ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പഴമ തേടി ഒരു പെരുമഴയത്ത്‌,,മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലാണ്‌ എടക്കുട ശിവക്ഷേത്രം



പഴമ തേടി ഒരു പെരുമഴയത്ത്‌
1
പുലർച്ച എഴുന്നേൽക്കുമ്പോഴും മഴ തകർത്ത്‌ പെയ്യുകയായിരുന്നു. തലേന്ന് വൈകീട്ട്‌ തുടങ്ങിയതാണിത്‌. വഴിമുഴുവൻ വെള്ളം നിറഞ്ഞ്‌ കിടക്കുന്നു. പ്രഭാത ഭക്ഷണം കഴിച്ച്‌ ഞാൻ കോട്ടക്കലിലേക്കുള്ള ബസ്സിൽ കയറി. ഏഴുമണിയോടെ ബസ് കോട്ടക്കൽ എത്തി. അപ്പോഴാണ്‌ പഴയ സഹപ്രവർത്തകനായ കോട്ടക്കൽ സ്വദേശി ഹരിയേട്ടനെ വിളിക്കാൻ തോന്നിയത്‌. തലേന്ന് വിളിക്കണം എന്ന് വിചാരിച്ചിരുന്നതാണ്. പിന്നെ എന്തോ അത്‌ മറന്നുപോവുകയായിരുന്നു. എന്തായാലും ആ സമയത്തെങ്കിലും വിളിക്കാൻ തോന്നിയത്‌ നന്നായി. ഗൂഗിളിൽ തിരഞ്ഞപ്പോൾ എനിക്ക്‌ പോകേണ്ട സ്ഥലത്തിന്‌ ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലമായി ഞാൻ മനസ്സിലാക്കിവച്ചിരുന്നത്‌ പുത്തനത്താണി ആയിരുന്നു. എന്നാൽ പുത്തനത്താണിയിൽ നിന്ന് ദൂരം കൂടുതലാണെന്നും ഏറ്റവും അടുത്ത പോയന്റ്‌ രണ്ടത്താണി ആണെന്നും ഹരിയേട്ടൻ പറഞ്ഞു. ഭാഗ്യായി, ഞാൻ പറഞ്ഞ സ്ഥലം മൂപ്പർക്ക്‌ അറിയാലോ!
ആശ്ചര്യം നിറഞ്ഞ വാക്കുകളോടെയാണ്‌ ഹരിയേട്ടൻ എന്നോട്‌ ഫോണിൽ സംസാരിച്ചത്‌.
"അത്‌ ഒരു ഉൾപ്രദേശമാണ്‌. മാത്രമല്ല ഒരു പ്രസിദ്ധിയുമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ഒരു അമ്പലമാണവിടെ. നിങ്ങൾ വിചാരിക്കണപോലെ അല്ല, ആളുകളൊന്നും തീരെ പോകാത്തൊരു സ്ഥലമാണത്‌. അങ്ങോട്ട്‌ എങ്ങനെയാ ഇപ്പൊ ഹരിക്ക്‌ എത്തിപ്പെടാൻ പറ്റുക! ഇന്നലെ വിളിക്കായിരുന്നില്ലെ? അങ്ങനെ ആയിരുന്നെങ്കിൽ നമുക്കൊന്ന് പ്ലാൻ ചെയ്യായിരുന്നു. ഹരി ഒരു കാര്യം ചെയ്യൂ. രണ്ടത്താണിയിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച്‌ അങ്ങോട്ടു പോകൂ. അവിടെ എത്തിയിട്ട്‌ എന്നെയൊന്ന് വിളിക്കൂ. അപ്പോഴേക്കും ഞാൻ റെഡിയാവാം."
അങ്ങനെ ഞാൻ കോട്ടക്കലിൽ നിന്ന് കാടാമ്പുഴ ബസ്സിൽ കയറി രണ്ടത്താണിയിൽ ഇറങ്ങി. നല്ല മഴപെയ്യുന്നുണ്ടായിരുന്നു. മഴകൊള്ളാതിരിക്കാൻ ആദ്യംകണ്ട ഓട്ടോറിക്ഷയിൽ ചാടികയറി ഇരുന്നു. ആ ഓട്ടോക്കാരന്‌ ഞാൻ പറഞ്ഞ സ്ഥലമറിയുമായിരുന്നില്ല. പക്ഷേ അയാൾ എന്നെ വിടാൻ ഒരുക്കമല്ലായിരുന്നു. "വഴി ഫോണിൽ ഇല്ലേ....നമുക്ക്‌ പോയി നോക്കാം" എന്നു പറഞ്ഞു. ജിപിഎസ്‌ നാവിഗേഷൻ പറയുന്നതനുസരിച്ച്‌ ഓട്ടോ ഇടത്തോട്ടും വലത്തോട്ടുമൊക്കെ തിരിഞ്ഞു. ഇതിനിടയിൽ പരോപകാര മനസ്സുള്ള ഓട്ടോക്കാരൻ അയാൾക്കറിയാവുന്ന അമ്പലങ്ങളുടെ പേരുകളൊക്കെ പറഞ്ഞു നോക്കി. പക്ഷേ എനിക്ക്‌ അങ്ങോട്ടൊന്നും പോകേണ്ടതില്ലല്ലോ! എന്റെ ലക്ഷ്യം എടക്കുട ശിവക്ഷേത്രമായിരുന്നു. സംസാരത്തിനിടയിൽ ഓട്ടോ വഴിതെറ്റി തിരിഞ്ഞു. അവിടെകണ്ട ഒരാളോട്‌ വഴിചോദിച്ചത്‌ കൂടുതൽ ആശയക്കുഴപ്പത്തിനിടയാക്കി. അയാൾക്ക്‌ എടക്കുട ശിവക്ഷേത്രമൊന്നും അറിയില്ല. പക്ഷേ അയാൾ ഏതൊക്കെയോ ക്ഷേത്രങ്ങളിലേക്കുള്ള വഴികൾ പറഞ്ഞുതന്ന് നേരം ചുറ്റിച്ചു. ആളുകൾക്ക്‌ പരോപകാര മനോഭാവം കൂടിയാലും പ്രശ്നമാണ്‌. ഓട്ടോക്കാരന്‌ എന്നെ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ എത്തിച്ചാൽ മതി എന്ന് തോന്നി. എനിക്ക്‌ ദേഷ്യം വരാൻ തുടങ്ങി. ഞാൻ പറഞ്ഞ വഴി തന്നെ പോയാൽ മതി എന്നയാളോട്‌ കടുപ്പിച്ചുപറയേണ്ടിവന്നു. ഒടുവിൽ ഗൂഗിൾ പറഞ്ഞുതന്ന വഴിയിലൂടെ തന്നെ അയാൾ വണ്ടിതിരിച്ചു. കിലോമീറ്ററുകൾ കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം "നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത്‌ എത്തിയിരിക്കുന്നു" എന്ന് ഗൂഗിൾ മദാമ വിളിച്ചുപറഞ്ഞു. ഞാൻ ചുറ്റും നോക്കി. വഴിയുടെ ഒരുവശത്ത് വലിയൊരു പാടമാണ്‌. മറുവശത്ത് തെങ്ങിൻ തോപ്പുകളും. ചില വീടുകൾ ഇടയിലുണ്ടെങ്കിലും എല്ലാം ആളനക്കമില്ലാതെ കിടക്കുന്നു, രാവിലെ ആയതിനാലാവാം. അവിടെ ഒരു മദ്രസ്സയിൽ നിന്ന് കുട്ടികളുടെ ശബ്‌ദം കേൾക്കാമായിരുന്നു എന്നതൊഴിച്ചാൽ വിജനമായ പ്രദേശം. ആരുമില്ല ഒന്ന് വഴിചോദിക്കാൻ. കുറച്ചുകൂടെ മുന്നോട്ട്‌ പോയി നോക്കാം എന്ന് ഞാൻ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു. "അവിടെ പാലം പണി നടക്കുന്നുണ്ട്‌. അതുകൊണ്ട്‌ കുറച്ചേ പോകാൻ കഴിയൂ" എന്നയാൾ പറഞ്ഞു. പാലം പണി നടക്കുന്ന സ്ഥലത്ത്‌ ഓട്ടോ നിർത്തി. ഞാൻ കാശ്‌ കൊടുത്ത്‌ ഓട്ടോക്കാരനെ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അയാൾക്ക്‌ എന്തോ ഒരു വിഷമം. "സ്ഥലത്ത്‌ എത്തിയില്ലല്ലൊ. നമുക്ക്‌ വന്നവഴി തിരിച്ചുപോയി നോക്കാം" എന്ന് പറഞ്ഞു. അത്‌ വേണ്ട ഞാൻ ഇവിടെയൊന്ന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ്‌ ഓട്ടൊ തിരിച്ചയച്ചു.
പാലം പണി നടക്കുന്നതിന്റെ തൊട്ടടുത്ത്‌ കോൺഗ്രസ്സിന്റെ ഒരു പാർട്ടി ഓഫീസുണ്ട്‌. അത്‌ തുറന്നിട്ടില്ല. ഞാൻ കുറച്ച്‌ മുന്നോട്ട്‌ നടന്നുനോക്കി ഒരാളേയും വഴിയിലെവിടേയും കാണാനില്ല. അപ്പോഴൊക്കെ തിരിച്ചു നടക്കാനായി ഗൂഗിൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അതൊന്ന് ഓഫ്‌ ചെയ്തിടാൻ ഫോൺ എടുത്ത്‌ നോക്കിയപ്പോൾ ക്ഷേത്രത്തിൽ എത്താൻ ഒരു പാടം കടക്കണമെന്ന് സാറ്റലൈറ്റ്‌ ചിത്രത്തിൽ നിന്ന് മനസ്സിലായി. ക്ഷേത്രം നിൽക്കുന്നത്‌ നാലുവശവും പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട ചെറിയൊരു കരഭൂമിയിലാണ്‌. പാടം വരെയുള്ള വഴിയാണ്‌ ഗൂഗിൾ കാണിച്ചു തന്നത്‌. ഇനി അങ്ങോട്ട്‌ വഴിയില്ല. വല്ലാത്തൊരു അവസ്ഥ തന്നെ. സമയമാണെങ്കിൽ വൈകിക്കൊണ്ടിരിക്കുന്നു. ഞാൻ പാടത്ത്‌ എവിടെയെങ്കിലും ഒരു ക്ഷേത്രം കാണുന്നുണ്ടോ എന്ന് സസൂക്ഷ്‌മം നിരീക്ഷിച്ചു. പാടത്തിനക്കരെയായി കുറേ പറമ്പുകൾ മാത്രമാണ്‌ കാണാനായത്‌. ഒട്ടുനേരത്തെ നിരീക്ഷണത്തിനൊടുവിൽ പറമ്പുകൾക്കിടയിൽ വെട്ടുകല്ലുകൾകൊണ്ട് നിർമ്മിക്കപ്പെട്ട പകുതി തകർന്നൊരു ഗോപുരം
ഉയർന്നു നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പകുതി ആശ്വാസമായി. ഇനി അങ്ങോട്ടുള്ള വഴി ഏതെന്ന് നോക്കിയാൽ മതിയല്ലോ. കുറെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നുനോക്കി. പക്ഷേ ആ ക്ഷേത്രഗോപുരം കണ്ട ദിശയിലേക്കൊരു വഴി മാത്രം കണ്ടെത്താനായില്ല. പിന്നെ പാടം മുറിച്ചു കടക്കുകയേ എനിക്ക്‌ മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ. അതിനായി ആദ്യം വെള്ളം നിറഞ്ഞൊഴുകുന്ന വലിയൊരു തോട്‌ കടക്കേണ്ടതായിട്ടുണ്ട്‌. ഞാൻ തോടിന്റെ വക്കിലൂടെ നടന്നു. കുറച്ചുദൂരം ചെന്നപ്പോൾ തോടിനു കുറുകേ ഒരു പാലം കണ്ടു. പാലത്തിനു മുകളിലൂടെ നടന്ന് പാടത്തേക്കിറങ്ങി. കളകയറിക്കിടക്കുന്ന കൃഷിയിറക്കാത്ത കണ്ടങ്ങൾക്ക്‌ ശേഷം ഞാറുനട്ട കൃഷിയിടങ്ങൾ പരന്നു കിടക്കുന്നു.
എല്ലാം ചേർന്ന് ഒരു പച്ചപ്പട്ട്‌ വിരിച്ച പ്രതീതി. കണ്ടങ്ങൾക്കിടയിൽ അങ്ങനെ വരമ്പ്‌ എന്നൊന്നും പറയാൻ കാര്യമായിട്ടൊന്നുമില്ല. എന്നോ വച്ച വരമ്പുകൾ ഏറെക്കുറേ തകർന്നിരിക്കുന്നു. ചവിട്ടുമ്പോൾ താഴ്‌ന്നുപോകുന്നതും വഴുക്കൽ നിറഞ്ഞതുമായ ആ നാമമാത്രമായ വരമ്പിലൂടെ ഞാൻ സാവകാശം മുന്നോട്ട്‌ നടന്നു. പലപ്പോഴും തെന്നിവീഴുമോ എന്ന് ഭയപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വരമ്പിന്‌ ഇരുവശവും നല്ല പൊന്തക്കാടുകളാണ്‌. എന്തൊക്കെയോ തരം പുല്ലുകളിൽ തട്ടിയുരഞ്ഞ്‌ കാല് വേദനിക്കുന്നുണ്ടായിരുന്നു, പോരാത്തതിന്‌ മുൾച്ചെടികളും കുറ്റികളും ഭയപ്പെടുത്തുന്ന പൊത്തുകളും മാളങ്ങളും. "ആരേയും കുറ്റം പറയേണ്ട കാര്യം ഇല്ലല്ലോ. സ്വയം വരുത്തിവച്ചതല്ലേ?" ഞാൻ ദീർഘനിശ്വാസത്തോടെ എന്നോടുതന്നെ ചോദിച്ചു. അൽപം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എങ്ങനെയൊക്കെയോ വലിയതരക്കേടില്ലാതെ ഞാൻ ആ പാടത്തുനിന്ന് കരഭൂമിയിലേക്ക്‌ കാൽവച്ചു.
ചുറ്റും പഴമ പൊതിഞ്ഞു നിൽക്കുന്നൊരു ഗ്രാമപ്രദേശം. ഈ നൂറ്റാണ്ടിൽ നിന്നുതന്നെ പുറകോട്ടുപോയതായി എനിക്ക്‌ തോന്നി. പാടത്തുനിന്ന് കയറിയത്‌ ഒരു ഒറ്റയടിപ്പാതയിലേക്കായിരുന്നു.
ആ മൺവഴിയിലൂടെ നടന്നു ചെന്നത് പഴമയുടെ ഒരു നിലവറയിലേക്ക്‌ തന്നെ ആയിരുന്നു എന്ന് പറയാം. അത്രമേൽ മനോഹരമായിരുന്നു അവിടം. വെട്ടുകല്ലുകൊണ്ട്‌ തീർത്ത ഒരു ആനപ്പള്ളമതിലും പകുതി തകർന്ന ഒരു പ്രാചീന ഗോപുരവും. അതിനു തൊട്ടുമുൻവശത്ത്‌ വെട്ടുകല്ലുകൾകൊണ്ട്‌ തന്നെ പടവുകൾ കെട്ടിയ മനോഹരമായൊരു കുളവും. കുളം ഏറെക്കുറെ കുളവാഴകൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ചുറ്റും പുല്ല്‌ വന്ന് മൂടിയിട്ടുണ്ട്‌. വൃത്തിയാക്കിയിരുന്നെങ്കിൽ മനോഹരമായ ഒരു ജലശിൽപം തന്നെ ആകുമായിരുന്നു ആ കുളം എന്നതിൽ സംശയമില്ല.
ഞാൻ മതിൽകെട്ടിനുള്ളിൽ പ്രവേശിച്ചു.
വലിയബലിക്കല്ലിന്‌ സമീപത്തായി അൽപം മാറി ഒരു നന്തീശിൽപം കാണാം. മുഖം കുറച്ചൊക്കെ തേഞ്ഞുമാഞ്ഞ്‌ അവ്യക്തമെങ്കിലും മനോഹരമായ ആ ശിൽപം തന്നെ ക്ഷേത്രത്തിന്റെ പ്രാചീനതക്കുള്ള ഉദാഹരണമാണ്‌. ക്ഷേത്രത്തിനു ചുറ്റും പൊന്തക്കാടുകൾ വന്നു മൂടിയിരിക്കുന്നു. അതിലൂടെ നടക്കാൻതന്നെ പേടി തോന്നും. നാലുവശത്തു നിന്നും ഒരുകാലത്ത്‌ പ്രവേശനമുണ്ടായിരുന്നു എന്ന് കാണാവുന്നതാണ്‌. ഇപ്പോൾ പടിഞ്ഞാറുവശത്ത്‌ നിന്ന് പ്രവേശിക്കാൻ സാധിക്കാത്തതരത്തിൽ വലിയ കാടാണ്‌. വൻവൃക്ഷങ്ങൾ നിറഞ്ഞ ആ ഭാഗം ഒരു കാവായിരിക്കാം എന്ന് കരുതുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു നാഗത്തറ കാണാം. നാലമ്പലത്തിന്റെ ഒരു ഭാഗം തകർന്നതുപോലെ കാണപ്പെടുന്നു. മറ്റൊരുഭാഗത്ത്‌ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ലക്ഷണമുണ്ട്‌. ഓടുകൾ നിരത്തി വച്ചിരിക്കുന്നു. വടക്കുകിഴക്കേ മൂലയിൽ അൽപം താഴെയായി ചെറിയൊരു വട്ടശ്രീകോവിൽ കാണം. അവിടെയും ശിവനാണ്‌ പ്രതിഷ്ഠ. ഒരു ചതുരക്കിണറും ഈ മതിൽക്കെട്ടിനുള്ളിലുണ്ട്‌.
ഞാൻ രാവിലെ എട്ടുമണിയോടുകൂടി ക്ഷേത്രത്തിൽ എത്തിയെങ്കിലും ചുറ്റമ്പലത്തിനുള്ളിലേക്ക്‌ പ്രവേശിക്കാൻ സാധിച്ചില്ല. ഇവിടെ രാവിലെ അഞ്ചുമണിക്ക്‌ നടതുറന്ന് ഏഴരയോടെ അടച്ച്‌ ശാന്തിക്കാരൻ പോകുമത്രേ. അമ്പലപ്പറമ്പിൽ പശുവിനെകെട്ടാൻ വന്ന ആൾ പറഞ്ഞ്‌ അറിഞ്ഞതാണ്‌. സാധാരണ ദിവസങ്ങളിലൊന്നും ആരുംതന്നെ ഇവിടെ വരാറില്ലാത്രേ. പാടം കടന്ന കഥയൊക്കെ ഞാൻ അവരോട്‌ പറഞ്ഞപ്പോൾ അവർ തലയിൽ കൈവച്ചുപോയി. തെക്കുവശത്ത് മതിലിനുപുറത്തായി ഒരു വലിയ പറമ്പാണ്‌. ആ പറമ്പ് കടന്നാൽ ചെറിയൊരു വഴിയുണ്ടത്രേ. ശ്രീകോവിലിന്റെ മുകൾഭാഗം പുറമേ നിന്ന് കണ്ടപ്പോൾതന്നെ ഉള്ളിൽ കയറണമെന്ന മോഹം എന്നെ പിടികൂടിയിരുന്നു. മറ്റൊരു ദിവസം വീണ്ടും വരണമെന്ന് മനസ്സിലുറപ്പിച്ചു.
ഞാൻ അമ്പലപ്പറമ്പിൽ ചുറ്റി നടന്ന് ചിത്രങ്ങളെടുക്കുകയായിരുന്നു. അൽപനേരത്തേക്ക് തോർന്ന മഴ വീണ്ടും പെയ്യാൻ തുടങ്ങി. പിന്നെപ്പിന്നെ അതൊരു പെരുമഴയായിമാറി. പയ്യിനെ കെട്ടാൻ വന്ന ആൾ തിരിച്ചുപോയി. ഏക്കറുകണക്കിന്‌ പരന്നുകിടക്കുന്ന വിജനതയിൽ അപ്പോൾ രണ്ട്‌ പശുക്കളല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. നടുക്കൊരു മഹാക്ഷേത്രവും അതിനുചുറ്റും വളർന്നു നിൽക്കുന്ന കാടും പുല്ലും വൻവൃക്ഷങ്ങളും. നാലുപുറവും കോട്ടകെട്ടിയതുപോലെയൊരു ചുറ്റുമതിൽ. തകർത്തുപെയ്യുന്ന മഴയിൽ ഒരാളുടേയും സാമീപ്യമില്ലാതെ ഞാനാ ഗ്രാമീണത വേണ്ടുവോളം നുകർന്നു. മതിയാവോളം ചിത്രങ്ങൾ പകർത്തിയ ശേഷം ഞാൻ ക്ഷേത്രത്തിനു തെക്കുവശത്തായുള്ള പറമ്പിലേക്ക്‌ കടന്നു. പറമ്പിനു നടുവിലൂടെ ഒരു നടപ്പാത പോകുന്നുണ്ട്‌. അതിലൂടെ അല്‌പം നടന്നപ്പോൾ കഷ്ടി ഒരു ഓട്ടോറിക്ഷക്ക് കടന്നുപോകാൻ മാത്രം വീതിയുള്ളൊരു മൺവഴിയിലേക്കെത്തി. മഴ പെയ്തതിനാൽ വഴിനിറയേ വലിയ വെള്ളക്കെട്ടുകളായി ചളിവെള്ളം നിറഞ്ഞ്‌ കിടന്നിരുന്നു. വെള്ളം തൊടാതെ ഞാൻ ചാടിച്ചാടി നടന്നു. ആസമയം ഫോൺ റിങ്ങ്‌ ചെയ്തു, ഹരിയേട്ടനായിരുന്നു. ടാറിട്ട റോഡ്‌ എവിടെ കാണുന്നുവോ അവിടെ നിൽക്കാൻ മൂപ്പര്‌ പറഞ്ഞു. മഴ കൂടുതൽ ശക്തിപ്രാപിച്ചിരുന്നു. മൺവഴി ടാറിട്ട റോഡിലേക്ക്‌ ചെന്നുമുട്ടുന്നിടത്ത്‌ ഒരു വർക്ക്‌ഷോപ്പ്‌ ഉണ്ട്‌. ഞാൻ മഴകൊള്ളാതെ അവിടെ കേറി നിന്നു. അവിടെയെങ്ങും ക്ഷേത്രത്തിലേക്കുള്ള
വഴികാട്ടിയായി ഒരു ബോർഡ്‌ പോലും ഉണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.
അൽപസമയത്തിനുള്ളിൽ ഹരിയേട്ടൻ കാറുമായി വന്നു. കാറിലിരിക്കുമ്പോഴും മനസ്സ്‌ എടക്കുടയിലെ തകർന്ന ശിവക്ഷേത്രത്തിൽ തന്നെയായിരുന്നു.
ക്ഷേത്രത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും അറിയാനായില്ല. മൂവായിരം മുതൽ അയ്യായിരം വർഷം വരെ പഴക്കം അനുമാനിക്കുന്നുണ്ടത്രേ. പത്ത്‌ ഇല്ലക്കാരുടെ ഊരായ്‌മയിൽ ഉണ്ടായിരുന്ന ക്ഷേത്രമാണിത്‌. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്‌. ക്ഷേത്രത്തെക്കുറിച്ച്‌ കേട്ടൊരു കഥ കൂടി ഇവിടെ ചേർക്കുന്നു. നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ നടന്ന ഏതോ സംഭവമാണിതെന്ന് കരുതുന്നു. അന്ന് ഈ ക്ഷേത്രത്തിൽ ശാന്തിചെയ്തിരുന്നത്‌ ഒരു വൃദ്ധനായ ദരിദ്രനമ്പൂതിരി ആയിരുന്നുവത്രേ. ഒരിക്കൽ നാലമ്പലത്തിനകത്തുവച്ച്‌ ആ വൃദ്ധന്റെ ഉടുമുണ്ട്‌ അഴിഞ്ഞുവീണു. ഇതുകണ്ട്‌ ഊരാള ഇല്ലങ്ങളിലെ അന്തർജ്ജനങ്ങൾ പൊട്ടിച്ചിരിക്കുകയും ആ സാധുവിനെ വളരെയധികം പരിഹസിക്കുകയും ചെയ്തു. പരിഹാസത്താൽ മനംനൊന്ത ആ വൃദ്ധൻ, "ധനുമാസത്തിൽ തിരുവാതിരനാൾ അർദ്ധരാത്രിക്കൊഴിച്ച്‌ നിങ്ങളിൽ ആർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാതെപോകട്ടെ"എന്നുപറഞ്ഞ്‌ ആ അന്തർജ്ജനങ്ങളെ ശപിച്ചുവത്രേ. അതിനുശേഷം ഇവിടങ്ങളിലെ അന്തർജ്ജനങ്ങൾ ധനുമാസത്തിലെ തിരുവാതിരക്ക്‌ അർദ്ധരാത്രിക്കല്ലാതെ
ഈ ക്ഷേത്രത്തിൽ തൊഴാൻ പോകാറില്ല.
ഇപ്പോൾ അർദ്ധരാത്രിവരെയൊന്നും വൈകാറില്ല എന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. അത്താഴപൂജ കഴിഞ്ഞ്‌ നടയടച്ച്‌ ശാന്തിക്കാരൻ പോയാൽ ഏകദേശം രാത്രി എട്ടുമണിയോടുകൂടി ഇപ്പോൾ ആ പഴയ അന്തർജ്ജനങ്ങളുടെ പിൻമുറക്കാർ ഇവിടെ വന്ന് തൊഴുതുപോകുമത്രേ. പണ്ടുകാലത്ത്‌ തിരുവാതിരനാൾ അർദ്ധരാത്രിയിൽ പുരുഷസാമീപ്യമില്ലാതെയാണ് ഈ മനകളിലെ അന്തർജ്ജനങ്ങൾ ഇവിടെ വന്ന് തൊഴുതിരുന്നത് എന്ന് പറയപ്പെടുന്നു. എത്രയെത്ര പാതിരാപൂചൂടലിന് ഈ അമ്പലപറമ്പ്‌ സാക്ഷിയായിട്ടുണ്ടാകാം! എത്രയെത്ര തിരുവാതിരപ്പാട്ടുകൾക്കൊപ്പം അവർ താളത്തിൽ ചുവടുവച്ച്‌ ആടിയിരിക്കാം! പൂനിലാവിൽ ആ കുളക്കടവിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ടിരിക്കില്ലേ! നീന്തിത്തുടിക്കുന്ന അംഗനമാർ എന്തൊക്കെയായിരിക്കാം അടക്കം പറഞ്ഞിട്ടുണ്ടാവുക! അന്നും ഇവിടം വിജനവും കാടുനിറഞ്ഞതുമായിരുന്നുവോ! ചൂട്ടു വെളിച്ചത്തിന്റെ കനകശോഭയിൽ ആടയാഭരണങ്ങളുടെ കിലുങ്ങുന്ന ശബ്‌ദത്തോടെ നടന്നുവരുന്ന ആ സൗന്ദര്യദേവതകളെ ഞാൻ മനക്കണ്ണിൽ ദർശ്ശിച്ചു.
2
ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിക്കാനുള്ള ആഗ്രഹത്തെ ആഗ്രഹമാക്കിത്തന്നെ നിലനിർത്താൻ എനിക്ക്‌ കഴിഞ്ഞില്ല. അടുത്ത ദിവസം വൈകീട്ട്‌ വീണ്ടും അങ്ങോട്ട്‌ പുറപ്പെട്ടു. രാവിലെ എങ്ങനെ ശ്രമിച്ചാലും ബസ്സുപിടിച്ച്‌ ഏഴരക്കുമുൻപായി അവിടെ എത്തുക എന്നത്‌ അസാധ്യമായതിനാലാണ്‌ യാത്ര വൈകീട്ടാക്കിയത്‌. ഞാൻ അഞ്ചുമണിയോടെ ക്ഷേത്രത്തിലെത്തി. ബോർഡിലെ സമയ പ്രകാരം അഞ്ചരക്ക്‌ തുറക്കും എന്നാണ്‌. നടതുറക്കുന്നതും കാത്ത് ഞാൻ ആ പഴമ നിറഞ്ഞ ഗോപുരത്തിൽ നിന്ന് പാടത്തേക്ക്‌ നോക്കിയിരുന്നു. പച്ചവിരിച്ച പാടം പോക്കുവെയിൽ തട്ടി വെട്ടിത്തിളങ്ങുന്നു. ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക്‌
ഒരു ശല്യവുമില്ലാതെ പ്രകൃതിയുടെ സംഗീതവും സൗന്ദര്യവും ആസ്വദിച്ച്‌ ക്ഷേത്രഗോപുരത്തിന്റെ കരിങ്കൽ തറയിലോ ചവിട്ടുപടിയിലോ കുളക്കടവിലോ ഇരിക്കാം.
ശല്യം ചെയ്യാൻ ആരും വരില്ല. അതുപോലെ പ്രകൃതിക്കും ക്ഷേത്രത്തിനും ചുറ്റുപാടുള്ളവർക്കും ഒരു ശല്യമാവാതിരിക്കാൻ നമ്മളും ശ്രദ്ധിക്കണം. ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക്‌ മാത്രമല്ല എഴുത്തുകാർക്കും ധ്യാനിച്ചിരിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഇവിടം സ്വർഗ്ഗമായിരിക്കും എന്നതിൽ സംശയമില്ല.
വളരെ കുറച്ച്‌ വീടുകളേ ആ ഭാഗത്തുള്ളൂ.
ഒരു മാരാത്ത്‌ തറവാടും ഒരു വാരിയവും ആണ്‌ അവിടെ എനിക്കു കാണാൻ കഴിഞ്ഞത്‌. സമയം ആറുമണിയോട്‌ അടുത്തിട്ടും ആരേയും കാണാത്തതിനാൽ ഞാൻ സമീപത്തുള്ള മാരാത്ത്‌ തറവാട്ടിൽ ചെന്ന് അന്വേഷിച്ചു. പ്രദോഷപൂജയുള്ള ദിവസങ്ങളിലും തിരുവാതിരനാൾ നിറമാലയ്ക്കും മാത്രമാണ്‌ വൈകുംനേരങ്ങളിൽ അമ്പലം തുറക്കാറുള്ളൂ എന്ന് അറിയാൻ സാധിച്ചു. അതായത്‌ വൈകീട്ട്‌ ദിവസേന പൂജയോ വിളക്കുവെയ്പ്പോ ഇല്ല എന്നർത്ഥം. വീണ്ടും ഇത്രദൂരം വന്നിട്ട്‌ വെറുതേയായല്ലോ! നിരാശ മനസ്സിൽ തളംകെട്ടി നിന്നു. അടുത്ത പ്രദോഷപൂജയുള്ള ദിവസം അവർ എനിക്ക്‌ പറഞ്ഞുതന്നു. അന്നു വീണ്ടും വരാം എന്ന് പറഞ്ഞ്‌ ഞാൻ മടങ്ങി.
3
പ്രദോഷപൂജാ ദിവസം വൈകീട്ട്‌ അഞ്ചുമണിയോടെ ഞാൻ വീണ്ടും അവിടെയെത്തി. നടതുറന്നിട്ടുണ്ട്‌. ശാന്തിക്കാരൻ മാത്രമേ അപ്പോൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. ചതുരശ്രീകോവിലാണിവിടെ. നമസ്‌കാര മണ്ഡപവും തിടപ്പള്ളിയുമുണ്ട്‌. ക്ഷേത്രത്തിനുൾവശത്ത് ദർശ്ശിച്ച പഴമയുടെ നിറവിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയെങ്കിലും ഏതൊരു ചരിത്രാന്വേഷിയുടേയും, ഏതൊരു പൈതൃക സ്നേഹിയുടേയും ഹൃദയം തകർക്കാൻ പോന്ന കാഴ്ചകളാണ്‌ എനിക്കവിടെ കാണാൻ കഴിഞ്ഞത്‌. ശ്രീകോവിലിലേക്കുള്ള പ്രവേശനത്തിന്റെ ഇരുവശത്തുമായുള്ള ദ്വാരപാലക ശിൽപങ്ങൾ ദാരുണമാം വിധം തകർക്കപ്പെട്ടിരിക്കുന്നു. കൈകളും കാലുകളുമൊക്കെ വെട്ടിപ്പൊളിച്ച നിലയിലാണവ. ഒരു ശിൽപത്തിന്റെ ദേഹം തന്നെ വെട്ടിമാറ്റിയിട്ടുണ്ട്‌. ശ്രീകോവിലിന്റെ ചുമരിൽ അങ്ങിങ്ങായി വെട്ടിയും കുത്തിയും പൊളിക്കാൻ ശ്രമിച്ചതിന്റെ പാടുകൾ കാണാം. ഓവിന്റെ കാൽ ഭാഗം മാത്രമേ ഇപ്പോൾ തൽസ്ഥാനത്ത്‌ നിലവിലുള്ളൂ. മുക്കാൽ ഭാഗത്തൊളം വരുന്ന കഷ്ണം വെട്ടിമാറ്റിയതോ പൊട്ടി വീണതോ എന്തോ... മണ്ണിൽ കിടക്കുന്നുണ്ട്‌. ചുമരാകെ പൂപ്പൽ പിടിച്ചും പൊട്ടിപ്പൊളിഞ്ഞും നാശോന്മുഖമായിരിക്കുന്നു. ചുറ്റമ്പലത്തിനുള്ളിലും പുല്ല്‌ വളർന്നു നിൽക്കുന്നു. ചുറ്റമ്പലം ഒരുവശത്തൊഴിച്ചാൽ ഏറെക്കുറെ പൂർണ്ണമായും തകർന്നു കഴിഞ്ഞിരിക്കുന്നു. ചുറ്റമ്പലത്തിനുള്ളിൽ ഒരു വട്ടക്കിണറുണ്ട്‌. പ്രധാന പ്രതിഷ്ഠയായ ശിവനു പുറമേ ഗണപതിയും വിഷ്ണുസങ്കൽപത്തിലുള്ള ഒരു രൂപമില്ലാ കല്ലും ഉപദേവ പ്രതിഷ്ഠകളായി കാണാം.
മൈസൂർ പടയോട്ടകാലത്താണ്‌ ക്ഷേത്രത്തിന്‌ കാര്യമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്‌ എന്ന് വിലയിരുത്തുന്നു. അതുകൂടാതെ ഊരാളന്മാർ തമ്മിലുണ്ടായ സംഘർഷങ്ങളിലും ക്ഷേത്രം തകർന്നിട്ടുണ്ടാവാമെന്ന് അനുമാനിക്കുന്നു. അങ്ങനെ പലകാലഘട്ടങ്ങളിൽ പലതരം തകർച്ചകൾ നേരിട്ടൊരു ക്ഷേത്രമാണിത്‌. ഊരാളമേൽക്കോയ്‌മയും നാട്ടുരാജ്യ പടയോട്ടങ്ങളും ഒന്നും ഇല്ലാത്ത ഇക്കാലത്തും ഈ ക്ഷേത്രം തകർച്ച തന്നെയല്ലേ നേരിട്ടുകൊണ്ടിരിക്കുന്നത്‌! തകർന്ന മതിലിനു മുകളിൽ വലിയ മരങ്ങൾ മുളച്ചു പൊന്തി പടർന്നു പന്തലിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽത്തന്നെ ആ തകർച്ചയുടെ ആഴം മനസ്സിലാക്കാവുന്നതാണ്‌. ജനാധിപത്യത്തിനും നാട്ടുരാജ്യ പടയോട്ടങ്ങൾക്കും ഊരാള മേൽക്കോയ്‌മകൾക്കും മുൻപ്‌ എന്നെങ്കിലും ഈ ക്ഷേത്രത്തിന്‌ ഒരു സമ്പൽ സമൃദ്ധിയുടെ ഭൂതകാലം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു നിർമ്മിതിയും ഇത്രയും നൂറ്റാണ്ടുകൾ ഈ അവഗണനകളെയെല്ലാം തരണം ചെയ്ത്‌ നിലനിൽക്കുകയില്ല. ചേര രാജ്യത്തിലെ ശിൽപികളുടെ കരവിരുത്‌ ഈ ക്ഷേത്രത്തിലെ ഒരോ പാതിതകർന്ന ശിൽപത്തിലും കാണാവുന്നതാണ്‌. ഞാൻ തകർച്ചയുടെ ഓരോ അടയാളവും രേഖപ്പെടുത്തി നടക്കുന്നതിനിടയിൽ ക്ഷേത്ര അടിയന്തിരക്കാരായ വാര്യരും മാരാരും എത്തിച്ചേർന്നു. ഊരാളന്മാർ പത്തില്ലക്കാർ ഉണ്ടെങ്കിലും ആരെങ്കിലും വല്ലപ്പോഴുമൊന്ന് ആ വഴി വന്നാലായി എന്നുമാത്രം.
മലബാർ ദേവസ്വം ബോർഡ്‌ ഏറ്റെടുക്കുന്നതിനു മുൻപ്‌ ഇപ്പോഴുള്ള രീതിയിൽ പോലും ഈ ക്ഷേത്രം പ്രവർത്തിച്ചിരുന്നില്ല എന്നതാണ്‌ സത്യം. ഊരാളന്മാരുടെ താൽപര്യമില്ലായ്മയും സ്ഥലത്ത്‌ ഒരു കമ്മറ്റി രൂപീകരിക്കാൻപോലും വേണ്ടത്ര ആളുകളില്ലാത്തതും കാരണം മിക്കവാറും എല്ലാദിവസങ്ങളിലും രാവിലേയും വൈകീട്ടുമൊക്കെ ക്ഷേത്രം അടഞ്ഞുതന്നെ കിടന്നിരുന്നു. ഈ ഒരു വസ്തുത ഒഴിച്ചുനിർത്തിയാൽ ദേവസ്വം ബോർഡ്‌ ഏറ്റെടുത്തിട്ടും ഒരു പുരോഗതിയും ഇവിടെ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്റേയും ജീവനക്കാരുടേയും അവസ്ഥ പരിതാപകരമായിത്തന്നെ തുടരുന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഈ വഴിവന്നിട്ട്‌ ഒരു വർഷത്തിനു മുകളിലായത്രേ. ജീവനക്കാർക്ക്‌ ശമ്പളം കിട്ടിയിട്ട്‌ രണ്ട്‌ വർഷത്തിലധികമായി. അതിന്റെ പ്രതിഷേധം ശാന്തിക്കാരനിൽ പ്രകടമായിരുന്നു. ശ്രീകോവിലിന്റേയും ചുറ്റമ്പലത്തിന്റേയും പൊട്ടിപ്പൊളിഞ്ഞ ഓടുകൾ മാറ്റാനുള്ള ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച്‌ ടാർപായ കെട്ടിപോയിരിക്കുന്നു. ദേവസ്വത്തിൽ നിന്ന് അനുവദിക്കപ്പെട്ട ഫണ്ട്‌ തീർന്നുപോയതോടെ ജോലിയും പാതിവഴിയിൽ നിന്നുപോയി. ഇനി എന്ന് ഫണ്ട്‌ കിട്ടുന്നുവോ അന്നേ പണി പുനരാരംഭിക്കുകയുള്ളൂ. ഏകദേശം ഒന്നര ലക്ഷം രൂപ ഇതിലേക്കായി ചിലവുവരും എന്ന് കണക്കാക്കുന്നു. പ്രദോഷപൂജക്ക്‌ ലഭിക്കുന്ന തുക കൊണ്ടാണത്രേ ക്ഷേത്രത്തിന്റെ നിത്യചിലവുകൾ നടന്നുപോകുന്നത്‌.
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലാണ്‌ എടക്കുട ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഇന്നത്തെ മാറാക്കര പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളൊക്കെ പഴയകാലത്ത്‌ ഈ ക്ഷേത്രത്തിന്റെ ഭൂമിയായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പാടശേഖരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന്‌ പറ നെല്ല് പാട്ടം പിരിവ്‌ വന്നിരുന്നു. അങ്ങനെയൊരു ചരിത്രമുറങ്ങുന്ന പാടവരമ്പത്തു കൂടിയാണ്‌ രണ്ടുദിവസം മുൻപ്‌ ഞാൻ നന്നേ പ്രയാസപ്പെട്ട്‌ നടന്നുവന്നത്‌ എന്ന് ഇപ്പോഴാണ്‌ മനസ്സിലാകുന്നത്‌.
പ്രദോഷപൂജ നടക്കുന്നു. സോപാനത്തിൽ നിന്നുയരുന്ന ചെണ്ടയുടെ നാദത്തിനു കാതോർത്ത്‌ ഞാനാ ഗോപുരവാതിൽക്കൽ കാത്തുനിന്നു. ക്ഷേത്രത്തിനകത്തു നിന്ന് നേർത്ത സ്വരത്തിൽ വന്ന ഒരു ശിവകീർത്തനം എന്റെ കാതുകളെ തഴുകി കടന്നുപോയി.
സന്ധ്യമയങ്ങുന്നു.... മൂകമെങ്കിലും അൽപനേരത്തേക്ക്‌ ചെറിയൊരനക്കം കൈവന്ന ആ ക്ഷേത്രവും പരിസരവും ഇടവഴികളും വീണ്ടും അഗാധമായ നിശ്ശബ്ദതയിലേക്കുതന്നെ വഴുതിവീണു. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതികളോടെയാണ്‌ ആ 'ശ്യാമ ഗ്രാമഭൂവിൽ' നിന്ന് ഞാൻ വിടവാങ്ങിയത്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...