അയ്യന്തോൾ കാർത്ത്യായനി
ക്ഷേത്രംതൃശ്ശൂർ നഗരപരിധിക്കകത്ത് അയ്യന്തോൾ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് അയ്യന്തോൾ ശ്രീ കാർത്ത്യായനീദേവിക്ഷേത്രം. വൈഷ്ണവാംശഭൂതനായ പരശുരാമൻ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്[1]. കാർത്ത്യായനി ദേവിയാണ് പ്രതിഷ്ഠ. കുമാരനല്ലൂരിലേതുപോലെ അഞ്ജനകല്ലുകൊണ്ടാണ് ഇവിടുത്തെ പ്രതിഷ്ഠ. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവയാണ് ദേവിയുടെ കൈയിലുള്ളത്.കിഴക്കോട്ടാണ് ദർശനം. ഇത് പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ദർശനവശമായ കിഴക്ക് ചെറിയ നടപ്പുരയും ഗോപുരവുമുണ്ട്. ഗണപതി മാത്രമാണ് ഉപപ്രതിഷ്ഠ. ചെമ്പൂക്കാവു് കാർത്ത്യായനി ഭഗവതി ഈ ദേവിയുടെ അനുജത്തിയാണെന്നാണ് വിശ്വാസം.
കൃഷ്ണനാണെന്നു കരുതി കംസൻ കാലിൽ പിടിച്ച് കല്ലിൽ അടിക്കാൻ ഒരുങ്ങിയപ്പോൾ പറന്നുയർന്ന ദേവി ഇറങ്ങിയതിവിടെയാണെന്നു പറയുന്നു. കംസന്റെ തോൾഭാഗത്തെത്തിയപ്പോഴാണ് ദേവി പറന്നുയർന്നതെന്ന് പറയപ്പെടുന്നു. അതിനാൽ അപ്പോൾ കംസൻ 'അയ്യോ എന്റെ തോളേ!' എന്നുപറഞ്ഞു നിലവിളിച്ചുവെന്നും അതാണ് പിന്നീട് ലോപിച്ച് അയ്യന്തോളായതെന്നും പറയപ്പെടുന്നു.
തൃശ്ശൂർ പൂരവും വൃശ്ചികമാസത്തെ തൃക്കാർത്തികയുമാണ് ഇവിടെ വിശേഷമായി ആഘോഷിക്കുന്നത്.
പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏയു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച് 1.30ഓടെ അമ്പലത്തിലെത്തും.
രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തെമ്പോൾ കാലത്ത് ഏഴുമണി കഴിയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ