ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽശ്രീവില്വാദ്രിനാഥക്ഷേത്രം.


തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽശ്രീവില്വാദ്രിനാഥക്ഷേത്രം. 

തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം
VilvadhrinathaKshethram2.JPG
തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം
തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം

മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. പരമാത്മാവായ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും അനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ, ക്ഷേത്രത്തിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരം വടക്കുമാറി ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ ഭാരതപ്പുഴയൊഴുകുന്നത് കാണാം. ചുറ്റും നിരവധി കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും തോടുകളുമുണ്ട്. ഇവ ക്ഷേത്രപരിസരത്തെ ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്നും ഗ്രാമീണത്തനിമയ്ക്ക് കാര്യമായ കോട്ടം തട്ടാതെ നിൽക്കുന്ന പ്രദേശമാണ് തിരുവില്വാമല.
ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണുവിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയും സാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതിധർമ്മശാസ്താവ്ശ്രീമഹാദേവൻപാർവ്വതീദേവിനാഗദൈവങ്ങൾശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് വില്വാദ്രിനാഥക്ഷേത്രം.
ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അവിടെ ഒരു സ്വർണ്ണവില്വമരം (കൂവളം) ഉണ്ടെന്നും വിശ്വാസമുണ്ട്. തന്മൂലം ഈ സ്ഥലത്തിന് 'വില്വമല' എന്ന പേര് വന്നു. പിന്നീട് വില്വമലയിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരു' കൂട്ടിച്ചേർത്തു. 'തിരുവില്വമല' കാലാന്തരത്തിൽ തിരുവില്വാമലയായി മാറി. തിരുവില്വാമല സംസ്കൃതീകരിച്ച് 'വില്വാദ്രി'യാക്കി. തുടർന്ന്, പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു.
അതേ സമയം, 'വിണ്ടമല'യാണ് വില്വമലയായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്നാണ് വാസ്തവത്തിൽ വില്വാദ്രി. എന്നാൽ, അടുത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേർത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട്, ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോൾ പ്രത്യേകമലകളായതാണെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള സരസ്വതിക്കുണ്ടിലും മറ്റും കാണുന്ന വിള്ളലുകൾ ഇതിന്റെ സൂചനയാണ്.

കിഴക്കേ നട

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെ മുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടുവാൻ പരശുരാമൻ കടലിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത് ബ്രാഹ്മണർക്ക് നൽകി. അവർക്ക് ആരാധന നടത്തുവാൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം അവിടെത്തന്നെ കഠിനതപസ്സിൽ മുഴുകി. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഏതാനും പിതൃക്കൾ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'അങ്ങ് നടത്തിയ അതിഭീകരമായ കൂട്ടക്കൊലയിലൂടെ ധാരാളം നിർഗ്ഗതിപ്രേതങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് മോക്ഷം കിട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവർ നാടുമുഴുവൻ നടന്ന് പ്രശ്നങ്ങളുണ്ടാക്കും. പിന്നെ രക്ഷയില്ല.' തുടർന്ന് നല്ലൊരു വഴി കിട്ടാനായി പരശുരാമൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു. അപ്പോൾ അദ്ദേഹത്തിന് ഒരു അശരീരിയുണ്ടായി. ഉടനെ വില്വാദ്രിയിലെത്താനായിരുന്നു അത്. അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ വരവേറ്റത് ശിവഭൂതഗണങ്ങളായിരുന്നു. അവരിൽ നിന്ന് ഭഗവാൻ ശിവൻ അവിടെയെത്തിയ വിവരമറിഞ്ഞ പരശുരാമൻ ഉടനെ ഭഗവാന്റെ അടുക്കൽ പോയി അദ്ദേഹത്തെക്കണ്ട് നമസ്കരിച്ചു. താൻ കാരണം പ്രേതങ്ങളായി മാറിയ ക്ഷത്രിയർക്ക് മോക്ഷം കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞുതരണം എന്ന് പരശുരാമൻ ശിവനോട് അഭ്യർത്ഥിച്ചു. അപ്പോൾ ശിവൻ, കൈലാസത്തിൽ താൻ പൂജിച്ചിരുന്ന പരമപവിത്രമായ വിഷ്ണുവിഗ്രഹം പരശുരാമന് സമ്മാനിച്ചു. പരശുരാമൻ അത് പ്രേതങ്ങൾക്ക് ദർശനം കിട്ടാൻ പാകത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രേതങ്ങളെ വിളിച്ച അദ്ദേഹം അവർക്ക് ഭഗവദ്ദർശനം കൊടുത്തു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നത്.

പടിഞ്ഞാറേ നട

ഏതാണ്ടിതേ സമയത്തുതന്നെ കശ്യപമഹർഷിയുടെ പുത്രനായ ആമലകമഹർഷി മഹാവിഷ്ണുവിനെ മനസ്സിൽ കണ്ട് ഇവിടെ കഠിനതപസ്സ് തുടങ്ങി. 'ആമലകം' എന്ന സംസ്കൃതപദത്തിന് നെല്ലിക്ക എന്നാണർത്ഥം. മഹർഷി നെല്ലിക്ക മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവത്രേ! തന്മൂലം, 'ആമലകൻ' എന്ന പേര് അദ്ദേഹത്തിന് വന്നു. ക്ഷേത്രത്തിന്റെ താഴെയുള്ള സരസ്വതിക്കുണ്ടിലിരുന്നാണ് ആമലകമഹർഷി തപസ്സനുഷ്ഠിച്ചത്. ഈ തപസ്സ് കണ്ട് അമ്പരന്നുപോയ ഇന്ദ്രാദിദേവകൾ തങ്ങളിൽ നിന്ന് സ്വർഗ്ഗാധിപത്യം തട്ടിയെടുക്കാനായിരിയ്ക്കും ശ്രമമെന്ന് വിചാരിച്ചു. അവർ തപസ്സ് മുടക്കാൻ ദേവലോകസുന്ദരിമാരെ മുഴുവൻ പറഞ്ഞയച്ചു. കൂടാതെ വേറെയും ചില വിക്രിയകൾ അവർ നടത്തി. പക്ഷേ, ഫലമുണ്ടായില്ല. തുടർന്ന് അവർ കാര്യം ആരായാൻ കശ്യപമഹർഷിയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആമലകന് സ്വർഗ്ഗാധിപത്യത്തിലോ മറ്റ് സുഖഭോഗങ്ങളിലോ ഒന്നും താത്പര്യമില്ല. അനശ്വരമായ ഭക്തി മാത്രമാണ് അവന് വേണ്ടത്.' ഇതറിഞ്ഞതോടെ ദേവന്മാർക്ക് ആശ്വാസമായി. എന്നാൽ, ഇത്തവണ ഭീതി അസുരന്മാർക്കായി. അവരും തപസ്സ് മുടക്കാൻ ചില വിക്രിയകൾ കാണിച്ചു. പക്ഷേ, ഒന്നും ഫലിച്ചില്ല. തുടർന്ന് അവരെല്ലാവരും കൂടി മഹർഷിയുടെയടുത്തുതന്നെയെത്തി. പിന്നെയും ചില വിക്രിയകൾ അവർ അദ്ദേഹത്തിനുമേൽ നടത്തി. ഇത്തവണ അവരുടെ ഉദ്ദേശ്യം നടന്നു. എന്നാൽ, അത് അവർക്ക് തന്നെ വിനയായി. മഹർഷി കണ്ണുതുറന്നു. അഗ്നിജ്വാലകൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വർഷിച്ചു. അസുരന്മാരിൽ നല്ലൊരുഭാഗം തീയിൽ വെന്തുമരിച്ചു; ശേഷിച്ച ചിലർ വിഷപ്പുകയേറ്റ് ശ്വാസം മുട്ടിയും. അവരെല്ലാവരും കൂടി ഒരു ഊക്കൻപാറയായി മാറി. അതാണ് ഇന്ന് ക്ഷേത്രത്തിനടുത്തുകാണുന്ന രാക്ഷസപ്പാറ. ഇതിന്റെ ചുവട്ടിലാണ് പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം. ആമലകൻ തപസ്സുതുടർന്നു. അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ മഹാവിഷ്ണു തന്റെ കിടക്കയായ ആദിശേഷനെ വെൺകൊറ്റക്കുടയാക്കി, ഇരുവശത്തും പത്നിമാരായ ശ്രീദേവിയെയും ഭൂമീദേവിയെയും ചേർത്തുപിടിച്ച് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്ത് ആഗ്രഹം വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ആമലകൻ ഇങ്ങനെ പറഞ്ഞു: 'എനിയ്ക്ക് ഒന്നും ആഗ്രഹമില്ല. അങ്ങ് എന്നും ഇവിടെ വസിച്ച് ജനങ്ങൾക്ക് ക്ഷേമൈശ്വര്യങ്ങൾ പ്രദാനം ചെയ്ത് കഴിയണം.' തുടർന്ന്, ഭഗവാൻ അവിടെ അഞ്ജനശിലയിൽ ദേവിമാർക്കും അനന്തനുമൊപ്പം സ്വയംഭൂവായി ക്ഷേത്രത്തിൽ കുടികൊണ്ടു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നത്.

ശ്രീരാമലക്ഷ്മണസങ്കല്പങ്ങൾ

മേല്പറഞ്ഞ കഥകൾ നാരദപുരാണത്തിലെ 'വില്വാദ്രി മാഹാത്മ്യം' എന്ന കഥയിൽ നിന്ന് എടുത്തതാണ്. രാമായണം പോലെ ഉമാമഹേശ്വരസംവാദരൂപത്തിലാണ് ഇതും എഴുതിയിരിയ്ക്കുന്നത്. ഇവയനുസരിച്ച് ക്ഷേത്രത്തിലെ രണ്ട് പ്രധാനപ്രതിഷ്ഠകളും വാസ്തവത്തിൽ മഹാവിഷ്ണുവാണ്. എന്നാൽ, കാലാന്തരത്തിൽ പടിഞ്ഞാറേ നടയിലെ പ്രതിഷ്ഠയെ ശ്രീരാമനായും കിഴക്കേ നടയിലെ പ്രതിഷ്ഠയെ ലക്ഷ്മണനായും കണ്ടുതുടങ്ങി. അവയ്ക്കുപിന്നിലും ചില കഥകളുണ്ട്. അവയിലൊന്ന് ഇങ്ങനെ:
ആമലകമഹർഷി, ശ്രീരാമനാമം ജപിയ്ക്കുന്നതിൽ പ്രത്യേകനിഷ്ഠ പാലിച്ചുപോയിരുന്ന ഒരു പുണ്യാത്മാവായിരുന്നു. അദ്ദേഹം നിത്യവും പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിനുമുന്നിലിരുന്ന് രാമനാമം ജപിയ്ക്കുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ ശിഷ്യരും പടിഞ്ഞാറേ നടയിൽ രാമനാമജപം തുടർന്നുവന്നു. അങ്ങനെ പടിഞ്ഞാറേ നടയിലെ പ്രതിഷ്ഠ ശ്രീരാമനാണെന്ന് ഭക്തർക്കിടയിൽ ഒരു ധാരണ പടർന്നു. പടിഞ്ഞാറേ നടയിൽ ശ്രീരാമനാണെങ്കിൽ കിഴക്കേ നടയിൽ അദ്ദേഹത്തിന്റെ അനുജനും സന്തതസഹചാരിയുമായ ലക്ഷ്മണനാണെന്നും ഭക്തർ വിശ്വസിച്ചുവന്നു.
മറ്റൊരു കഥ കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കഥകളിയുമായി ബന്ധപ്പെട്ടാണ്. കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിന്റെഉപജ്ഞാതാവായിരുന്ന കൊട്ടാരക്കര തമ്പുരാൻ രചിച്ച ആട്ടക്കഥയുടെ ആരംഭത്തിലെ ഒരു ശ്ലോകത്തിൽ വില്വാദ്രിനാഥനായ ശ്രീരാമനെ സ്തുതിയ്ക്കുന്നുണ്ട്. ഇന്നും കേരളത്തിലെ, വിശിഷ്യാ മലബാറിലെ കഥകളിഗായകർ ആരംഭത്തിൽ ചൊല്ലാറുള്ള ശ്ലോകങ്ങളിലൊന്നാണിത്. തിരുവില്വാമലയിൽ കൊട്ടാരക്കര തമ്പുരാൻ പോയിട്ടില്ലെന്നും, എന്തോ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹം ഈ ശ്ലോകം രചിച്ചതെന്നും പറയപ്പെടുന്നു. എന്നാലും, ഇത് കേരളത്തിലെ കഥകളിയരങ്ങുകളിൽ പാടിക്കേട്ടതോടെ തിരുവില്വാമലയിലെ പ്രതിഷ്ഠ ശ്രീരാമനാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിച്ചുതുടങ്ങി.
കേരളത്തിന്റെ മറ്റൊരു തനതുകലാരൂപമായ ചാക്യാർകൂത്തുമായി ബന്ധപ്പെട്ടാണ് അടുത്ത കഥ. പണ്ടുകാലത്ത് തിരുവില്വാമല ക്ഷേത്രത്തിൽ വർഷത്തിൽ കുംഭമാസത്തിലെ കറുത്ത ഏകാദശിയോടനുബന്ധിച്ച് പന്ത്രണ്ടുദിവസവും ചാക്യാർകൂത്തുണ്ടാകുമായിരുന്നു. ക്ഷേത്രത്തിൽ കൂത്തമ്പലമില്ലാത്തതിനാൽ കിഴക്കേ നടയിലെ തെക്കേത്തളത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിലാണ് കൂത്ത് അവതരിപ്പിച്ചിരുന്നത്. അക്കാലത്ത് ദ്വിജന്മാർ (പൂണൂൽ ധരിച്ചവർ) മാത്രമേ കൂത്ത് ഇരുന്നുകാണുകയുള്ളൂ. മറ്റുള്ളവർ നിന്നുകാണും. കൂത്തിൽ ചാക്യാർക്ക് ആരെ വേണമെങ്കിലും വിമർശിയ്ക്കാം. കാണികൾക്ക് കേട്ടിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.
ഒരിയ്ക്കൽ, ക്ഷേത്രത്തിൽ സ്ഥിരമായി കൂത്ത് അവതരിപ്പിച്ചിരുന്ന ചാക്യാർക്ക് എന്തോ കാരണം കൊണ്ട് വരാൻ കഴിയാതെയായി. പകരം, ചെറുപ്പക്കാരനായ ഒരു ചാക്യാർ കടന്നുവന്നു. സ്ഥിരം ചാക്യാരെപ്പോലെ അയാളും വലിയ കലാകാരനും പണ്ഡിതനുമായിരുന്നു. എന്നാൽ, ലോകത്ത് സകലത്തിനെയും പുച്ഛിയ്ക്കുന്ന ഒരുതരം പ്രകൃതിയായിരുന്നു അയാൾ. കൂത്തുസമയത്ത് കാണുന്നവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിയ്ക്കാൻ പോലും അയാൾ മുതിർന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാളുടെ അവതരണരീതി കാരണം ആരും കൂത്തിന് വരാതെയായി. അപ്പോൾ അയാൾ ഭഗവാനുനേരെ തിരിഞ്ഞു. ഒരു ഘട്ടത്തിൽ, രാമായണത്തിൽ സേതുബന്ധനത്തിന് തൊട്ടുമുമ്പുള്ള രംഗത്തിൽ, ശ്രീരാമൻ ലക്ഷ്മണനോട് അമ്പും വില്ലും കൊണ്ടുവരാൻ അഭ്യർത്ഥിച്ചുകൊണ്ട് കോപാന്ധനായി നിൽക്കുന്ന ഭാഗം അവതരിപ്പിച്ചശേഷം തദവസരത്തിലെ വരുണനെ അവതരിപ്പിയ്ക്കുമ്പോൾ ചാക്യാർ ശ്രീരാമനെ വളരെ മോശമായ രീതിയിൽ ചിത്രീകരിയ്ക്കുന്ന വാക്കുകൾ പറഞ്ഞു. അപ്പോൾ, 'അമ്പും വില്ലും ഇതാ ഞാൻ കൊണ്ടുവരുന്നു' എന്നൊരു അശരീരി കിഴക്കേ നടയിലെ ശ്രീകോവിലിൽ നിന്ന് മുഴങ്ങി. ഇതുകേട്ട സ്ഥലത്തെ പ്രമാണിമാർ ഉടനെ സ്ഥലം വിടാനൊരുങ്ങി. ദുഷ്ടനായ ചാക്യാരുടെ അവതരണം കേട്ടിരുന്ന കുറ്റം പൊറുത്ത് രക്ഷിയ്ക്കണേ എന്ന പ്രാർത്ഥനയായിരുന്നു അപ്പോൾ അവരുടെ ചുണ്ടുകളിൽ. കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് മനസ്സിലാക്കിയ ചാക്യാർ ഉടനെ വേഷമഴിയ്ക്കാതെ ഓടാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ്, തന്റെ പിന്നിൽ ആരുമില്ലെന്ന് സ്ഥിരീകരിച്ച ചാക്യാർ തന്റെ വേഷമഴിച്ചു. അവിടം പിന്നീട് 'മുടിയഴിപ്പൻപറമ്പ്' എന്നറിയപ്പെട്ടു. മറ്റുചിലർ പറയുന്നത് ചാക്യാർക്ക് അതോടെ ചിത്തഭ്രമം പിടിപെടുകയും തുടർന്ന് അയാളെ ചങ്ങലയ്ക്കിടുകയും ഒരുവർഷം കഴിഞ്ഞ് അയാൾ മരിയ്ക്കുകയും ചെയ്തുവെന്നുമാണ്. ഭ്രാന്തുവന്നപ്പോൾ അയാൾ പലതവണ 'അയ്യോ കുരങ്ങൻ വരുന്നേ' എന്ന് നിലവിളിച്ചതായും ആ കുരങ്ങൻ സാക്ഷാൽ ആഞ്ജനേയൻ തന്നെയായിരുന്നതായും അവർ പറയുന്നു. ഈ കഥ പിന്നീട് മറ്റു ചാക്യാന്മാർ വഴി കേരളമെമ്പാടും പ്രചരിച്ചു. അങ്ങനെ ഭക്തർ കിഴക്കേ നടയിൽ ലക്ഷ്മണനും പടിഞ്ഞാറേ നടയിൽ ശ്രീരാമനുമാണെന്ന് വിശ്വസിച്ചുതുടങ്ങി.
കിഴക്കേ നടയിലെ ബിംബം വലതുകാൽ പൊക്കിയ നിലയിലാണ് ഇന്ന് കാണപ്പെടുന്നത്. ഇത് കൂത്തുസമയത്തുണ്ടായതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നുമുതൽ, ക്ഷേത്രത്തിൽ ചാക്യാർകൂത്തില്ല. പകരം നങ്ങ്യാർകൂത്താണ് നടന്നുവരുന്നത്.

പുനർജ്ജനി ഗുഹ

ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ തെക്കുകിഴക്കുമാറി ഭൂതന്മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് പുനർജ്ജനി ഗുഹ. 150 മീറ്റർ നീളം വരുന്ന ഈ ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. തിരുവില്വാമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഈ ഗുഹ. ഇതിനുപിന്നിലും ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെ:
മഹാവിഷ്ണുദർശനം കിട്ടിയെങ്കിലും പ്രേതങ്ങൾക്ക് മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. അദ്ദേഹം പരശുരാമനോട് ഇങ്ങനെ പറഞ്ഞു: 'അല്ലയോ ഭാർഗ്ഗവാ, പ്രേതങ്ങൾ ഒരുപാട് ജന്മങ്ങൾ എടുത്തുകഴിഞ്ഞവരാണ്. കർമ്മം കാരണമാണ് ജന്മമുണ്ടാകുന്നത്. കർമ്മമൊടുങ്ങിയാൽ മാത്രമേ മോക്ഷം കിട്ടൂ.' തുടർന്ന് പരശുരാമൻ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ദേവേന്ദ്രന്നും ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി. എന്നാൽ, പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന് പരശുരാമൻ പറഞ്ഞപ്പോൾ വിശ്വകർമ്മാവ് ഉടനെ അനുയോജ്യമായ സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. അവർ അങ്ങനെ ഈ മലയിലെത്തി. തുടർന്ന് ഒരു സ്ഥലത്ത് വിശ്വകർമ്മാവിന് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും ബൃഹസ്പതി പൂജകൾ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ഭൂതന്മലയുടെ അടിവാരത്ത് പരശുരാമൻ വിഘ്നനിവാരണത്തിനായി 'ഗണപതിതീർത്ഥം' നിർമ്മിച്ചു. ഗുഹയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 'പാപനാശിനി' (ഇതേ പേരിൽ തിരുനെല്ലിയിൽ ചെറിയൊരു നദിയുമുണ്ട്), 'പാതാളതീർത്ഥം' എന്നിങ്ങനെ വേറെയും രണ്ട് തീർത്ഥങ്ങൾ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദേവേന്ദ്രൻ അമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിച്ചു. അത് തന്മൂലം 'അമ്പുതീർത്ഥം' എന്ന് അറിയപ്പെടാൻ തുടങ്ങി. ദേവേന്ദ്രന്റെ വാഹനമായ ഐരാവതം തന്റെ കൊമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിയ്ക്കുകയും അത് തന്മൂലം 'കൊമ്പുതീർത്ഥം' എന്ന് അറിയപ്പെടുകയും ചെയ്തു. ശിവശിരസ്സിൽ നിന്നും വിഷ്ണുപാദത്തിൽ നിന്നും ഗംഗാതീർത്ഥം കൊണ്ടുവന്ന് പരശുരാമൻ അവയിൽ നിറച്ചു. തുടർന്ന്, നിർമ്മാണം പൂർത്തിയായ ഗുഹയിലൂടെ പ്രേതങ്ങൾ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.
അതേ സമയം, ഏതാനും ബ്രാഹ്മണരും അവിടെയെത്തി. അവർ പരശുരാമനോട് തങ്ങൾക്കും നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പരശുരാമൻ അവരോട് ഇങ്ങനെ പറഞ്ഞു: 'വർഷത്തിൽ ഒരു ദിവസം - വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശിനാൾ - അന്നുമാത്രമേ ഈ ഗുഹയ്ക്കകത്ത് മനുഷ്യർക്ക് പ്രവേശനമുള്ളൂ. മറ്റ് ദിവസങ്ങൾ പ്രേതങ്ങൾക്കുള്ളതാണ്. മാത്രവുമല്ല, നൂഴാൻ വരുന്നവർ വ്രതനിഷ്ഠയോടുകൂടിയായിരിയ്ക്കണം വരേണ്ടത്.' ബ്രാഹ്മണരെത്തിയ ദിവസം പരശുരാമൻ പറഞ്ഞ ആ ദിനം തന്നെയായിരുന്നു! അവർ എല്ലാ നിഷ്ഠകളോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് അവരും ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.
ഈ ഗുഹയെ മഹാഭാരതവുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ട്. അതിങ്ങനെ: കുരുക്ഷേത്രയുദ്ധത്തിനുശേഷംപഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തുവന്നിരുന്നു. കൂടാതെ, തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി അവർ പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു. ഒപ്പം, ചില ക്ഷേത്രങ്ങളും ഇവർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി. അവ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രവും ('ഐവർ' എന്നാൽ അഞ്ചുപേർ. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന അർത്ഥത്തിൽ ആ പേരുവന്നു) സോമേശ്വരംകോതക്കുറുശ്ശി ശിവക്ഷേത്രങ്ങളുമായിരുന്നു.
ഗുരുവായൂർ ഏകാദശിനാളിലെ പ്രസിദ്ധമായ നൂഴൽ മഹോത്സവത്തിന് വളരെ കടുത്ത അനുഷ്ഠാനങ്ങളാണുള്ളത്. നൂഴുന്ന ഭക്തർ തലേദിവസം (ദശമി) തന്നെ ക്ഷേത്രത്തിലെത്തുകയും അന്നേദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തിൽത്തന്നെ കഴിച്ചുകൂട്ടുകയും വേണം. ഏകാദശിനാളിൽ പുലർച്ചെ നാലുമണിയ്ക്ക് ക്ഷേത്രത്തിലെ ശാന്തിക്കാർ വടക്കുഭാഗത്തെ ഭഗവതിച്ചിറയിൽ കുളികഴിഞ്ഞെത്തി നടതുറക്കുകയും തുടർന്ന് ഗുഹാമുഖത്തെത്തി ചില വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. നൂഴൽക്കാർ ക്ഷേത്രദർശനം നടത്തി കിഴക്കേ നടയിലൂടെ പുറത്തുകടന്ന് ഗണപതിതീർത്ഥം വരെ ചെല്ലുകയും അവിടെ കുളിയ്ക്കുകയും വേണം. തുടർന്ന് പാപനാശിനി, പാതാളതീർത്ഥം, അമ്പുതീർത്ഥം, കൊമ്പുതീർത്ഥം എന്നിവയിലും കുളിച്ച് ഈറനോടെ ഗുഹാമുഖത്തെത്തണം. രാമേശ്വരത്തെ ചില തീർത്ഥങ്ങൾ പോലെ ഇവ ചെറുതും വലുതുമായ കിണറുകളാണ്. ഇവയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചാണ് ഭക്തർ കുളിയ്ക്കാറുള്ളത്. ഗുഹാമുഖത്ത് ഏകദേശം ആറടി ഉയരമുണ്ട്. അതിനാൽ, സാധാരണ ഉയരമുള്ള ഏതൊരാൾക്കും ഇതിനകത്തുകൂടെ നിഷ്പ്രയാസം നടന്നുപോകാം. കുറച്ചുകഴിഞ്ഞാൽ, തലതാഴ്ത്തി നടക്കേണ്ടിവരും. വീണ്ടും കുറച്ചുകൂടിപ്പോയാൽ ഇരുന്നുനിരങ്ങേണ്ട സ്ഥലങ്ങളെത്തും. പിന്നെയും കുറച്ചുപോയാലാണ് ശരിയ്ക്കും നൂഴൽ തുടങ്ങുന്നത്. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക് മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെ മാത്രമേ പോകാൻ കഴിയൂ. അവസാനം, കുറച്ച് പടിക്കെട്ടുകൾ കൂടി കടന്നുകിട്ടിയാൽ ഒരാൾക്ക് പുറത്തുകടന്ന് വീണ്ടും പാപനാശിനിയിൽ കുളിയ്ക്കാൻ പോകാം. ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. അതിനാൽ, സാധാരണക്കാർ ഈ ശ്രമത്തിന് മുതിരാറില്ല. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. കൂടാതെ, ഇതിനകത്തുകിടന്ന് ആരും മരിച്ചതായും കേട്ടിട്ടില്ല. പുരുഷന്മാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.
1861-ൽ ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനുശേഷം ക്ഷേത്രം നവീകരിച്ചപ്പോൾ ഇതേപോലൊരു ഗുഹ പടിഞ്ഞാറേ നടയിലും പ്രത്യക്ഷപ്പെട്ടു. ചിലർ ഇതും നൂഴ്ന്നുകടക്കാൻ ശ്രമിച്ചെങ്കിലും അനന്തമായ പടികളും കൂരിരുട്ടും കാരണം ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതുവഴിയുള്ള രഹസ്യമാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലെത്താം എന്നൊരു വിശ്വാസമുണ്ട്.

വായ്കാട്ടിച്ചിറ

ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് രാക്ഷസപ്പാറയ്ക്ക് താഴെ സ്ഥിതിചെയ്യുന്ന വലിയൊരു കുളമാണ് 'വായ്കാട്ടിച്ചിറ'. ഈ കുളത്തിന് ആ പേരുവന്നതിനെക്കുറിച്ചും ഒരു കഥയുണ്ട്. അയോദ്ധ്യയിൽ നിന്ന് സ്ഥാനഭ്രഷ്ടയായ സീതാദേവി പരമപവിത്രമായ വിഷ്ണുവിഗ്രഹങ്ങൾ കുടികൊള്ളുന്ന ഈ മണ്ണിലെത്തി തപസ്സ് തുടങ്ങി. ക്ഷേത്രമിരിയ്ക്കുന്ന പറമ്പിന് താഴെ ഒരു കാവിലാണ് ദേവി തപസ്സിരുന്നത്. ഇതിനിടയിൽ ഭഗവാൻ ശ്രീരാമചന്ദ്രൻ ദേവിയെ തിരഞ്ഞ് തിരുവില്വാമലയിലെത്തി. ദേവന്മാരുടെ പെരുമ്പറകളും കുഴലുകളും മുഴങ്ങിയ ശബ്ദം കേട്ട് ഉണർന്നുവന്ന ദേവി തന്റെ പ്രിയതമനെ ഒരുനോക്ക് കണ്ടശേഷം അടുത്തുള്ള കുളത്തിലേയ്ക്ക് എടുത്തുചാടി. ദേവിയെ സ്വീകരിയ്ക്കാൻ വായ തുറന്നുകാട്ടിയാണ് കുളം നിന്നത്. അന്നുമുതൽ ഈ കുളം വായ്കാട്ടിച്ചിറയെന്ന് അറിയപ്പെടാൻ തുടങ്ങി. ഇന്ന് ഇതിന്റെ കരയിൽ, സീതാദേവി തപസ്സിരുന്ന സ്ഥലത്താണ് പറക്കോട്ടുകാവ് എന്ന ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള വനദുർഗ്ഗയും ഭൂതഗണങ്ങളും ഇന്നും ദേവിയെ അന്വേഷിച്ചുവരുന്നതായാണ് വിശ്വാസം.

ശൈവചൈതന്യം

പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിൽ അല്പം ശൈവചൈതന്യവുമുള്ളതായി വിശ്വസിച്ചുപോരുന്നു. അതിനുപിന്നിലുമുണ്ട് രസകരമായ ഒരു കഥ. അതിങ്ങനെ: തിരുവില്വാമലയിൽ, പരമപവിത്രമായ വിഷ്ണുവിഗ്രഹങ്ങൾ വഴി വൈഷ്ണവചൈതന്യം അത്യധികം വർദ്ധിച്ചു. ഗ്രാമം മുഴുവൻ സമ്പദ്സമൃദ്ധമായി. ജനങ്ങളെല്ലാവരും വളരെയധികം ക്ഷേമത്തോടെയും ഐശ്വര്യത്തോടെയും കഴിഞ്ഞുകൂടി. ഈ സംഭവങ്ങൾ അസുരന്മാരെ ഒരുപാട് ഭയപ്പെടുത്തി. അവർ വിഗ്രഹങ്ങൾ തകർക്കാനായി കുംഭാനസൻ എന്നൊരു രാക്ഷസനെ പറഞ്ഞുവിട്ടു. കുംഭാനസൻ ഒരു സാധുബ്രാഹ്മണന്റെ രൂപത്തിലാണ് തിരുവില്വാമലയിലെത്തിയത്. അന്ന് ക്ഷേത്രത്തിൽ വരുന്ന ബ്രാഹ്മണർക്ക് വിശേഷാൽ ഊട്ടുണ്ടായിരുന്നു. പകൽ സമയത്ത് കുംഭാനസനും ഇവർക്കൊപ്പം കൂടി. എന്നാൽ, അമ്പലത്തിലെ ഊണുകൊണ്ടുമാത്രം അയാളുടെ വിശപ്പടങ്ങിയില്ല. രാത്രി, എല്ലാവരും ഉറങ്ങിയശേഷം അയാൾ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ പശുക്കളെയും ഉറങ്ങിക്കിടക്കുന്ന ബ്രാഹ്മണരെയും വരെ കൊന്നുതിന്നുകയും അവരുടെ എല്ലുകൾ വടക്കുഭാഗത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അങ്ങനെ ആ സ്ഥലം മുഴുവൻ ഒരു കുന്നായിമാറി. അതാണ് ക്ഷേത്രത്തിന് വടക്കുഭാഗത്തെ മൂരിക്കുന്ന്. ഓരോ ദിവസവും പശുക്കളുടെയും ബ്രാഹ്മണരുടെയും എണ്ണം കുറഞ്ഞുവരുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെട്ടെങ്കിലും യഥാർത്ഥകാരണം കണ്ടുപിടിയ്ക്കാൻ അവർക്കാർക്കുമായില്ല. വല്ല രക്ഷസ്സുമായിരിയ്ക്കും കൊന്നുതിന്നുന്നതെന്നായിരുന്നു അവരുടെ നിഗമനം. രാക്ഷസന്റെ ക്രൂരതകൾ വീണ്ടും തുടർന്നു. പകൽ സമയത്ത് ഒരു സാധുവിനെപ്പോലെ പെരുമാറുന്ന അയാളുടെ തനിസ്വഭാവം ആർക്കുമറിയുമായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. കുംഭമാസത്തിലെ കറുത്ത ഏകാദശിദിവസം സമാഗതമായി. തന്റെ ലക്ഷ്യം നടപ്പിലാക്കാൻ ഏറ്റവും ഉചിതമായ ദിവസം അന്നുതന്നെയെന്ന് കുംഭാനസൻ തീരുമാനിച്ചു. രാത്രി നടയടച്ച്, എല്ലാവരും ഉറങ്ങിയശേഷം അയാൾ ശ്രീകോവിൽനട തള്ളിത്തുറന്ന്, തൂണുകൾ അടിച്ചുതകർത്ത് വിഗ്രഹം പിഴുതെടുക്കാൻ ശ്രമിച്ചു. അപ്പോൾ തൂണിൽ നിന്ന് നരസിംഹസ്വരൂപനായ ഭഗവാൻ പുറത്തുചാടുകയും ഹിരണ്യകശിപുവിനെ കൊന്നതുപോലെ മാറുകീറിപ്പിളർന്നുകൊല്ലുകയും ചെയ്തു. എന്നിട്ടും ഭഗവാന്റെ കോപം അടങ്ങിയില്ല. ശബ്ദകോലാഹലങ്ങളെല്ലാം കേട്ട് ഉണർന്നുവന്ന ഭക്തന്മാരിൽ ചിലർ കാഴ്ച കണ്ട് ബോധരഹിതരായി. മറ്റുചിലർ നമസ്കരിച്ചുകിടന്ന് വിഷ്ണുസ്തോത്രങ്ങൾ ചൊല്ലി. ആർക്കും ഭഗവാന്റെ ഭയാനകരൂപം കാണാൻ ധൈര്യമുണ്ടായില്ല. ആ സമയത്ത് അവിടെയെത്തിയ ഒരു ദിവ്യനാണ് ഭഗവാനെ സ്തുതിഗീതങ്ങളിലൂടെ ശാന്തനാക്കിയത്. തുടർന്ന്, കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അല്പം ശൈവചൈതന്യവും വിഗ്രഹത്തിൽ ചേർത്ത് ഭഗവാൻ ശങ്കരനാരായണഭാവം സ്വീകരിച്ചു. ഇന്നും, ശിവന് വിശേഷപ്പെട്ട ദിവസങ്ങളായ തിങ്കളാഴ്ചശിവരാത്രിപ്രദോഷവ്രതംതിരുവാതിര തുടങ്ങിയ ദിവസങ്ങളിൽ തിരുവില്വാമലയിൽ വൻ ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. വിഗ്രഹത്തിന് പുറകിൽ പിൻവിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. കൂടാതെ, വില്വപത്രങ്ങൾ കൊണ്ട് ഭഗവാന് പുഷ്പാഞ്ജലിയുമുണ്ടാകാറുണ്ട്. ഭഗവാനെ ശാന്തനാക്കിയ ആ ദിവ്യൻ വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു.

ചരിത്രം

പഴയ രേഖകളിൽ ഈ ക്ഷേത്രത്തിൻറെ പേർ തിരുമല്ലിനാഥന്റെ ക്ഷേത്രം എന്നാണ്. മല്ലിനാഥൻ ജൈനതീർത്ഥങ്കരനാണ്. ജൈനതീർത്ഥങ്കരന്മാർക്ക് പത്തി വിടർത്തിയ സർപ്പവുമായി വലിയ ബന്ധമുണ്ട്. പാർശ്വനാഥൻറെ അടയാളം പത്തി വിടർത്തിയ സർപ്പമാണ്. ലക്ഷ്മണൻ അനന്തന്റെ അവതാരമാണെന്നാണ് ഹിന്ദു വിശ്വാസം. ഇതിനടുത്ത് പാമ്പാടി എന്ന സ്ഥലമുള്ളതും നാഗബന്ധത്തിൻ സൂചനയാണ്. ഇതിൽ നിന്നും ജൈനക്ഷേത്രം ഹൈന്ദവക്ഷേത്രമാക്കി ലക്ഷ്മണ സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തി പരിഷ്കരിച്ചു എന്നു കരുതുന്നു. തിരുവില്വാമലക്ഷേത്രം ഒരു ബുദ്ധക്ഷേത്രമായിരുന്നുവെന്നും ചില കഥകളുണ്ട്. ക്ഷേത്രത്തിനടുത്തുള്ള അയ്യപ്പക്ഷേത്രം അതിന്റെ സൂചനയായി കണ്ടുവരുന്നു.
ക്ഷേത്രത്തിലെ ആദ്യത്തെ അവകാശികൾ 'പരശുടയവർ' എന്നുപേരുള്ള ആറ് കുടുംബക്കാർക്കായിരുന്നു. മൂത്തത് സമുദായത്തിൽ ജനിച്ചവരായിരുന്നു ഇവർ. ഐതിഹ്യപ്രകാരം പരശുരാമൻ തന്റെ ആയുധമായ പരശു (മഴു) സമ്മാനിച്ച് ഇവരെ അധികാരികളാക്കുകയായിരുന്നു. അതിനാലാണ് 'പരശുടയവർ' എന്ന് ഇവർക്ക് പേരുവന്നത്. ഇവരിൽ മൂത്ത പരശുടയവർ കാര്യങ്ങൾക്ക് മേൽനോട്ടം വഹിയ്ക്കുകയും, മറ്റുള്ളവർ അദ്ദേഹത്തെ സഹായിയ്ക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇതുകൂടാതെ കാരായ്മക്കാരായും കോയ്മക്കാരായും വേറെയും ചിലർ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇവരെല്ലാം കൂടിയതായിരുന്നു ക്ഷേത്രത്തിലെ മഹായോഗം. ഇവർ നിയമിച്ചിരുന്ന പ്രതിനിധിയായിരുന്നു 'സമുദായം'. പരശുടയവന്മാരും സമുദായവുമാണ് ക്ഷേത്രകാര്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നവർ. അക്കാലത്ത്, എല്ലാ വർഷവും കുംഭമാസത്തിൽ കറുത്ത ദ്വാദശി ദിനത്തിലും കർക്കടകമാസം 16-ആം തീയതിയും ക്ഷേത്രത്തിലെ വടക്കേ വാതിൽമാടത്തിൽ ഭദ്രദീപം കൊളുത്തിവച്ച് ഇവർ യോഗം കൂടിയിരുന്നു. അന്ന് അവരെടുത്തിരുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠേന എല്ലാവരും അനുസരിയ്ക്കേണ്ടതായിരുന്നു. കൊല്ലിനും കൊലയ്ക്കും വരെ അന്ന് ക്ഷേത്രത്തിൽ വിധിയുണ്ടായിരുന്നു.
പരശുടയവന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ പടിഞ്ഞാറും കിഴക്കും നടകളിൽ കേരളീയശൈലിയിൽ ഏഴുനിലകളിൽ തീർത്ത അതിമനോഹരമായ അലങ്കാരഗോപുരങ്ങളുണ്ടായിരുന്നു. രാമായണഭാഗവതാദിപുരാണങ്ങളിലെ രംഗങ്ങൾ അതിമനോഹരമായി അവയിൽ ചിത്രീകരിച്ചിരുന്നു. ഇതുകാണാൻ പല സ്ഥലങ്ങളിൽ നിന്നും സഞ്ചാരികൾ വന്നിരുന്നു. രണ്ട് ഗോപുരങ്ങളിലും സന്ധ്യയ്ക്ക് വിളക്കുകൊളുത്തിവച്ചിരുന്നു. തിരുവില്വാമലയിൽ നിന്ന് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ഭാരതപ്പുഴയുടെ മറുകരയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു മഹാക്ഷേത്രമായ തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിന്റെ മുന്നിലുള്ള ആൽമരത്തിന്റെ മുകളിൽനിന്നുനോക്കിയാൽപ്പോലും അവ കാണാൻ കഴിയുമായിരുന്നുവത്രേ. തിരുവില്വാമലയിൽ പോകാൻ കഴിയാതിരുന്ന പലരും ഇത്തരത്തിൽ വില്വാദ്രിനാഥദർശനപുണ്യം നേടിയിരുന്നുവത്രേ. അക്കാലത്ത് ക്ഷേത്രത്തിലെ മൂത്ത പരശുടയവർ പടിഞ്ഞാറേ ഗോപുരത്തിലും ശാന്തിക്കാർ കിഴക്കേ ഗോപുരത്തിലുമാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി ഇവർക്ക് ഒരേ സമയം വില്വാദ്രിനാഥന്റെ ദർശനമുണ്ടായി. ഭഗവാൻ അവരോട് സ്വപ്നത്തിൽ ഇങ്ങനെ പറഞ്ഞു: 'ഇവിടെ വിളക്കുകത്തിച്ചുവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇവിടെ കത്തിയ്ക്കുന്ന വിളക്കുകൾ തിരുനാവായ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആൽമരത്തിൽ നിന്നുനോക്കിയാലും കാണാൻ കഴിയും. രണ്ടിടത്തും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യകരമാണ്.' ഇതൊന്ന് പരീക്ഷിച്ചറിഞ്ഞിട്ടുതന്നെ ബാക്കികാര്യം എന്നുവിചാരിച്ച പരശുടയവർ, പിറ്റേന്ന് ഒരു സുഹൃത്തിന്റെ കൂടെ തിരുനാവായയ്ക്ക് പുറപ്പെട്ടു. നാവാമുകുന്ദനെ തൊഴുത്, പ്രസാദം വാങ്ങിച്ചശേഷം ഇരുവരും ആൽത്തറയിൽ കയറിനിന്ന് കിഴക്കോട്ട് നോക്കിയപ്പോൾ ദൂരെ രണ്ട് ദീപങ്ങളും തെളിഞ്ഞുകണ്ടു. ഇത് ചിലരോട് പറയുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് പുലർച്ചെ രണ്ടുഗോപുരങ്ങളും ഇടിമിന്നലേറ്റ് കത്തിനശിച്ചുപോയി. പിന്നീട് പ്രശ്നം വച്ചപ്പോൾ ഭഗവാന് തന്നെ തിരുവില്വാമലയിൽ വന്ന് നേരിട്ടുകാണുന്നതാണ് ഇഷ്ടമെന്ന് തെളിഞ്ഞു. അതിനെത്തുടർന്ന് ഗോപുരങ്ങൾ പുതുക്കിപ്പണിതില്ല. ഇന്നവയുടെ സ്ഥാനത്ത് തറകൾ മാത്രമേയുള്ളൂ.
പിൽക്കാലത്ത്, ക്ഷേത്രം പെരുമ്പടപ്പിനും (പിൽക്കാലത്ത് കൊച്ചി രാജ്യം) നെടുവിരിപ്പിനും (സാമൂതിരി കുടുംബം) ലഭിച്ചു. അക്കാലത്ത്, പാലക്കാട്ട് രാജാവും സാമൂതിരിയും പുറക്കോയ്മയും കൊച്ചി രാജാവ് മേൽക്കോയ്മയുമായി പ്രവർത്തിയ്ക്കുകയായിരുന്നു പതിവ്. കക്കാട്ട് നമ്പ്യാതിരിയായിരുന്നു അകക്കോയ്മ. കൊച്ചി രാജാവും സാമൂതിരിയും തമ്മിൽ അക്കാലത്ത് കടുത്ത ശത്രുതയായിരുന്നു. കാരണം, ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം കൊച്ചി രാജ്യത്തായിരുന്നെങ്കിലും അപ്പുറം സാമൂതിരിയുടെ തട്ടകമായിരുന്നു. ക്ഷേത്രത്തിന്റെ ഭൂസ്വത്തുക്കൾ പലതും അങ്ങനെ മലബാറിലായി. ഇത് പലതരത്തിലും അസ്വാരസ്യങ്ങളുണ്ടാക്കി. ക്ഷേത്രത്തിൽ അനാവശ്യത്തർക്കങ്ങളുണ്ടാക്കാനാണ് സാമൂതിരി ശ്രമിയ്ക്കുന്നതെന്ന് കൊച്ചി രാജാവും തന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രം തട്ടിയെടുക്കാനാണ് കൊച്ചി ശ്രമിയ്ക്കുന്നതെന്ന് സാമൂതിരിയും പ്രസ്താവിച്ചു. തുടർന്ന്, ഇരുവരും പ്രശ്നപരിഹാരത്തിനായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സമീപിച്ചു. അന്ന് രാമവർമ്മ ശക്തൻ തമ്പുരാനായിരുന്നു കൊച്ചി രാജാവ്. ഈസ്റ്റ് ഇന്ത്യാ കമ്പനി അദ്ദേഹത്തിന് ക്ഷേത്രാവകാശം കൊടുത്തു. എന്നാൽ, സാമൂതിരിയ്ക്ക് ചില ഭൂവിഭാഗങ്ങൾ സമ്മാനിയ്ക്കാമെന്നും ഒത്തുതീർപ്പായി. പിൽക്കാലത്ത്, ഇതിനെക്കുറിച്ച് പല വാദപ്രതിവാദങ്ങളും നടന്നിരുന്നു. എന്നാൽ, ഇന്ന് രാജഭരണമില്ലാത്തതിനാൽ ഇവയ്ക്ക് യാതൊരു പ്രസക്തിയുമില്ല.
കേരളക്കരയെ കിടുകിടാ വിറപ്പിച്ച ടിപ്പു സുൽത്താൻ തന്റെ പടയോട്ടക്കാലത്ത് തിരുവില്വാമലയിലുമെത്തിയിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രം തകർത്തുകളയാൻ തന്റെ പടയാളികളോട് ആവശ്യപ്പെടുകയും, അപ്രകാരം അവർ തകർക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ, സ്ഥലം കൊച്ചിയുടേതാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പണി അവസാനിപ്പിച്ച് സ്ഥലം വിട്ടു. കൊച്ചി രാജാവ് ടിപ്പുവിന്റെ മിത്രമായിരുന്നു. പിൽക്കാലത്ത്, ക്ഷേത്രം പുതുക്കിപ്പണിതു. 1861-ൽ ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനെത്തുടർന്ന് ചില പുതുക്കിപ്പണികളൊക്കെ നടത്തി. കലശത്തിന് ദിവസവും നിശ്ചയിച്ചു. എന്നാൽ, കലശത്തിന് ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിൽ വീണ്ടും അഗ്നിബാധയുണ്ടായി. കിഴക്കേ ശ്രീകോവിൽ കത്തിനശിച്ചില്ല. അവിടത്തെ വിഗ്രഹം പുറത്തെടുത്ത് ക്ഷേത്രക്കുളത്തിനടുത്തുകൊണ്ടുപോയി പൂജകൾ നടത്തി. പടിഞ്ഞാറേ ശ്രീകോവിൽ പൂർണ്ണമായും കത്തിനശിച്ചു. സ്വയംഭൂവായതിനാൽ, അവിടത്തെ വിഗ്രഹം എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ, തീയണച്ച് ചെന്നുനോക്കിയപ്പോൾ വിഗ്രഹത്തിന് യാതൊരു കുഴപ്പവുമില്ല! പിന്നീട്, ക്ഷേത്രം പുതുക്കിപ്പണിതു. 1883-ലാണ് പണികൾ പൂർത്തിയാക്കി, ക്ഷേത്രം വീണ്ടും ഭക്തജനങ്ങൾക്ക് തുറന്നുകൊടുത്തത്.
ഒരുകാലത്ത്, ക്ഷേത്രത്തിൽ വലിയ നാട്ടുപ്രമാണിമാർ വന്ന് പൂജകളും വഴിപാടുകളും കഴിച്ചിരുന്നു. കൊച്ചി രാജാവിന്റെ വകയായിരുന്നു ക്ഷേത്രത്തിലെ അത്താഴപ്പൂജ. ഉഷഃപായം കൊച്ചി വല്യമ്മത്തമ്പുരാട്ടിയാണ് കഴിച്ചിരുന്നത്. വെള്ളനിവേദ്യം സാമൂതിരി വകയായിരുന്നു. തിരുവിതാംകൂർ രാജാവ്, പാൽപ്പായസം വഴിപാടും നടത്തിപ്പോന്നു. ഇന്ന്, ഇതൊന്നുമില്ല. എന്നാൽ, സാധാരണക്കാരായ ഭക്തരുടെ വക ദിവസവും വഴിപാടുകളുണ്ട്. 1883-ൽ ക്ഷേത്രനവീകരണത്തിനുശേഷവും 1927-ൽ ഗോളക പുതുക്കിപ്പണിയലിനുശേഷവുമായി ഓരോ കലശവും നടത്തിയിരുന്നു.
ക്ഷേത്രത്തിൽ, ഒരുകാലത്ത് ധാരാളം സ്വത്തുവകകളുണ്ടായിരുന്നു. ഒരുലക്ഷം പറ നെല്ലാണത്രേ ക്ഷേത്രത്തിലേയ്ക്ക് അന്നുവന്നിരുന്നത്. ഭൂപരിഷ്കരണനിയമം കാരണം ഇതിൽ വൻ കുറവുവന്നു. എന്നാൽ, തിരുവനന്തപുരം അനന്തപദ്മനാഭസ്വാമിക്ഷേത്രത്തിൽ സ്വത്തുക്കൾ കണ്ടെടുത്ത സമയത്ത് തിരുവില്വാമലയിലും വൻ സ്വത്തുക്കളുള്ളതായി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇന്നേവരെ അത് തെളിയിച്ചിട്ടില്ല.

ക്ഷേത്ര നിർമ്മിതി


കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം

ക്ഷേത്രപരിസരവും മതിലകവും

അതിവേഗം ഒരു നഗരമായിക്കൊണ്ടിരിയ്ക്കുന്ന തിരുവില്വാമല ഗ്രാമത്തിന്റെ ഒത്ത നടുക്ക് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. കിഴക്കുവശമൊഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളിലും ആൾപ്പാർപ്പുണ്ട്. തിരുവില്വാമല ജംക്ഷനിൽ നിന്ന് കഷ്ടിച്ച് നൂറുമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിന്റെ അടിവാരത്തേയ്ക്ക്. അടിവാരത്ത് തെക്കുമാറി ഒരു കൊച്ചുകുളമുണ്ട്. 'രാമൻചിറ' എന്നാണ് ഇതിന്റെ പേര്. ഒരുകാലത്ത് ജലസമൃദ്ധമായിരുന്ന ഈ കുളം ശാന്തിക്കാരും ഭക്തരും കുളിയ്ക്കാനും മറ്റും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇന്നത് പായൽ മൂടിക്കിടപ്പാണ്. കുളത്തിനടുത്താണ് ക്ഷേത്രം വാഹനപാർക്കിങ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത്.
ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രമതിലകമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രത്തിന്. അടിവാരത്തുനിന്നും ഏകദേശം നൂറ് കരിങ്കൽപ്പടികൾ കടന്നുവേണം ക്ഷേത്രത്തിലെത്താൻ. പോകുന്ന വഴിയ്ക്ക് ഇരുവശവും തണൽ വീശിക്കൊണ്ട് നിരവധി മരങ്ങൾ കാണാം. അടിവാരത്ത് ഒരു നിരപ്പിലെത്തുമ്പോൾ തെക്കുവശത്ത് ചെരുപ്പ് കൗണ്ടറും അതിനടുത്തുതന്നെ ദേവസ്വം ഓഫീസും സത്രവും കാണാം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവില്വാമല ദേവസ്വം. ഇതും കഴിഞ്ഞാൽ ഒരു ഗേറ്റാണ്. ഗേറ്റ് കഴിഞ്ഞുള്ള 20 പടികൾ കയറിയാൽ ക്ഷേത്രമതിലകത്തെത്താം. ഗേറ്റിനടുത്താണ് ആമലകമഹർഷി തപസ്സ് ചെയ്തതായി പറയപ്പെടുന്ന സരസ്വതിക്കുണ്ട്. ഇവിടത്തെ ഒരു ചെറിയ കുണ്ടിൽ സരസ്വതീദേവി സാന്നിദ്ധ്യമരുളുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നതാണ് ഈ പേര് വരാൻ കാരണം. ഇതിനടുത്ത് ഒരു ആൽമരമുണ്ട്. അതിന്റെ ചുവട്ടിൽ ഭക്തർ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതി ഏതാനും കല്ലുകൾ കൂട്ടിയിടുന്ന പതിവുണ്ട്.
ക്ഷേത്രത്തിലെ മതിൽക്കെട്ടിന് തറയടക്കം ഏകദേശം പന്ത്രണ്ടടി ഉയരം വരും. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങളില്ല. എന്നാൽ, പണ്ടുകാലത്ത് പടിഞ്ഞാറും കിഴക്കും രണ്ട് ഗോപുരങ്ങളുണ്ടായിരുന്നു. അവയുടെ തറകൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. ക്ഷേത്രത്തിൽ പടിഞ്ഞാറേ നടയിൽ ബലിക്കൽപ്പുര പണിതിട്ടുണ്ട്. കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. പടിഞ്ഞാറും കിഴക്കും ആനക്കൊട്ടിലുകളും നാലുഭാഗത്തും ശീവേലിപ്പുരകളുമുണ്ട്. ഇവ അര നൂറ്റാണ്ടിൽ താഴെക്കാലം മാത്രം പഴക്കമുള്ളതാണ്. വടക്കേ നടയിലും ഏതാനും കരിങ്കൽപ്പടികളുണ്ട്. ഇവയിറങ്ങി താഴോട്ട് ചെന്നാൽ പ്രധാന ക്ഷേത്രക്കുളമായ ഭഗവതിച്ചിറയുടെ കരയിലെത്താം. സാമാന്യം വലിപ്പമുള്ള കുളമാണ്. ശാന്തിക്കാരും ഭക്തരും ഇതിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. ഏറെക്കാലം ശോച്യാവസ്ഥയിലായിരുന്ന ഈ കുളം 2015-ലാണ് നന്നാക്കിയത്. ഇന്ന് കുളത്തിന്റെ വഴിയ്ക്കടുത്ത് ക്ഷേത്രം റിങ്ങ് റോഡുമുണ്ട്. തിരുവില്വാമല പഞ്ചായത്തിന്റെ 2008-09 സാമ്പത്തികവർഷത്തെ പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം തുടങ്ങിയ റോഡ് പണി പൂർത്തിയാക്കി 2016 മാർച്ച് 5-നാണ് ഉദ്ഘാടനം ചെയ്തത്. തിരുവില്വാമലയിൽ നിന്ന് വടക്കൻ കേരളത്തിലേയ്ക്കും തമിഴ്നാട്ടിലേയ്ക്കുമുള്ള യാത്ര സുഗമമാക്കുന്ന പാതയാണിത്. 'എസ്' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിൽ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡിന്റെ കാഴ്ച അതിമനോഹരമാണ്. റോഡിനിരുവശവും നിരവധി മരങ്ങൾ കാണാം. പ്രകൃതിരമണീയമായ കാഴ്ചയായതിനാൽ പൈതൃക ടൂറിസം പദ്ധതിയിൽ ഇടം പിടിയ്ക്കാനും സാദ്ധ്യത ഈ റോഡിനുണ്ട്.
ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു കൊച്ചു തീർത്ഥക്കുളമുണ്ട്. ഇതിൽ ആർക്കും കുളിയ്ക്കാൻ അധികാരമില്ല. ക്ഷേത്രത്തിലെ അഭിഷേകത്തിനും നിവേദ്യത്തിനും മാത്രമാണ് ഇത് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതിനടുത്താണ് രണ്ടുനിലകളോടുകൂടിയ മനോഹരമായ അഗ്രശാല (ഊട്ടുപുര). പാലക്കാട്ട് രാജാക്കന്മാരായിരുന്ന ഇടത്തിൽ അച്ചന്മാർ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഇത്. പണ്ട്, ഇതിന്റെ രണ്ടുനിലകളിലും ഊട്ടുണ്ടായിരുന്നു. ഇന്ന്, ഇവിടെ വിശേഷദിവസങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. കിഴക്കേ നടയിൽ മതിൽക്കെട്ടിന് പുറത്ത് ഒരു ആൽമരമുണ്ട്. ഇത് ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഒരു അത്ഭുതമാണ്. കാരണം, ഈ ഭാഗത്തൊന്നും മണലില്ല. മുഴുവൻ പാറക്കെട്ടാണ്. അത്തരത്തിലൊരവസ്ഥയിലാണ് ഈ മരം ഇവിടെ പടർന്നുപന്തലിച്ചിരിയ്ക്കുന്നത്. കിഴക്കേ ഗോപുരത്തറയുടെ തെക്കുഭാഗത്ത് പ്രത്യേക മതിൽക്കെട്ടിനകത്താണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഹനുമാന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് ക്ഷേത്രത്തിലെ സ്റ്റേജ്. തെക്കേ നടയ്ക്കപ്പുറത്ത് രാക്ഷസപ്പാറയും വായ്കാട്ടിച്ചിറയുമാണ്. വായ്കാട്ടിച്ചിറയുടെ കരയിൽ പറക്കോട്ടുകാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇതിനടുത്ത് കുറച്ച് പടികൾ കാണാം. ഇവയിറങ്ങിയാൽ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിലെത്താം. മലയുടെ താഴെ ഒരു കുണ്ടിൽ സ്ഥിതിചെയ്യുന്നതിനാൽ 'കുണ്ടിലയ്യപ്പൻ' എന്നാണ് ഈ പ്രതിഷ്ഠയെ വിളിയ്ക്കുന്നത്. താരകബ്രഹ്മസ്വരൂപമായ സാക്ഷാൽ ഹരിഹരപുത്രൻ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ പീഠത്തിൽ പരമശിവനും പാർവ്വതീദേവിയുമുണ്ട്. അയ്യപ്പക്ഷേത്രത്തിന് തെക്കുവശത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ശൈവവൈഷ്ണവചൈതന്യങ്ങൾ ഒത്തിണങ്ങിയ നാഗക്കാവാണിവിടെ. അതായത് നാഗരാജാക്കന്മാരായി അനന്തനുംവാസുകിയും കൂടെ നാഗയക്ഷിമാരും നാഗകന്യകമാരും നാഗചാമുണ്ഡിമാരും ചിത്രകൂടങ്ങളും - അങ്ങനെ എല്ലാം ഈരണ്ടെണ്ണം ഇവിടെ കാണാം.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു പടുകൂറ്റൻ ആൽമരമുണ്ടായിരുന്നു. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഈ ആൽമരത്തിൽ എല്ലാ ദേവതകളും, വിശിഷ്യാ ശ്രീഗുരുവായൂരപ്പനും സാന്നിദ്ധ്യമരുളുന്നതായി വിശ്വസിച്ചുപോന്നിരുന്നു. തന്മൂലം ഇതിനെ ഭക്തർ 'ഗുരുവായൂരപ്പനാൽ' എന്ന് വിളിച്ചുപോന്നു. ഈ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നത് അനന്തപുണ്യദായകമാണെന്ന് ഭക്തർ വിശ്വസിച്ചുപോന്നു. ഈ ആൽമരത്തിൽ ഇടയ്ക്കിടെ ചിലന്തികളെ കാണാൻ കഴിയുമായിരുന്നു. ഇത് ഗുരുവായൂരപ്പനോടൊപ്പം മമ്മിയൂരപ്പനെയും പ്രതിനിധീകരിച്ചുപോന്നു (ഗുരുവായൂരിലെ ദർശനം പൂർത്തിയാകണമെങ്കിൽ സമീപത്തുള്ള മമ്മിയൂരമ്പലത്തിൽ പാർവ്വതീസമേതനായി വാഴുന്ന പരമശിവനെക്കൂടി കണ്ടുതൊഴേണ്ടതുണ്ടെന്നാണ് വിശ്വാസം). ഈ ആൽമരത്തിന്റെ തറയിൽ നിന്ന് തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിയാൽ പണ്ടുകാലത്ത് ഗുരുവായൂർ ക്ഷേത്രം ദൂരെ കാണാൻ കഴിയുമായിരുന്നുതായി പറയുന്നുണ്ട് (തിരുവില്വാമലയിൽ നിന്ന് 50 കിലോമീറ്റർ ദൂരം തെക്കുപടിഞ്ഞാറുമാറിയാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്). 2015 ജൂൺ 25-ന് കനത്ത കാറ്റിലും മഴയിലും ഇതിന്റെ കൊമ്പുകൾ ഒടിഞ്ഞുവീണ് വൻ നാശനഷ്ടമുണ്ടാക്കി. ഒരു കൊമ്പ് ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ നടപ്പുരയിലേയ്ക്ക് തകർന്നുവീണു. മരം വീണത് നടയടച്ച സമയത്തായതിനാൽ ദുരന്തം ഒഴിവായി. ശ്രീകോവിലുകളും മരച്ചുവട്ടിലെ വിഗ്രഹങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങനെ, ഒരു ആൽമരം ഓർമ്മയായി. ഇപ്പോൾ, അതിന്റെ സ്ഥാനത്ത് ഒരു ആലിൻതൈ നട്ടിട്ടുണ്ട്. ഇതിന്റെ ചുവട്ടിൽ ശ്രീകൃഷ്ണഭഗവാന്റെയും ഗരുഡന്റെയും രൂപങ്ങൾ കാണാം.

ശ്രീകോവിലുകൾ

കേരളത്തിലെ മറ്റുപല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തുല്യവലിപ്പത്തിലും തുല്യപ്രാധാന്യത്തിലും രണ്ട് ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിലുണ്ട്. രണ്ടും ഇരുനില ചതുരശ്രീകോവിലുകളാണ്. ചെമ്പുമേഞ്ഞ്, സ്വർണ്ണത്താഴികക്കുടങ്ങളോടെ പ്രശോഭിയ്ക്കുന്ന ഈ ശ്രീകോവിലുകളിൽ ഒന്ന് പടിഞ്ഞാറോട്ടും മറ്റേത് കിഴക്കോട്ടും ദർശനമായി കാണപ്പെടുന്നു. രണ്ടിലും മഹാവിഷ്ണുപ്രതിഷ്ഠകളാണ്. എന്നാൽ, ആദ്യത്തെ ശ്രീകോവിലിൽ ശ്രീരാമനായും രണ്ടാമത്തെ ശ്രീകോവിലിൽ ലക്ഷ്മണനായുമാണ് പ്രതിഷ്ഠാസങ്കല്പം. രണ്ടിടത്തും അകത്ത് മൂന്ന് മുറികളുണ്ട്. അറ്റത്തെ മുറികളാണ് ഗർഭഗൃഹങ്ങൾ. ആദ്യത്തെ ശ്രീകോവിലിന് പുറകിൽ ഒരല്പം തെക്കുമാറിയാണ് രണ്ടാമത്തെ ശ്രീകോവിൽ. എന്നാൽ, പ്രദക്ഷിണം വയ്ക്കുമ്പോൾ രണ്ടിനെയും ഒന്നിച്ചാണ് വയ്ക്കാറുള്ളത്.
പടിഞ്ഞാറേ ശ്രീകോവിലിലെ ശ്രീരാമസ്വാമിയുടെ ചതുർബാഹുവിഗ്രഹത്തിന് ഏകദേശം അഞ്ചടി ഉയരം വരും. സ്വയംഭൂവായ അഞ്ജനശിലാവിഗ്രഹമാണിവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ ഗദയും കാണപ്പെടുന്നു. ഭഗവാന്റെ ഇരുവശവും ശ്രീഭൂമീദേവിമാരുടെ രൂപങ്ങൾ കാണാം. ആമലകമഹർഷിയ്ക്ക് ദർശനം നൽകിയ രൂപമാണിതെന്ന് ഐതിഹ്യം. വിഗ്രഹത്തിൽ പണ്ടുമുതലേ സ്വർണ്ണഗോളക ചാർത്തിവരുന്നു. അത് അഭിഷേകസമയത്തുപോലും അഴിച്ചുമാറ്റാറില്ല. എന്നാൽ, അത് വികലമായ നിലയിലാണ്. ഒരിയ്ക്കൽ ഒരു മേൽശാന്തി അത് വിഗ്രഹത്തിൽ ചാർത്താൻ ശ്രമിച്ചപ്പോൾ വന്ന അശ്രദ്ധയാണ് ഇതിന് കാരണം. വിഗ്രഹത്തിന്റെ മുന്നിൽ ഒരു ദ്വാരവും അതിൽ ജലവുമുണ്ടായിരുന്നു. ദ്വാരത്തിലെ ജലമാണ് ഒരുകാലത്ത് ഇവിടെ തീർത്ഥമായി നൽകിയിരുന്നത്. ഒരിയ്ക്കൽ ഒരു മേൽശാന്തി ഭഗവാന് നേദിച്ച കദളിപ്പഴം വെള്ളത്തിൽ വീണതുകണ്ട് ജലം നിർമ്മാല്യമായെന്ന് വിചാരിച്ച് ഒരു എഴുത്താണി കൊണ്ട് പഴമെടുക്കാൻ ശ്രമിച്ചപ്പോൾ പാറ പൊടിയുകയും തീർത്ഥം അപ്രത്യക്ഷമാകുകയും ചെയ്യുകയായിരുന്നുവത്രേ. ഇത് ക്ഷേത്രത്തിന്റെ അടിഭാഗം ഗുഹയാണെന്നതിന്റെ സൂചനകളിലൊന്നാണ്.
കിഴക്കേ ശ്രീകോവിലിലെ ലക്ഷ്മണസ്വാമിയുടെ ചതുർബാഹുവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. ഇതും അഞ്ജനശിലാവിഗ്രഹമാണ്. എന്നാൽ സ്വയംഭൂവല്ല. ആദ്യമുണ്ടായത് ഇവിടത്തെ പ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു. എന്നാൽ, അതിന് വ്യക്തമായ രേഖകളില്ല. പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിന്റെ ഏകദേശം അതേ രൂപമാണ് ഈ വിഗ്രഹത്തിനും. എന്നാൽ, ഇവിടെ ശ്രീഭൂമീദേവിമാരില്ല. പരശുരാമൻ പ്രതിഷ്ഠിച്ചത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ഇവിടെ സ്വർണ്ണഗോളക ചാർത്തിയിട്ടില്ല. എന്നാൽ, സ്വർണ്ണം കൊണ്ടുള്ള തിരുവാഭരണങ്ങൾ ദിവസവും ചാർത്താറുണ്ട്.
രണ്ട് ശ്രീകോവിലുകളും തികച്ചും നിരാർഭാടമായ നിലയിലാണ് കാണപ്പെടുന്നത്. അതായത്, യാതൊരുവിധ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഇവിടെയില്ല. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത് വെള്ളപൂശിയ ഭിത്തികളാണ് രണ്ടിടത്തും. സോപാനപ്പടികൾ രണ്ടിടത്തും മൂന്നുവീതമുണ്ട്. അവ കരിങ്കല്ലിൽ തീർത്ത് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. വടക്കുവശത്ത് ഓവുകൾ കാണാം. ഇവയിൽ നിന്ന് ഒഴുകിവരുന്ന തീർത്ഥജലം ഒരു അന്തർമാർഗ്ഗത്തിലൂടെ തീർത്ഥക്കുളത്തിലും പിന്നീട് ഭാരതപ്പുഴയിലുമെത്തുന്നുവെന്നാണ് വിശ്വാസം.

നാലമ്പലം

രണ്ട് ശ്രീകോവിലുകളെയും ചുറ്റിപ്പറ്റി നാലമ്പലം പണിതീർത്തിരിയ്ക്കുന്നു. ശ്രീകോവിലുകളുടെ എണ്ണം കാരണം സാമാന്യം വിസ്താരമുള്ളതാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് ചന്ദനനിർമ്മാണകേന്ദ്രമുണ്ട്. ഇതിനടുത്തുള്ള വാതിലിലാണ് പണ്ട് സമുദായയോഗം കൂടിയിരുന്നത്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതിചെയ്യുന്നു. ഇതിന് തൊട്ടടുത്താണ് കൂത്തമ്പലം. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്. സാമാന്യം പ്രാധാന്യത്തോടെയാണ് ഗണപതിഭഗവാനെ ഇവിടെ ആരാധിച്ചുവരുന്നത്. രണ്ട് ശ്രീകോവിലുകളെയും ചുറ്റി പ്രത്യേകം ബലിവട്ടങ്ങളുണ്ട്. അഷ്ടദിക്പാലർ (ഇന്ദ്രൻഅഗ്നിയമൻനിരൃതിവരുണൻവായുകുബേരൻഈശാനൻസപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണിവൈഷ്ണവിമഹേശ്വരിഇന്ദ്രാണിവരാഹികൗമാരിചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻബ്രഹ്മാവ്ദുർഗ്ഗനിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിയ്ക്ക് ഈ ബലിക്കല്ലുകളിൽ ബലിതൂകുന്നു. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ ഓടുകൾ 2015-ൽ മരം വീണുതകർന്നിരുന്നു. ഇപ്പോൾ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടങ്ങൾ കൊണ്ട് അലംകൃതമായിരിയ്ക്കുന്നു.

പ്രധാന പ്രതിഷ്ഠകൾ

ശ്രീരാമഭദ്രസ്വാമി

ക്ഷേത്രത്തിൽ മുൻഭാഗത്തെ ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ശ്രീരാമഭദ്രസ്വാമി കുടികൊള്ളുന്നത്. അഞ്ചടി ഉയരം വരുന്ന അതിമനോഹരമായ അഞ്ജനശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. സ്വയംഭൂവാണ് ഈ വിഗ്രഹം. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിട്ടുണ്ട്. ഇരുവശവും ശ്രീഭൂമീദേവിമാർ കുടികൊള്ളുന്നു. ഭക്തനായ ആമലകമഹർഷിയ്ക്ക് ദർശനം നൽകിയ ഭാവത്തിലാണ് ഈ വിഗ്രഹം. ഇതിന്റെ സംരക്ഷണത്തിനായി സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. അത് അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ശ്രീരാമഭദ്രസ്വാമി ഇവിടെ സ്വയംഭൂവായി കുടികൊള്ളുന്നു.

ശ്രീലക്ഷ്മണസ്വാമി

ക്ഷേത്രത്തിൽ പിൻഭാഗത്തെ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീലക്ഷ്മണസ്വാമി കുടികൊള്ളുന്നത്. ശ്രീരാമഭദ്രസ്വാമിയുടെ വിഗ്രഹവുമായി നോക്കുമ്പോൾ ശ്രീലക്ഷ്മണസ്വാമിയുടെ വിഗ്രഹം ചെറുതാണ്, ഒപ്പം സ്വയംഭൂവുമല്ല. മൂന്നടി ഉയരം വരുന്ന മനോഹരമായ അഞ്ജനശിലാവിഗ്രഹമാണിവിടെ. ചതുർബാഹുവായ ഭഗവാൻ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിരിയ്ക്കുന്നു. ഇവിടെ ശ്രീഭൂമീദേവിമാരുടെ പ്രതിഷ്ഠയും ഗോളക ചാർത്തലുമില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ശ്രീലക്ഷ്മണസ്വാമി ഇവിടെ ശ്രീരാമാനുജനായി കുടികൊള്ളുന്നു.
ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പൂജകളും വഴിപാടുകളും ഒരുപോലെയാണ്. പാൽപ്പായസം, സഹസ്രനാമാർച്ചന, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, അമ്പും വില്ലും നടയ്ക്ക് വയ്ക്കൽ എന്നിവയാണ് ഇരുവരുടെയും പ്രധാനവഴിപാടുകൾ.

ഉപദേവതകൾ

ഹനുമാൻ

ശ്രീരാമലക്ഷ്മണന്മാരുടെ നിത്യദാസനായ ശ്രീഹനുമാൻ സ്വാമി ക്ഷേത്രനാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കുടികൊള്ളുന്നു. പടിഞ്ഞാറോട്ടാണ് ദർശനം. അഞ്ചടിയോളം ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെയുള്ളത്. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ഒരുകയ്യിൽ ഗദ ധരിച്ച ഹനുമാൻ മറുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന കീഴ്ശാന്തിയാണ് ഇവിടെ പൂജ നടത്തുന്നത്. ക്ഷേത്രത്തിന് സംഭവിയ്ക്കുന്ന ദോഷങ്ങളിൽ നിന്ന് രക്ഷിയ്ക്കാനായി ഭഗവാൻ തന്നെ നിയോഗിച്ചതാണ് ഇവിടെ ഹനുമാനെയെന്ന് കഥയുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ ഹനുമാന് എന്തെങ്കിലും വഴിപാട് കഴിച്ചേ മടങ്ങാറുള്ളൂ. അവിൽ നിവേദ്യം, വടമാല, വെറ്റിലമാല എന്നിവയാണ് ഹനുമാന് പ്രധാനവഴിപാടുകൾ.

ഗണപതി

സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാൻ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരടിയോളം ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണിവിടെ. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ മാതൃകയിലാണ് ഇവിടെയും വിഗ്രഹം. അതായത്, പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച് മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയും വിഗ്രഹം. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നു. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമമുണ്ടാകും.

അയ്യപ്പൻ

ഹരിഹരപുത്രനും താരകബ്രഹ്മസ്വരൂപനുമായ അയ്യപ്പസ്വാമി നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രധാനക്ഷേത്രത്തിൽ നിന്ന് 50 അടി താഴ്ചയിലാണ് അയ്യപ്പസ്വാമിയുടെ ക്ഷേത്രം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പ്രതിഷ്ഠ 'കുണ്ടിലയ്യപ്പൻ' എന്നറിയപ്പെടുന്നു. ഒന്നരയടി ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിന് പക്ഷേ, ശബരിമലയിലെ വിഗ്രഹത്തിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ട്. അയ്യപ്പസ്വാമിയോടൊപ്പം അതേ പീഠത്തിൽ ശ്രീമഹാദേവനും പാർവ്വതീദേവിയുമുണ്ട്. ഇത്തരത്തിലൊരു പ്രതിഷ്ഠ ഇവിടെ മാത്രമേയുള്ളൂ. ഉത്സവക്കാലത്ത് വില്വാദ്രിനാഥന്റെ അരിയെഴുന്നള്ളിപ്പ് പുറപ്പെടുന്നത് കുണ്ടിലയ്യപ്പൻ ക്ഷേത്രത്തിൽ നിന്നാണ്. മണ്ഡലകാലത്ത് ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെത്തന്നെയാണ്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവയാണ് അയ്യപ്പസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.

ശിവൻ

അയ്യപ്പസ്വാമിയോടൊപ്പം അതേ പീഠത്തിലാണ് ശിവന്റെയും പ്രതിഷ്ഠ. ഒന്നരയടി പൊക്കം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടുതൽ പ്രാധാന്യം അയ്യപ്പസ്വാമിയ്ക്ക് കൊടുത്തിരിയ്ക്കുന്നതിനാൽ ഇവിടെ ശിവന്റെ മുമ്പിൽ നന്ദിപ്രതിഷ്ഠയില്ല. ശിവലിംഗത്തിൽ ദിവസവും രാവിലെ ധാര നടത്തുന്നുണ്ട്. കൂടാതെ ശംഖാഭിഷേകം, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയും ശിവഭഗവാന് പ്രധാന വഴിപാടുകളാണ്. ശിവരാത്രിദിവസം ശിവന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ഗുരുവായൂരപ്പനാൽത്തറയിൽ മമ്മിയൂരപ്പനായും പരമശിവൻ സാന്നിദ്ധ്യമരുളുന്നു.

പാർവ്വതി

അയ്യപ്പസ്വാമിയ്ക്കും ശിവനുമൊപ്പമാണ് പാർവ്വതീദേവിയും കുടിയിരിയ്ക്കുന്നത്. ഒന്നരയടി പൊക്കം വരുന്ന ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ വസിയ്ക്കുന്നതിൽ സർവ്വമംഗളകാരിണിയായ '''കല്ല്യാണരൂപിണി'''യാണ്. പട്ടും താലിയും ചാർത്തൽ, മഞ്ഞൾ-കുങ്കുമാർച്ചന, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. കന്നിതുലാംമാസങ്ങളിലെ നവരാത്രിധനുമാസത്തിൽ തിരുവാതിര എന്നിവയാണ് ദേവിയ്ക്ക് പ്രധാനദിവസങ്ങൾ.

നാഗദൈവങ്ങൾ

കുണ്ടിലയ്യപ്പൻ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം തീർത്ത സന്നിധിയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ശൈവ-വൈഷ്ണവ ചൈതന്യങ്ങൾ ഒന്നിച്ചാണ് ഇവിടെ കുടികൊള്ളുന്നത്. നാഗരാജാക്കന്മാരായി അനന്തനും വാസുകിയും, ഒപ്പം നാഗയക്ഷിയും നാഗചാമുണ്ഡിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയെല്ലാം ദർശനം. അനന്തന് പ്രത്യേകം ശ്രീകോവിലുണ്ട്. പ്രപഞ്ചത്തിന്റെ രക്ഷകരായ സർപ്പങ്ങൾക്ക് നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിൽ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും.

ഗുരുവായൂരപ്പൻ

ഭൂലോകവൈകുണ്ഠനാഥനായ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും, തെക്കുപടിഞ്ഞാറേമൂലയിലെ ഒരു ആൽത്തറയിൽ ഭഗവാൻ നിത്യസാന്നിദ്ധ്യം കൊള്ളുന്നതായി വിശ്വസിച്ചുവരുന്നു. തിരുവില്വാമലയിൽ നിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. ഒരുപാടുകാലം ഇവിടെ വലിയൊരു ആൽമരമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അംബരചുംബികളില്ലാതിരുന്ന പണ്ടുകാലത്ത് അതിൽ കയറിനിന്നുനോക്കിയാൽ ദൂരെ ഗുരുവായൂർ ക്ഷേത്രം ഒരു പൊട്ടുപോലെ കാണാൻ കഴിയുമായിരുന്നത്രേ! ഗുരുവായൂരിൽ പോകാൻ കഴിയാതിരുന്ന ഭക്തർ ഇവിടെ വന്ന് ഈ മരത്തിലെ ചിലന്തിയെ വന്ദിച്ച് ഗുരുവായൂർ ദർശനപുണ്യം നേടിയിരുന്നു. 2015-ൽ കൊമ്പുകളൊടിഞ്ഞുവീണ് ആ ആൽമരം ഓർമ്മയായി. പകരം പുതിയ ആൽമരത്തൈ ഇപ്പോൽ നട്ടിട്ടുണ്ട്. ഗുരുവായൂരപ്പസാന്നിദ്ധ്യത്തിന്റെ സൂചനകളായി ഇവിടെ ഒരു ശ്രീകൃഷ്ണവിഗ്രഹവും ഗരുഡപ്രതിമയുമുണ്ട്.
ഇവരെക്കൂടാതെ പഴനി ബാലദണ്ഡായുധപാണി (സുബ്രഹ്മണ്യസ്വാമി), തൃശ്ശൂർ വടക്കുംനാഥൻ, നാവാമുകുന്ദൻ എന്നിവർക്കും ക്ഷേത്രത്തിൽ അദൃശ്യസാന്നിദ്ധ്യങ്ങളുണ്ട്. ക്ഷേത്രപ്രദക്ഷിണത്തിനിടയിൽ യഥാക്രമം തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലെത്തുമ്പോഴാണ് ഇവരെ വന്ദിയ്ക്കേണ്ടത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...