തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം
തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ,തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ,പാർവ്വതി എന്നിവരാണ് പ്രധാനദേവതകൾ.
ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കും നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.
ഐതിഹ്യം
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചു കൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ,ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവ തേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.
ചരിത്രം
വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചന്റ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്റെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.
പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം,ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു.
യോഗാതിരിമാർ
തൃശ്ശുർ വടക്കുംനാഥക്ഷേത്ര ഭരണച്ചുമതല വഹിച്ചിരുന്ന നമ്പൂതിരിമാരാണ് യോഗാതിരിമാർ എന്നറിയപ്പെട്ടിരുന്നത്. കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥൻ ക്ഷേത്രം തൃശ്ശൂഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂർ യോഗസങ്കേതത്തിൽനിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിന്റെ ഭരണാധികാരിയായിരുന്നത്. ശക്തൻ തമ്പുരാന്റെ കാലത്തിനു മുൻപ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് കൊച്ചിരാജാവ് നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
പേരിനു പിന്നിൽ
ശിവപെരുമാളിന്റെ സ്ഥലം എന്നർത്ഥമുള്ള തിരു-ശിവ-പേരൂർ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ മൂന്നാണ്; ശ്രീപരമശിവൻ, ശ്രീരാമസ്വാമി ശങ്കരനാരായണമൂർത്തി. ശിവപെരുമാൾ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥ ക്ഷേത്രമായതായും കരുതുന്നു കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥൻ“ എന്ന ശൈവ സങ്കല്പം കാലാന്തരത്തിൽ വടക്കുന്നാഥൻ എന്ന പേർ നേടിക്കൊടുത്തു.
ക്ഷേത്രനിർമ്മിതി
20 ഏക്കറിലധികം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനു ചുറ്റും പണിതീർത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ ക്ഷീണം തോന്നുന്ന ഭക്തർക്ക് അവയുടെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. നാലുഭാഗത്തും വലിയ ഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. അതിമനോഹരമായ നിർമ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങൾക്കും കൂറ്റൻ ആനവാതിലുകളുണ്ട്. പടിഞ്ഞാറേ ഗോപുരമാണ് അവയിൽ പ്രധാനം. ഗോപുരത്തിന് സമീപം ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാൽ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാൽ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നവയിൽ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും. കൂത്തമ്പലത്തിലെ ശില്പങ്ങൾ വളരെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റർ നീളവും 17½ മീറ്റർ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാർ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
നാലമ്പലത്തിന്റെ വലിപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാൽ വലിയ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂർവ്വമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാൽ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയിൽ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവിൽ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകൾക്കു മുന്നിലും നമസ്കാര മണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കു ഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ നന്തിയുടെ ഒരു കൂറ്റൻ പളുങ്കു വിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതി വരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്,അത്യപൂർവ്വമായ വാസുകീ ശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ നൃത്തനാഥനും. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ അർജുനൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ വിൽക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനൽക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദർശനം നടത്താൻ എന്നതാണ് ആചാരം. വടക്കേ ഗോപുരത്തോടു ചേർന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയിൽ നിന്ന് ഗംഗ ഉതിർന്നുവീഴുന്ന രൂപമാണ് ഇത്. വളരെ കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ ഇത് ഇവിടെ പണിതിട്ട്.
ക്ഷേത്ര മതിൽ ക്കെട്ടിനുപുറത്ത് വടക്കുകിഴക്കേ മൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവിൽ 2015-ൽ നടന്ന നവീകരണ കലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചുവേണം ദർശനം നടത്താൻ എന്നാണ് ആചാരം. എന്നാൽ, ഇന്ന് അത് പ്രായോഗികമല്ല.
പ്രധാന പ്രതിഷ്ഠകൾ
മുമ്പിൽ വലിയ നമസ്കാര മണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീ സമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മ സങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതു പോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ കൈലാസ പർവ്വതത്തെയും അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞു കൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. മാത്രവുമല്ല,ഇത്രയും നെയ്യ് ഇവിടെ അടിഞ്ഞുകൂടിയിട്ടും ഇവിടെ ഉറുമ്പുകൾ ഒന്നും തന്നെയില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏക ക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19-ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിയ്ക്കുമ്പോഴായിരുന്നു അഗ്നിബാധ.
നെയ്യഭിഷേകം തന്നെയാണ് വടക്കുംനാഥന്റെ പ്രധാന വഴിപാടും. ശുദ്ധമായ ആറിടങ്ങഴി പശുവിൻ നെയ്യാണ് ഇവിടെ അഭിഷേകത്തിന് ഉപയോഗിയ്ക്കുന്നത്. അഭിഷേകത്തെത്തുടർന്നുണ്ടാകുന്ന നെയ്മലയ്ക്ക് ബലമുണ്ടാക്കാനായി ഇളനീരഭിഷേകവും നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളിൽ ഇതിന്റെ101 മടങ്ങ് നെയ്യും 1001 മടങ്ങ് ഇളനീരും അഭിഷേകം ചെയ്യാറുണ്ട്. ദേവസ്വം വകയും ഭക്തരുടെ വകയും വഴിപാടുണ്ട്. കൂടാതെ കൂവളമാല, പിൻവിളക്ക്,ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, കതിനവെടി തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം.
പാർവ്വതീദേവി
ശിവന്റെ അതേ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പാർവ്വതീദേവി വാണരുളുന്നു. ദാരുവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. പീഠത്തിലിരിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. മൂന്നടി പൊക്കം വരും. ചതുർബാഹുവായ ദേവിയുടെ വലതുകൈകളിൽ മഴുവും വരദമുദ്രയും ഇടതുകൈകളിൽ കയറും താമരയും അഭയമുദ്രയും കാണാം. ഇവിടെ നമസ്കാരമണ്ഡപം പണിതീർത്തിട്ടില്ല. ദാരു വിഗ്രഹമാണെങ്കിലും ഇവിടെ സ്വർണ്ണഗോളകയാണ് ഭക്തർ ദർശിയ്ക്കുന്നത്. അത് അഴിച്ചുമാറ്റാറില്ല. ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം നടത്താറില്ല. പകരം മഞ്ഞൾപ്പൊടിയാണ് അഭിഷേകം ചെയ്യുന്നത്. ദേവി ശിവസാന്നിദ്ധ്യത്തിൽ വാഴുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ്. ശിവനും പാർവ്വതിയും അനഭിമുഖമായി ദർശനം നൽകുന്നതിനാൽ അർദ്ധനാരീശ്വരസങ്കല്പവും ഇവിടെയുണ്ട്. മഞ്ഞൾപ്പൊടി അഭിഷേകം കൂടാതെ പട്ടും താലിയും ചാർത്തുന്നതും ദേവിയ്ക്ക് പ്രധാനമാണ്.
ശങ്കരനാരായണൻ
ശൈവവൈഷ്ണവശക്തികളുടെ സംയുക്തരൂപമാണ് ശങ്കരനാരായണൻ. ശൈവവൈഷ്ണവ സംഘട്ടനങ്ങൾ നിറഞ്ഞുനിന്ന കാലത്ത് അവയൊഴിവാക്കാൻ ശങ്കരാചാര്യർ സൃഷ്ടിച്ചതാണ് ഈ മൂർത്തിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിൽ ശങ്കരനാരായണ പ്രതിഷ്ഠകൾ വളരെ അപൂർവ്വമാണ്. അവയിൽ മിക്കതും ശിവലിംഗ രൂപത്തിലായിരിയ്ക്കും. എന്നാൽ ഇവിടെ ശങ്കരനാരായണന് വിഗ്രഹപ്രതിഷ്ഠയാണ്. പഞ്ചലോഹ നിർമ്മിതമായ വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ടാണ് ദർശനം. ചതുർബാഹുവായ വിഗ്രഹത്തിന്റെ വലത്തെ പകുതിയിൽ ജടാമകുടവും ചന്ദ്രക്കലയും ഭസ്മവും നാഗങ്ങളും പുലിത്തേലും ധരിച്ച ശിവന്റെയും ഇടത്തെ പകുതിയിൽ കിരീടവും മയിൽപ്പീലിയും ഗോപിക്കുറിയും ദിവ്യാഭരണങ്ങളും പീതാംബരവും ധരിച്ച വിഷ്ണുവിന്റെയും രൂപങ്ങൾ കാണാം. വിഗ്രഹത്തിന്റെ വലതുകൈകളിൽ ത്രിശൂലവും വരദമുദ്രയും ഇടതുകൈകളിൽ പാഞ്ചജന്യവും ഗദയും കാണാം. ശങ്കരനാരായണന്റെ ശ്രീകോവിലും വട്ടത്തിലാണ്. എന്നാൽ ശിവന്റെയും പാർവ്വതിയുടെയും ശ്രീകോവിലിന്റെയത്ര വലിപ്പം ഇതിനില്ല. ഇതിനു മുന്നിലും നമസ്കാര മണ്ഡപമുണ്ട്. നമസ്കാരമണ്ഡപവും താരതമ്യേന ചെറുതാണ്. ശങ്കരനാരായണന് പ്രധാനം ചതുശ്ശതനിവേദ്യമാണ്.
ശ്രീരാമൻ
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമൻ. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ മൂർത്തീഭാവങ്ങളിലൊന്നും ശ്രീരാമനാണ്. ത്രേതായുഗത്തിലെ പ്രത്യക്ഷമൂർത്തിയായിരുന്ന ശ്രീരാമൻ മര്യാദാപുരുഷോത്തമനായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ പൊതുവേ ശ്രീരാമ പ്രതിഷ്ഠകൾ കുറവാണ്. അവയിൽ മിക്കവാറും ചതുർബാഹുവായി മഹാവിഷ്ണു രൂപത്തിലായിരിയ്ക്കും. തൃപ്രയാർ, തിരുവില്വാമല,തിരുവങ്ങാട്, കടവല്ലൂർ എന്നിവയാണ് കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ഇവിടങ്ങളിലെല്ലാം മഹാവിഷ്ണുവിഗ്രഹം ശ്രീരാമസങ്കല്പത്തിൽ പൂജിയ്ക്കുന്നതാണ് കണ്ടുവരുന്നത്. വടക്കുംനാഥക്ഷേത്രത്തിലും സംഗതി വ്യത്യസ്തമല്ല.
ഇവിടത്തെ വിഷ്ണുവിഗ്രഹത്തിൽ ശ്രീരാമസ്വാമിയുടെ തേജസ്സ് വന്നുചേർന്നതിനുപിന്ന്ല് ഒരു ഐതിഹ്യമുണ്ട്: വിവാഹാനന്തരം അയോധ്യയിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീരാമനെ പരശുരാമൻ തടഞ്ഞുനിർത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ ശാന്തനായ പരശുരാമൻ ശ്രീരാമനെ അനുഗ്രഹിയ്ക്കുകയും എന്നും സംഭവസ്ഥലത്ത് കുടികൊള്ളണമെന്ന് അഭ്യർത്തിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് വിഷ്ണുവിഗ്രഹത്തിൽ ശ്രീരാമചൈതന്യം വന്നുചേർന്നത്. അഞ്ജനശിലയിൽ തീർത്ത വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ട് ദർശനം. വലതുകൈകളിൽ സുദർശനചക്രവും താമരയും ഇടതുകൈകളിൽ പാഞ്ചജന്യവും ഗദയും കാണാം. ദിവ്യരത്നങ്ങൾ പതിച്ച ആഭരണങ്ങളും ഗോപിക്കുറിയും പീതാംബരവും ധരിച്ചാണ് ഭഗവാൻ പരിലസിയ്ക്കുന്നത്. മറ്റുരണ്ട് ശ്രീകോവിലുകളിൽ നിന്ന് വ്യത്യസ്തമായി ശ്രീരാമന്റെ ശ്രീകോവിൽ ചതുരത്തിലാണ്. ശ്രീരാമന്റെ ശ്രീകോവിലിനുമുന്നിലും നമസ്കാര മണ്ഡപമുണ്ട്. ഇവിടെ ഭഗവാന്റെ നിത്യദാസനായ ആഞ്ജനേയനെ സ്മരിച്ചുകൊണ്ട് ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ശ്രീരാമസ്വാമിയ്ക്ക് പാൽപ്പായസവും മുല്ലമാല ചാർത്തലും എണ്ണയഭിഷേകവുമാണ് പ്രധാന വഴിപാടുകൾ.
ഉപദേവതകൾ
ഗണപതി
കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഉപദേവനായി സർവവിഘ്നവിനാശകനും ശിവപാർവ്വതീ പുത്രനുമായ ഗണപതിഭഗവാന്റെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും വിഘ്നങ്ങളില്ലാതെ പൂർത്തിയാകാൻ ഗണപതിയെ വന്ദിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഹൈന്ദവാചാരം. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറു ഭാഗത്താണ് ഗണപതി പ്രതിഷ്ഠ. ശിവന്റെയും ശങ്കരനാരായണന്റെയും ശ്രീകോവിലുകൾക്ക് ഏകദേശം ഒത്ത നടുക്കായാണ് ഗണപതിയുടെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി തിടപ്പള്ളിയിലേയ്ക്ക് നോക്കിയാണ് ഗണപതിഭഗവാൻ ഇരിയ്ക്കുന്നത്. മൂന്നടി പൊക്കം വരുന്ന ശിലാവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ വലതു കൈകളിൽ മഴുവും വരദമുദ്രയും ഇടതുകൈകളിൽ കയറും മോദകവും ധരിച്ചിരിയ്ക്കുന്നു. ഒറ്റയപ്പവും കറുകമാലയും നാളികേരമുടയ്ക്കലുമാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. കൂടാതെ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തുന്നുണ്ട്. ഒറ്റയപ്പപ്രിയനായ ഗണപതിഭഗവാന് ഉദയാസ്തമനപൂജയായി അപ്പം നേദിച്ചുവരുന്നുണ്ട്. ഗണപതിപ്രീതിയ്ക്കായി 1993-ൽ തുടങ്ങിയ കർക്കടകമാസത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും വളരെ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
ക്ഷേത്രമതിൽ ക്കെട്ടിനുപുറത്ത് പടിഞ്ഞാറുഭാഗത്ത് പടിക്കെട്ടുകൾക്ക് സമീപമുള്ള നടുവിലാലിലും ഗണപതിയ്ക്ക് പ്രതിഷ്ഠയുണ്ട്. ഒന്നരയടി പൊക്കം വരും ഇവിടത്തെ ശിലാവിഗ്രഹത്തിന്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിനകത്തെ ഗണപതിവിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഇവിടെ ആദ്യം ഒരു തറ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ശബരിമല തീർത്ഥാടകരും പുലിക്കളിക്കാരും നാളികേരമുടയ്ക്കാൻ തുടങ്ങിയപ്പോൾ അവിടെ ഗണപതിയെ പ്രതിഷ്ഠിച്ചു. തുടർന്ന് അവിടെ ഒരു ക്ഷേത്രവും പണിതു. ഇന്ന് ആ ക്ഷേത്രം വടക്കും നാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറുഭാഗത്തുനിന്ന് തൃശ്ശൂർ നഗരത്തിലേയ്ക്ക് കടക്കുന്നവർ ആദ്യം കാണുന്നത് ഈ ക്ഷേത്രമാണ്. രണ്ട് ഗണപതി പ്രതിഷ്ഠകൾക്കും വിനായക ചതുർത്ഥിനാളിൽ വിശേഷാൽ പൂജകളും 1008 നാളികേരം കൊണ്ട് വിശേഷാൽ ഗണപതി ഹോമവുമുണ്ടാകും.
നരസിംഹമൂർത്തി
മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ലെങ്കിലും ശ്രീരാമന്റെ ശ്രീകോവിലിന്റെ തെക്കുവശത്ത് നരസിംഹമൂർത്തിയുടെ ഒരു ചുവർച്ചിത്രം വരച്ച് അതിൽ ആരാധനയും വിളക്കുവയ്പും നടത്തിവരുന്നുണ്ട്. ഉഗ്രനരസിംഹ ഭാവത്തിലാണ് ചുവർച്ചിത്രം. ഹിരണ്യകശിപുവിനെ തന്റെ മടിയിൽ കിടത്തി രണ്ടുകൈകൾ കൊണ്ടും മാറുപിളർന്നുകൊന്ന് ചോര കുടിയ്ക്കുന്ന ഭഗവാന്റെ ഭയങ്കരരൂപം കാണുമ്പോൽ തന്നെ പേടിയാകും. എന്നാൽ അത്യുഗ്രമൂർത്തിയായ ഭഗവാനെ ഭജിച്ചാൽ ശത്രു ദോഷങ്ങളൊഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണൻ
നാലമ്പലനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കൂത്തമ്പലത്തോട് ചേർന്നുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീകൃഷ്ണൻ കുടികൊള്ളുന്നത്. ശ്രീകോവിലിനുചുറ്റും ഗോശാല പണിതീർത്തിരിയ്ക്കുന്നതിനാൽ ഗോശാലകൃഷ്ണനായി ഭഗവാനെ കണക്കാക്കിവരുന്നു. ഒരുകയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലുമേന്തിയ ഭഗവാനാണ് ഇവിടെയുള്ളത്. മൂന്നടി പൊക്കം വരുന്ന മനോഹരമായ ശിലാവിഗ്രഹം ആരെയും ആകർഷിയ്ക്കും. ഒരിയ്ക്കൽ പരമഭക്തനായ വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ഇന്നത്തെ ശ്രീകോവിലിന്റെ സ്ഥാനത്ത് ഒരു അത്ഭുതതേജസ്സ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടുവെന്നും തുടർന്ന് അദ്ദേഹം അവിടെ ഓടിച്ചെന്ന് നോക്കിയപ്പോൾ ഏതാനും പശുക്കളെ കണ്ടുവെന്നും തുടർന്ന് അവിടെ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം. പശുക്കളെ കണ്ട് സ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഭഗവാൻ ഗോശാല കൃഷ്ണനായതെന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. പാൽപ്പായസവും വെണ്ണയുമാണ് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി ദിവസം ഭഗവാന് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ട്.
അയ്യപ്പൻ
നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറു ഭാഗത്ത് പ്രത്യേകം തീർത്ത ക്ഷേത്രത്തിലാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഒന്നരയടി പൊക്കം വരും. അതേസമയം ഇവിടെ ശിലാവിഗ്രഹമാണ് (ശബരിമലയിലും മുമ്പ് ശിലാവിഗ്രഹമായിരുന്നു.1950-ൽ ക്ഷേത്രം കൊള്ളയടിച്ച ചില ഭീകരവാദികൾ അത് തകർത്തെറിഞ്ഞ് ക്ഷേത്രത്തിന് തീവച്ചു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിത ശേഷമാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചത്). മറ്റ് ഉപദേവതാക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിൽ ഒരു മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. ശബരിമലയ്ക്ക് പോകുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം അവിടെയാണ്. അവിടെ പ്രത്യേകമായി വഴിപാട് കൗണ്ടറുമുണ്ട്. എള്ളുതിരി കത്തിയ്ക്കലാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാട്. മണ്ഡലകാലത്ത് 41 ദിവസവും നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്താറുണ്ട്.
സിംഹോദരൻ
നാലമ്പലത്തിനുപുറത്ത് കിഴക്കുഭാഗത്ത് വടക്കുംനാഥന്റെ തൊട്ടുപുറകിലാണ് സിംഹോദരന്റെ സ്ഥാനം. ശിവഭൂതഗണങ്ങളിലൊരാളായ സിംഹോദരനെയാണ് വടക്കുംനാഥക്ഷേത്രം പണിയാൻ ശിവൻ നിയോഗിച്ചതെന്നും എന്നാൽ സമയം കഴിഞ്ഞിട്ടും സിംഹോദരനെ കാണാതെ വിഷമിച്ച ശിവപാർവ്വതിമാർ അവസാനം ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീകോവിലിൽ സിംഹോദരനിരിയ്ക്കുന്നത് കണ്ടുവെന്നും കോപാക്രാന്തനായ ശിവൻ ഉടനെത്തന്നെ തന്റെ പുറംകാലുകൊണ്ട് സിംഹോദരന് ഒരൊറ്റ ചവിട്ടുകൊടുത്തുവെന്നും അവൻ അടുത്തുള്ള പടുകുഴിയിൽ തെറിച്ചുവീണുവെന്നുമാണ് വിശ്വാസം. അവിടെത്തന്നെ വാണുകൊള്ളാമെന്ന് സിംഹോദരൻ സമ്മതിയ്ക്കുകയും ചെയ്തു. രണ്ടുനിലകളോടുകൂടിയ ചതുര ശ്രീകോവിലിലാണ് സിംഹോദരന്റെ സ്ഥാനം. പടിഞ്ഞാട്ട് ദർശനം. അരണ്ട നിലവിളക്കിൻ വെളിച്ചത്തിൽ വിഗ്രഹത്തിന്റെ രൂപം വ്യക്തമാകില്ലെങ്കിലും സിംഹോദരൻ എന്ന പേരിനെ അന്വർത്ഥമാക്കും വിധം ദേവന്റെ ഉദരം (വയർ) സിംഹത്തിന്റേതു പോലെയാണെന്നത് തിരിച്ചറിയാൻ കഴിയും. സിംഹോദരന് ദിവസവും വിളക്കുവയ്പുണ്ടെന്നല്ലാതെ പ്രത്യേകപൂജകളോ വഴിപാടുകളോ ഇല്ല.
പരശുരാമൻ
നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിലുള്ള ഒരു തറയിൽ പടിഞ്ഞാട്ട് ദർശനമായാണ് പരശുരാമന്റെ സ്ഥാനം. ഇവിടെ പരശുരാമ സങ്കല്പത്തിലുള്ള ദീപപ്രതിഷ്ഠയാണുള്ളത്. ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയ്ക്കാണത്രേ പരശുരാമനെ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇവിടെ വച്ചാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തതെന്നും കഥയുണ്ട്. പരശുരാമൻ കടുത്ത ക്ഷത്രിയവിരോധിയായതിനാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുള്ള ഈ തറയിലേയ്ക്ക് ക്ഷത്രിയർക്ക് പ്രവേശനമില്ല. പരശുരാമന് പ്രത്യേകപൂജകളോ വഴിപാടുകളോ ഇല്ല.
നന്ദികേശ്വരൻ
പരമശിവന്റെ വാഹനമായ നന്തികേശ്വരൻ (നന്തി എന്ന് ചുരുക്കിപ്പറയുന്നു) ഇവിടെ ഒരു ഉപദേവനായി കുടികൊള്ളുന്നു. ശിവന്റെ നടയ്ക്കുനേരെ മുമ്പിലുള്ള നാലമ്പലക്കെട്ടിലാണ് നന്തിപ്രതിഷ്ഠ. കേരളത്തിൽ ഇന്നുള്ള ഏറ്റവും വലിയ നന്തിവിഗ്രഹമാണിത്. നന്തിയ്ക്ക് രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പും നിവേദ്യവുമുണ്ട്.
വാസുകീശയനശിവൻ
ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു അത്ഭുത ചുവർച്ചിത്രമാണ് സർപ്പരാജാവായ വാസുകിയുടെ പുറത്ത് ശയിയ്ക്കുന്ന പരമശിവന്റേത്. ശിവന്റെ നടയ്ക്കുനേരെയുള്ള നാലമ്പലക്കെട്ടിൽ നന്തികേശ്വരന്റെ വിഗ്രഹത്തിന് തൊട്ടുപുറകിൽ തെക്കോട്ട് ദർശനമായി വരച്ച ചിത്രമാണിത്. അനന്തശയനഭാവത്തിൽ മഹാവിഷ്ണുവിന്റെ ചിത്രങ്ങൾ ഒരുപാട് സ്ഥലങ്ങളിലുണ്ടെങ്കിലും വാസുകീശയനഭാവത്തിൽ ശിവന്റെ ചിത്രം മറ്റൊരിടത്തുമില്ല എന്നതാണ് പ്രത്യേകത. ദിവസവും ഈ ചിത്രത്തിന് ആരാധനയും വിളക്കുവയ്പുമുണ്ട്.
നൃത്തനാഥൻ (നടരാജൻ)
പരമശിവന്റെ നൃത്തം ചെയ്യുന്ന രൂപമാണ് നടരാജൻ. മഹാനടനനായിട്ടാണ് ഹിന്ദുക്കൾ ശിവനെ കാണുന്നത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനവേദിയായി കണക്കാക്കപ്പെടുന്നു. വടക്കുംനാഥ ക്ഷേത്രത്തിൽ നന്തിവിഗ്രഹത്തിന് ഇടതുവശത്ത് പടിഞ്ഞാട്ട് ദർശനമായി നടരാജന്റെ ഒരു ചുവർച്ചിത്രമുണ്ട്. നൃത്തനാഥൻ എന്നാണ് ഇതറിയപ്പെടുന്നത്. 20 കൈകളോടുകൂടിയ അത്യപൂർവ്വമായ ഈ ചുവർച്ചിത്രത്തിൽ ഭഗവാൻ അപസ്മാരയക്ഷനെ ചവുട്ടിപ്പിടിച്ച് നൃത്തം ചെയ്യുകയാണ്. പ്രപഞ്ചത്തെ മുഴുവൻ ഒരു ഗോളമാക്കി ചിത്രികരിച്ചിരിയ്ക്കുന്നു. അത്യപൂർവ്വമായ ഈ ചുവർച്ചിത്രം, പക്ഷേ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം ഇത് നശിച്ചുകൊണ്ടിരിയ്ക്കുകയാണ്. ദിവസവും ഈ ചിത്രത്തിനും ആരാധനയും വിളക്കുവയ്പുമുണ്ട്.
ഋഷഭൻ
വടക്കുംനാഥന്റെ നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായിത്തീർത്ത് നാലമ്പലക്കെട്ടിൽ തെക്കോട്ട് ദർശനമായാണ് ശിവഭൂതഗണങ്ങളിലൊരാളായ ഋഷഭന്റെ പ്രതിഷ്ഠ. നന്ദി തന്നെയാണ് വാസ്തവത്തിൽ ഋഷഭനായും കുടികൊള്ളുന്നത്. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നണുമാണത്രേ! അതിനാൽ രണ്ടുകൈകളും കൊട്ടി ദേവനെ ഉണർത്തി, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്തുവേണം വന്ദിയ്ക്കാൻ. ദേവൻ അനുഗ്രഹിച്ചു കഴിഞ്ഞാൽ വീണ്ടും ഉറങ്ങും.
ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: ആദ്യം ഋഷഭൻ കിഴക്കോട്ട് ദർശനമായാണ് കുടികൊണ്ടിരുന്നത്. നിൽക്കുന്ന രൂപത്തിലായിരുന്നു പ്രതിഷ്ഠ. ഒരുദിവസം രാവിലെ ക്ഷേത്രത്തിൽ വന്ന ശാന്തിക്കാർ വിഗ്രഹം ഉറങ്ങുന്നതായി കണ്ടുവത്രേ! തുടർന്ന് വിഗ്രഹം തെക്കോട്ട് ദർശനമാക്കി പണിതു. ഒരുകാലത്ത് കേരളത്തിൽ ബുദ്ധ-ജൈനമതങ്ങൾ ചെലുത്തിയിരുന്ന സ്വാധീനത്തിന്റെ പ്രതീകമായി ഋഷഭനെ കണ്ടുവരുന്നു. ഋഷഭൻ ഒരു ജൈനതീർത്ഥങ്കരനാണെന്നും കൈകൊട്ടി വിളിച്ചുണർത്തി നൂലെടുത്ത് തൊഴുന്നത് ജൈനമതാചാരത്തിന്റെ തുടർച്ചയാണെന്നും ചരിത്രകാരന്മാർ കണക്കാക്കുന്നു.
വേട്ടേയ്ക്കരൻ
കിരാതമൂർത്തിയായ പരമശിവനെയാണ് വേട്ടേയ്ക്കരൻ എന്ന് പറയുന്നത്. പാശുപതാസ്ത്രം കിട്ടാൻ ഘോരതപസ്സ് ചെയ്യുകയായിരുന്ന അർജുനനെ പരീക്ഷിയ്ക്കാൻ ഭഗവാൻ സ്വീകരിച്ച രൂപമാണ് വേട്ടേയ്ക്കരൻ. ക്ഷേത്രനാലമ്പലത്തിനു പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായാണ് കിരാതമൂർത്തിയുടെ ശ്രീകോവിൽ. രണ്ടടി പൊക്കം വരുന്ന ചെറിയ ശിവലിംഗമാണ് ഇവിടെയുള്ളത്. ധാരയും ശംഖാഭിഷേകവുമാണ് പ്രധാന വഴിപാടുകൾ. 2005 വരെ ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായാണ് വേട്ടേയ്ക്കരനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ 2005-ൽ നടന്ന ദേവപ്രശ്നത്തിൽ ആ സ്ഥാനം ശരിയല്ലെന്നും പുറത്താണ് പ്രതിഷ്ഠ വേണ്ടതെന്നും കണ്ടെത്തി. തുടർന്ന് പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയായിരുന്നു. മുമ്പ് വേട്ടേയ്ക്കരന്റെ പ്രതിഷ്ഠയുണ്ടായിരുന്ന മുറിയിലാണ് ഇന്ന് അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യുന്നത്.
നാഗദൈവങ്ങൾ
വിവിധതരം നാഗങ്ങളെ ആരാദിയ്ക്കുന്ന സമ്പ്രദായം കേരളത്തിലുണ്ടായിരുന്നു. സിന്ധുനദീ തടപ്രദേശത്തുനിന്ന് കണ്ടെടുത്ത രൂപങ്ങളിൽ നാഗരൂപങ്ങളുമുണ്ട്. പണ്ടുകാലത്ത് വലിയ തറവാട്ടുവീടുകളിൽ നാഗത്തറകൾ പതിവായിരുന്നു. ഇന്ന് ക്ഷേത്രങ്ങളിൽ മാത്രമാണ് നാഗത്തറകളുള്ളത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ തെക്കുപടിഞ്ഞാറേമൂലയിലാണ് നാഗപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും മറ്റ് ഉത്തമാധമസർപ്പങ്ങളുമാണ് ഇവിടെയുള്ളത്. നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. കൂടാതെ എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്തിവരുന്നു.
സുബ്രഹ്മണ്യൻ
ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ മണികണ്ഠനാൽത്തറയിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യ സ്വാമിയ്ക്ക് ഒരു പ്രത്യേക ക്ഷേത്രം പണിതിട്ടുണ്ട്. ഏഴുപതിറ്റാണ്ടുകളേ ആയിട്ടുള്ളൂ ഈ ക്ഷേത്രം പണിതിട്ട്. ഇതിനുപിന്നിൽ ഒരു കാരണമുണ്ട്: മണികണ്ഠനാൽ സ്വാതന്ത്ര്യ സമരകാലത്ത് ഒരുപാട് പ്രസംഗങ്ങൾക്ക് വേദിയായി. പ്രശസ്തരായ നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ അക്കാലത്ത് ഇവിടെ വന്ന് പ്രസംഗിച്ചുപോയിരുന്നു. എന്നാൽ ക്ഷേത്രത്തിലേയ്ക്കു പോകുന്ന ഭക്തർക്ക് അത് വലിയൊരു പ്രശ്നമായി മാറി. തുടർന്ന് അവിടെ ചെറിയൊരു ക്ഷേത്രം പണിത് അവിടെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചു. ഇന്നത് വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സമീപം ഗണപതിയും സാന്നിദ്ധ്യമാകുന്നുണ്ട്. പഞ്ചാമൃതവും പാലഭിഷേകവുമാണ് സുബ്രഹ്മണ്യസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.
ഹനുമാൻ
രാമായണത്തിലെ അനശ്വരകഥാപാത്രമായ ഹനുമാൻ സ്വാമി സപ്ത ചിരഞ്ജീവികളിലൊരാളായി കണക്കാക്കപ്പെടുന്നു. ഭക്തിയിലും ബുദ്ധിശക്തിയിലും സ്വഭാവമഹിമയിലുമെല്ലാം ഉത്തമനായി കണക്കാക്കപ്പെടുന്ന അദ്ദേഹമില്ലായിരുന്നുവെങ്കിൽ രാമായണത്തിന്റെ ഗതി മറ്റൊന്നായേനെ. വടക്കുംനാഥ ക്ഷേത്രത്തിൽ അദ്ദേഹത്തിന് പ്രതിഷ്ഠയില്ലെങ്കിലും രണ്ട് സ്ഥലങ്ങളിൽ അദ്ദേഹം അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഒന്ന്, ക്ഷേത്രനാലമ്പലത്തിനകത്ത് ശ്രീരാമന്റെ ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ;മറ്റേത്, അയ്യപ്പന്റെ ശ്രീകോവിലിനു പുറകിലുള്ള ഔഷധത്തറയിൽ. ശ്രീരാമസാന്നിദ്ധ്യമുള്ളിടത്ത് ഹനുമാൻ എന്നുമുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പത്തിനുപിന്നിലുള്ള വിശ്വാസമെങ്കിൽ, രാവണ പുത്രനായ ഇന്ദ്രജിത്തുമായുള്ള യുദ്ധത്തിനിടയിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണന്റെ ജീവൻ രക്ഷിയ്ക്കാനുള്ള മൃതസഞ്ജീവനിയടങ്ങിയ മരുത്വാമലയും കൊണ്ട് ഹനുമാൻ ലങ്കയിലേയ്ക്കുപോകുന്ന വഴിയിൽ അതിന്റെ ഒരുഭാഗം അടർന്നുവീണതാണ് രണ്ടാമത്തെ സങ്കല്പത്തിനുപിന്നിലുള്ള വിശ്വാസം. രണ്ടിടത്തും വിളക്കുവയ്പുണ്ട്.
ആദിശങ്കരാചാര്യർ
അദ്വൈതവേദാന്തികനായിരുന്ന ആദിശങ്കരാചാര്യർ ഹിന്ദുമതത്തിന് പുതിയൊരു ഭാവം നൽകുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചു. 32 വർഷം മാത്രം നീണ്ടുനിന്ന ജീവിതം കൊണ്ട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിയ്ക്കുകയും ഒരുപാട് കൃതികൾ രചിയ്ക്കുകയും ചെയ്ത അദ്ദേഹം സമാധിയടഞ്ഞത് വടക്കും നാഥക്ഷേത്രത്തിൽ വച്ചാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു (കേദാർനാഥിൽ വച്ചാണ് അദ്ദേഹം സമാധിയടഞ്ഞതെന്നും പറയപ്പെടുന്നു. ഇന്ന് രണ്ടിടത്തും അദ്ദേഹത്തിന് സമാധി പ്രതിഷ്ഠകളുണ്ട്). അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക് പുത്രസൗഭാഗ്യം ലഭിച്ചതുതന്നെ വടക്കും നാഥനെ ഭജിച്ചതുമൂലമാണ്. പ്രായാധിക്യം മൂലം അവർക്ക് വരാൻ കഴിയാതായപ്പോൾ അവർക്കുവേണ്ടി ഭഗവാൻ കാലടിയിൽത്തന്നെ കുടികൊണ്ടുവെന്ന് കഥയുണ്ട്. അവിടെ ഇപ്പോൾ തിരുവെള്ളമാന്തുള്ളി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരിയ്ക്കൽ ശങ്കരാചാര്യർ ഇവിടെയിരുന്ന് വിഷ്ണുപാദാദിസ്തവം രചിയ്ക്കുന്നതിനിടയിലാണ് സമാധിയായതെന്നും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അത് പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച മൂന്ന് മഠങ്ങൾ (തെക്കേ മഠം, നടുവിൽ മഠം, വടക്കേ (ബ്രഹ്മസ്വം) മഠം) ഇന്നും ക്ഷേത്രത്തിന് സമീപമുണ്ട്. ശങ്കരാചാര്യർ സമാധിയായ സ്ഥാനത്താണ് ഇന്ന് അദ്ദേഹത്തിന്റെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. ശങ്കരാചാര്യരുടെ പൂർണകായപ്രതിമ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നാലടി ഉയരം കാണും. ശ്രീകോവിലിനു ചുറ്റും ശങ്കരാചാര്യരുടെ ജീവിതകഥയിലെ ചില സുപ്രധാന സന്ദർഭങ്ങൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ശങ്കരാചാര്യരുടെ ശ്രീകോവിലിന് തെക്കുഭാഗത്തായി ശംഖചക്രങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. വിഷ്ണുഭഗവാന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ ശിലാരൂപങ്ങൾ ക്ഷേത്രത്തിലെ ശൈവവൈഷ്ണവശക്തിസംയോഗത്തെ സൂചിപ്പിയ്ക്കുന്നു.
കാശീവിശ്വനാഥൻ
സിംഹോദരന്റെ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിൽ ത്രികോണാകൃതിയിൽ ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുന്ന ഭക്തർ തുടർന്ന് അതിന് കിഴക്കുഭാഗത്തുള്ള ഒരു തറയിൽ കയറിനിന്ന് വടക്കുകിഴക്കേ മൂലയിലേയ്ക്ക് തിരിഞ്ഞുനോക്കി കാശീവിശ്വനാഥനെ വന്ദിയ്ക്കുന്നു. കാശീവിശ്വനാഥൻ തന്നെയാണ് വടക്കും നാഥനായി വാഴുന്നത് എന്ന വിശ്വാസമാണ് ഇതിനുപിന്നിൽ.
ഇതുകഴിഞ്ഞാൽ ഇതിന് തൊട്ടുമുമ്പിലുള്ള ബലിക്കല്ലിന് മുകളിൽ കല്ലുകൾ കൂട്ടിയിടുന്ന ഒരു ആചാരമുണ്ടായിരുന്നു. 2005-ൽ നടന്ന ദേവപ്രശ്നത്തിൽ ആ ആചാരം റദ്ദാക്കി. എന്നാൽ ഇന്നും ഇതറിയാത്ത ചിലർ ഇത് തുടർന്നുപോരുന്നുണ്ട്. ഇതിനടിയിലൂടെ ഒരു രഹസ്യമാർഗ്ഗമുണ്ടെന്നും അതുവഴി നേരെ കാശിയിലെ മണികർണികാഘട്ടത്തിലെത്തിച്ചേരാമെന്നും വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ ഭജനമിരുന്ന ദേശമംഗലം നമ്പൂതിരിയ്ക്ക് കാശീവിശ്വനാഥദർശനം എന്ന മോഹം സാധിച്ചുകൊടുക്കാൻ വടക്കുംനാഥൻ തന്നെ നിർമ്മിച്ചു കൊടുത്തതാണ് ആ വഴിയെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാശിയിലെത്തി ദർശനം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് ഇതേ മാർഗ്ഗത്തിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ തിരിച്ചെത്തിയെന്നും വിശ്വസിയ്ക്കപ്പെടുന്നു. തുടർന്ന് ഈ വഴി അടച്ചു. ഈ വഴിയിലൂടെ ഗംഗയും ശ്രീലകത്ത് വരുമെന്ന് പാർവ്വതിയ്ക്ക് തോന്നിയതുമൂലമാണത്രേ ഇതടച്ചതുപോലും! ഈ വഴി അടച്ചതിൽ നമ്മളും പങ്ക് വഹിച്ചു എന്ന വിശ്വാസമാണത്രേ കല്ലുകൾ കൂട്ടിയിടുന്നതിനുപിന്നിലുണ്ടായിരുന്നതുപോലും!
ചിദംബരനടരാജൻ, രാമനാഥസ്വാമി
കാശീവിശ്വനാഥനെ തൊഴുത് തെക്കോട്ട് യാത്ര ചെയ്താൽ മറ്റൊരു തറയിലെത്താം. തെക്കുകിഴക്കേ മൂലയിലുള്ള ഈ തറയിൽനിന്ന് കിഴക്കോട്ട് നോക്കി ചിദംബരനടരാജനെയും തെക്കോട്ട് നോക്കി രാമേശ്വരത്തെ രാമനാഥസ്വാമിയെയും ഭക്തർ വന്ദിയ്ക്കുന്നു. ശിവൻ നടരാജഭാവത്തിൽ കുടികൊള്ളുന്ന ഏക ക്ഷേത്രമാണ് ചിദംബരം ക്ഷേത്രം. പ്രതിഷ്ഠാമൂർത്തി തന്നെ ശീവേലിമൂർത്തിയായും വരുന്ന ഏക ക്ഷേത്രവും ഇതുതന്നെ. ചിദംബരനാഥന്റെ ആനന്ദതാണ്ഡവം രാമേശ്വരത്തും പ്രതിഫലിച്ചുവത്രേ! രാമേശ്വരം ക്ഷേത്രമാകട്ടെ ഐതിഹ്യപ്രകാരം രാവണനെ കൊന്നതുമൂലമുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കാൻ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവക്ഷേത്രമാണ്. ശ്രീരാമൻ പ്രതിഷ്ഠ നടത്തിയതിനാൽ സ്ഥലത്തിന് രാമേശ്വരം എന്നും പ്രതിഷ്ഠയ്ക്ക് രാമനാഥൻ എന്നും പേരുകൾ വന്നു. ഒരിയ്ക്കൽ നന്തിയുടെ നിർദ്ദേശപ്രകാരം ഇവിടെത്തിയ അനന്തൻ ഈ തറയിലിരുന്ന് താണ്ഡവനൃത്തം ദർശിച്ചുവെന്ന് ഐതിഹ്യമുണ്ട്.
ഊരകത്തമ്മത്തിരുവടി, കൂടൽമാണിക്യസ്വാമി
കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഊരകത്തമ്മത്തിരുവടി ക്ഷേത്രം തൃശ്ശൂർ നഗരത്തിൽനിന്ന് ഉദ്ദേശം 12കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്നു;ഭാരതത്തിൽ ഭരതപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം 24 കിലോമീറ്റർ തെക്കുമാറിയും. ഈ രണ്ട് ക്ഷേത്രങ്ങളിലേയ്ക്കും നോക്കിത്തൊഴാനുള്ള തറ തെക്കേ ഗോപുരത്തിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഊരകത്തമ്മ തന്റെ ഭക്തനായ തിരുവലയന്നൂർ ഭട്ടതിരിയുടെ ഓലക്കുടയിൽ കയറിയിരുന്ന കാഞ്ചീകാമാക്ഷി തന്നെയാണ്. ഊരകത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ ഭഗവതിയുടെ ഒരംശം വടക്കും നാഥക്ഷേത്രത്തിലും സാന്നിദ്ധ്യമരുളി എന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൂടാതെ, വടക്കുംനാഥ ക്ഷേത്രത്തിൽ ജ്യേഷ്ഠനായ ശ്രീരാമനോടൊപ്പം കുടികൊള്ളാനായിരുന്നു ഭരതന്റെ ആഗ്രഹമത്രേ. എന്നാൽ ഭക്തനായ വാക്കയിൽ കൈമളുടെ അഭ്യർത്ഥനപ്രകാരം ഭരതൻ കൂടൽമാണിക്യത്ത് സംഗമേശ്വരനായി കുടികൊണ്ടുവെന്നും എന്നാൽ അദ്ദേഹത്തിന്റെ അദൃശ്യസാന്നിദ്ധ്യം ഇന്നും വടക്കുംനാഥ ക്ഷേത്രത്തിലുണ്ടെന്നുമാണ് കഥ.
കൊടുങ്ങല്ലൂരമ്മ (ഭദ്രകാളി)
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതിക്ഷേത്രം തൃശ്ശൂരിൽ നിന്ന് ഉദ്ദേശം42 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണത്രേ ഇത്. കേരളത്തിലെ 64 ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും കൊടുങ്ങല്ലൂരിനെ കണ്ടുവരുന്നു. ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയായും ഭഗവതിയെ കണ്ടുവരുന്നുണ്ടെങ്കിലും ഭദ്രകാളീഭാവം തന്നെയാണ് പ്രധാനം. കൊടുങ്ങല്ലരിലേയ്ക്ക് നോക്കിത്തൊഴാനുള്ള തറ ഒരു ആൽമരത്തിന്റെ തറയാണ്. ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിൽനിന്ന് അല്പം പടിഞ്ഞാറുമാറിയാണ് ഈ ആൽമരം. ഊരകം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഊരകത്തമ്മയുടെ അദൃശ്യസാന്നിദ്ധ്യമുള്ളതുകൊണ്ട് കൂടിയാകണം കൊടുങ്ങല്ലൂരമ്മയ്ക്കും ഇവിടെ സ്ഥാനം ഉറപ്പിച്ചത്. തെക്കുപടിഞ്ഞാറേ മൂലയിലേയ്ക്കു നോക്കി കൊടുങ്ങല്ലൂരമ്മയെ തൊഴുന്ന ഭക്തർ തുടർന്ന് അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രധാന ശ്രീകോവിലുകളുടെ താഴികക്കുടങ്ങളും നോക്കിത്തൊഴുന്നു.
വേദവ്യാസൻ, ദക്ഷിണാമൂർത്തി
ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെയും പതിനെട്ട് പുരാണങ്ങളുടെയും കർത്താവായ വേദവ്യാസന് ഇവിടെ തെക്കുഭാഗത്തെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അദൃശ്യസാന്നിദ്ധ്യമുണ്ട്. ഒരു ചെറിയ ഉരുളൻകല്ലിലാണ് വേദവ്യാസനെ സങ്കല്പിച്ചു തൊഴുന്നത്. കൊടുങ്ങല്ലൂരമ്മയുടെ തറയ്ക്ക് തൊട്ടു പടിഞ്ഞാറു മാറിയാണ് വേദവ്യാസസങ്കല്പം. ഈ തറയിൽ ദർശനം നടത്തിക്കഴിഞ്ഞാൽ മണലിൽ 'ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ' എന്ന വിദ്യാരംഭമന്ത്രം എഴുതുകയും വേണം. വ്യാസശിലയുടെ താഴെ ദക്ഷിണാമൂർത്തി സങ്കല്പവുമുണ്ട്. ശിവന്റെ തന്നെ സന്യാസഭാവമാണ് ദക്ഷിണാമൂർത്തി. പ്രപഞ്ചത്തിന്റെ ആദിഗുരു എന്ന സങ്കല്പത്തിലുള്ളതാണ് ഈ ഭാവം. അതിനാൽ വിദ്യാഭിവൃദ്ധിയ്ക്ക് ദക്ഷിണാമൂർത്തി ഭജനവും ഉത്തമമായി കണക്കാക്കപ്പെടുന്നു. വ്യാസശിലയുടെ ചുവട്ടിലുള്ള ദക്ഷിണാമൂർത്തിയെ തൊഴുതുവേണം അയ്യപ്പനെ തൊഴാൻ എന്നാണ് ആചാരം. ഇല്ലെങ്കിൽ ദർശനപുണ്യം നശിയ്ക്കുമത്രേ!.
പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം)
വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തന്നെയുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. എല്ലാ മാസവും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പോയി ദർശനം നടത്തിയിരുന്ന അപ്പാട്ട് കുറുപ്പാൾക്ക് പ്രായാധിക്യം കാരണം പോകാൻ കഴിയാതെയായപ്പോൾ തിരുമാന്ധാംകുന്നിലമ്മ തന്നെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിവന്ന് വടക്കും നാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിൽ കുടിയിരുന്നുവെന്നും പിന്നീട് ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരു വലിയ പാറയുടെ മുകളിലാക്കിയെന്നും അങ്ങനെ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നുവെന്നുമാണ് ഐതിഹ്യം. തൃശ്ശൂർ പുരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വകയാണ്. പാറമേക്കാവിലമ്മയുടെ മൂലസ്ഥാനം വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയായതു കൊണ്ടാണ് അവിടെ മേളം നടത്തുന്നത്. മാത്രവുമല്ല,പാറമേക്കാവിലെ ദീപാരാധനാസമയത്ത് ഇവിടെ വിളക്കുവയ്പുമുണ്ട്.
തൊഴേണ്ട രീതികൾ
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. രാവിലെയാണെങ്കിൽ അരയാലിന് ഏഴുവലം വയ്ക്കുന്നതും ഉത്തമം. തുടർന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ വന്ദിയ്ക്കുക. തുടർന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിയ്ക്കുക. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നനുമായതിനാൽ കൈകൊട്ടിത്തൊഴുത്, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്ത് വേണം ദർശനം നടത്താൻ. തുടർന്ന് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുക. തുടർന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്തിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടർന്ന് മണ്ഡപത്തിലിരുന്ന് നാമം ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം പാർവ്വതീദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടർന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുണ്ട്. ഈ രീതിയിൽ മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം നാലമ്പലത്തിന് പുറത്ത് കടക്കുക.
തുടർന്ന് പ്രദക്ഷിണമായി വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴാനായി തെക്കുപടിഞ്ഞാട്ട് നടക്കുക. സിംഹോദരനെ തൊഴുതുകഴിഞ്ഞാൽ ശ്രീകോവിലിന് വടക്കുപടിഞ്ഞാറു ഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുതുകഴിഞ്ഞാൽ അടുത്തുള്ള തറയിൽ കയറി വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണം വയ്ക്കുമ്പോൾ തെക്കുകിഴക്കേമൂലയിൽ ഒരു തറ കാണാം. അതിൽ കയറിനിന്ന് വടക്കുകിഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥസ്വാമിയെയും വന്ദിയ്ക്കുക. തുടർന്ന് തെക്കേ ഗോപുരത്തിനടുത്തുള്ള തറയിൽ കയറിനിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടൽമാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ കയറിനിന്ന് തെക്കുപടിഞ്ഞാറോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മയെയും വടക്കോട്ട് തിരിഞ്ഞ് പ്രധാന ശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടർന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹർഷിയെ വന്ദിച്ച് വിദ്യാരംഭമന്ത്രം കുറിച്ച് മരച്ചുവട്ടിലെ ദക്ഷിണാമൂർത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. അയ്യപ്പനെ തൊഴുതു കഴിഞ്ഞാൽ തുടർന്ന് മൃതസഞ്ജീവനിത്തറയിലേയ്ക്ക് ചെല്ലുക. അവിടെ എന്നും പൂവുള്ള ഒരു ചെടിയുണ്ട്. അതിലെ പൂവെടുത്ത് തലയിൽ തൊട്ടാൽ പിന്നെ ഒരു വർഷത്തേയ്ക്ക് വീട്ടിൽ മരണം നടക്കില്ലെന്നാണ് വിശ്വാസം. ഇതേ തറയിൽ അദൃശ്യനായി വാഴുന്ന ഹനുമാൻ സ്വാമിയെ വന്ദിച്ച് വേട്ടേയ്ക്കരനെ തൊഴാൻ ചെല്ലുക. ശത്രുനാശത്തിന് വേട്ടേയ്ക്കരനെ തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. പിന്നെ അതിന് വടക്കുഭാഗത്തുള്ള നാഗത്തറയിലും ശംഖചക്രപ്രതിഷ്ഠയിലും തൊഴുതശേഷം ശങ്കരാചാര്യരെ വന്ദിയ്ക്കുക. തുടർന്ന് ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലും തൊഴുത് പുറത്ത് കടക്കുക.
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു. പറ്റുമെങ്കിൽ നടുവിലാൽ,മണികണ്ഠനാൽ ക്ഷേത്രങ്ങളിലും ദർശനം നടത്താവുന്നതാണ്.
വിശേഷ ദിവസങ്ങൾ
ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. ഒരിയ്ക്കൽ ഇന്ദ്രാദിദേവന്മാരെല്ലാവരും കൂടി ഒരു ഗംഭീര ഉത്സവം നടത്തിയെന്നും അത് അതിഗംഭീരമായതിനാൽ പിന്നീട് അത്തരത്തിലൊന്ന് ആവശ്യമില്ലെന്ന് ശിവൻ പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.
ശിവരാത്രി
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിയ്ക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. അന്ന് തൃശ്ശൂർ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളിൽ നിന്ന് ദേവീദേവന്മാർ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്,തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂർ,അയ്യന്തോൾ, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്,പനമുക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളിൽ നിന്നാണ്. ശിവരാത്രിയോടനുബന്ധിച്ച് രാവിലെയും വൈകുന്നേരവും 1001 കതിനവെടിയും ദിവസം മുഴുവൻ നെയ്യഭിഷേകവും നടത്താറുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ കലാപരിപാടികളുമുണ്ടാകും.
തൃശ്ശൂർപൂരം
ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരം ശ്രീ വടക്കും നാഥന്റെ സാനിധ്യത്തിലാണ് നടക്കുക. തൃശ്ശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽ നിന്നു ദേവീദേവന്മാർ എഴുന്നള്ളിയെത്തും. തൃശ്ശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു,വരുന്നു. അത്രമാത്രം. പാറമേക്കാവ് ഭഗവതി മതിൽക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:
കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാൾ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിനുപോകുമായിരുന്നു. വാർദ്ധക്യത്തെത്തുടർന്ന് അദ്ദേഹത്തിനു പോകാൻ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോൾ അവസാനദർശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്ന് തന്റെ കുടയുമെടുത്ത് യാത്രചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാർ കുടയിൽ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അവിടെ പ്രതിഷ്ഠയും നടത്തി. ഇന്നും ദിവസവും പാറമേക്കാവിലെ ദീപാരാധനാസമയത്ത് അവിടെ വിളക്കുവച്ച് പൂജയും നടത്തിവന്നു.
കാലക്രമത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചു. പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചതിനാൽ പാറമേക്കാവ് എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതിൽക്കെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പാണ്ടിമേളം നടത്തുന്നത്. ഹിന്ദുനിയമപ്രകാരം പാണ്ടിമേളം മതിൽക്കെട്ടിനകത്ത് നടത്താൻ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ എന്നാണ് ചിട്ട. എന്നാൽ,അന്നത്തെ കേരളീയസമൂഹത്തിലുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തെ എതിർത്ത നഗരപിതാവായ ശക്തൻ തമ്പുരാൻ പ്രതിഷേധ സൂചകമായി ചിട്ട തെറ്റിയ്ക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ