ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാരീചവധം

മാരീചവധം
____________
അസാധാരണ സൗന്ദര്യമുള്ള പൊന്മാനിനെ കിട്ടണമെന്ന് സീതയ്‌ക്കൊരുമോഹം തോന്നി. രാമനോടു പറയുന്നു: ”ഭര്‍ത്താവേ ഒരു കനകമയമൃഗത്തെ കണ്ടില്ലേ? വളരെ വിചിത്രമായിരിക്കുന്നു. രത്‌നങ്ങള്‍കൊണ്ട് അലംകൃതമാണ്. നമ്മുടെ അടുത്തേയ്ക്കുവരുന്നു. മനുഷ്യരോട് വളരെ ഇണക്കമുണ്ടെന്ന് തോന്നുന്നു. ഇതിനോട് കളിക്കാന്‍ വളരെ സുഖമായിരിക്കും. വിളിച്ചാല്‍ വരുമെന്നു തോന്നുന്നു. വേഗം പിടിച്ചുകൊണ്ടുവരുക.”
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്‍ഷമായി. ഇക്കാലയളവില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും പിടിച്ചുതരണമെന്ന് സീത ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പൊന്‍മാനുമായി കളിക്കണമെന്നു തോന്നിയതെന്തുകൊണ്ട്? കഷ്ടകാലം വരുമ്പോഴാണ് ഓരോരോ ആഗ്രഹങ്ങള്‍ തലയില്‍ കയറുന്നത്. ഇത് സാധാരണ സ്ത്രീയായ മായാ സീതതന്നെ. ഈ മായയാണ് മാനിനെ പിടിക്കാനാവശ്യപ്പെടുന്നത്. ആ മായ തന്നെയാണ് രാവണനെ തന്നിലേയ്ക്കാകര്‍ഷിക്കുന്നതും. ശ്രീരാമന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ മാന്‍ ഓടിയകന്നു. പിന്നെ അടുത്തുവന്നു.
വീണ്ടും അടുക്കുമ്പോള്‍ ഓടിക്കളയും. രാമനെ കുറശ്ശെയായി അകറ്റുകയാണ് ലക്ഷ്യമെന്ന് ലക്ഷ്മണന് മനസ്സിലായി. ”ജ്യേഷ്ഠാ, ഇതു മാനല്ല. മുഖം കണ്ടില്ലേ, പണ്ടുനാം കൊല്ലാതെവിട്ട മാരീചനാണ്.” ഇക്കാര്യം രാഘവനുമറിയാം. മാനിന്റെ ലക്ഷ്യമെന്താണെന്നും രാമനറിയാം. രാമന്‍ ലക്ഷ്മണനോട് ”നീ സീതയുടെ അടുത്തുതന്നെ നില്‍ക്കണം. രാക്ഷസന്മാരുള്ള കാടാണ്.” എന്നുപറഞ്ഞു. സീതയില്‍നിന്നും രാമന്‍ അകന്നു മാറണം. ഇതു മാരീചന്റെ ലക്ഷ്യം. അതുതന്നെ രാമേച്ഛയും. എങ്കിലേ രാവണനെ കൊല്ലാനും കഴിയൂ. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്നുപറഞ്ഞതുപോലെ മാരീചന്‍ രാമനെ കുറെ അകലെയെത്തിച്ചു.
രാവണനുവേണ്ടി മായാപ്രയോഗം നടത്തുന്ന ഇവനും ജീവിച്ചിരിക്കേണ്ട. ശ്രീരാമന്‍ അസ്ത്രം തൊടുത്ത് മാരീചന്റെ മാറുപിളര്‍ന്നു. മരിക്കാന്‍ നേരത്ത് അവന്‍ ”ഹാഹാ, ലക്ഷ്മണാ, സഹോദരാ, ഹാ സീതേ, എന്നെ രക്ഷിക്കണേ!” എന്ന് ശ്രീരാമന്റെ ശബ്ദത്തില്‍ അലറിവിളിച്ചു. രാക്ഷസ ശരീരമെടുത്തു പിടഞ്ഞുവീണു മരിച്ചു. രാവണനോട് ഉണ്ടചോറിന് ഇവന്‍ നന്നായി കൂറുകാണിച്ചു. എന്നാല്‍ ശ്രീരാമന്റെ ആര്‍ത്തനാദം കേട്ട് സീത പരിഭ്രമിച്ചു. ”ലക്ഷ്മണാ നീ ചെന്നുനോക്ക്. ആര്യപുത്രന് എന്തോ ആപത്തു സംഭവിച്ചു” എന്നുപറഞ്ഞു ലക്ഷ്മണന്‍ കുലങ്ങിയില്ല.
”ദേവീ, ഇതു ജ്യേഷ്ഠന്റെ ശബ്ദമല്ല. ജ്യേഷ്ഠനില്‍നിന്ന് ഇത്തരം ആര്‍ത്തനാദം ഉണ്ടാവുകയുമില്ല. ഇത് മായാവികളായ രാക്ഷസന്മാരുടെ സൂത്രമാണ്. ഞങ്ങളെ അകറ്റിയിട്ട് ദേവിയെ തട്ടിക്കൊണ്ടുപോകാനുള്ള രാക്ഷസന്മാരുടെ അടവാണ്.” വീരശൂരന്മാരായ ഖരദൂഷണാദികളേയും പതിന്നാലായിരം രാക്ഷസപ്പടയേയും അരയാമം കൊണ്ടു വധിച്ച രാമന് ഒരാപത്തും വരുകയില്ലെന്ന് ലക്ഷ്മണന് നന്നായിട്ടറിയാം.
അഥവാ എന്തെങ്കിലും ആപത്തുണ്ടായാലും രക്ഷിക്കണേയെന്ന നിലവിളി രാമനില്‍ നിന്നൊരിക്കലുമുണ്ടാകുകയുമില്ല. വാല്‍മീകി രാമായണത്തില്‍ ഇങ്ങനെയാണ് ലക്ഷ്മണന്‍ പറയുന്നത്. ”പന്നഗങ്ങള്‍ക്കോ, അസുരന്മാര്‍ക്കോ, ദേവന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ, ഭവതിയുടെ ഭര്‍ത്താവിനെ ജയിക്കാന്‍ കഴിയില്ല. ഹേ ദേവീ, ദേവന്മാര്‍, മനുഷ്യര്‍, ഗന്ധര്‍വന്മാര്‍, പക്ഷികള്‍, പിശാചന്മാര്‍, കിന്നരന്മാര്‍, മൃഗങ്ങള്‍, ഭയങ്കരന്മാരായ ദാനവന്മാര്‍ ഇവര്‍ക്കൊന്നും യുദ്ധത്തില്‍ രാമനെ വധിക്കാന്‍ കഴിയില്ല. ഈ മൂന്നുലോകത്തിലുമുള്ള സര്‍വ അധിപന്മാരും ദേവന്മാരും എല്ലാവരും ഒന്നിച്ചുവെന്നതിര്‍ത്താലും അദ്ദേഹത്തിന്റെ ശക്തി നശിപ്പിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം മായാവിയായ ആ മാനിനെ കൊന്നിട്ട് മടങ്ങിവരും.” ഇതൊക്കെ പറഞ്ഞിട്ടും സീത വിശ്വസിക്കുന്നില്ല.
ലക്ഷ്മണന്‍ കുലുങ്ങാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ സീതാദേവിയുടെ നിയന്ത്രണം വിട്ടു. എത്ര ധീരകളായാലും ദേവിയായാലും സ്ത്രീ മനക്കട്ടിയില്ലാത്തവളാണെന്ന് കാണിക്കാനാണോയെന്നറിഞ്ഞില്ല. സീത കടുത്ത ഭാഷയില്‍ ലക്ഷ്മണനെ ശകാരിക്കുകയാണ്.
നീയും രാക്ഷസകുലത്തില്‍ പിറന്നതാണ്. ദുഷ്ടാ, ജ്യേഷ്ഠന്റെ മരണം നീയാഗ്രഹിക്കുന്നു. ഇത്രയും കാലം ഞാനിതോര്‍ത്തില്ല. ഭരതന്റെ നിയോഗപ്രകാരം രാമനു നാശം വരുത്താനായിട്ടാണ് നീ കൂടെ പോന്നത്. രാമന്‍ മരിച്ചാല്‍ രഹസ്യമായി എന്നെക്കൊണ്ടുപോകാനാണോ നീ വന്നത്? ഒരിക്കലും എന്നെ നിനക്കു കിട്ടുകയില്ല. ഞാനിന്നുതന്നെ പ്രാണത്യാഗം ചെയ്യും. സ്വന്തം ഭാര്യയെ അപഹരിക്കാന്‍ കൂടെവന്നവനാണ് നീയെന്ന് കഷ്ടം ആ രാമന്‍ ധരിച്ചിട്ടേയില്ല. രാമനെയൊഴിഞ്ഞ് മറ്റൊരു പുരുഷനെ ഞാന്‍ തൊടുകപോലുമില്ല. സത്യം. ഇങ്ങനെ പറഞ്ഞ് സീത മാറത്തലച്ച് കരയാന്‍ തുടങ്ങി.
അതി കഠിനമായ കൊള്ളിവാക്കുകളാണ് സീത പറഞ്ഞത്. ലക്ഷ്മണനെ ഓടിച്ചുവിടുകയാണ് ലക്ഷ്യം. അതിനല്പം കടുത്തപ്രയോഗം നടത്തിയെന്നു ധരിച്ചാല്‍ മതി. പക്ഷേ ഈ വാക്കുകള്‍ സീതയെത്തന്നെ തിരിഞ്ഞടിക്കുന്നുമുണ്ട്. രാവണവധം കഴിഞ്ഞ് രാമന്‍ സീതയോടുപറയുന്ന കടുത്ത വാക്കുകള്‍ നമുക്കപ്പോള്‍ നോക്കാം.
സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയാത്തതരത്തിലുള്ള സീതയുടെ വാക്ശരങ്ങള്‍ ലക്ഷ്മണനില്‍ ചെന്നു തറച്ചു. താനിതുവരെ മാതൃതുല്യയായി കണ്ടിരുന്ന സീത ഇങ്ങനെയൊക്കെ പറയുമെന്ന് വിചാരിക്കാന്‍പോലും കഴിയില്ല. ലക്ഷ്മണന്‍ ചെവിപൊത്തി.
നിനക്കുനാശമടുത്തിരിക്കുന്നു പാരമെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേചണ്ഡി ധിക് ദിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
എന്ന് ലക്ഷ്മണനും കടുത്തവാക്കുകള്‍ പ്രയോഗിക്കുന്നു. തീര്‍ച്ചയായും നിനക്കു നാശമടുത്തിരിക്കുന്നു. അതു ഞാന്‍ വിചാരിച്ചാല്‍ തടുത്തുനിറുത്താന്‍ കഴിയില്ല. അല്ലെങ്കില്‍ ഹേ ചണ്ഡീ (കോപിഷ്‌ടേ), കഷ്ടം, കഷ്ടം എല്ലാ സ്ത്രീകള്‍ക്കും ക്രൂരചിത്തമാണല്ലോ! എന്നുപറഞ്ഞ് സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന്‍ രാമന്റെയടുത്തേക്കു തിരിക്കുന്നു.
പോകുംമുമ്പ് വനദേവതമാരെ, മനുവംശാധീശ്വരനായ രാമന്റെ പത്‌നിയെ വഴിപോലെ നിങ്ങള്‍ സംരക്ഷിക്കണം എന്ന് വനദേവതമാരോടപേക്ഷിക്കുന്നു. ലക്ഷ്മണന്‍ രാമാശ്രമത്തിനുചുറ്റും ഒരു വൃത്തം വരച്ചുവെന്നും അതിനുപുറത്തിറങ്ങരുതെന്ന് സീതയോട് ചട്ടംകെട്ടിയെന്നും തുളസീദാസരാമായണത്തില്‍ പറയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...