ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശന്തനുവിവാഹം



ശ്രീമദ് ദേവീഭാഗവതം. ദിവസം 28. 
ശ്രീമദ് ദേവീഭാഗവതം. 2. 3. ശന്തനുവിവാഹം
ഉത്പത്തിസ്തു ത്വയാ പ്രോക്താ വ്യാസസ്യാമിതതേജസ:
സത്യവത്യാസ്തഥാ സൂത, വിസ്തരേണ ത്വയാ fനഘ
അഥാപ്യേകസ്തു സന്ദേഹശ്ചിത്തേ fസ്മാകം സുസംസ്ഥിത:
ന നിവര്ത്തതതി ധര്മ്മ ജ്ഞ കഥിതേന ത്വയാ fനഘ
ഋഷിമാർ പറഞ്ഞു: 
'അങ്ങ് വ്യാസൻറെ ജനനവും സത്യവതിയുടെ ചരിതവും ഞങ്ങൾക്കായി പറഞ്ഞു തന്നു. വ്യാസൻറെ അമ്മയായ സത്യവതി എങ്ങിനെയാണ് ശന്തനുവിൻറെ പത്നിയായത് എന്നറിയാൻ ഞങ്ങൾക്ക് താല്പ്പ ര്യമുണ്ട്. വംശമഹിമയൊന്നുമില്ലാത്ത ഒരു ദാശരപുത്രിയെ രാജാവ് വേൾക്കാൻ കാരണമെന്ത് ?
ശന്തനുപുത്രനായ ഭീഷ്മരുടെ കഥയും ഞങ്ങൾക്ക് കേൾക്കണമെന്നുണ്ട്. അദ്ദേഹം എങ്ങിനെയാണ് വസുവിൻറെ അംശമായത്? ചിത്രാംഗദനെ രാജാവായി വാഴിച്ചത് ഭീഷ്മരാണല്ലോ. ധർമ്മിഷ്ഠനായ ജ്യേഷ്ഠനിരിക്കുമ്പോൾ അനിയൻ എങ്ങിനെ രാജാവായി?
ചിത്രാംഗദൻ മരിച്ചപ്പോൾ വിചിത്രവീര്യനെയും രാജാവാക്കി വാഴിച്ചത് ഭീഷ്മരാണ്. ഭീഷ്മർക്ക് രാജ്യഭാരം കൊടുക്കാതിരുന്നതിനു കാരണമെന്താണ്? മാത്രമല്ല ഭീഷ്മർ ബ്രഹ്മചാരിയാകാൻ ഹേതുവെന്താണ്? ആ അമ്മ വ്യാസനെക്കൊണ്ട് തൻറെ സഹോദരഭാര്യമാരിൽ പുത്രോല്പാദനം ചെയ്യിച്ചത് എന്തിനാണ്?
അത് തെറ്റല്ലേ? മാത്രമല്ല വ്യാസൻ പുരാണകർത്താവും ധർമ്മിഷ്ഠനും വേദം വ്യസിച്ചയാളുമല്ലേ? വെറുക്കപ്പെടാവുന്ന ഈ കർമ്മം അദ്ദേഹമെന്തിനാണ് ഏറ്റെടുത്തത്? വ്യാസശിഷ്യനായ അങ്ങുതന്നെ എല്ലാം വിശദമാക്കിത്തന്നാലും.'
സൂതൻ പറഞ്ഞു: ഇക്ഷ്വാകു കുലത്തിൽ മഹാനായ മഹാബിക്ഷൻ എന്നൊരു രാജാവ് ചക്രവർത്തിയായി വാണിരുന്നു. ആയിരം അശ്വമേധങ്ങൾ, നൂറു വാജപേയങ്ങൾ, എന്നിവയെല്ലാം നടത്തി അദ്ദേഹം ദേവേന്ദ്രനെ പ്രീതിപ്പെടുത്തി.
മരിച്ചു സ്വർഗ്ഗം പൂകിയ അദ്ദേഹം ഒരിക്കൽ ബ്രഹ്മസഭയിൽ ചെന്നു. മറ്റു ദേവതകളും അവിടെ സന്നിഹിതരായിരുന്നു. മഹാനദിയായ ഗംഗാദേവി അവിടെ വിഭുസേവയ്ക്കെത്തിയിരുന്നു. അവളുടെ പുടവ ക്ഷണത്തിൽ കാറ്റിൽ പ റന്ന് അവളുടെ നഗ്നത ഒരൽപ്പ നേരത്തേയ്ക്ക് ദൃശ്യമായി.
വിണ്ണവർ അത് ശ്രദ്ധിക്കാതെ തലകുനിച്ചു നിന്നെങ്കിലും മഹാബിക്ഷൻ അവളെത്തന്നെ നോക്കി നിന്നു. തന്നെക്കണ്ട് രാജാവ് പ്രേമത്തിലായി എന്നറിഞ്ഞ ഗംഗയും നൃപനിൽ അനുരക്തയായി. ബ്രഹ്മാവ് ഇതുകണ്ട് അവരെ ശപിച്ചു. ‘നിങ്ങൾ വീണ്ടും മനുഷ്യലോകത്ത് പോയി ജനിക്കുക.
വേണ്ടത്ര പുണ്യമാർജ്ജിച്ചുവന്നാൽ നിങ്ങൾക്ക് വീണ്ടും ദേവലോകമണയാം.’ വിഷാദത്തോടെ അവർ ഭൂമിയിലെത്തി. ധർമ്മിഷ്ഠരായവരുമായി ആലോചിച്ച് രാജാവ് പുരുവംശത്തിൽ പിറന്ന പ്രതീപനെ പിതാവായി സങ്കൽ പ്പിച്ചു ഭൂമിയിൽ ജീവിതം തുടങ്ങാമെന്നു തീരുമാനിച്ചു.
അതിനിടയ്ക്ക് അഷ്ടവസുക്കൾ ഭാര്യമാരോടോപ്പം ക്രീഡാലോലുപരായി വസിഷ്ഠാശ്രമത്തിലെത്തി. പൃഥുക്കളിൽ പ്രധാനിയാണ് ദ്യൌ. അദ്ദേഹത്തിൻറെഭാര്യ ആശ്രമത്തിൽ നന്ദിനിപശുവിനെ കണ്ട് അതാരുടേതാണെന്ന് ചോദിച്ചു.
‘സുന്ദരീ ഇത് വസിഷ്ഠൻറെതാണ്. ഇതിൻറെ പാല് കുടിക്കുന്ന ആണും പെണ്ണും പതിനായിരം കൊല്ലം യൌവനത്തോടെയിരിക്കും.’. അപ്പോൾ ദ്യൌവിൻറെ പത്നി, തൻറെ മർത്ത്യ ലോകത്തിലെ സുഹൃത്തായ ഉശിനരസപുത്രിക്ക് കിടാവോടുകൂടി ഈ പശുവിനെ സമ്മാനിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
‘സകലകാമങ്ങളെയും നിവൃത്തിക്കുന്ന ഈ പശുവിനെ എൻറെ ആശ്രമത്തിലെത്തിക്കുക. ഈ പശുവിൻറെ പാല് കുടിച്ച് എൻറെ തോഴി മനുഷ്യരുടെ കൂട്ടത്തിൽ ജരാരോഗങ്ങൾ ബാധിക്കാത്തവളായി വിലസട്ടെ.’ ഭാര്യയുടെ വാക്ക് കേട്ട് ദ്യൌ ആ പശുവിനെ മോഷ്ടിച്ച് അവളുടെ അഭീഷ്ടം സാധിപ്പിച്ചു.
വസുക്കൾ നന്ദിനിയെ അപഹരിച്ചുകൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ഫലമൂലാദികൾ കൊണ്ടുവരാൻ വനത്തിൽ പോയിരുന്ന വസിഷ്ഠൻ പശുവിനെയും കിടാവിനെയും അന്വേഷിച്ചു. ആശ്രമത്തിൽ കാണാഞ്ഞ് അവയെത്തേടി വനങ്ങളിലും ഗുഹകളിലും തിരഞ്ഞു നടന്നു. തന്നെ അപമാനിച്ച് പശുവിനെയും കിടാവിനെയും മോഷ്ടിച്ചു മറഞ്ഞത് വസുക്കൾ ആണെന്നറിഞ്ഞ മുനി കോപിഷ്ഠനായി അവരെ ശപിച്ചു. ‘നിങ്ങൾ എല്ലാവരും മനുഷ്യയോനിയിൽ പിറക്കട്ടെ’.
ശാപവൃത്താന്തമറിഞ്ഞ വസുക്കൾ മുനിയെ സമീപിച്ചു പ്രീതിപ്പെടുത്താൻ ശ്രമിച്ചു. ‘നിങ്ങളെ ഓരോരുത്തരെ വീതം ആണ്ടുതോറും ശാപമുക്തരാക്കാം. എന്നാൽ ദ്യൌ മാത്രം കുറേക്കാലം മനുഷ്യനായി ജീവിക്കട്ടെ. ശാപം കിട്ടിയ വസുക്കൾ തിരിച്ചുപോകുമ്പോൾ ഗംഗാ ദേവി അതിലേ നടന്നുപോകുന്നത് കണ്ടു.
‘എങ്ങിനെയാണ് ഞങ്ങൾക്ക് അമൃതുണ്ണുന്ന ദേവന്മാരാകാൻ കഴിയുക’ എന്നവർ ദേവിയോട് ചോദിച്ചു. ‘മനുഷ്യരുടെ വയറ്റിൽ പിറക്കുകയെന്നത് അതീവദുഷ്കരമാണ്. അതിനാൽ മഹാത്മാവായ അമ്മേ, അവിടുന്നൊരു മനുഷ്യസ്ത്രീയായി പിറന്നു ഞങ്ങൾക്ക് ജന്മമേകിയാലും.’
ശന്തനുവിൻറെ സഹധർമ്മിണിയായി നീ വാഴുക. എന്നിട്ട് ഞങ്ങൾ ഭൂജാതരാവുമ്പോൾ ജലത്തിലെറിഞ്ഞു കളയുക. അങ്ങിനെ മനുഷ്യജന്മത്തിൽ നിന്നും ഞങ്ങൾക്ക് ശാപമോക്ഷമാവും’ ഗംഗാദേവി അതിനു സമ്മതിച്ചു.
താമസംവിനാ പ്രതീപൻറെ പുത്രനായി മഹാബിക്ഷൻ ജനിച്ചു. ആ ബാലനാണ് ശന്തനു എന്ന സത്യധർമ്മ നിരതനായ രാജാവായത്. പ്രതീപൻ സൂര്യവന്ദനം ചെയ്യുമ്പോൾ പെട്ടെന്ന് ഗംഗയിൽ നിന്നും അതിസുന്ദരിയായ ഒരു യുവതി പൊങ്ങിവന്നു രാജാവിൻറെ തുടമേൽ കയറി ഇരുന്നു.
‘എന്തിനാണ് നീ അനുവാദമില്ലാതെ എൻറെ തുടയിൽ കയറിയത്?’ എന്ന് രാജാവ് ചോദിച്ചപ്പോൾ ‘അങ്ങയിൽ തനിക്കു കാമമുണ്ടെന്നും തന്നെ സ്വീകരിക്കണമെന്നും ആ സുന്ദരി ആവശ്യപ്പെട്ടു. എന്നാൽ രാജാവ് പറഞ്ഞു: ഞാൻ പരനാരിയെ സ്വീകരിക്കുകയില്ല.
മാത്രമല്ല നീയിരുന്നത് വലത്തെ തുടയിലാണ്. അത് മക്കൾക്കും പുത്രവധുക്കൾക്കുമുള്ള ഇടമാണ്. പുത്രവാഞ്ഛയോടെ നില്ക്കുന്നനിനക്ക് ഒരു സത്പുത്രനുണ്ടാവും എന്ന് നിശ്ചയം. അപ്പോൾ നീയെൻറെ പുത്രവധുവായാലും.’
അവൾ പോയിക്കഴിഞ്ഞപ്പോൾ രാജാവ് അവളെപ്പറ്റി ആലോചിച്ചുകൊണ്ട് കൊട്ടാരത്തിലെത്തി. കാലക്രമത്തിൽ രാജാവിന് പുത്രനുണ്ടായി. അവനു താരുണ്യമായപ്പോൾ വാനപ്രസ്ഥനാകുന്നതിനുമുമ്പ് രാജാവ് മകനോട് പണ്ടുണ്ടായ ഈ വിചിത്ര സംഭവം പറഞ്ഞു.
‘ആ മനോജ്ഞാംഗി നിന്നെ സമീപിക്കുകയാണെങ്കിൽ അവളെ സധൈര്യം പരിഗ്രഹിക്കുക. അവൾ ആരെന്നും മറ്റും നീ ചോദിക്കുകയേ വേണ്ട. നിനക്ക് സൌഖ്യമുണ്ടാവട്ടെ’. 
രാജാവ് പുത്രനെ രാജ്യഭാരമേല്പ്പിച്ചു കാട്ടില്പ്പോയി.
അദ്ദേഹം ഉഗ്രതപസ്സിലൂടെ ജഗദംബയെ പ്രീതിപ്പെടുത്തി സ്വതേജസ്സാൽ തന്നെ സാർവ്വ ഭൗമനായി. ധർമ്മ തല്പരനായ ശന്തനു പ്രജകളെ വേണ്ടതുപോലെ പരിപാലിച്ചുകൊണ്ട് രാജ്യം ഭരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...