ഒരു നെറ്റ്വര്‍ക്കിനും സിഗ്നല്‍ ഇല്ല ..അങ്ങ് ദൂരെ നിന്നു നിര്‍ത്താതെ വിളിക്കുന്നുണ്ടാവും ..സുരക്ഷിതരാണെന്ന് എത്രയും പെട്ടെന്ന് അറിയിച്ചേ തീരു
വിട പറച്ചിലും ഒരു തരത്തില്‍ ഔപചാരിക തന്നെ പക്ഷെ പറയാതെ വയ്യ ..
തിരിച്ചിറങ്ങുമ്പോള്‍ തമ്മില്‍ തമ്മില്‍ സംസാരം പാടെ കുറവായിരുന്നു ഓരോരുത്തരും തന്റെതായ ലോകം തീര്‍ത്ത് ഏകാന്തതയെ പുണര്‍ന്നു കൊണ്ടിരുന്നു
മടക്കയാത്രയ്ക്ക് മുന്‍പേ പകുതിയോളം സാധനങ്ങള്‍ പോസ്റ്റ്‌ ഓഫീസ് വഴി തിരിച്ചയച്ചു ..ഓര്‍മ്മകളുടെ വലിയൊരു ഭാണ്ഡം പേറാനുമുണ്ട്.
തരിശായ വയലുകളെ കീറിമുറിച്ചു കൊണ്ട് പായുന്ന തീവണ്ടിയില്‍ കിടന്നു കഴിഞ്ഞതെല്ലാം അയവിറക്കികൊണ്ടിരുന്നു .ഹിമാച്ചലിനെ അത്രയേറെ പ്രണയിച്ചു പോയി
അങ്ങോട്ടുള്ള യാത്രയില്‍ നിരുല്‍സാഹപ്പെടുത്തിയവരെ വീണ്ടും കണ്ടിരുന്നെങ്കില്‍ ഗര്‍വ്വ്വോടെ ഞാന്‍ പഴയ കീറാമുട്ടിക്ക് ഉത്തരമെകിയേനെ
"ഗര്‍മി ഹേ തോ ക്യാ ഹേ ? മണാലി ഹൈ നാ !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ