വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം
വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം | |
---|---|
കേരളത്തിൽ എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിശക്തി മാതാവായ ശ്രീ മൂകാംബികാദേവിയാണ്. തന്മൂലം വിദ്യാഭിവൃദ്ധിയ്ക്ക് ഈ ക്ഷേത്രത്തിലെ ദർശനം അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഒരു കൊച്ചു താമരക്കുളവും അതിന് നടുവിൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഇതിൽ വിദ്യാസ്വരൂപിണിയായ ശ്രീമൂകാംബികാദേവി സരസ്വതീഭാവത്തിൽകിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, മഹാവിഷ്ണു, യക്ഷിയമ്മ, നാഗദൈവങ്ങൾ എന്നിവർ സാന്നിദ്ധ്യമരുളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്.
ഐതിഹ്യം
വടക്കൻ പറവൂരും സമീപസ്ഥലങ്ങളും അടക്കിഭരിച്ചിരുന്ന ഒരു തമ്പുരാൻ തികഞ്ഞ മൂകാംബികാഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ ഇന്നത്തെ കർണ്ണാടകയിലെവിശ്വപ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ദർശനം നടത്തിയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യത്തെത്തുടർന്ന് അതിന് കഴിയാത്ത ഒരു സാഹചര്യം വന്നപ്പോൾ അദ്ദേഹം ഏറെ ദുഃഖിതനായി. കൊല്ലൂരിലെ അവസാനദർശനം കഴിഞ്ഞ് നാട്ടിലെത്തിയ തമ്പുരാൻ ദേവിയെ ഭജിച്ച് ദിവസങ്ങൾ കഴിച്ചു. ഒരു ദിവസം രാത്രിയിൽ അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദർശനമുണ്ടായി. സ്വപ്നത്തിൽ ദേവി അദ്ദേഹത്തോട് ഇങ്ങനെ പറയുന്നതായി തോന്നി: 'അല്ലയോ ഭക്താ, ഇനി നീ എന്നെത്തേടി കൊല്ലൂരിൽ വരേണ്ടതില്ല. നിന്റെ നാട്ടിൽ, നിനക്ക് നടന്നുവരാൻ കഴിയുന്ന സ്ഥലത്ത് ഞാൻ കുടികൊണ്ടുകൊള്ളാം. അവിടെ ഉചിതമായ ഒരു സ്ഥലത്ത് നീ എനിയ്ക്കായി ഒരു ക്ഷേത്രം പണിതാൽ മാത്രം മതി.' ഇതോടെ സന്തുഷ്ടനായ തമ്പുരാൻ പിറ്റേന്നുതന്നെ പറവൂർ കോട്ടയ്ക്ക് പുറത്ത് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി ക്ഷേത്രനിർമ്മാണം തുടങ്ങി. മാസങ്ങൾക്കുള്ളിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. തുടർന്ന് പ്രതിഷ്ഠാകർമ്മവും നിർവ്വഹിച്ച തമ്പുരാൻ സാധാരണക്കാർക്ക് ക്ഷേത്രം തുറന്നുകൊടുത്തു. വാഗ്ദേവത കുടികൊള്ളുന്ന ഈ ക്ഷേത്രം കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്ത് (തെക്ക്) ആയതിനാൽ 'ദക്ഷിണ മൂകാംബികാക്ഷേത്രം' എന്നറിയപ്പെടാൻ തുടങ്ങി. ഹൈന്ദവ വിശ്വാസപ്രകാരം അറിവ്, വാക്ക്, വിദ്യ, ബുദ്ധി, സംഗീതം, കരകൗശലങ്ങൾ എന്നിവയുടെ അധിപതിയാണ് ഈശ്വരന്റെ ജ്ജ്ഞാനശക്തിയായ സരസ്വതീദേവീ.
ക്ഷേത്രനിർമ്മിതി
മതിലകം
വടക്കൻ പറവൂർ പട്ടണത്തിനകത്തുതന്നെയാണെങ്കിലും നഗരത്തിരക്കിൽ നിന്ന് അകന്ന് ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എൻ.എച്ച്. 544-ൽ (എറണാകുളം-ഗുരുവായൂർ റൂട്ട്) നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരം വരും ക്ഷേത്രത്തിലേയ്ക്ക്. കിഴക്കുഭാഗത്താണ് ക്ഷേത്രത്തിലെ പ്രധാന കവാടം. കിഴക്കേ നടയിൽ അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. നാലേക്കറിലധികം വിസ്തീർണ്ണം വരുന്ന ഈ കുളം ആരുടെയും മനം കുളിർപ്പിയ്ക്കും. ക്ഷേത്രക്കുളം പുണ്യതീർത്ഥമായതിനാൽ ഇവിടെ എണ്ണ, സോപ്പ് മുതലായവ തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും പല്ലുതേയ്ക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും നിരോധിച്ചിരിയ്ക്കുന്നു. കുളത്തിന് നേരെ മുന്നിൽ ക്ഷേത്രം വക നവരാത്രിമണ്ഡപവും ആനപ്പന്തലുമാണ്. പ്രധാനകവാടത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമാണ് അരയാൽ. അതിൻപ്രകാരം അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ഹിന്ദുമതത്തെക്കൂടാതെ ബുദ്ധ-ജൈന മതങ്ങളിലും അരയാലിന് പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺഉത്പാദിപ്പിയ്ക്കുന്ന മരം അരയാലും, ചെടി തുളസിയുമാണ്. രണ്ടും ഹിന്ദുക്കൾ പവിത്രമായി കണക്കാക്കിവരുന്നു. ഈ ആൽമരത്തിന്റെ ചുവട്ടിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്.
പ്രധാനകവാടം കടന്ന് അകത്തെത്തിയാൽ ആദ്യം കാണുന്നത് ആനക്കൊട്ടിലാണ്. താരതമ്യേന ചെറിയൊരു ആനക്കൊട്ടിലാണിതെങ്കിലും ആറ് ആനകളെ നിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് പടിഞ്ഞാറുഭാഗത്ത് ദേവീവാഹനമായ ഹംസത്തെ ശിരസ്സിലേറ്റുന്ന കൊടിമരം സ്ഥിതിചെയ്യുന്നു. വളരെ ഉയരം കൂടിയ ചെമ്പുകൊടിമരമാണ് ഇവിടെയുള്ളത്. ഏകദേശം നൂറടി ഉയരം വരും. കൊടിമരത്തിന് തൊട്ടുപുറകിൽ ബലിക്കൽപ്പുരയാണ്. ഇവിടെയാണ് പ്രധാന ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. ശ്രീകോവിൽ ചെറുതായതിനാൽ ബലിക്കല്ലും വളരെ ചെറുതാണ്. ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
മൂലക്ഷേത്രമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ ഉപദേവതകളുടെ സ്ഥാനത്തോട് ഏതാണ്ട് സാമ്യം വരുന്ന രീതിയിലാണ് ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിലും ഉപദേവതകളുടെ സ്ഥാനം. തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മഹാവിഷ്ണുവിന്റെ ശ്രീകോവിൽ കാണാം. മഹാവിഷ്ണുക്ഷേത്രത്തിന് തൊട്ടടുത്ത് യക്ഷിയുടെ പ്രതിഷ്ഠയുണ്ട്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ശ്രീഹനുമാൻസ്വാമി കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രനും. ക്ഷേത്രമതിൽക്കെട്ടിന് ഏകദേശം ഒരേക്കർ വിസ്തീർണ്ണം വരും. പ്രദക്ഷിണവഴി കരിങ്കല്ല് പാകിയതാണ്. എങ്കിലും പുറംഭാഗം മുഴുവനായും മണലാണ്.
ശ്രീകോവിൽ
ചതുരാകൃതിയിൽ ഒറ്റനിലയിൽ തീർത്ത കൊച്ചുശ്രീകോവിലാണ് ഇവിടെയുള്ളത്. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ പ്രശോഭിയ്ക്കുന്നു. അകത്ത് ഒരു മുറി മാത്രമേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. കൊല്ലൂരിലേതുപോലെ പഞ്ചലോഹനിർമ്മിതമായ ദേവീവിഗ്രഹമാണിവിടെയും. എന്നാൽ, വിഗ്രഹരൂപത്തിൽ ചില വ്യത്യാസങ്ങളും കാണാം. ഒന്നരയടി ഉയരം വരുന്ന ചതുർബാഹുവവിഗ്രഹമാണിവിടെ. പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും ധരിച്ച ദേവിയുടെ മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയിലാണ്. കിഴക്കോട്ട് ദർശനമായാണ് ദേവി ഇവിടെയും കുടികൊള്ളുന്നത്.
മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത് ഒരു കൊച്ചുതാമരക്കുളത്തിന് നടുവിലാണ്. കുടജാദ്രിയിൽ നിന്ന് ഉദ്ഭവിച്ച് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്ന പുണ്യനദിയായ സൗപർണ്ണികയെ ഈ താമരക്കുളം പ്രതിനിധീകരിയ്ക്കുന്നു. ശ്രീകോവിലിന് ചുറ്റുമുള്ള കുളവും അതിലെ താമരപ്പൂക്കളും മനോഹരമായ കാഴ്ചയാണ്. ഈ കുളത്തിന് മുകളിലൂടെയാണ് പ്രദക്ഷിണം നടത്തുന്നത്. ഏത് കാലാവസ്ഥയിലും ഇവിടെ ജലനിരപ്പ് ഉയരുകയോ താഴുകയോ ഇല്ല. ഇതൊരു അത്ഭുതമാണ് ശ്രീകോവിലിനെ ചുറ്റിപ്പറ്റി പതിവുപോലെ ബലിവട്ടമുണ്ട്. എന്നാൽ, പ്രദക്ഷിണവഴിയിൽ നിന്ന് പൂർണ്ണമായും അകന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നാണ് ശീവേലിസമയത്ത് ബലിതൂകുന്നത്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, നിർമ്മാല്യധാരി (ഇവിടെ യതി) എന്നിവരെയാണ് ബലിക്കല്ലുകൾ പ്രതിനിധീകരിയ്ക്കുന്നത്.
നാലമ്പലം
ശ്രീകോവിലിനെയും കുളത്തെയും ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് ഇവിടത്തെ നാലമ്പലത്തിൽ. എങ്കിലും പ്രദക്ഷിണത്തിന് തടസ്സമായി അത് നിൽക്കുന്നില്ല. ഓടുമേഞ്ഞാണ് നാലമ്പലം നിലകൊള്ളുന്നത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വലിയ വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും പണിതിട്ടുണ്ട്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിരിയ്ക്കുന്നു. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നഹരനായ ഗണപതി കുടികൊള്ളുന്നു. പതിവിന് വിപരീതമായി ഇവിടെ ഗണപതിനട അല്പം മുകളിലോട്ടുമാറിയാണ്. അതിനാൽ, മുകളിൽ കയറിനിന്നാണ് ഭക്തർ ഗണപതിയെ വന്ദിയ്ക്കുന്നത്. വടക്കുകിഴക്കേമൂലയിൽ പതിവുപോലെ കിണർ കാണാം. എന്നാൽ, ഇവിടെ കിണർ പണിതിരിയ്ക്കുന്നത് കുളത്തിൽ തന്നെയാണ്! അതിനാൽ, കുളത്തിലെ ജലം തന്നെയാണ് കിണറ്റിലും. ഇവിടെ നമസ്കാരമണ്ഡപം പണിതിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. പകരം കുളത്തിന് മുകളിലൂടെത്തന്നെ ഒരു മുഖപ്പ് പണിതിട്ടുണ്ട്. ഇതുവഴി ചെന്നാണ് ഭക്തർ ദേവിയെ വന്ദിയ്ക്കുന്നത്.
പ്രതിഷ്ഠകൾ
ശ്രീമൂകാംബികാദേവി
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സരസ്വതീഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. അതിനാൽ തന്നെ ഇവിടെ വിദ്യാരംഭത്തിന് അതീവപ്രാധാന്യമുണ്ട്. ഒരു കൊച്ചുതാമരക്കുളത്തിന് നടുവിലെ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ദേവി കുടികൊള്ളുന്നത്. ചതുർബാഹുവായ ദേവി പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും ധരിച്ച് മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു. ഭക്തനായ പറവൂർ തമ്പുരാൻ കൊല്ലൂരിൽ നിന്ന് ആവാഹിച്ചുകൊണ്ടുവന്ന ദേവി ഇവിടെ ഭക്തരുടെയുള്ളിലെ അജ്ഞാനമാകുന്ന ഇരുൾ നീക്കി ജ്ഞാനമാകുന്ന വെളിച്ചം പകർന്നുവാഴുന്നു. സാരസ്വത പുഷ്പാഞ്ജലി, ത്രിമധുരം, കുങ്കുമാർച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. സരസ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രത്തിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുമുണ്ട്.
ഉപദേവതകൾ
ഗണപതി
ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നനിവാരകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒന്നരയടി പൊക്കം വരുന്ന ഭഗവദ്വിഗ്രഹത്തിന് സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപമാണ്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. നാലമ്പലത്തിൽ നിന്ന് അല്പം മുകളിലായാണ് ഗണപതിശ്രീകോവിൽ. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നു. കറുകമാല, ഒറ്റയപ്പം, മോദകം തുടങ്ങിയവയും പ്രധാനവഴിപാടുകളാണ്.
സുബ്രഹ്മണ്യൻ
നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ ത്രിശൂലവും കാണാം. മുന്നിലെ കൈകളിൽ വരദാഭയമുദ്രകൾ കാണാം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല ചാർത്തൽ തുടങ്ങിയവയാണ് സുബ്രഹ്മണ്യസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.
മഹാവിഷ്ണു
നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് വൈകുണ്ഠനാഥനായ മഹാവിഷ്ണുഭഗവാൻ കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. പതിവുപോലെ ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ ഭഗവാനാണ് ഇവിടെയും. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ കൗമോദകി ഗദയും ധരിച്ചിരിയ്ക്കുന്നു. പാൽപ്പായസം, കളഭാഭിഷേകം, പുരുഷസൂക്താർച്ചന, ചന്ദനം ചാർത്ത് തുടങ്ങിയവയാണ് മഹാവിഷ്ണുഭഗവാന് പ്രധാന വഴിപാടുകൾ.
ഹനുമാൻ
നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരമുള്ള ശിലാനിർമ്മിതമായ ഇവിടത്തെ വിഗ്രഹം ഭക്തഹനുമാന്റെ രൂപത്തിലാണ്. വിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. രണ്ടുകൈകളും കൂപ്പി ഭക്തിയോടെ നിൽക്കുന്ന ഹനുമാൻ സ്വാമി ഒരേ സമയം ശക്തിയുടെയും ഭക്തിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്യുഗ്രമൂർത്തിയായ ആഞ്ജനേയസ്വാമിയ്ക്ക് വടമാല, വെറ്റിലമാല, അവിൽ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. രാമനാമം എഴുതിവച്ച കടലാസുകൾ കൊണ്ട് മാലയുണ്ടാക്കി ചാർത്തുന്നതും ഒരു പ്രധാന വഴിപാടാണ്.
വീരഭദ്രൻ
നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദക്ഷാന്തകനായ വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹമാണ്. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രസ്വാമിയ്ക്ക് സങ്കല്പം. വലതുകയ്യിൽ വാൾ പിടിച്ച് ഇടതുകൈ അരയിൽ കുത്തിവച്ചുകൊണ്ടാണ് പ്രതിഷ്ഠ. നാളികേരം ഉടയ്ക്കുലാണ് വീരഭദ്രസ്വാമിയ്ക്ക് പ്രധാന വഴിപാട്.
നാഗദൈവങ്ങൾ
ക്ഷേത്രത്തിന് പുറത്തുള്ള അരയാൽമരത്തിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസാന്നിദ്ധ്യമുള്ള ഇവിടെ സ്തോത്രത്തിൽ പറയുന്ന അതേ രൂപത്തിലാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത്. അത്യുഗ്രമൂർത്തികളായ നാഗദൈവങ്ങൾ പ്രപഞ്ചത്തിന്റെ രക്ഷകരാണെന്ന് വിശ്വസിച്ചുപോരുന്നു. ദിവസവും രാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തർ അരയാലിനെ പ്രദക്ഷിണം വയ്ക്കുമ്പോൾ കൂടെ നാഗദൈവങ്ങളെയും പ്രദക്ഷിണം വയ്ക്കും. നൂറും പാലും, പുറ്റും മുട്ടയും, സർപ്പംപാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും.
യക്ഷിയമ്മ
മഹാവിഷ്ണുശ്രീകോവിലിന് തൊട്ടരുകിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്. അത്യപൂർവ്വമായ വാൽക്കണ്ണാടി രൂപത്തിലുള്ള ബിംബമാണ് യക്ഷിയമ്മയ്ക്ക്. ഇളനീരും വറപൊടിയുമാണ് യക്ഷിയമ്മയ്ക്ക് പ്രധാന വഴിപാട്.
നിത്യപൂജകളും തന്ത്രവും
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. കൊല്ലൂരിൽ നടതുറക്കുന്നപുലർച്ചെ അഞ്ചുമണിയ്ക്കുതന്നെയാണ് ഇവിടെയും നടതുറക്കുന്നത്. ആദ്യം തലേദിവസത്തെ അലങ്കാരങ്ങൾ ചാർത്തി നിർമ്മാല്യദർശനം. പിന്നീട് അലങ്കാരങ്ങൾ മാറ്റി വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യവും തുടർന്ന് നടയടച്ച് ഉഷഃപൂജയും നടത്തുന്നു. സൂര്യോദയസമയത്ത് ഏതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഇതുകഴിഞ്ഞ ഉടനെ ഉഷഃശീവേലിയാണ്. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജ നടക്കുന്നു. തുടർന്ന് പത്തുമണിയ്ക്ക് ഉച്ചപൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധന സമയത്ത് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളും ചുറ്റുവിളക്കുകളും തിളങ്ങിനിൽക്കുന്ന കാഴ്ച മനോഹരമാണ്. ദീപാരാധന കഴിഞ്ഞ് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴേമുക്കാലോടെ അത്താഴശ്ശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
ക്ഷേത്രത്തിലെ താന്ത്രികാവകാശം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.
വിശേഷദിവസങ്ങൾ
നവരാത്രി
ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം നവരാത്രിയാണ്. കന്നിമാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. കേരളത്തിൽ പ്രധാനമായും അവസാനത്തെ മൂന്ന് ദിവസമാണ് വിശേഷം. സദാസമയവും സരസ്വതീസാന്നിദ്ധ്യം കൊണ്ട് ധന്യമായ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രത്തിൽ നവരാത്രിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒമ്പത് ദിവസവും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകും. ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങളും പണിയായുധങ്ങളും സംഗീതോപകരണങ്ങളും പൂജയ്ക്കുവയ്ക്കുന്നു. മഹാനവമി നാളിൽ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജ കഴിഞ്ഞ് പുസ്തകങ്ങളും പണിയായുധങ്ങളും സംഗീതോപകരണങ്ങളും അവയുടെ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു. ക്ഷേത്രത്തിൽ അന്ന് വൻ ഭക്തജനത്തിരക്കുണ്ടാകും.
കൊടിയേറ്റുത്സവം
മകരമാസത്തിൽ ഉത്രട്ടാതി ആറാട്ടായി ക്ഷേത്രത്തിൽ പത്തുദിവസം ആഘോഷമുണ്ട്. അങ്കുരാദിമുറയ്ക്ക് നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി അനിഴം നാളിൽ കൊടിയേറുന്നു. തുടർന്നുള്ള പത്തുദിവസം ക്ഷേത്രത്തിൽ വളരെയധികം കലാപരിപാടികളുണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ ശീവേലിയും പറയെടുപ്പുമുണ്ടാകും. എട്ടാം നാളിൽ ക്ഷേത്രത്തിലെ ഉത്സവബലി നടക്കുന്നു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ എല്ലാ ബലിക്കല്ലുകളിന്മേലും അതിവിപുലമായ രീതിയിൽ ബലിതൂകൽ നടക്കും. ഒമ്പതാം നാളിൽ പള്ളിവേട്ട. ദേവി പരിവാരങ്ങളോടെ എഴുന്നള്ളിപ്പോയി അടുത്തുള്ള പറമ്പിൽ അമ്പെയ്തുപോകുന്നതാണ് ഈ ചടങ്ങ്. പത്താം നാളിലെ ആറാട്ട് ക്ഷേത്രക്കുളത്തിലാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ