കീഴ്ത്തളി മഹാദേവക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽസ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം.. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഐതിഹ്യം
കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാൻ പതിനെട്ടര തളികൾ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയിൽ പറയുന്നു. വടക്ക് പയ്യന്നൂർ മുതൽ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികൾ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയിൽ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമൻ നിയമിച്ചു എന്നും അവർ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പരപ്പൂർ, ചെങ്കണിയൂർ എന്നിവയാണ് ആ തളികൾ. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, ചെങ്കണിയൂർ തളികൾ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്നു പാർപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികൾ മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂർ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തളികളുടെ മേൽനോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധികൾ തളിയാതിരിമാർ എന്നും പറയപ്പെട്ടിരുന്നു.
ചരിത്രം
ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, ശൃംഗപുരം, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രം
കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. മൈസൂർ സുൽത്താൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിനടുത്തായുണ്ടായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിലായിരുന്നു ഏറ്റവും വലിപ്പമേറിയ ശിവലിംഗം മുൻപ് ഉണ്ടായിരുന്നത്. പക്ഷേ ഈ ക്ഷേത്രം കേരളത്തിലെ ചില ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹം മുതലെടുത്ത ഡെച്ചുകാരുടെ സഹായത്താൽ ഇരിങ്ങാലക്കുട ഗ്രാമക്കാർ നശിപ്പിക്കുകയും ഡെച്ചുകാർ ആ ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി ഉപയോഗിക്കുകയും ചെയ്തുവെന്നുള്ളത് വിധി വൈപരീത്യം.
മേക്കാട്ട് മനയ്ക്ക് നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രാവകാശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ