അജാമിളന്‍
അജാമിളന്‍
'നാരായണ' നാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാന്‍ ഭാഗവതം അഷ്ടമസ്കന്ധത്തില്‍ വിവരിച്ചിട്ടുള്ള ഒരു കഥയിലെ നായകന്‍.
കന്യാകുബ്ജത്തില്‍ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളന്‍. ഇദ്ദേഹം ജാത്യാചാരകര്‍മങ്ങളെ അതിലംഘിച്ച്, ദുഷ്കര്‍മങ്ങളില്‍ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കല്‍ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തില്‍വച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വര്‍ണാശ്രമധര്‍മങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവര്‍ന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളില്‍ ഇദ്ദേഹത്തിന് പത്തു പുത്രന്‍മാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ യമകിങ്കരന്‍മാര്‍ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളന്‍ ഇളയപുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാര്‍ഷദന്‍മാര്‍, കാലദൂതന്‍മാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ. അതിനുശേഷം വിഷ്ണുഭക്തനായി വളരെക്കാലം ജീവിച്ചിരുന്ന അജാമിളന്‍ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോള്‍ സായുജ്യം ലഭിക്കുകയും ചെയ്തു.
അജാമിളമോക്ഷം, അജാമിളോപാഖ്യാനം തുടങ്ങിയ പേരുകളില്‍ ഈ ഇതിവൃത്തം സംസ്കൃതത്തിലും ഇതര ഭാരതീയ ഭാഷകളിലും പല സാഹിത്യസൃഷ്ടികള്‍ക്കും പ്രേരകമായിട്ടുണ്ട്. സ്വാതിതിരുനാള്‍ (പ്രബന്ധം), മേല്പത്തൂര്‍ നാരായണഭട്ടതിരി (ചമ്പു) എന്നിവരാണ് ഈ കഥ പകര്‍ത്തിയ പ്രമുഖ കേരളീയ സംസ്കൃത സാഹിത്യകാരന്‍മാര്‍. ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരും വെണ്‍മണിമഹന്‍ നമ്പൂതിരിയും ഈ ഇതിവൃത്തത്തെ ആധാരമാക്കി ഭാഷാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. കറുത്തപാറ ദാമോദരന്‍ നമ്പൂതിരി (നാടകം), കുണ്ടൂര്‍ നാരായണ മേനോന്‍ (ഖണ്ഡകാവ്യം), ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ (വഞ്ചിപ്പാട്ട്), കല്ലൂര്‍നീലകണ്ഠന്‍ നമ്പൂതിരി (കൈകൊട്ടിക്കളിപ്പാട്ട്), കൊച്ചി വീരകേരളവര്‍മ തമ്പുരാന്‍ (ആട്ടക്കഥ), കെ.സി. കേശവപിള്ള (കിളിപ്പാട്ട്) തുടങ്ങിയവരുടെ അജാമിളമോക്ഷങ്ങള്‍ക്കും, നാലു വൃത്തം, പത്തുവൃത്തം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഗേയകൃതികള്‍ക്കും ഈ കഥ ഇതിവൃത്തമായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ