പുത്രൻ
ഭർത്താവിന് ഭാര്യയിൽ ജനിക്കുന്ന പുരുഷസന്താനമാണ് പുത്രൻ. പുനാതി പിത്രദീൻ, പിത്രൻ പാതി, പും നാമനരകത്രാതാ എന്നിങ്ങനെയുള്ള പദവ്യുത്പത്തികൊണ്ട് പിത്രാദികളെ പവിത്രമാക്കുന്നവൻ , അവരെ പരിപാലിക്കുന്നവൻ, പും അഥവാ പുത് എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്ന അർത്ഥങ്ങളൊക്കെ പുത്രശബ്ദത്തിന് ലഭിക്കുന്നു.
"പും നാമ്നോ നരകാദ്യസ്മാത്
ത്രായതേ പിതരം സുതഃ
തസ്മാത് പുത്ര ഇതി പ്രോക്തഃ
സ്വയമേവ സ്വയംഭുവാ"
ത്രായതേ പിതരം സുതഃ
തസ്മാത് പുത്ര ഇതി പ്രോക്തഃ
സ്വയമേവ സ്വയംഭുവാ"
എന്ന മനു വാക്യവും പുത്രശബ്ദത്തെ വ്യാഖ്യാനിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കളെ വേണ്ടപോലെ സംരക്ഷിച്ച് ദുഃഖങ്ങളിൽ നിന്ന് രക്ഷിക്കുക ധർമ്മമാണെന്ന് രാമായണാദിഗ്രന്ഥങ്ങളും ഉദ്ബോധിപ്പിക്കുന്നു.
സ്മൃതികളിൽ പുത്രന്മാർ പ്രധാനമായും പന്ത്രണ്ടുതരത്തിലുണ്ടെന്ന് വിവരിച്ചിട്ടുണ്ട്.
1 - ഔരസൻ - സവർണ്ണയായ ഭാര്യയിൽ ഭർത്താവിനു പിറന്നവൻ , ഉരസ്സിൽ നിന്ന് ജനിച്ചവൻ എന്നർത്ഥം. ഉരസ്യൻ എന്നും പുത്രനെ പറയാറുണ്ട്. സ്വകുലത്തിൽ നിന്ന് വിവാഹം കഴിച്ച് അവളിൽ പിറക്കുന്ന മകനാണിത്.
2- ക്ഷേത്രജൻ :- പുത്രോത്പാദനത്തിന് കഴിവില്ലാത്തവരുടെ ഭാര്യമാരിലും, കുടുംബത്തിന്റെ നിൽനിൽപിന് സന്തതികളില്ലാതെ വിധവകളായിത്തീർന്നവരിലും ഭർത്തസഹോദരനും മറ്റും വിധിപ്രകാരം ജനിപ്പിക്കുന്ന പുത്രനാണ് ക്ഷേത്രജൻ.
3 - ദത്തൻ:- മാതാപിതാക്കൾ സന്തോഷത്തോടെ സന്താനസൗഭാഗ്യമില്ലാത്തവർക്ക് ' ഈ ദാനപുത്രൻ നിനക്ക് സ്വന്തമാകുന്നു' എന്നു പറഞ്ഞ് ദാനം ചെയ്യുന്ന പുത്രൻ.
4 - കൃതിമപുത്രൻ :- സന്താനങ്ങളില്ലാതെ മരിച്ച ആളിന് ബലിയിടാൻ സ്വകുലത്തിൽ നിന്ന് സ്വീകരിക്കുന്ന പുത്രൻ.
5 - ഗൂഢോത്പന്നൻ:- ഭർത്തൃഗ്രഹത്തിൽ താമസിക്കുന്ന ഭാര്യയിൽ അന്യപുരുഷന് ജനിക്കുന്ന പുത്രൻ. ഈ പുത്രനെ ജരാപുത്രൻ എന്നും പറയുന്നു.
6 - അപവിദ്ധൻ :- മാതാപിതാക്കൾ രണ്ടുപേരും കൂടിയോ ഒരാൾ തനിച്ചോ ഒരു പുത്രനെ ഉപേക്ഷിച്ചാൽ മറ്റൊരാൾ എടുത്തുവളർത്തുന്ന പുത്രൻ.
7 - സഹോഡജൻ :- ഗർഭിണിയായ സ്ത്രിയെ വിവഹം കഴിക്കുന്ന ആളിന് അവളിലുണ്ടാകുന്ന പുത്രൻ ഗർഭത്തോടു കൂടി വിവാഹം ചെയ്യപ്പെട്ടവനിൽ ജനിച്ചവൻ എന്നർത്ഥം.
8 - ക്രീതൻ :- അപുത്രനായ ഒരാൾ വിലകൊടുത്തു വാങ്ങുന്ന പുത്രൻ.
9 - പൗനർഭവൻ :- പുനർവിവാഹിതക്ക് പിറന്നവൻ. ഒരു സ്ത്രീ ഭർത്താവ് മരിച്ചശേഷമോ, ഭർത്താവ് ഉപേക്ഷിച്ച ശേഷമോ മറ്റൊരുത്തനെ സ്വീകരിച്ച് ജനിക്കുന്ന പുത്രൻ.
10 - സ്വയം ദത്തൻ :- മാതാപിതാക്കൾ മരിച്ചതോ, അവരാൽ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടി മറ്റൊരാളിന്റെ രക്ഷാകർത്തൃത്വം സ്വയം സ്വീകരിക്കുകയാണെങ്കിൽ അവൻ സ്വയം ദത്തപുത്രനാണ്.
11 - പാരശവൻ :- ബ്രാഹ്മണന് ശൂദ്രസ്ത്രീയിൽ ജനിച്ചവൻ ശൗദ്രൻ എന്ന പേരിലും ഈ പുത്രൻ അറിയപ്പെടുന്നു.
12 - കാനീനപുത്രൻ :- അവിവാഹിതക്ക് പിറക്കുന്ന പുത്രൻ.
ഈ പന്ത്രണ്ട് പുത്രന്മാർക്ക് പുറമേ പുത്രകാപുത്രൻ എന്ന ഒരു പുത്രവിഭാഗം കൂടിയുണ്ട്.
13 - പുത്രകാപുത്രൻ :- കന്യാദാനസമയത്ത് ആൺകുട്ടികളില്ലാത്ത പിതാവ് മകളുടെ ആദ്യപുത്രനെ തനിക്ക് നൽകണമെന്ന് ജാമാതവിനോട് നിർദ്ദേശിക്കുന്നു. അങ്ങനെ ലഭിക്കുന്ന പുത്രനാണ് പുത്രകാപുത്രൻ.
ഈ പുത്രന്മാരിൽ കാനീനപുതന്മാരാണ് വ്യാസഭഗവാനും, കർണ്ണനും എന്നാൽ രാവണന്റെ പ്രഥമപുത്രനായി അറിയപ്പെടുന്ന മേഘനാഥനും കാനീനപുത്രനാണ്.
കാനീനൻ ;- അവിവാഹിതക്ക് പിറക്കുന്ന പുത്രൻ
കാനീനൻ, രാവണി, മേഘനാഥൻ, ഇന്ദ്രജിത്ത് എന്നിപേരുകളിൽ പ്രസിദ്ധനായ ഇദ്ദേഹം കനീനപുതനായതെങ്ങനെ എന്ന് കമ്പരാമായണം വിശദമാക്കുന്നു.
പണ്ട് പാലാഴി മഥന സമയത്ത് പല നല്ല വസ്തുക്കളും അതിൽ നിന്നുയർന്നു വന്നു . സുലേക്ഷണ എന്ന അതി സുന്ദരിയായ ഒരു യുവതിയും പാലാഴിയിൽ നിന്നും ഉത്ഭവിച്ചു. അവൾ പാർവ്വതീദേവിയുടെ പരിചാരികായായിത്തീർന്നു.
ഒരിക്കൽ കുളിക്കുവാൻ വേണ്ടി സരസ്സിലിറങ്ങിയ പാർവ്വതീ ദേവിക്ക് കോടിപുടവയെടുക്കുവാൻ അന്തപുരത്തിലേക്ക് ചെന്ന സുലേക്ഷണയെ കാമപരവശനായി പരമശിവൻ ഒന്നു പരിഗ്രഹിച്ചു. അവൾ വല്ലാതെ പരിഭ്രമിച്ച് ആശങ്കാകുലയായിത്തീർന്നു.
അപ്പോൾ പരമശിവൻ അവളെ ആശ്വസിപ്പിച്ചു. നീ വിവാഹിതയായി ഭർത്തൃസംഗമമുണ്ടായതിനുശേഷമേ ഇന്നു നടന്ന തേജോധാരണം ഗർഭമായിത്തീരുകയുള്ളൂ. അതു വരെ ആ ബീജം നിന്റെ ഗർഭാപാത്രത്തിൽ ലയിച്ചുകിടക്കും. യോഗ്യനായ ഒരു സന്തതിയെ നിനക്ക് ലഭിക്കും . ശിവന്റെ വാക്കുകളാൽ ആശ്വസിച്ചെങ്കിലും ഉള്ളിൽ പരിഭ്രാന്തിയും ആശങ്കയും അവൾക്കുണ്ടായി അവളുടെ വിലക്ഷണമായ ഈ ഭാവം കണ്ട് ശ്രീപാർവ്വതീയ്ക്ക്സംശയം തോന്നി. കാര്യം മനസ്സിലാക്കിയ ദേവി അവളെ ശപിച്ച് മണ്ഡൂകമാക്കി ആ സരസ്സിൽ തന്നെ തള്ളി.
കുറെ കാലം കഴിഞ്ഞപ്പോൾ മായെനെന്ന അസുര ശില്പി തപസ്സ്കൊണ്ട് പരമശിവനെ പ്രസാദിപ്പിച്ച് വരമായി ഒരു മകളെ തരണമെന്നെപേക്ഷിച്ചു. അദ്ദേഹം പാർവ്വതീ ദേവിയാൽ തവളയാക്കപ്പെട്ട സുലേക്ഷനയെ സുന്ദരിയായ മണ്ഡോദരിയാക്കി മായന് പുത്രിയായി കൊടുത്തു. രാവണൻ അവളെ വിവാഹം കഴിച്ചു. വിവാഹൈതയായശേഷം ശിവപ്രസാദത്താൽ ബീജം പുഷ്ടിപ്പെട്ടു തേജശ്വിയായ ഒരു ബാലനെ പ്രസവിക്കുകയും ചെയ്തു.
അങ്ങനെ ശിവബീജം ആവാഹിച്ച് , മണ്ഡൂകമായി തീർന്ന്, മയപുത്രിയായ മണ്ഡോദരിയായി, രാവണപത്നിയായതിനു ശേഷം പ്രസവിച്ചുണ്ടായ പുത്രനാണ് മേഘനാദൻ. കന്യകയായിരിക്കുമ്പോൾ ശിവബീജം ഗർഭത്തിൽ സ്വീകരിച്ചതിനാൽ കാനീനൻ - കന്യകാ പുത്രൻ - എന്ന പേർ രാവണിക്ക് (മേഘനാദന്) ലഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ