തൃക്കൂർ മഹാദേവക്ഷേത്രം
തൃക്കൂർ മഹാദേവക്ഷേത്രം | |
---|---|
അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ ശിവക്ഷേത്രം. തൃശൂർ ജില്ലയിലെ തൃക്കൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു അന്നു വിശ്വസിക്കുമ്പോഴും ഇത് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ക്ഷേത്രം. ഈ ക്ഷേത്രം ആദിയിൽ ജൈനക്ഷേത്രമായിരുന്നുവെന്നുംപിന്നീട് ഹൈന്ദവവൽക്കരിക്കപ്പെട്ടതാണെന്നും ചരിത്രകാരന്മാർ പറയുന്നു.
ക്ഷേത്രം
ശ്രീകോവിൽ
12 അടി നീളവും 8 അടി വീതിയും ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ഇവിടുത്തെ ശ്രീകോവിൽ. ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗത്തിന്റെ വലതുഭാഗത്തായി മഹാഗണപതിയുടെ രൂപം പാറയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീമഹാദേവൻ കിഴക്ക് അഭിമുഖനാണങ്കിലും വടക്ക് ഭാഗത്താണ് ക്ഷേത്ര ദർശനം. തന്മൂലം ശിവലിംഗത്തിന്റെ വാമഭാഗമാണ് ഇവിടെ ഭക്തർക്ക് ദർശനയോഗ്യം. പാർശ്വദർശനമുള്ള ഏക ശിവക്ഷേത്രമാണിത്.
ഐതിഹ്യം
അവർണ്ണസമുദായക്കാരനായ കുന്നപ്പിള്ളി നാരായണൻ എന്നൊരാളാണ് ഈ ക്ഷേത്രം കണ്ടെത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹത്തിൻറെ കറവുപശു വീട്ടിൽ മടങ്ങിവരാതായപ്പോൾ പശുവിനെ തേടി പുറപ്പെടുകയും അവസാനം ഒരു ഗുഹയിൽ പശുവിനെ കണ്ടെത്തുകയും ചെയ്തു. ആ ഗുഹയാണ് ഇന്നത്തെ ക്ഷേത്രം. അതിൽ കണ്ടെത്തിയ ശിവലിംഗമാണ് ഇന്നത്തെ ക്ഷേത്രപ്രതിഷ്ഠ. ഗുഹയിൽ നിന്ന് ദിവ്യതേജസ്സ് ജ്വലിക്കുന്നതു കണ്ട നാരായണൻ ഉടൻ തന്നെ കാരേക്കാട്ട് തിരുമേനിയേയും പെരുമ്പടപ്പ് വൈദികനേയും പാലിയത്തച്ചനേയും വിവരമറിയിച്ചു. ദേവപ്രശ്നം വെച്ചപ്പോൽ ദേവസാന്നിധ്യം ഉണ്ടെന്നറിഞ്ഞു. അങ്ങനെ പാലിയത്തച്ചന്റെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുകയും ചെയ്തു.
അഗ്നിദേവൻ ശ്രീമഹാദേവനൊപ്പം വസിക്കുന്നു എന്നു ഇവിടെ വിശ്വാസമുണ്ട്. തന്മൂലം മഴയുള്ളപ്പോഴും മഴക്കാറുള്ളപോഴും ഇവിടെ നിത്യശീവേലിസമയത്ത് ഭഗവത്വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കാറില്ല.
പ്രതിഷ്ഠ
പ്രധാന പ്രതിഷ്ഠ ശിവൻ. പാറതുരന്ന് നിർമിച്ച അറയ്ക്ക് 24 അടി നീളവും 18 അടി വീതിയും അത്രതന്നെ ഉയരവുമുണ്ട്. ദർശനം കിഴക്കോട്ടാണെങ്കിലും നട വടക്കോട്ടാണ്. പീഠവും ലിംഗവും ചേർന്ന് 5 അടിയോളം ഉയരമുണ്ട്. അഗ്നിലിംഗമായതുകൊണ്ട് മുൻവശത്തുനിന്നും നേരിട്ട് ദർശിക്കാൻ പാടില്ലാത്തതുകൊണ്ട് കിഴക്കോട്ടാണ് ദർശനമെങ്കിലും വടക്കോട്ട് നട. പാർശ്വദർശനമുള്ള ഏക ശിവക്ഷേത്രമാണിത്. ശ്രീകോവിലിന് തെക്കുവശത്ത് ഗണപതിയുടെയും പടിഞ്ഞാറുവശത്ത് പാർവ്വതിയുടെയും രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. കിഴക്കേ നടയിൽ മുമ്പിൽ വലിയ നമസ്കാരമണ്ഡപവും അതിൽ നന്തിയുടെ വിഗ്രഹവുമുണ്ട്. അവിടെനിന്നുനോക്കിയാൽ പാറ മാത്രമേ കാണാൻ കഴിയൂ. വൈഷ്ണവചൈതന്യത്തിന്റെ പ്രതീകമായി സാളഗ്രാമവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിനിരുവശവും ദ്വാരപാലകരുണ്ട്.
മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കൂർ മഹാദേവക്ഷേത്രത്തിൽ ബലിക്കല്ലുകളെല്ലാം നാലമ്പലത്തിനുപുറത്താണ്. ശിവന്റെ നടയ്ക്കുനേരെ മുന്നിൽ (കിഴക്കുവശത്ത്) കൊടിമരവും ബലിക്കല്ലുമുണ്ട്. തെക്കുഭാഗത്തെ സപ്തമാതൃപ്രതിഷ്ഠയാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന വിഗ്രഹരൂപത്തിലുള്ള സപ്തമാതൃപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഒരേ തറയിൽ വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന സപ്തമാതൃക്കൾക്ക് രക്ഷകരായി വീരഭദ്രനും ഗണപതിയുമുണ്ട്. കൂടാതെ ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ദുർഗ്ഗ, ഭദ്രകാളി, അന്തിമഹാകാളൻ തുടങ്ങിയ ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്. കുന്നിന്മുകളിൽ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഇവർക്കെല്ലാം പ്രതിഷ്ഠകൾ നടത്തിയിരിയ്ക്കുന്നത്.
പാറയുടെ മുകളിൽ ഒരു ചെറിയ കിണറുണ്ട്. തീർത്ഥക്കിണർ എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും ആരും ഇതിലെ ജലം ഉപയോഗിയ്ക്കാറില്ല. കടുത്ത വേനൽക്കാലത്തും ഇതിലെ ജലം വറ്റാറില്ല എന്നത് മറ്റൊരു പ്രത്യേകത.
നിത്യപൂജകൾ
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലിയുമുള്ള ഈ മഹാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് അഞ്ചുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ രാത്രി എട്ടുമണിവരെയും ദർശനമാകാം. രാവിലെ നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. അതുകഴിഞ്ഞ് ശിവലിംഗം അലങ്കരിയ്ക്കുന്നു. ആറുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് എതിരേറ്റുപൂജയും ഗണപതിഹോമവും ശീവേലിയും. പിന്നീട് എട്ടുമണിയ്ക്ക് പന്തീരടിപൂജയും അതിനുശേഷം ധാരയും നവകാഭിഷേകവും നടത്തും. 11 മണിയ്ക്ക് ഉച്ചപൂജയും ശീവേലിയും നടത്തി 12 മണിയ്ക്ക് നടയടയ്ക്കുന്നു.
തുടർന്ന് വൈകീട്ട് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദീപാരാധനയ്ക്ക് നടയടയ്ക്കാറില്ല. പിന്നീട് രാത്രി ഏഴുമണിയ്ക്ക് അത്താഴപൂജയും ശീവേലിയും. അതുകഴിഞ്ഞ് എട്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
ക്ഷേത്രത്തിലെ തന്ത്രാധികാരം പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് മനയ്ക്കാണ്. നാട്ടുകാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്രത്തിലെ ആഘോഷങ്ങൾ
മകരമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറി തിരുവാതിരനാളിൽ ആറാട്ടോടുകൂടി അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത് (ആറാട്ടുദിവസത്തെ നക്ഷത്രത്തിനാണ് കൂടുതൽ പ്രാധാന്യം. ആറാട്ടുദിവസം തിരുവാതിര തന്നെ വേണമെന്ന് നിർബന്ധം. കൊടിയേറ്റം നാൾ നോക്കിയല്ല. ആ വിധത്തിലാണ് ഉത്സവം. എങ്കിലും മിക്കവാറും കൊടിയേറ്റം ഉത്രട്ടാതിനാളിലായിരിയ്ക്കും). മുളയിടലും ദ്രവ്യകലശവും കഴിഞ്ഞാണ് കൊടിയേറ്റം നടത്തുന്നത്. ഉത്സവബലിയാണ് ഈ ദിവസങ്ങളിലെ പ്രധാന വഴിപാട്. ഗുരുവായൂരിലെ ഉദയാസ്തമനപൂജ, ശബരിമലയിലെ പടിപൂജ, കാടാമ്പുഴയിലെ പൂമൂടൽ, ചോറ്റാനിക്കരയിലെ ഗുരുതി തുടങ്ങിയവപോലെ ഇതും ഒരുപാട് വർഷം മുമ്പേ ബുക്ക് ചെയ്യണം. അതിനാൽ വഴിപാട് ബുക്ക് ചെയ്ത വ്യക്തി വഴിപാട് നടക്കുമ്പോൾ ജീവിച്ചിരിപ്പില്ലാത്ത സ്ഥിതി വന്നിട്ടുണ്ട്. ഒരുപാട് താന്ത്രികാചാരങ്ങൾ ഉത്സവസമയത്ത് നടത്തുന്നു. കേരളത്തിലെ ഏതൊരു ഉത്സവത്തെയും പോലെ ചെണ്ടമേളം ഇവിടെയും ഒരു ആകർഷണമാണ്. പള്ളിവേട്ടയ്ക്കും ആറാട്ടിനും പഞ്ചവാദ്യം ഉപയോഗിയ്ക്കുന്നു. എട്ടുദിവസവും ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളുണ്ടാകും. ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന മണലിപ്പുഴയിലാണ് ആറാട്ട് നടത്തുന്നത്.
തുലാമാസത്തിൽ 12 ദിവസം തൃക്കൂരപ്പന് പഞ്ചഗവ്യാഭിഷേകം നടത്തുന്നു. തിരുവോണം നാളിൽ തുടങ്ങി തിരുവാതിരനാളിൽ അവസാനിയ്ക്കും വിധത്തിലാണ് പഞ്ചഗവ്യാഭിഷേകം. ഉച്ചപൂജയ്ക്കാണ് പഞ്ചഗവ്യം അഭിഷേകം ചെയ്യുക. ക്ഷേത്രചൈതന്യം ശക്തിപ്പെടുത്തുകയാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം. ഭക്തരുടെ വഴിപാടായാണ് അഭിഷേകം നടത്തുന്നത്. അവസാനദിവസം കളഭാഭിഷേകവുമുണ്ടാകും.
ഏതൊരു ശിവക്ഷേത്രത്തിലേതും പോലെ തൃക്കൂർ ക്ഷേത്രത്തിലും മഹാശിവരാത്രി വിശേഷമാണ്. കുംഭമാസത്തിൽ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് മഹാശിവരാത്രി. അന്ന് ഭക്തർ ഊണും ഉറക്കവുമുപേക്ഷിച്ച് ശിവമന്ത്രങ്ങൾ ജപിച്ച് ദിവസം കഴിച്ചുകൂട്ടുന്നു. അന്ന് സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം ശയനപ്രദക്ഷിണം നടത്തുന്നു. നമസ്കാരമണ്ഡപത്തിലിരുന്ന് ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കുന്നുണ്ടാകും. അന്ന് രാത്രി നടയടയ്ക്കില്ല. മാത്രവുമല്ല, രാത്രിയിലെ നാലുയാമങ്ങളിലും ഓരോ പൂജയും മഹാരുദ്രാഭിഷേകവുമുണ്ടാകും.
ധനുമാസത്തിലെ തിരുവാതിര ഭഗവാന്റെ പിറന്നാളായി ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ ആർദ്രാദർശനം നടത്തുന്നു. ഭക്തരായ സ്ത്രീകൾ പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി അരിയാഹാരം ഉപേക്ഷിച്ച് വ്രതമനുഷ്ഠിയ്ക്കുന്നു. അന്ന് തിരുവാതിരക്കളിയുമുണ്ടാകും.
കൂടാതെ എല്ലാ മാസവും വരുന്ന പ്രദോഷവ്രതം, തിങ്കളാഴ്ചകൾ, തിരുവാതിര നക്ഷത്രം എന്നിവയും വിശേഷമാണ്. ഉപദേവനായ ഗണപതിയ്ക്ക് ചിങ്ങമാസത്തിൽ വിനായകചതുർത്ഥിദിവസം വിശേഷാൽ പൂജകളും അഷ്ടദ്രവ്യഹോമവും ആനയൂട്ടും നടത്തുന്നു. കർക്കടകമാസംരാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാമായണപാരായണമുണ്ടാകും. വൃശ്ചികമാസം മുഴുവനും ധനുമാസത്തിൽ ആദ്യത്തെ 11 ദിവസവുമടങ്ങുന്ന മണ്ഡലകാലവും ക്ഷേത്രത്തിൽ പ്രധാനമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും വിശ്രമിയ്ക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന് അന്ന് വിശേഷാൽ പൂജകളുമുണ്ടാകും. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുള്ള ഒമ്പതുദിവസത്തെ നവരാത്രി ആഘോഷവും വിശേഷപ്പെട്ടതാണ്. ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠകൾക്ക് പ്രത്യേകപൂജകളും കളഭച്ചാർത്തുമുണ്ടാകും. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള സരസ്വതീമണ്ഡപത്തിൽ പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിദിവസം അടച്ചുപൂജയാണ്. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് എല്ലാം തിരിച്ചെടുക്കുന്നു. അന്ന് ക്ഷേത്രത്തിൽ ആയിരങ്ങൾ വിദ്യാരംഭം കുറിയ്ക്കുന്നു. വിശേഷാൽ കലാപരിപാടികളും ഈ ദിവസങ്ങളിലുണ്ടാകും. സുബ്രഹ്മണ്യന് എല്ലാമാസവും വെളുത്ത ഷഷ്ഠിയ്ക്ക് വിശേഷാൽ പൂജകളും അഭിഷേകങ്ങളും സ്കന്ദഷഷ്ഠിയ്ക്ക് കാവടിയാട്ടവുമുണ്ടാകും. മകരമാസത്തിലെ പൂയം നക്ഷത്രവും (തൈപ്പൂയം) ശിവപുത്രന് വിശേഷം. നാഗദൈവങ്ങൾക്ക് എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. ബ്രഹ്മരക്ഷസ്സിന് രണ്ട് സന്ധ്യയ്ക്കും വിളക്കുവെപ്പല്ലാതെ പൂജകളോ നിവേദ്യമോ ഇല്ല.
പ്രധാന വഴിപാട്
പ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസംമുട്ടലിൽ നിന്നും ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. തുലാഭാരത്തിൽ കിട്ടിയ കയറ് ഇവിടെ ഇരുന്ന് നശിച്ചുപോകണമെന്നാണ് ആചാരം. കൂടാതെ ധാര, ശംഖാഭിഷേകം, കൂവളമാല, കറുകഹോമം, പിൻവിളക്ക്, കതിനവെടിതുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം. ശിവരാത്രിദിവസം സന്ധ്യയ്ക്ക് ശയനപ്രദക്ഷിണവും വഴിപാടായുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ