ബൃഹദാരണ്യകോപനിഷത്ത്
ദമം, ദാനം, ദയ
ദമം, ദാനം, ദയ
ദേവന്മാര്, മനുഷ്യന്മാര്, അസുരന്മാര് എന്നിങ്ങനെ മൂന്നുകൂട്ടരും പ്രജാപതിയുടെ മക്കളാണ്. മൂന്നു കൂട്ടരും സ്വഭാവത്തില് വിഭിന്നരായിരുന്നു. ഉത്തമഗുരുക്കളും ദിവ്യശക്തികളും നിറഞ്ഞവരും സത്വഗുണപ്രധാനികളുമാണ് ദേവന്മാര്. എങ്കിലും സ്വര്ഗ്ഗീയ സുഖങ്ങളില് ആസക്തരും ഇന്ദ്രിയനിഗ്രഹമില്ലാത്തവരുമായിരുന്നു. കാമികളും ലോഭികളുമാണ് മനുഷ്യര്. ജന്മനാ മനസ്സുനിറയെ ഓരോരോ ആഗ്രഹങ്ങളാണ്. എവിടെയും ലോഭബുദ്ധിയോടു കൂടി മാത്രമേ മനുഷ്യര് പ്രവര്ത്തിക്കുകയുള്ളൂ.
അസുരന്മാര്ക്ക് ലോഭബുദ്ധി അധികമില്ല. പക്ഷേ അഹങ്കാരികളും, ധാരാളികളുമാണ്. ദേവന്മാരേക്കാളും മനുഷ്യരേക്കാളും ബാഹുബലമുണ്ട്. ശാരീരികമായ കരുത്തില് അഹങ്കരിച്ചു നടക്കുന്നവര്. അധികം പേരും ക്രൂരന്മാരും പരോപദ്രവകാരികളുമാണ്.
മൂവരും അവരുടെ സ്വഭാവവൈജാത്യം അനുസരിച്ച് ജീവിച്ചുപോന്നു. ക്രമേണ അവര്ക്ക് ജീവിതത്തില് തൃപ്തിയില്ലാതായി. ഒന്നിലും ഒരു സുഖമില്ല. കൂടുതല് കൂടുതല് വിഷയാസക്തി ലോഭബുദ്ധിയും ക്രൂരമനോഭാവവും വര്ദ്ധിക്കുകയാണ്.
എങ്ങനെയും കൂടുതല് സുഖം നേടണം. അതിന് എന്തു ചെയ്യണം? പിതാവായ പ്രജാപതിയുടെ അടുക്കല് ബ്രഹ്മചാരിമാരായി വിദ്യാഭ്യാസം നേടാന് അവര് നിശ്ചയിച്ചു. വിദ്യയാണ് ഏറ്റവും വലിയ ധനമെന്ന് അവര്ക്കറിയാം ആത്മജ്ഞാനം നേടുന്നതാണ് ഉത്തമമെന്ന ധാരണ മൂവര്ക്കും ഉണ്ടായി. ദുഃഖനിവൃത്തി വരുത്തിയാല് മാത്രമേ ശാശ്വതസുഖം ലഭിക്കുകയുള്ളൂ.
ആത്മജ്ഞാനത്തിനുള്ള ഉപായം അറിയുന്നതിനു വേണ്ടി ദേവന്മാരും ബ്രഹ്മചാരിമാരായി പ്രജാപതിയുടെ അടുത്ത് താമസം ആരംഭിച്ചു. പണ്ടുകാലത്ത് ഗുരുമുഖത്ത് നിന്ന് ഏതൊരു വിദ്യയും ആത്മജ്ഞാനോപദേശവും ലഭിക്കണമെങ്കില് ബ്രഹ്മചാരികളായി ഗുരുവിനോടൊപ്പം ആശ്രമത്തില് വളരെക്കാലം താമസിക്കണം.
ഗുരുശുശ്രൂഷ, നിത്യാനുഷ്ഠാനങ്ങള്, ആശ്രമപരിപാലനം തുടങ്ങിയവ ശ്രദ്ധയോടും ഭക്തിയോടും വിശ്വാസത്തോടും കൃത്യമായി ചെയ്യണം. വിദ്യാസമ്പാദനത്തിനുള്ള യോഗ്യത തെളിയിച്ചതിനുശേഷമേ ഗുരുക്കന്മാര് ശിഷ്യന്മാര്ക്ക് ഉപദേശം കൊടുത്തിരുന്നുള്ളൂ. അനര്ഹരായവര്ക്ക് വിദ്യപകര്ന്നു നല്കിയാല് അവരതിനോട് ആദരവ് പുലര്ത്തുകയില്ല. വിശ്വാസവും അനുഷ്ഠാനവും ഇല്ലാത്തവരില് വിദ്യ ഫലിക്കുകയുമില്ല.
ബ്രഹ്മചര്യവാസം പൂര്ത്തിയാക്കിയ ദേവന്മാര് പ്രജാപതിയോട് പറഞ്ഞു:
"ഭഗവാന്, അങ്ങ് ഞങ്ങള്ക്ക് ഉപദേശത്തെ നല്കിയാലും."
പ്രജാപതി ദേവന്മാരെ അരികില് വിളിച്ചിരുത്തി. എന്നിട്ട് ‘ദ’ എന്ന ഒരക്ഷത്തെ മാത്രം ഉപദേശമായി പറഞ്ഞുകൊടുത്തു. എന്നിട്ട് അവരോട് ചോദിച്ചു:
"എന്താ നിങ്ങള്ക്ക് മനസ്സിലായോ, ഞാന് ഉപദേശിച്ചതിന്റെ പൊരുള്?"
ദേവന്മാര് നിസ്സംശയം തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഞങ്ങള്ക്കു മനസ്സിലായി. ദമം ശീലിക്കുവാനല്ലേ അവിടുന്ന് ഞങ്ങളോട് പറഞ്ഞത്?"
"അതെ, ശരിതന്നെ. ഞാന് പറഞ്ഞതിന്റെ അര്ത്ഥം ശരിയായവിധത്തില് നിങ്ങള് മനസ്സിലാക്കിയിരിക്കുന്നു. സന്തോഷപൂര്വ്വം പോയാലും. ദമം ശീലിച്ച് ധന്യരാകുക."
പ്രജാപതി അവരെ അനുഗ്രഹിച്ചയച്ചു.
ദേവന്മാര് സുഖലോലുപരാണ്. അവര്ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്ക്ക് അടക്കമില്ല. സ്വര്ഗ്ഗസുഖാനുഭൂതിയില് ആമഗ്നരാണ് അവര്. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര് ആദ്യം ‘ദമം’ ശീലിക്കണമെന്ന് ഉപദേശിക്കുന്നത്.
‘ദമം’ എന്നുപറഞ്ഞാല് ഭൗതികവിഷയങ്ങളില് ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളേയും വിഷയങ്ങളില്നിന്നും വൃത്തികളില് നിന്നും പിന്വലിച്ച് അന്തര്മുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്മാര് ‘ദ’ എന്നു കേട്ടപ്പോള് ‘ദാമൃത’(ദമ ശീലിക്കുവിന്) എന്നാണ് പ്രജാപതി അവരോട് ഉപദേശിക്കുന്നതെന്ന് ധരിച്ചു.
പിന്നീട് ബ്രഹ്മചര്യവാസം കഴിഞ്ഞ് മനുഷ്യര് പ്രജാപതിയെ സമീപിച്ചു. പ്രജാപതി മനുഷ്യനോടും ‘ദ’ എന്നുപദേശിച്ചു.
മനുഷ്യര്ക്ക് സന്തോഷമായി.
"നിങ്ങള്ക്ക് മനസ്സിലായോ?" പ്രജാപതി ചോദിച്ചു.
ഞങ്ങള്ക്കു മനസ്സിലായി. ദാനം പരിശീലിക്കുക എന്നാണ് അവിടുന്നു ഉപദേശിക്കുന്നത്."
"ശരിയാണ്. നിങ്ങള്ക്ക് മനസ്സിലായി. ദാനം പരിശീലിക്കുക. ദാനം മനുഷ്യരെ ശ്രേഷ്ഠരാക്കും." പ്രജാപതിയുടെ അനുഗ്രഹവുമായി മനുഷ്യര് പിന്വാങ്ങി.
സ്വതവേ ദാനവിമുഖരും ലോഭികളുമായതിനാല്’ദത്ത’ (കൊടുക്കുക) എന്നാണ് ‘ദ’ എന്നതിന്റെ അര്ത്ഥമെന്ന് മനുഷ്യര് ധരിച്ചു. ഒടുക്കം അസുരന്മാരും ആശ്രമവാസത്തിനുശേഷം പ്രജാപതിയെ ഉപദേശലബ്ധിക്കായി സമീപിച്ചു.
"ഭഗവാന്, അങ്ങ് ഞങ്ങള്ക്ക് ഉപദേശം നല്കിയനുഗ്രഹിച്ചാലും."
‘ദ’. പ്രജാപതി അവര്ക്ക് ‘ദ’ എന്ന അക്ഷരത്തെ ഉപദേശമായി നല്കി.
അസുരന്മാര് ക്രൂരസ്വഭാവികളാണ്. സ്വതവേ ദയയില്ലാത്തവരാണ്. അന്യരെ ഉപദ്രവിക്കുന്നതിനും മറ്റുള്ളവരുടെ സ്ഥാനമാനങ്ങള് കരുത്തുകാട്ടി പിടിച്ചെടുക്കുന്നതിനും വൈമുഖ്യമൊന്നുമില്ല. അതുകൊണ്ട് ‘ദ’ എന്ന അക്ഷരത്തിന്റെ ഉപദേശത്തിലൂടെ ദയത്വം (ദയയുള്ളവരാകുക) എന്നാണ് അസുരന്മാര് ധരിച്ചത്.
നിങ്ങള്ക്ക് മനസ്സിലായോ?" പ്രജാപതി ചോദിച്ചു.
"മനസ്സിലായി. ദയ ശീലിക്കണമെന്നാണ് അങ്ങ് ഞങ്ങളോട് ഉപദേശിക്കുന്നത്."
"ശരിയാണ്. നിങ്ങള് ദയ ശീലിക്കണം." പ്രജാപതി അനുഗ്രഹിച്ചു.
ദമം, ദാനം, ദയ ഇവ മൂന്നും ഒരു സത്യാന്വേഷിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. ഇവ ആദ്ധ്യാത്മിക സാധനയുടെ അംഗങ്ങളുമാണ്. ആകാശത്ത് മഴമേഘങ്ങള് ഗര്ജ്ജിക്കുന്നത് ശ്രദ്ധിക്കുക.
"ദ,ദ,ദ" എന്നാണ് മേഘഗര്ജ്ജനം മുഴങ്ങുന്നത്. ദമ്യത, ദത്ത, ദയത്വം എന്നാണ് ഇടിമുഴക്കം വിളബരം ചെയ്യുന്നത്. ദിവ്യ വാക്കുകളാകുന്ന ദമം, ദാനം, ദയ ഇവയെയാണ് ആകാശത്തു നിന്ന് മുങ്ങിക്കേള്ക്കുന്നത്.
ദമം ശീലിക്കുവിന്!
ദാനം ചെയ്യുവിന്!
ദയയുള്ളവരായിരിക്കുവിന്!
ദാനം ചെയ്യുവിന്!
ദയയുള്ളവരായിരിക്കുവിന്!
കാമത്തെ ജയിക്കുവാന് ദമവും ക്രോധത്തെ ജയിക്കുവാന് ദയയും ലോഭത്തെ ജയിക്കുവാന് ദാനവുമാണ് ശീലിക്കേണ്ടത്. കാമവും ക്രോധവും ലോഭവും ഏതൊരാളെയും നശിപ്പിക്കും. അതുകൊണ്ട് ‘ദ’ എന്നു തുടങ്ങുന്ന ഈ മൂന്നു (ദമം, ദാനം, ദയ) സര്വ്വരും അഭ്യസിക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ