ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം





തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.
ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധികാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. എന്നാൽ തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാനഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി. എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.
പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.
വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. അത്തരത്തിൽ നോക്കുമ്പോൾ മഹാബലിയുടെ ആസ്ഥാനം ഇവിടെയായിരുന്നുവെന്ന് ഉറപ്പിയ്ക്കാം. കപിലമഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.
ചരിത്രം
കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.
ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പപ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരുംശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം 'കൊടിമതിൽ' എന്നും വിശേഷിപ്പിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കിയുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. 1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. അങ്ങനെ ഗതകാലപ്രൗഢിയിലേയ്ക്ക് ക്ഷേത്രം അതിവേഗം കുതിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.
കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്രത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണരാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനുപോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.
കടപ്പാട്.
🙏

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...