വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം | |
---|---|
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം (2011-ൽ)
| |
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഭഗവതീ ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രം. ഏറെ വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം.
തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും ആദിപരാശക്തിയുടെ അവതാരവുമായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കോട്ട് ദർശനം. ഉപദേവതകളായ ഗണപതി, വീരഭദ്രൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കണ്ഠാകർണൻ, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ഇവിടുത്തെ നാഗരാജാവും നാഗയക്ഷിയും സർപ്പദോഷങ്ങൾ, മംഗല്യദോഷങ്ങൾ എന്നിങ്ങനെയുള്ള ദോഷങ്ങൾ ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്.[1]
ക്ഷേത്രത്തിനു സമീപം ആറാട്ടുകുളവും ആൽമരങ്ങളും പനകളും വിദ്യാലയങ്ങളുംഗുരുമന്ദിരവുമെല്ലാമുണ്ട്. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവുംകോഴിക്കോട്ടെ പിഷാരിക്കാവും ഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത് .[1] കേരളത്തിന്റെസാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ. കൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.[1]
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. സമൂഹപ്രാർഥനയും നാണയപ്രസാദവും അന്നദാനസദ്യയും ഉൾപ്പെടുന്നതാണ് കാര്യസിദ്ധിപൂജ. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച വ്രതമെടുത്ത് കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. കാര്യസിദ്ധീ പൂജയ്ക്കായി നിരവധി ഭക്തർ ഇവിടെയെത്തുന്നുണ്ട്. കഷായകലശമാണ് മറ്റൊരു പ്രധാന വഴിപാട്. എല്ലാവർഷവും കുംഭമാസത്തിലെ ഭരണി നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു. ചന്ദ്രപൊങ്കാല, നവരാത്രി മഹോത്സവം, വിദ്യാരംഭം, തൃക്കാർത്തിക എന്നിവയാണ് മറ്റു വിശേഷദിവസങ്ങൾ.
ചരിത്രം
കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്. ചേരൻമാരുടെയുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം.[1]പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് 'പനങ്കാവ് ക്ഷേത്രം' എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലംപട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി. 1681-ൽ ഡച്ചുകാരുടെ ആക്രമണത്തിൽ ഈ ക്ഷേത്രവും തകർന്നു പോയി. [1] എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു.പനങ്കാവ് എന്നായിരുന്നു അതിന്റെ പേര്. അനേകം വർഷങ്ങൾക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ ക്ഷേത്രമായത്.
ക്ഷേത്ര ഐതിഹ്യം
ചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ള ഐതിഹ്യം.[1] ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു. ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു. ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു. വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി. അവിടെ പാണ്ഡ്യരാജാവ് തൻറെ ഭാര്യയുടെ ചിലമ്പ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു.അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തന്റെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി ദേവി രാജാവിനെയും രാജ്യത്തെയും നശിപ്പിക്കുന്നു. തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു.[1] അതിനാൽ ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.
എത്തിച്ചേരുവാനുള്ള വഴി
- ക്ഷേത്രത്തിൻറെ വിലാസം : വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം, വടക്കേവിള, കൊല്ലം-10
- കൊല്ലം ബൈപാസിൽ നിന്നും 500 മീറ്റർ പടിഞ്ഞാറോട്ടു വന്നാൽ എത്തിച്ചേരാം.
- പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നിന്നും 650 മീറ്റർ അകലം.
- ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ- ഇരവിപുരം റെയിൽവേ സ്റ്റേഷൻ, 2.5 കി.മീ. അകലെ
- അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, 5.8 കി.മീ. അകലെ
- അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 62 കി.മീ. അകലെ
- അടുത്തുള്ള പട്ടണം- കൊല്ലം പട്ടണം, 6 കി.മീ. അകലെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ