തിരുപ്രംകുണ്ഡ്രം ശ്രീമുരുക ക്ഷേത്രം
തിരുപ്രംകുണ്ഡ്രം ശ്രീമുരുക ക്ഷേത്രം
വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. മധുരയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരത്തായി ക്ഷേത്രം സ്‌ഥിതി ചെയ്യുന്നു . ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവയാനിയെ വിവാഹം കഴിച്ച സ്ഥലം. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം ആണിത് . അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെടുന്നു . സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതുന്നു. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച് വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍ വിവാഹിതരായാല്‍ ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.
മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്‍പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം.ക്ഷേത്ര ഗോപുരം ഉള്‍ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്. മണികള്‍ പതിച്ച വലിയ വാതില്‍ കടന്നാല്‍ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്‍ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്‍. പടികള്‍ കയറിയാല്‍ പാറയില്‍ കൊത്തിയെടുത്ത ഗര്‍ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില്‍ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്‍ബാഹുവായ മുരുകന്‍. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്‍ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്‍, വിനായകന്‍, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്‍ഭഗൃത്തിലുണ്ട്. ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്‍ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്‍മാര്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു. മഹാലക്ഷമീ തീര്‍ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്‍ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്.
ആറുപടൈ വീടുകള്‍
തിരുപ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്. തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം. പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും. സ്വാമിമലയില്‍ ജ്ഞാനം , തിരുത്തണിയില്‍ ശാന്തിയും ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ