ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിചിത്രവീര്യൻ;;ശാലിയര്‍;;ചിത്രാംഗദൻ;;വിശ്വാമിത്രനും ഗായത്രിയും;;അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും




വിചിത്രവീര്യൻ
മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ.
ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി.
രാജാവാകുമ്പോൾ ബാലകനായിരുന്നു വിചിത്രവീര്യൻ. അതുകൊണ്ട് ഭീഷ്മർ ആയിരുന്നു അദ്ദേഹത്തിനുവേണ്ടി ഭരണം നടത്തിയിരുന്നത്. വിചിത്രവീര്യൻ വലുതായപ്പോൾ ഭീഷ്മർ അദ്ദേഹത്തിനു അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങി. കാശിയിലെ രാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയം‌വരം നടത്തുന്നതായി ഭീഷ്മർ അറിഞ്ഞു. വിചിത്രവീര്യൻ നന്നേ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹം സ്വയം‌വരം വിജയിച്ചില്ലെങ്കിലോ എന്ന് കരുതി ഭീഷ്മർ തന്നെ സ്വയം‌വരത്തിൽ പങ്കെടുക്കുകയും കാശി മഹാരാജാവിന്റെ പെൺമക്കളായ അംബ, അംബിക, അംബാലിക എന്നിവരെ തന്റെ രാജ്യത്തേയ്ക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇവരിൽ അംബ താൻ സ്നേഹിച്ചിരുന്ന സാല്വനെ വിവാഹം കഴിക്കാനാണ് താത്പര്യം കാണിച്ചത്. തുടർന്ന് വിചിത്രവീര്യൻ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുൻപ് ക്ഷയരോഗം ബാധിച്ച് വിചിത്രവീര്യൻ നാടുനീങ്ങി. മരണസമയത്ത് വിചിത്രവീര്യന് മക്കൾ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ രാജ്യത്തിന് കിരീടാവകാശി ഇല്ലാതെയായി. തുടർന്ന് വിചിത്രവീര്യന്റെ മാതാവ് സത്യവതി ഭീഷ്മരോട് അംബികയേയും അംബാലികയേയും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചാരി ആയ ഭീഷ്മർ അതിനു തയ്യാറായില്ല. സത്യവതിയുടെ പുത്രനായ വേദവ്യാസനെക്കൊണ്ട് ഇവരെ വിവാഹം കഴിക്കാൻ ഭീഷ്മർ ആവശ്യപ്പെട്ടു. തുടർന്ന് വ്യാസൻ ഇവരെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന് അംബികയിൽ ധൃതരാഷ്ട്രർ എന്നും അംബാലികയിൽ പാണ്ഡു എന്നും പേരുള്ള രണ്ട് മക്കൾ ഉണ്ടാകുകയും ചെയ്തു.
ശാലിയര്‍
വസ്ത്രനിര്‍മ്മാണം തൊഴിലാക്കിയവരാണ് ശാലിയര്‍. ഈ കലയില്‍ വിദഗ്ധരായ ഇവരെ ശാലികന്‍, ചാലിയന്‍, എന്നും അറിയപ്പെടുന്നു. ചേലനെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവരെ ചാലിയര്‍ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകള്‍ സ്ഥാപിക്കുക. ശാലിയര്‍ എന്നും ഇതിനാല്‍ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ടവരാണിവര്‍. ഇവരില്‍ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്.
തെരുവ് സമ്പ്രദായത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് 96 തെരുവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂര്‍, വെള്ളൂര്‍ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു.
കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കല്‍, പുതിയതെരു കൂടാലി, എരുവേശി,കാഞ്ഞിരോട് രാമര്‍തെരു, നടമ്മല്‍, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകള്‍. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവര്‍ നടത്തുന്നു. വലംങ്കൈ വിഭാഗം ഗണപതിയെ ആരാധിക്കുന്നു.
പാലക്കാട് ജില്ലയിലെ നെയ്ത്തുകാരാണ് ദേവാംഗന്മാര്‍. ഇവരില്‍ ചിലര്‍ തെലുങ്കും, കന്നടയും സംസാരിക്കുന്നവരാണ്. ഇവര്‍ക്ക് ജാടര്‍ എന്നും വിളക്കുന്നു.
മക്കത്തായ വിഭാഗക്കാരാണിവര്‍. ഇവരിലെ സമുദായ പ്രമാണിമാരെ ചെട്ടിയാര്‍ എന്നും അറിയപ്പെടുന്നു. ദേവാംഗ, പട്ടാര, ശാലിയ, വിഭാഗങ്ങളെ ഒന്നിച്ച് പദ്മശാലിയര്‍ എന്നും വിളിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാനതൊഴില്‍ തുണിനെയ്ത്തുതന്നെയാണ്.
നെയ്ത്തുതെരുവിലെ ദൈവപ്രതിഷ്ഠ
ക്ഷേത്രങ്ങളില്ലാത്ത ശാലിയത്തെരുവുകളില്ല. നെയ്ത്തുശാലകള്‍ക്കും വീടുകള്‍ക്കുമിടയില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരാല്‍വൃക്ഷവും, തൊട്ടടുത്ത് ഒരു ക്ഷേത്രവും. ഗണപതിയാണ് കുലദൈവം പണ്ടുകാലം മുതലേ നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച് 
കോളനിയടിസ്ഥാനത്തില്‍ [തെരുവ്] താമസിക്കുകയും ചെയ്യുന്ന ശാലിയ സമുദായത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട് ഇടങ്കരും വലങ്കരും. ഇതില്‍ വലങ്കരാണ് കുലദൈവമായി ഗണപതിയെ പൂജിക്കുന്നത്. കാസര്‍ഗോഡ്‌ ഭാഗത്ത് ശാലിയരെ ദേവാംഗരേന്നാണ് വിളിക്കുന്നത്‌. തിരുവിതാംകൂറില്‍ പട്ടാര്യസമുദായക്കാരും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്‌ ശാലിയത്തെരുവുകള്‍ ഏറെയുള്ളത്.
നെയ്ത്ത് മാത്രമല്ല തുണിക്കച്ചടവും ഒരുകാലത്ത് ഇവരുടെ കുത്തകയായിരുന്നു. ഇന്ന് തുണിക്കച്ചവടം കയ്യില്‍ കാശുള്ള എല്ലാവരുടേതുമായി മാറി. മാത്രമല്ല ശാലിയസമുദായക്കാര്‍ വളരെ ചുരുക്കം പേരേ തുണിക്കച്ചവട രംഗത്തുള്ളൂ.
   
നെയ്ത്തുകാരന്‍റെ കുലദൈവം ഗണപതിയായതെങ്ങനെയെന്നല്ലേ? പണ്ട് ശാലിയര്‍ ഭ്രാഹ്മണരായിരുന്നു. ശല്യഭ്രാഹ്മണര്‍. അനത്തെകാലത്ത് ഒരു ആചാരമുണ്ടായിരുന്നു. പാപനിവൃത്തിക്കായി ഭ്രാഹ്മണര്‍ക്ക് സദ്യനടത്തുന്ന ഒരേര്‍പ്പാട്. സദ്യക്ക് എന്തുമാത്രം വിഭാവങ്ങളുണ്ടയിരുന്നാലും സദ്യയുണ്ണുന്ന ഭ്രാഹ്മണര്‍ക്ക് ഒരിക്കലും ത്രിപ്തിവരാറില്ലത്രേ. സദ്യ കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ 'ഛെ അതു മോശം, ഇതു മോശം' എന്നൊക്കെ അഭിപ്രായങ്ങള്‍ പാസ്സാക്കിയായിരുന്നത്രെ ഇവരുടെ യാത്ര. തന്‍റെ പാപം തീര്‍ന്നില്ലെങ്കിലും വേണ്ടില്ല ഇത്തരക്കാരെയോന്നു പറ്റിക്കണമെന്നു കരുതി ഒരു മഹാ പാപി ഒരു സദ്യ ഏര്‍പ്പെടുത്തി. ഭ്രാഹ്മണരെയെല്ലാം സദ്യക്ക് ക്ഷണിച്ചു. സദ്യക്ക് വിളമ്പാന്‍ ഒരു പുതിയ കറികൂടി ഉണ്ടായിരുന്നു. ചെമ്മീന്‍ വറുത്തു പൊടിച്ച് തയ്യാറാക്കിയ ഒരു കറി. സദ്യയെല്ലാം കഴിഞ്ഞപ്പോള്‍ ഭ്രാഹ്മണരോട് അഭിപ്രായം ചോദിച്ചു. എങ്ങിനെയുണ്ടായിരുന്നു? 'ബഹുകേമം' എല്ലാവരും ഒരേ സ്വരത്തില്‍ അറിയിച്ചു. എന്നാല്‍ വിഡ്ഢികളെ നിങ്ങള്‍ വാരിക്കോരിക്കുടിച്ചത് ചെമ്മീന്‍കറിയാണ്. ഇതു കേള്‍ക്കേണ്ട താമസം പലരും ബോധംകെട്ടുവീണു. ചിലര്‍ക്ക് ചര്‍ദ്ദി. അങ്ങനെ ബഹളത്തോട് ബഹളം. ഇനി എന്താ ഒരു നിവര്‍ത്തി. അരുതാത്തത് ചെയ്തുപോയില്ലേ? ഭ്രാഹ്മണര്‍ കൂട്ടായി ആലോചിച്ചു. ജീവനോടുക്കുകതന്നെ. അല്ലാതെ മത്സ്യം വയറ്റിലാക്കിയ ഭ്രാഹ്മണര്‍ക്ക് വേറെന്തു ഗതി? അവര്‍ നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്നു. എല്ലാവരുംകൂടി തീക്കുണ്ഡമുണ്ടാക്കി അതില്‍ ചാടാന്‍ തന്നെ തീരുമാനിച്ചു. നാല്‍പ്പത്തിയെഴ് പേരും ചാടി. അവസാനത്തെ ആള്‍ ചാടാന്‍ പുറപ്പെട്ടപ്പോളതാ പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ശിവന്‍ അയാളുടെ കൈ പിടിച്ച്‌ ചോദിച്ചു: എന്താ കാട്ട്ണ്? നാല്‍പ്പതിയെട്ടാമന്‍ കാര്യമെല്ലാം പരമശിവന്‍റെ അടുത്ത് അറിയിച്ചു. ഏയ്, ഇത്തരത്തില്‍ ഞാനിവിടെ ജീവിച്ചിട്ടെന്താ? എന്നെ മരിക്കാന്‍ അനുവദിക്കണമെന്നായി. എന്നാല്‍ പരമശിവന്‍ അയാളെ മരിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല ശിവന്‍ ഒരു കറുകപ്പുല്ല് ജപിച്ച് തീക്കുണ്ഡത്തിലേക്ക് എറിയുകയും ചെയ്തു. മരിച്ച നാല്‍പ്പത്തിയേഴ് പേരും ഉയിര്‍ത്തെഴുന്നേറ്റു എല്ലാവരോടുമായി ശിവന്‍ പറഞ്ഞു: നിങ്ങളെല്ലാം ഇനി ഒന്നായി താമസിച്ച് നെയ്ത്ത് തൊഴിലായി സ്വീകരിച്ചോളൂ. [രാജകൊട്ടാരത്തില്‍ പട്ടുവസ്ത്രം നിര്‍മ്മിക്കുവാനുള്ള അവകാശം രാജാവ് ഈ ഒരു വിഭാഗത്തിനു കല്പിച്ചുനല്‍കി.] പിന്നെ എന്‍റെ മകന്‍ ഗണപതിയെ താമസസ്ഥലത്ത് പ്രതിഷ്ഠ നടത്തി പൂജിക്കുകയും ചെയ്തോളൂ. നിങ്ങള്‍ക്ക് ഗുണം വരും. എല്ലാ വര്‍ഷവും ഞാനും പാര്‍വതിയും നിങ്ങളെ കാണാന്‍ അങ്ങോട്ട്‌ വരും. ഇത്രയും പറഞ്ഞ് ശിവന്‍ അപ്രത്യക്ഷനായി. എല്ലാവരും ശിവന്‍ പറഞ്ഞതുപോലെത്തന്നെ ചെയ്തു. നെയ്ത്തു തൊഴിലായി സ്വീകരിച്ചു, കൂട്ടായി ഒരിടത്ത് താമസിച്ചു. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ ശിവനും പാര്‍വ്വതിയും തന്‍റെ പ്രജകളെ കാണാന്‍ വരും. അന്ന് ശാലിയത്തെരുവുകള്‍ക്ക് ഒരു ഉത്സവമായിരിക്കും. വിഷു ദിവസത്തിലാണ് ശിവനും പാര്‍വ്വതിയും എത്തുക. വിഷു ദിവസം ഉണങ്ങിയ വാഴക്കൈകള്‍ കൊണ്ട് ശരീരം പൊതിഞ്ഞ് രണ്ടുപേര്‍ ശിവനും പാര്‍വ്വതിയുമായി വേഷം കെട്ടി തെരുവുകളിലെ വീടുകളിലെല്ലാം കയറിയിറങ്ങും. നിലവിളക്ക് കൊളുത്തി വീട്ടുകാര്‍ അവരെ സ്വീകരിക്കും. ഇതുകൂടാതെ ഗണപതിക്കോവിലില്‍ പ്രത്യേക ഉത്സവങ്ങളും നടത്തും. ഉത്സവത്തിന് ചെണ്ടകൊട്ടുന്നതും ഈ സമുദായത്തിലുള്ളവര്‍ തന്നെയാണ്.
ചിത്രാംഗദൻ
1. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളും ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന് രാജപത്നിയായ സത്യവതിയിൽ ജനിച്ച മൂത്ത പുത്രനും ആണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനാണ് ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും പിതാവായ വിചിത്രവീര്യ മഹാരാജാവ്.
*ചിത്രാംഗദന്റെ ജനനം*
ശന്തനു മഹാരാജാവിന്റെ മൂത്ത പുത്രനായി ജനിച്ചു. ഹസ്തിനപുരത്തിന്റെ യുവരാജാവായി ഭീഷ്മർ അദ്ദേഹത്തെ അഭിഷിക്തനാക്കി.
2. ചിത്രാംഗദന്‍
ധൃതരാഷ്ട്രരുടെ നൂറുപുതന്മാരില്‍ ഒരുവനായ ചിത്രാംഗദനനെ മഹാഭാരത യുദ്ധത്തില്‍ ഭീമസേനന്‍ വധിച്ചു .
വിശ്വാമിത്രനും ഗായത്രിയും
ഗായത്രീമന്ത്രത്തിന്റെ ദ്രഷ്ടാവ് വിശ്വാമിത്ര മഹര്‍ഷിയാണ്. അരുണപ്രഭ വിതറി കിഴക്കുദിച്ചുയര്‍ന്ന സവിതാവിനെ ദര്‍ശിച്ചപ്പോള്‍ വിശ്വാമിത്ര മഹര്‍ഷിക്കുണ്ടായ ആത്മപ്രഹര്‍ഷമാണ് ലോകോത്തര മന്ത്രമായ ഗായത്രിയായി പരിണമിച്ചത്. ഈ മന്ത്രത്തിന്റെ പിറവിയോടെ വേദഭൂമിയും ദേവഭൂമിയുമായ ഭാരതം ലോകത്തിന്റെ ജ്ഞാനചക്ഷുസ്സായി മാറി. ഋഷി സത്യദര്‍ശിയായ ഗുരുവാണ്. മനനം ചെയ്യുന്നതുവഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. പരിശുദ്ധമായ മനസ്സിലാണ് ഈശ്വരാദേശം ഉണ്ടാവുക. ഏകാഗ്രതയില്‍ സ്ഫുടം ചെയ്‌തെടുത്ത വിശ്വാമിത്രന്റെ മനസ്സില്‍ വിരിഞ്ഞ ഇരുപത്തിനാല് വര്‍ണങ്ങളാണ് വേദസ്വരൂപിണിയായ ഗായത്രീ മന്ത്രം.
ലോകത്തില്‍ ഇന്നോളം ഉണ്ടായതില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ മന്ത്രം ഗായത്രി തന്നെ. മന്ത്രങ്ങളുടെ രാജ്ഞി എന്ന് ഗായത്രിയെ വിശേഷിപ്പിക്കാം. ‘സപ്തകോടി മഹാമന്ത്രജനനീ’ എന്ന് ഗായത്രിക്ക് നല്‍കിയ വിശേഷണം ഇതിനുപോല്‍ബലകമാണ്. ഗായത്രീ മന്ത്രത്തിന് പ്രകൃതി രചിച്ച ഭാഷ്യമാണ് പ്രപഞ്ചം.
പ്രകൃതിയിലെ ‘പ്ര’ പ്രകൃഷ്ടാര്‍ത്ഥവും കൃതി എന്നത് സൃഷ്ടി വാചകവുമാണ്. പ്രകൃതി എന്ന പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്നര്‍ത്ഥമാണ് ദേവീഭാഗവതം കല്‍പിക്കുന്നത്. ‘പ്രകൃതി’യിലെ മൂന്നക്ഷരങ്ങള്‍ യഥാക്രമം സത്വരജസ്തമോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്നും അതിനാല്‍ ത്രിഗുണാത്മികയായ ശക്തിയോടു കലര്‍ന്നു നില്‍ക്കുന്ന പ്രധാന സൃഷ്ടികര്‍ത്രി എന്നും പ്രകൃതിക്കു അര്‍ത്ഥം പറയാം. ഇതിനു പുറമെ ‘പ്ര’ ശബ്ദത്തിന് മുന്‍പ് ഉള്ളത് എന്നും ‘കൃതി’ ശബ്ദത്തിന് സൃഷ്ടിയെന്നും മറ്റൊരര്‍ത്ഥമുണ്ട്. പ്രകൃതി എന്നാല്‍ സൃഷ്ടിക്കു മുന്‍പുള്ള അവസ്ഥ തന്നെ. ഗായത്രി നിഖാലാഗമസ്ഥിതയും നിഖിലാഗമ മധ്യസ്ഥയും നിത്യകര്‍മഫലപ്രദയും ഭദ്രകല്യാണദായിനിയും ഭക്തവത്സലയും ഭവബന്ധവിമോചിനിയുമാണെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു.
മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും ബ്രഹ്മരൂപിണിയുമായ ചൈതന്യമാണ് ഗായത്രി. ഈരേഴുപതിന്നാലു ലോകങ്ങളെയും പ്രകൃതിയെയും മനുഷ്യനേയും പാരസ്പര്യത്തിന്റെ പട്ടുനൂലാല്‍ ബന്ധിപ്പിക്കാന്‍ സമര്‍ത്ഥമായ മന്ത്രമാണ് ഇത്. ഗായത്രിയിലെ ഇരുപത്തിനാല് വര്‍ണങ്ങള്‍ വാക്കായി, വാണിയായി, വൈഖരിയായി കല്‍പ്പവൃക്ഷത്തിലെ കാന്തിയും സുഗന്ധവും പൊഴിക്കുന്ന പൂക്കളായി മാറി. ദേവനാഗരിയുടെ മഹാപ്രവാഹത്തില്‍നിന്ന് കോരിയെടുത്ത ഈ ഇരുപത്തിനാലക്ഷരതത്വങ്ങള്‍ അനന്തകോടി നക്ഷത്രപ്രഭ ചൊരിയുന്നു. പ്രകൃതിയുടെ സമസ്ത സൗന്ദര്യവും ഗായത്രിയുടെ ഇരുപത്തിനാല് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
സര്‍വമംഗളകാരിണിയായ ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവായതു കൊണ്ടാണ് വിശ്വാമിത്രന് ആ പേര് സിദ്ധിച്ചത്. വിശ്വത്തിന്റെ മിത്രമെന്നാണ് വിശ്വാമിത്ര പദത്തിനര്‍ത്ഥം. ലോകത്തെ സ്‌നേഹിക്കുന്നവന്‍, ലോകോപകാരിയെന്നെല്ലാം വിശ്വാമിത്ര പദത്തിനര്‍ത്ഥമുണ്ട്. ഋഗ്വേദത്തിലെ ഏകദേശം നാല്‍പ്പത്തെട്ട് സൂക്തങ്ങളില്‍ ഋഷിയായി പരാമര്‍ശിച്ചു കാണുന്നത് വിശ്വാമിത്രനെയാണ്. ഋഗ്വേദത്തിന്റെ അഞ്ചാം മണ്ഡലം വിശ്വാമിത്ര കുലത്തിന്റേതാണ്.
വിശ്വാമിത്രനെക്കുറിച്ച് അറിവുപകരുന്ന ഒരു ഋക്ക് ഋഗ്വേദത്തിലുണ്ട്.
മഹാനായ ഋഷി എന്നാണദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
”മഹാഋഷിര്‍ദ്ദേവ ജാദേവ ജൂതോ
സ്തഭ്‌നാത് സിന്ധുമര്‍ണ്ണവം നൃചക്ഷാഃ
വിശ്വാമിത്രോളയ ഭവഹല്‍സുദാസ-
മപ്രിയായ ത കുശികേഭിരിന്ദ്രഃ”
(വലിയ തപസ്സിദ്ധിയുള്ളവനും അതീന്ദ്രിയനും തേജസ്വിയും കര്‍മനേതാക്കളായ അധ്വര്യു മുതലായവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നവനുമായ വിശ്വാമിത്രനെന്ന ഞാന്‍ വിപാട്, ശുതുദ്ര എന്നീ നദികളുടെ ഒഴുക്കു തടഞ്ഞു നിര്‍ത്തിയവനാണ്).
ഭൗമമായ ഭോഗ്യങ്ങള്‍ക്കുവേണ്ടി അദ്ദേഹവും ദേവന്മാരോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. അന്നവും സമ്പത്തും ഗോക്കളും ഭൂമിയും ശതായുഷികളും യോദ്ധാക്കളുമായ പുത്രപൗതന്മാരും വേണമെന്നാണ് അര്‍ത്ഥിക്കുന്നത്. നന്മയുടെയും സ്‌നേഹത്തിന്റെയും പ്രവാചകമന്ത്രമായ ഗായത്രിയുടെ പുരസ്‌കര്‍ത്താവ് എന്ന നിലയിലാണ് വിശ്വാമിത്രമഹര്‍ഷി പ്രശസ്തനായത്. തന്റെ കാവ്യങ്ങള്‍ വരാനിരിക്കുന്ന യുഗങ്ങളിലും ശ്രേഷ്ഠതമമായിരിക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
”ഉത്തരയുഗാനി ഉക്‌ഥേഷു
ഹേകാരോ നഃ പ്രതിജുഷസ്വ”
(അല്ലയോ സ്‌തോത്ര കര്‍ത്താവേ വരാനിരിക്കുന്ന യുഗങ്ങളിലും ഉക്ഥങ്ങളിലൂടെ ഞങ്ങളെ പ്രശംസാവാക്യങ്ങളാല്‍ സേവിച്ചാലും -3.33.8) മാത്രമല്ല, കവിയായ തന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നതായി മറ്റു ചില സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ”ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും എന്റെ സ്‌ത്രോത്രം കേള്‍ക്കട്ടെ” (3.54. 19-20) ”സ്‌തോത്രകര്‍ത്താവായ (വിശ്വാമിത്രനായ) എന്റെ ഈ സ്‌തോത്രത്തെ ഭരതകുലത്തിലുള്ള ജനസമൂഹം കാത്തു രക്ഷിക്കുന്നു” (3.53.12)
ഋഗ്വേദകാലത്തുതന്നെ ഗായത്രീ മന്ത്രം അദ്വിതീയവും അത്യുന്നതവുമായിരുന്നു. കവിയായ വിശ്വാമിത്രന്‍ ദീര്‍ഘദര്‍ശനം ചെയ്തതുപോലെ സഹസ്രാബ്ദങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ ഗായത്രീ മന്ത്രമാണ് ഇരുസന്ധ്യകളിലും ജനം ഉരുവിട്ടു ശക്തിയും സിദ്ധിയും നേടുന്നത്.
മനുഷ്യനില്‍ എല്ലാ ദൈവിക ശക്തികളും ബീജരൂപത്തില്‍ കുടികൊള്ളുന്നുണ്ട്. അവനിലെ ആ ശക്തികളെ തുടികൊട്ടി തുയിലുണര്‍ത്താന്‍ മന്ത്രങ്ങള്‍ക്ക് കവിയും. ഓരോ മന്ത്രവും പ്രത്യേക കാര്യസിദ്ധിക്കുവേണ്ടി രൂപപ്പെട്ടവയാണ്. എന്നാല്‍ മാനവചേതനയുടെ സര്‍വാഭീഷ്ടങ്ങളും സഫലമാക്കാന്‍ ശക്തമായ മന്ത്രം ഗായത്രി മാത്രമാണ്. ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളെ നിവാരണം ചെയ്യുന്നതോടൊപ്പം ഭൗതികവും ആത്മീയവുമായ സര്‍വസിദ്ധികളും ഗായത്രീമന്ത്രോപാസനയിലൂടെ കരഗതമാക്കാം.
നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ചൈതന്യവും സമസ്ത വിശ്വപ്രകാശമായ തേജസ്സും ഒന്നാണെന്ന ഭാവനയോടെയാണ് ആ പരമസത്തയുമായി ബന്ധം സ്ഥാപിക്കേണ്ടത്. ഗായത്രീ മന്ത്രോപാസകന്റെ പ്രാര്‍ത്ഥനകള്‍ അതിസൂക്ഷ്മമായ മാര്‍ഗ്ഗത്തിലൂടെ ഇഷ്ടദേവതയെ പ്രാപിക്കുന്നതോടെ അയാളിലേക്ക് സംക്രമിക്കയായി. സ്‌നാനംകൊണ്ട് ശരീരം ശുദ്ധമാകുന്നതുപോലെ മന്ത്രജപംകൊണ്ട് അന്തരംഗം സംശുദ്ധമാകുന്നു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളെ പ്രദാനം ചെയ്യുന്നു.
ഗായത്രീമന്ത്രത്തിന്റെ മഹത്വം സര്‍വവിദിതമാണ്. ഋഷിയുഗത്തിലെ എല്ലാ തപസ്വികളും ഗായത്രീ ഉപാസനയിലൂടെ പുരോഗതി നേടിയവരാണ്. അഷ്ടസിദ്ധികളും നവനിധികളും ഗായത്രിയുടെ വിഭിന്ന സാധനകളിലൂടെ ലഭിക്കുമെന്ന് സിദ്ധപുരുഷന്മാര്‍ പറയുന്നു. അഗ്നിയോടൊന്നിച്ച് ബ്രഹ്മമുഖത്തുനിന്ന് ജാതമായതിനാല്‍ അഗ്നിമുഖിയായിത്തീര്‍ന്ന ഗായത്രിയെ ബ്രഹ്മസാരൂപ്യത്തിന് ഉതകുന്ന മഹാമന്ത്രമായി കരുതിപ്പോരുന്നു. ”ബ്രഹ്മത്തില്‍ നിന്ന് പ്രണവവും പ്രണവത്തില്‍നിന്ന് വ്യാഹൃതികളും അവയില്‍ നിന്ന് ഗായത്രിയും ഉണ്ടായി. ലോകങ്ങളുടെ ഉത്ഭവസ്ഥാനം ഗായത്രിയാണ്. അവിടെ നിന്നാണ് സര്‍വചരാചരങ്ങളും ഉണ്ടായത്” എന്നാണ് ശ്രുതികള്‍ ഉദ്‌ഘോഷിക്കുന്നത്.
ഗായത്രിയുടെ ഭാഷ്യമാണ് ഭാഗവതം എന്ന് (ഗായത്രീ ഭാഷ്യരൂപോളസൗവേദാര്‍ത്ഥപരിജാംഹിതഃ) ഗരുഡപുരാണം പ്രകീര്‍ത്തിക്കുന്നു. ഗായത്രീമന്ത്രത്തില്‍ അറുന്നൂറിലധികം ശ്ലോകങ്ങളെക്കൊണ്ട് ഗായത്രിയുടെ ഉപാസനയും ഹോമവും മാഹാത്മ്യവും വിസ്തരിക്കുന്നു. ഗായത്രീ സഹസ്രനാമസ്‌ത്രോത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്ന കൃതി കൂടിയാണിത്. ആദികവിയായ വാല്മീകി മഹര്‍ഷി ഗായത്രിയുടെ ഓരോ അക്ഷരം കൊണ്ടാണ് രാമായണത്തിലെ ഓരോ സര്‍ഗ്ഗകവും തീര്‍ത്തത്. ബ്രഹ്മപുരാണം, സ്‌കന്ദപുരാണം, വിഷ്ണുധര്‍മോത്തര പുരാണം, ദേവീഭാഗവതം എന്നിവയിലെല്ലാം ഗായത്രീ മന്ത്രാര്‍ത്ഥം വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.
ഗായത്രീമന്ത്രം:
ഓം ഭൂര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്.
അര്‍ത്ഥം:
"സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്‍റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ"
ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരികയില്ല. ആകയാല്‍ ഗായത്രീമന്ത്രം ഭക്തിയോടെ എന്നും, ദിനാരംഭത്തില്‍ ജപിക്കേണ്ടതാകുന്നു. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയ്ക്കും ജപിക്കുന്നത് അത്യുത്തമം.
മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവര്‍ക്ക്‌ മാനസപൂജയും ചെയ്യാവുന്നതാകുന്നു.
മാനസപൂജ:
കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.
അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും
അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്. പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം.
1. വഹ്നി: ഹവിസ്സിനെ വഹിച്ചു കൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു.
2. വൈശ്വാനരന്‍: വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം)
3. വീതിഹോത്രന്‍: വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു.
4. ധനഞ്ജയന്‍: ധനത്തെ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുകൊണ്ട് ഈ പേരുവന്നു.
5. ദ്രവിണോദസ്സ്: ധനഞ്ജയന്‍ തന്നെയാണ് ദ്രവിണോദസ്സ്. ദ്രവിണം എന്നാല്‍ ധനമെന്നും ശക്തിയെന്നും പറയാം. ഉദസനം എന്നാല്‍ വിക്ഷേപണം, വര്‍ദ്ധിപ്പിക്കല്‍ എന്നൊക്കെ സാരം.
6. കൃപീഡയോനി: കൃപീഡം എന്നാല്‍ ഉദരം. കൃപീഡയോനി എന്നാല്‍ ഉദരത്തില്‍ പിറന്നവന്‍, ജഠരാഗ്നിയെന്നു സാരം.
7. ജ്വലനന്‍: കത്തുന്നവന്‍ എന്നര്‍ത്ഥം.
8. ജാതവേദസ്സ്: ജനിച്ചതിനെയെല്ലാം അറിയുന്നവന്‍ എന്നു സാരം.
9. തനൂനപാത്: തനൂനപം എന്നാല്‍ വെണ്ണ. ജഠരാഗ്നിരൂപത്തില്‍ ജീവികളുടെ ഉള്ളിലിരുന്ന് ദേഹത്തെ നശിക്കാതെ സൂക്ഷിച്ച് രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.
10. ബര്‍ഹി: വര്‍ദ്ധിക്കുന്നവന്‍. ഒരു തീപ്പൊരിയില്‍ നിന്ന് ഖാണ്ഡവവനംവരെ ദഹിപ്പിച്ചുതീര്‍ക്കാന്‍ സാധിക്കുന്നവന്‍.
11. ശുഷ്മാവ്: ശോഷിപ്പിക്കുന്നവന്‍. ബര്‍ഹിയുടെ നേര്‍ വിപരീതാവസ്ഥ. ഭക്ഷിക്കാന്‍ ഇന്ധനം കിട്ടിയില്ലെങ്കില്‍ ശോഷിച്ചുപോകുന്നവന്‍ എന്നു സാരം. വസ്തുക്കളെ ഉണക്കുന്നവനെന്നും പറയാം.
12. കൃഷ്ണവര്‍ത്മാവ്: കറുത്തപുകയുള്ള വഴിയുള്ളവന്‍. കത്തുമ്പോളുണ്ടാകുന്ന കറുത്ത പുകയുടെ പിന്നാലെ പോകുന്നവന്‍ എന്നര്‍ത്ഥം.
13. ശോചിഷ്‌കേശന്‍: ജ്വലിക്കുന്ന കേശമുള്ളവന്‍ എന്നു സാരം.
14. ഉഷര്‍ബുധന്‍: ഉഷസ്സില്‍ ഉണരുന്നവന്‍ എന്നര്‍ത്ഥം.
15. ആശ്രയാശനന്‍: അഗ്നിയെ ആശ്രയിക്കുന്നവരെ അഥവാ സമീപിക്കുന്നവരെ ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.
16. ബൃഹദ്ഭാനു: വലിയ ജ്വാലയുള്ളവന്‍ എന്നു സാരം.
17. കൃശാനു: കത്തുന്ന വസ്തുവിനെ ചെറുതാക്കുന്നവന്‍.
18. പാവകന്‍: കത്തുന്നതിനെ ശുദ്ധീകരിക്കുന്നവന്‍.
19. അനലന്‍: എത്രമാത്രം ഭക്ഷിച്ചാലും മതിവരാത്തവന്‍.
20. രോഹിതാശ്വന്‍: മുരിക്കിന്‍ പൂവിന്റെ നിറത്തിലുള്ള ചുവന്ന കതിരുകളുള്ളവന്‍.
21. വായുസഖന്‍: വായുവിന്റെ കൂട്ടുകാരന്‍. അഗ്നിയുടെ ഉല്‍പത്തി വായുവില്‍നിന്നാണെന്ന് ഋഗ്വേദം പറയുന്നു.
22. ശിഖാവാന്‍: ജ്വാലകളുള്ളവന്‍.
23. ആശുശുക്ഷിണി: പെട്ടെന്നു ശോഷിപ്പിക്കുന്നവന്‍
അഥവാ ഉണക്കുന്നവന്‍.
24. ഹിരണ്യരേതസ്സ്: അഗ്നിയുടെ സപ്തജിഹ്വകളിലൊന്ന് ഹിരണ്യം. അതിന് ബീജമായുള്ളത് എന്നു സാരം.
25. ഹുതഭുക്: അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകളെ ഭക്ഷിക്കുന്നവന്‍.
26. ദഹനന്‍: തന്നോടടുക്കുന്നത് എന്തിനെയും ദഹിപ്പിക്കുന്നവന്‍.
27. ഹുതവഹന്‍: ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍.
28. ഹവ്യവാഹനന്‍: ഹുതവഹന്‍ തന്നെ. ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍.
29. സപ്താര്‍ച്ചിസ്സ്: ഏഴു ജ്വാലകളോടുകൂടിയവന്‍.
30. സപ്തജിഹ്വന്‍: ഏഴു ജ്വാലകളാകുന്ന
നാക്കോടുകൂടിയവന്‍.
31. ദമുനസ്സ്: ഉപശമിപ്പിക്കുന്നവന്‍.
32. ശുക്രന്‍: ദുഃഖിപ്പിക്കുന്നവന്‍.
33. ചിത്രഭാനു: പലനിറങ്ങളുള്ള കിരണങ്ങളോടുകൂടിയവന്‍.
34. അപാന്നപാത്: ജലത്തിനുള്ളിലെ അഗ്നി. ദാവാഗ്നിയായി കാട്ടിലും അഥവാ വൃക്ഷാദി സ്ഥാവരങ്ങളുടെ ഉള്ളിലും ചരങ്ങളായ ജീവികളില്‍ ജഠരാഗ്നി രൂപത്തിലും ഈ അഗ്നി വര്‍ത്തിക്കുന്നു.
35. അന്നപുത്രന്‍: ഭക്ഷിച്ച അന്നം ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് അന്നപുത്രനെന്ന് പറയപ്പെടുന്നു.
ഇവിടെ പ്രതിപാദിക്കപ്പെട്ട പേരുകളില്‍ ഏറിയപങ്കും ഋഗ്വേദത്തില്‍ ?പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...