ശന്തനു
ശന്തനു
മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ശന്തനു മഹാരാജാവ്. ഹസ്തിനപുരത്തിലെ കുരുവംശ രാജാവായിരുന്നു. പാണ്ഡവരുടെയും കൌരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഋഗ്വേദത്തിൽ (X.98.11) ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്. ഹസ്തിനപുര രാജാവായിരുന്ന പ്രതീപരാജാവിന്റെ ഏറ്റവും ഇളയ പുത്രനായിരുന്നു ശന്തനു. മൂത്ത സഹോദരനായ ദേവാപി കുഷ്ഠരോഗ ബാധിതനായതിനെത്തുടർന്ന് രാജപദവി ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. രണ്ടാമത്തെ ജ്യേഷ്ഠനായ ബാഹ്ലികൻ പഴയ ആര്യസാമ്രാജ്യം കീഴടക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ശന്തനുവിന് രാജപദവി ലഭിച്ചത്.
ശന്തനുവിന്റെ ആദ്യഭാര്യ ഗംഗാദേവിയായിരുന്നു. ഒരിക്കൽ സവാരിക്കിറങ്ങിയ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നു കളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിന് എട്ടാമത്തെ പുത്രനെ നല്കി ഗംഗ പോകുകയും ചെയ്തതു. ഈ പുത്രൻ പിന്നീട് ദേവവ്രതൻ എന്ന പേരിൽ വളരുകയും ഭീഷ്മർ എന്ന പേരിൽ പ്രസിദ്ധനാകുകയും ചെയ്തു.
ഗംഗാദേവി ഉപേക്ഷിച്ചുപോയ ശേഷം ശന്തനു മകൻ ദേവവ്രതനെ വളർത്തി യുവരാജാവാക്കി. ഇക്കാലഘട്ടത്തിലാണ് സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.
തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മപപ്രതിജ്ഞ ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്.
തുടർന്ന് ശന്തനുവും സത്യവതിയും വിവാഹിതരായി. ഇവർക്ക് ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും വിചിത്രവീര്യനും. ഈ പുത്രന്മാരുടെ ചെറുപ്രായത്തിൽത്തന്നെ ശന്തനു അന്തരിച്ചു. അതിനുശേഷം ഭീഷ്മരുടെ സഹായത്തോടെ സത്യവതി രാജ്യം ഭരിക്കുകയും മക്കൾക്ക് പ്രായപൂർത്തിയായപ്പോൾ രാജഭാരം അവർക്ക് കൈമാറുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ