ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അശ്വമേധയാഗ രഹസ്യം




അശ്വമേധയാഗ രഹസ്യം

അശ്വമേധയാഗ രഹസ്യം
മാതാവ്‌, പിതാവ്‌, ഗുരു ഈ മൂന്ന് ഇനത്തിൽ സകല ഈശ്വരന്മാരും ആവിർഭവിക്കും എന്നു ചിലർ പറയുന്നു. ഇതു പോലെ കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം ഇവയെ പരസ്പരം യോജിപ്പിക്കൽ - എന്നീ മൂന്ന് ഇനത്തിൽ സകല ശാസ്ത്രങ്ങളും അന്തർഭവിക്കുമെന്ന് മറ്റു ചിലർ പറയുന്നു. ജ്ഞാന-കർമ്മകാണ്ഡങ്ങളുടെ യോജിപ്പിക്കലിനെക്കുറിച്ച്‌ പറഞ്ഞതിന്റെ താത്പര്യം പറയാം. സൂക്ഷ്മവിചാരത്തോടു കൂടി കർമ്മകാണ്ഡത്തെ നോക്കിയാൽ അതിൽ ജ്ഞാനതത്വങ്ങളേയും, ജ്ഞാനകാണ്ഡത്തിൽ നോക്കിയാൽ അതിൽ കർമ്മതത്വങ്ങളേയും കാണാവുന്നതാണ്‌. യാഗാദിക്രിയകളെ, ഓരോരോ തത്ത്വങ്ങളിലൂടെ കർമ്മകാണ്ഡത്തിലേക്ക്‌ പ്രവേശിക്കേണ്ടതാണ്‌.
വൈദികക്രിയകളിൽ അശ്വമേധത്തേക്കാൾ വലുപ്പമേറിയ ഒരു ക്രിയ ഇല്ല. . അശ്വമേധയാഗം തുടങ്ങുന്നതിന്ന് ഒരു കൊല്ലം മുമ്പ്‌ അശ്വത്തെ വിടുകയും, അത്‌ യഥേഷ്ടം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ ആരെങ്കിലും ബന്ധിച്ചാൽ അയാളെ ജയിച്ച്‌ അശ്വത്തെ തിരികെ കൊണ്ടുവരികയും ചെയ്യണം. ഒടുവിൽ ഈ അശ്വത്തെ ഹവിസ്സാക്കി ഹോമിക്കുന്നതും അശ്വമേധയാഗത്തിലെ ഒരു പ്രധാനക്രിയയാണ്‌. ഇന്ദ്രിയജയത്തിന്റെ ഒരു ഭാഗമാണ് ഈ യാഗം. അശ്വമെന്ന പദത്തിന്റെ വൈദികമായ അർത്ഥം എന്താണെന്ന് ആലോചിച്ചാൽ ഇപ്പോൾ പറഞ്ഞത്‌ ഗ്രാഹ്യമാകുമെന്ന് തോന്നുന്നു.
സംഹിതയിൽ ഏതു വേദത്തിൽ നോക്കിയാലും അശ്വത്തെപ്പറ്റി പറയുന്ന മന്ത്രങ്ങളെ ധാരാളം കാണാം. ഇത്തരം മന്ത്രങ്ങളിൽ ചിലവ പ്രഥമദൃഷ്ടിയിൽ ഗൂഢാർത്ഥപ്രതിപാദകങ്ങളാണെന്നുള്ള അഭിപ്രായത്തെ ഉണ്ടാക്കുന്നില്ല. അശ്വപദത്തിന്റെ അർത്ഥം അനിർവ്വചനീയമായ ഒരു ശക്തിയാണെന്നുള്ള ബോധത്തെ മറ്റു ചില മന്ത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്‌. രണ്ടാം അഷ്ടകത്തിൽ മൂന്നാം അദ്ധ്യായത്തിലെ അഞ്ചാമത്തെ സൂക്തം നോക്കിയാൽ അശ്വപദത്തിന്റെ അർത്ഥം സാധാരണ കുതിര അല്ലെന്ന് ഏവർക്കും ബോധ്യം വരും. ഉപനിഷത്തുകളിൽ നിന്നുള്ള ഉദാഹരണങ്ങളെ കാണിക്കുന്നു.
"ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഹ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാഹുഃ വിഷയാൻ തേഷുഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുഃ മനീഷിണഃ"
ആത്മാവിനെ രഥത്തിന്റെ സ്വാമിയായും ബുദ്ധിയെ സാരഥിയായും മനസ്സിനെ കടിഞ്ഞാണായും ഇന്ദ്രിയങ്ങളെ കുതിരകളായും വിഷയങ്ങളെ മാർഗ്ഗങ്ങളായും ശരീരം മുതലായവയിൽ അഭിമാനമുള്ള ജീവാത്മാവിനെ ഇതുകളുടെ ഭോക്താവായും വിദ്വാന്മാർ പറയുന്നു എന്നിങ്ങനെ കഠോപനിഷത്തിൽ അശ്വത്തെ ഇന്ദ്രിയങ്ങളാക്കിത്തീർത്തിരിക്കുന്നു.
ബൃഹദാരണ്യകത്തിന്റെ ആരംഭത്തിൽ ഒരു അശ്വവർണ്ണന ഉണ്ട്‌. പരിശുദ്ധമായ അശ്വത്തിന്റെ ശിരസ്സ്‌ ഉഷസ്സും, ചക്ഷുസ്സ്‌ സൂര്യനും, പ്രാണൻ വായുവും, വായ വൈശ്വാനരാഗ്നിയും, സംവത്സരം ആത്മാവുമാകുന്നു. ഈ അശ്വത്തിന്റെ പൃഷ്ഠഭാഗം ദ്യുർലോകവും, ഉദരം അന്തരീക്ഷവും, പാദം ഭൂമിയും, പാർശ്വഭാഗങ്ങൾ ദിക്കുകളും, വാരിപ്പുറത്തെ എല്ലുകൾ അവാന്തരദിക്കുകളും ആകുന്നു. ഋതുക്കൾ ഇതിന്റെ അംഗങ്ങളും മാസങ്ങളും തിഥികളും സന്ധിസ്ഥാനങ്ങളുമാകുന്നു. ഇങ്ങനെ വർണ്ണിച്ചുപോയി ഒടുവിൽ ഈ അശ്വത്തിന്റെ ഇരിപ്പിടസ്ഥാനവും ബന്ധുവായിട്ടുള്ളതും ആയ വസ്തു, പരബ്രഹ്മം തന്നെയാണെന്നു പറഞ്ഞുകൊണ്ട്‌ ഈ അശ്വവർണ്ണനയെ അവസാനിപ്പിക്കുന്നു.
അശ്വമേധയാഗത്തിന്ന് അർഹതയില്ലാത്തവർക്ക്‌ സ്വദേഹത്തെ അശ്വമാക്കി കൽപിച്ച്‌ ഈ അശ്വത്തിനു പറഞ്ഞിട്ടുള്ള ഗുണങ്ങളെ തന്റെ ദേഹത്തിനുണ്ടെന്നു വിചാരിച്ചു ധ്യാനിച്ചാൽ അശ്വമേധയാഗത്തിന്റെ ഫലം കിട്ടുമെന്ന് വ്യാഖ്യാതാക്കന്മാർ പറയുന്നു. തൈത്തിരീയബ്രാഹ്മണത്തിലെ ആധാനപ്രകരണം നോക്കിയാലും അശ്വപദത്തിന്റെ അർത്ഥം വെറും കുതിര അല്ലെന്നു സ്പഷ്ടമാകും. അധികം വിസ്തരിക്കുന്നില്ല. സംഹിത, ബ്രാഹ്മണം, ഉപനിഷത്ത്‌ ഇവയെല്ലാം അശ്വപദത്തിന്റെ അർത്ഥം ഒരു അനിർവ്വചനീയ ശക്തിയാണെന്ന് കാണിക്കുന്നു. എങ്കിലും ഒരു പദമായാൽ അതിന്ന് അർത്ഥക്ണുപ്തി വേണമല്ലൊ. പക്ഷേ, വൈദികപദങ്ങളുടെ അർത്ഥനിർണ്ണയം ബാഹ്യോന്മുഖദൃഷ്ടിക്കാരുടെ ഈശ്വരാകാരനിർണ്ണയം പോലെ ആകുന്നു.
ബാഹ്യേന്ദ്രിയങ്ങളുടെ വിഷയാഭിമുഖമായ പ്രേരണയാകുന്നു, വേദത്തിലെ അശ്വപദത്തിന്റെ അർത്ഥം. അവനവന്റെ വാസനയെ അനുസരിച്ച്‌ അതാതു വിഷയങ്ങളിലേയ്ക്ക്‌ സർവ്വപ്രാണികളേയും പ്രേരിപ്പിക്കുന്നു. ഈ പ്രേരണ എവിടെ നിന്ന് ഉണ്ടാകുന്നു, എങ്ങനെ ഉണ്ടാകുന്നു - ഈ വക ചോദ്യങ്ങൾക്ക്‌ ശരിയായ സമാധാനം ഉണ്ടാകുന്നതല്ല. ബ്രഹ്മത്തിൽനിന്നുണ്ടാകുന്നു; വിദ്യ കൊണ്ട്‌ നിലനിൽക്കുന്നു; ഒടുവിൽ ബ്രഹ്മത്തിൽതന്നെ ലയിക്കുന്നു എന്നിങ്ങനെ ഒരു സമാധാനമല്ലാതെ ഈ പ്രേരണയെപ്പറ്റി യാതൊന്നും പറയുവാൻ സാധിക്കുന്നതല്ല. ഇങ്ങനെയുള്ള പ്രേരണ, അഥവാ, ഈ പ്രേരണാശക്തിയോടുകൂടിയ ഇന്ദ്രിയങ്ങൾ - ഇതാണ്‌ സർവ്വപ്രാണികളിലും ഉള്ള അശ്വം. ഈ അശ്വത്തെ ധർമ്മംകൊണ്ട്‌ അല്ലെങ്കിൽ സാത്വികമനസ്സുകൊണ്ട്‌ ശരിപ്പെടുത്താഞ്ഞാൽ അഹിതങ്ങൾ ഉണ്ടാവുന്നതാണ്‌. രാജാക്കന്മാരുടെ ഇന്ദ്രിയങ്ങളാകുന്ന അശ്വത്തെ സ്വാധീനപ്പെടുത്താഞ്ഞാൽ പ്രജാപരിപാലനം പക്ഷപാതരഹിതമാവാൻ പ്രയാസമാണ്‌. ഈ ഇന്ദ്രിയാശ്വത്തെ സ്വാധീനപ്പെടുത്തുക എന്നുള്ളതിനെയാണ്‌ അശ്വത്തെ വിട്ടയച്ച്‌ തിരികെക്കൊണ്ടുവരിക എന്നതുകൊണ്ട്‌ അഭിനയിക്കപ്പെടുന്നത്‌.
അശ്വത്തെ ആർ ബന്ധിക്കുന്നു, അവരെ ജയിക്കണം. ഇന്ദ്രിയങ്ങളെ ഏതു വിഷയങ്ങൾ ബന്ധിക്കുന്നുവോ ആ വിഷയങ്ങളെ വസ്തുതത്ത്വചിന്തകൊണ്ട്‌ ജയിക്കണം. ഇങ്ങനെ സകല ഇന്ദ്രിയങ്ങളേയും വശ്യമാക്കിയതിന്റെ ശേഷം ജ്ഞാനാഗ്നിയിൽ അവയെ ഹോമിക്കണമെന്നുള്ളതിനെ അശ്വമേധത്തിലെ അശ്വത്തെ ഹോമിക്കുന്നതുകൊണ്ട്‌ അഭിനയിക്കുന്നു. ജിതേന്ദ്രിയനായ രാജാവിന്നല്ലാതെ ധർമ്മപ്രകാരം പ്രജാപരിപാലനം ചെയ്യുവാൻ സാധിക്കുന്നതല്ല. അശ്വമേധം വൈദികക്രിയകളിൽ വെച്ച്‌ ഏറ്റവും മുഖ്യമാകുന്നു. അധർമ്മത്തിന്റെ സ്പർശലേശത്തോടുകൂടാത്ത പ്രജാപരിപാലനം, വ്യാവഹാരികപ്രവൃത്തികളിൽ വെച്ച്‌ ഏറ്റവും പ്രധാനമായിട്ടുള്ളതാണ്‌.
ഈവിധം യാഗാദിക്രിയകളെ, നോക്കിത്തുടങ്ങിയാൽ വേദം അപൗരുഷേയമാണെന്ന് ബോദ്ധ്യം വന്നുതുടങ്ങും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...