മാര്‍ക്കണ്ഡേയനും വസിഷ്ഠനും ശാസ്താവും
കേരളത്തിലുള്ള പുരാതന ശാസ്താ ക്ഷേത്രങ്ങളില്‍ പലതും മഹര്‍ഷീശ്വരന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്.
ശബരിമല, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, പാക്കില്‍ തുടങ്ങി നിരവധി ശാസ്താക്ഷേത്രങ്ങള്‍ പരശുരാമനുമായി ബന്ധപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയും പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്ന രണ്ടുശാസ്താക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.
16 വയസ്സുള്ള നിത്യ ബ്രഹ്മചാരിയായ ഋഷിയാണു മാര്‍ക്കണ്ഡേയന്‍. ശിവനെ ആരാധിച്ച് കാലനില്‍ നിന്നും മാര്‍ക്കണ്ഡേയന്‍ രക്ഷ നേടിയ കഥ പ്രസിദ്ധമാണല്ലോ. മഹാദേവനെ ആരാധിക്കുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ സങ്കല്‍പ്പവും ശാസ്താ സങ്കല്‍പ്പവും ഒന്നുചേര്‍ന്ന അപൂര്‍വ്വദേവനാണു മാര്‍ക്കണ്ഡേയശാസ്താവ്.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് വാഴപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന കല്ലമ്പള്ളി ക്ഷേത്രത്തിലാണു മാര്‍ക്കണ്ഡേയശാസ്താ പ്രതിഷ്ഠയുള്ളത്. വലതുകയ്യില്‍ ശിവലിംഗം ധരിച്ച് പട്ടബന്ധത്തോടെ ധ്യാനാസനത്തില്‍ ഇരുന്നു പ്രപഞ്ചശക്തിയെ മുഴുവനും നിയന്ത്രിക്കുന്നവനായി മാര്‍ക്കണ്ഡേയശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഗജവാഹനന്‍ എന്നുസങ്കല്‍പ്പം. ശ്രീകോവിലിനുള്ളില്‍ ശാസ്താപ്രതിഷ്ഠയ്ക്ക് സമീപം ശിവലിംഗ പ്രതിഷ്ഠയുംകാണാം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വഹിച്ചത് മാര്‍ക്കണ്ഡേയമഹര്‍ഷിതന്നെയാണ് എന്നാണു വിശ്വാസം. ശ്രീപദ്മനാഭസ്വാമീ ക്ഷേത്ര ശ്രീകോവിലില്‍ മാര്‍ക്കണ്ഡേയമഹര്‍ഷിയും അഗസ്ത്യമഹര്‍ഷിയും നിത്യാധിവാസംചെയ്യുന്നു എന്ന ഐതിഹ്യവും ഇതോടൊപ്പം സ്മരിക്കാം.
ദേവമേളയായ ആറാട്ടുപുഴ പൂരത്തിനു ആതിഥ്യംവഹിക്കുന്നത് ആറാട്ടുപുഴശാസ്താവാണ്. തൃപ്രയാര്‍ ശ്രീരാമനും ഊരകത്തമ്മതിരുവടിയും ചേര്‍പ്പ് ഭഗവതിയും മറ്റ് ദേവീദേവന്മാരും ഒത്തുചേരുന്ന ഈ ദേവമേളയുടെ സംഘാടകന്‍ ആയ ആറാട്ടുപുഴശാസ്താവില്‍ ശ്രീരാമഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ചൈതന്യവും ഉണ്ട് എന്നാണു വിശ്വാസം.
വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠിച്ച വിഗ്രഹം എന്ന സങ്കല്‍പ്പം കൊണ്ടാവാം ഇത്. ഗുരുസന്നിധിയില്‍ ആണു ശ്രീരാമന്‍ പൂരത്തിനു നടുനായകത്വം വഹിക്കുന്നത് എന്നത് രസാവഹമായ സങ്കല്‍പ്പമാണ്. പൂരം സമാപിച്ച് തിരിച്ചെഴുന്നള്ളുന്ന തൃപ്രയാര്‍തേവര്‍ ഗുരുവായ വസിഷ്ഠനോട് എന്ന സങ്കല്‍പ്പത്തില്‍ ആറാട്ടുപുഴ ശാസ്താവിനോടു യാത്രചോദിക്കുന്ന ഒരു ചടങ്ങുണ്ട്. ഗുരുവിനെ വന്ദിക്കുമ്പോള്‍ ശിഷ്യന്‍ ബഹുമാനസൂചകമായി കിരീടം മാറ്റിവെക്കുന്നു എന്ന അര്‍ത്ഥത്തില്‍ തേവരുടെ തിടമ്പിലെ മകുടംമാറ്റിയാണു ചടങ്ങു നിര്‍വഹിക്കപ്പെടുന്നത്.
പ്രതിഷ്ഠിച്ച ഋഷിയും പ്രതിഷ്ഠിക്കപ്പെട്ട ദേവനും കൂടിച്ചേര്‍ന്ന ഇത്തരം സങ്കല്‍പ്പങ്ങള്‍ ഭക്തനും ഭഗവാനും ഒന്ന് എന്ന തത്വത്തെ ഓര്‍മിപ്പിക്കുകയാണു ചെയ്യുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ