കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം. തെക്കുംകൂർ രാജാക്കന്മാരുടെ കാലത്താണ് പത്തില്ലത്തിൽ പോറ്റിമാരുടെ ഭരണാധികാരത്തിൽ ക്ഷേത്ര നിർമ്മാണം നടത്തി പ്രതിഷ്ഠ നടന്നത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന മുടിയെടുപ്പ് എന്ന വിശേഷാൽ പൂജ ഈ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിലെ പശ്ചിമഗോപുരത്തിനു പടിഞ്ഞാറു വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ളക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണീ ക്ഷേത്രം.
ഐതിഹ്യം
പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തിനു തെക്ക് കൽക്കുളംദേശത്തുണ്ടായിരുന്ന ഒരു നായർ കുടുംബം അഭിവൃദ്ധി നശിച്ച് കലഹങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിലെ പാർവ്വതിപിള്ള കലികൊണ്ട് പറഞ്ഞ സംഗതികൾ നടത്തുന്നതിനായി കുംടുംബത്തിലെ കാരണവരുടെ ബന്ധുവും പത്മനാഭപുരത്ത് വിചാരിപ്പ്കാരനുമായി, വാഴപ്പള്ളി ഗ്രാമത്തിൽ പാപ്പാടി കുടുംബത്തിലെ മൂത്ത പണിക്കരെ കണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെ അഷ്ടമംഗല പ്രശ്നം നടത്തുവാൻ തീരുമാനിച്ചു. പ്രശ്നത്തിൽ നാലമിടത്ത് ദുർഗ്ഗാ ദോഷമുണ്ടന്നും അതിനു പരിഹാരമായി കണ്ണിമുറ്റത്ത് ഇട്ടിക്കുറുപ്പിന്റെ അനന്തരവൻ ഇട്ടിണ്ണാൻ കുറുപ്പിനെ മാന്ത്രികനായി പേർ നിർദ്ദേശിക്കുകയും ചെയ്തു.
കൊല്ലവർഷം 464-മാണ്ട് മേടമാസത്തിലെ വിഷ്ണുപക്ഷം കുചവാരത്തിൽ വാഴപ്പള്ളിയിൽ നിന്നും വഞ്ചിയിൽ യാത്രതുടങ്ങി കൽക്കുളത്ത് എത്തി. 12-ദിവസങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച പ്രഭാതത്തിൽ ഹോമം തുടങ്ങി പാതിരാത്രിക്ക് മൂർത്തികളെ ഉച്ചാടനം നടത്തി, പിറ്റേന്ന് രാവിലെ ദുർഗ്ഗാദേവിയെ വെള്ളി വിഗ്രഹത്തിലും ഉപമൂർത്തികളെ ചെമ്പ് വിഗ്രഹങ്ങളിലുമായി ആവാഹിച്ച് അവിടെനിന്നും യാത്ര തിരിച്ച് വാഴപ്പള്ളിയിൽ തിരിച്ചെത്തി.
ആവാഹിച്ച വിഗ്രഹങ്ങളെല്ലാം കുറുപ്പ് കണ്ണിമുറ്റത്ത് വീട്ടിൽ തെക്കേ അറപ്പുരയിൽ കുടിയിരുത്തി പൂജിച്ചു പോന്നു. ഏതാനും വർഷങ്ങളുടെ തുടർച്ചയായ പൂജയിൽ ദേവിക്ക് കൂടുതൽ ശക്തിപ്രാപിക്കുകയും ദേവി കണ്ണിമുറ്റം അറപ്പുരയിൽ ഇരിക്കാതെ വരികയും ചെയ്തു. ഇതു മനസ്സിലാക്കി കണ്ണിമുറ്റം കുറുപ്പും പാപ്പാടി പണിക്കരും അന്നത്തെ ദേശ പ്രഭുക്കന്മാരായ പത്തില്ലത്തിൽ പോറ്റിമാരിൽ ഒരാളായ ചങ്ങഴിമുറ്റം മഠത്തിൽ ചെല്ലുകയും കാരണവരായ നാരായത്ത് നാരായണനമ്പൂതിരിയുടെ സഹായത്താൽ കീഴ്തൃക്കോവിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ക്ഷേത്ര നിർമ്മാണം നടത്തി. കൊല്ലവർഷം 552-മാണ്ട് ഇടവ മാസത്തിൽ ദുർഗ്ഗാപ്രതിഷ്ഠയും പാർശ്വവർത്തികളായ രക്തേശ്വരിയേയും രക്തചാമുണ്ഡിയേയും പ്രതിഷ്ഠ നടത്തി. എരമല്ലൂർ ഭട്ടതിരിയാണ് അന്ന് പ്രതിഷ്ഠനടത്തി കലശാഭിഷേകം നടത്തിയത
പുനഃപ്രതിഷ്ഠ
കാവിലെ പ്രതിഷ്ഠയുടെ കിഴക്കു വശത്തായി നിന്നിരുന്ന പൂവവൃക്ഷം കടയറ്റു വീഴുകയും പ്രതിഷ്ഠക്കു ഭംഗംവരികയും സംഭവിച്ചു. തുടർന്ന് ശിലാവിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. അന്ന് ശിലാവിഗ്രഹം തിരുവളുപ്പാറയിൽ നിന്നും വരുത്തി ഉണ്ടാക്കിയത് പുളിമൂട്ടിൽ പുത്തൻ വീട്ടിൽ അയ്യപ്പൻ മണികണ്ഠനായിരുന്നു..[1]. ദേവിക്ക് വേതാള കണ്ഠസ്ഥിതയായി നാലുകൈകളോടുകൂടിയുള്ള ആറടിയോളം പൊക്കമുള്ള ശിലാപ്രതിഷ്ഠയും, പാർശ്വവർത്തികൾക്ക് കണ്ണാടി വിഗ്രഹവും പണിതീർക്കപ്പെട്ടു.[2]. തന്ത്രിമുഖ്യനായ എരമല്ലൂർ അഗ്നിശർമ്മൻ ഭട്ടതിരിപ്പാടായിരുന്നു അന്ന് പ്രതിഷ്ഠനടത്തി കലശമാടിയത് 1001-മാണ്ട് ഇടവമാസം 28-ആം തീയതി വ്യാഴാഴ്ച പുണർതം നക്ഷത്രത്തിലായിരുന്നു. കലശം നടന്ന വർഷം (1001) പടിഞ്ഞാറേ സോപാനപ്പടിയിൽ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. കൊല്ലവർഷം 1136-മാണ്ട് മുടിയെടുപ്പ് നടന്ന അവസരത്തിൽ പത്തില്ലത്തിൽ പോറ്റിമാരിലെ പ്രധാനിയായിരുന്ന ചങ്ങഴിമുറ്റത്ത് മഠത്തിലെ താളിയോല ഗ്രന്ഥങ്ങൾ പുനഃചിന്തനം നടത്തുകയും അത് എഴുതിയെടുക്കുകയും ഉണ്ടായി.
മുടിയെടുപ്പ്
കൊല്ലവർഷം 772-ലെ കലശാഭിഷേകത്തിനുശേഷം വാഴപ്പള്ളി പടിഞ്ഞാറ് ജനങ്ങൾക്ക് മസൂരി തുടങ്ങീയ രോഗങ്ങളും, കൃഷിനാശവും തുടർച്ചയായപ്പോൾ ചങ്ങഴിമുറ്റത്ത് മഠത്തിലെ കാരണവരുടെ നിർദ്ദേശപ്രകാരം ദേവീപ്രീതിക്കായി ഗുരുതിനടത്തുവാനും ശക്തിയാർജ്ജിക്കുന്ന ദേവിക്ക് ശാന്തതവരുവാനായി കൽക്കുളത്തുകാവിൽ കാളിനാടകം (മുടിയെടുപ്പ്) നടത്തുവാനും തീരുമാനിച്ചു.
വിശേഷ ദിവസങ്ങൾ
മുടിയെടുപ്പ്
ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് മുടിയെടുപ്പ് മഹോത്സവം. വാഴപ്പള്ളി ക്ഷേത്രവുമായിബന്ധപ്പെടുത്തിയാണ് ഈ ഉത്സവം പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്നത്. കൽക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നതാണ് പ്രധാനം. കൊല്ലവർഷം 772 - മുതൽ [6] ഓരോ വ്യാഴവട്ടകാലങ്ങളിലും ഒരിക്കൽ മാത്രം നടക്കുന്ന മുടിയെടുപ്പ് അവസാനമായി നടന്നത് 2009 ഏപ്രിൽ 21-തീയതിയാണ്. അനുഷ്ഠാന വിധികളോടെയുള്ള ചടങ്ങുകൾക്കൊടുവിൽ കഥകളി വേഷമണിഞ്ഞ ഭൈരവി അർദ്ധരാത്രി ദേവിയുടെ തിരുമുടി ശിരസ്സിലേറ്റി പള്ളിവാളുമേന്തി ദാരിക നിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നു. ദേവിയും ദാരികനുമായുള്ള പോർവിളികൾക്ക് ശേഷം വാഴപ്പള്ളി മഹാക്ഷേത്രത്തിലേക്ക് ഓടിമറയുന്ന ദാരികനെതേടി ദേവി (കാളി) ചെല്ലുമ്പോൾ ക്ഷേത്രത്തിൽ അത്താഴ ശ്രീബലിക്കായി ഋഷഭവാഹനമേറി വരുന്ന തിരുവാഴപ്പള്ളിതേവരെ (പിതാവിനെ) ദർശിച്ച് ദേവിക്ക് കോപമടങ്ങുന്നു. പിതാവിനൊപ്പം പ്രദക്ഷിണം പൂർത്തിയാക്കി, കിഴക്കേനടയിലെത്തുന്ന ദേവിക്ക്, അടുത്ത 12-വർഷത്തേക്കുള്ള ഓണപ്പുടവയും വിഷുക്കൈനീട്ടവും കൊടുത്ത് പിതാവായ തിരുവാഴപ്പള്ളി തേവർ അനുഗ്രഹിക്കുന്നു; തുടർന്ന് തട്ടകത്തിൽ ഊരുചുറ്റൽ. ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടുത്ത ദിവസം ഉച്ചയ്‌ക്കുശേഷം തിരികെ കൽക്കുളത്തുകാവ് ക്ഷേത്ര ശ്രീകോവിലിൽ ഭഗവതിയായി തിരികെ പ്രവേശിക്കുന്നു.
മീന ഭരണി
മീന മാസത്തിലെ ഭരണി നാളാണ് ദേവിയുടെ ജന്മ നാൾ എന്നു വിശ്വസിക്കുന്നു. അന്നേ ദിവസം കാവടിയാട്ടം കീഴ്തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും കൽക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് നടത്താറുണ്ട്.
മണ്ഡലക്കാലം
വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനു 11-വരെ നടത്തുന്ന മണ്ഡല മഹോത്സവം വളരെ പ്രസിദ്ധമാണ്. വൈകുന്നേരങ്ങളിൽ ക്ഷേത്ര മതിൽക്കകം ദീപങ്ങളാൽ സമ്പന്നമായിരിക്കും. ദീപാരാധനയും, കളമെഴുത്തും പാട്ടും ഈ 41 ദിവസങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നത് മുൻ നിശ്ചയപ്രകാരമുള്ള കുടുംബക്കാർ വകയാണ്. ധനു 11-ന് (മണ്ഡലം 41-ആം ദിനം) കുമാരിപുരം ക്ഷേത്രത്തിൽ നിന്നും താലപ്പൊലി എഴുന്നള്ളത്ത് നടത്താറുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ