കൈകുളങ്ങര ദേവീക്ഷേത്രം
KaiKulangara Devi Temple | |
---|---|
തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടിയിൽ നിന്ന് 2 കി.മീ വടക്കു മാറി കടങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് കൈകുളങ്ങര ദേവീക്ഷേത്രം .
ഐതിഹ്യം
ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആയതിനാൽ ഭക്തജനങ്ങളിൽ ചിലർ ശിവനായും മറ്റു ചിലർ ഭഗവതിയായും സങ്കല്പിച്ച് ഇവിടെ ആരാധന നടത്തിയിരുന്നു.തൃശ്ശൂർ തെക്കേ മഠത്തിലെ സ്വാമിയാർമാർ ഇവിടെ പതിവായി ദർശനം നടത്താറുണ്ടായിരുന്നു. അക്കാലത്ത് ഇവിടം സന്ദർശിച്ച പണ്ഡിതശ്രേഷ്ഠനായ ഒരു സ്വാമിയാർ അമ്പലത്തിലെ മൂർത്തി ആരെന്ന കാര്യത്തിൽ തീർച്ച വരുത്താൻ വേണ്ടി 41 ദിവസത്തെ കഠിനവ്രതം ആരംഭിച്ചു. വ്രതം കഴിയുന്ന ദിവസം രാത്രിയിൽ അദ്ദേഹത്തിന് ഒരു സ്വപ്നദർശനം ഉണ്ടായി.പിറ്റേന്ന് രാവിലെ അമ്പലക്കുളത്തിൽ പോയി നോക്കിയാൽ പ്രശ്നത്തിന് സമാധാനം ഉണ്ടാവുമെന്ന് നിർദ്ദേശം ലഭിച്ചു.സ്വപ്നത്തിൽ അറിയിച്ചതനുസരിച്ച് കുളത്തിൽ ചെന്ന് നോക്കിയപ്പോൾ സ്വാമിയാർ ദിവ്യമായ ഒരു കാഴ്ച്ച കണ്ടു. വളകളും മോതിരങ്ങളും അണിഞ്ഞ ഒരു സ്ത്രീയുടെ മനോഹരമായ കൈ ജലത്തിൽ ഉയർന്നു നിൽക്കുന്നു.അടുത്ത നിമിഷം അത് അപ്രത്യക്ഷമായി.അമ്പലത്തിലെ ചൈതന്യം ഭഗവതിയുടേത് ആണെന്ന് സ്വാമിയാർ മനസ്സിലാക്കുകയും ആ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു.ക്ഷേത്രത്തിനും സമീപപ്രദേശങ്ങൾക്കും കൈക്കുളങ്ങര എന്ന് സ്വാമിയാർ പുതിയ പേര് നൽകി.
ചരിത്രം
മല്ലിശ്ശേരി ഇളയതിന്റെ നേതൃത്വത്തിലായിരുന്നു പണ്ട് ക്ഷേത്രഭരണം. ഇത് പിന്നീട് എട്ടു വീട്ടിൽ നായന്മാരുടെ കീഴിലായി. അവർ തൃശ്ശൂർ തെക്കേമഠത്തിന് ഭരണം കൈമാറി. 1987ൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. 2007 ഡിസംബർ 21 മുതൽ ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഭരണം.
പൂജകൾ
ശ്രീചക്രപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ രാവിലെ സരസ്വതി, ഉച്ചയ്ക് ദുർഗ്ഗ, വൈകുന്നേരം ഭദ്രകാളി എന്നിങ്ങനെ മൂന്നു ഭാവത്തിലാണ് പൂജകൾ നടക്കുന്നത്.ക്ഷേത്രത്തിലെ താന്ത്രികകർമ്മങ്ങൾ ചെയ്യുന്നത് പോർക്കുളം കരുവന്നൂർ വടക്കേടത്ത് മനക്കാരാണ്.
ഉപദേവതകൾ
വിശേഷദിവസങ്ങൾ
കന്നി മാസത്തിൽ നവരാത്രി, വൃശ്ചികത്തിൽ കാർത്തിക, ധനുവിൽ നിറമാല, മകരത്തിൽ മകരച്ചൊവ്വയും പറയരുവേലയും, കുംഭത്തിൽ കളം പാട്ട് , ഇടവത്തിൽ പ്രതിഷ്ഠാദിനം എന്നിവയാണ് പ്രധാനവിശേഷദിവസങ്ങൾ. ഉപദൈവങ്ങളായ അയ്യപ്പന് വിളക്കും അന്തിമഹാകാളന് വേലയും വിശേഷമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ