ആചാര വൈവിധ്യത്തിലും ഉപചാര പൊരുളിലും വ്യതിരിക്തത പുലര്‍ത്തുന്ന ശ്രീ കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ ഉത്സവകാലത്തിന് നീരെഴുന്നളളത്തോട ആരംഭം കുറിച്ചു. കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്ര ഉത്സവസമയങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചിട്ടകളില്‍ നിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിന്റെ വറുതിയില്‍ നിന്നും ഭക്ത മനസ്സുകളില്‍ ആശ്വാസത്തിന്റെ നിര്‍വൃതിദായകമായ കുളിര്‍ മഴ പെയ്യുന്നതോടെയാണ് പരിപാവനമായ ഈ ചൈതന്യ ഭൂമിയില്‍ പെരുമാളിന്റ മഹോത്സവത്തിന് കൊടിയേറുന്നത്.
ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നള്ളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല. മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്. നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്. നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവസാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നള്ളിയ്ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുമ്പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലാട്ടത്തോടെ ഉത്സവം സമാപിക്കും. പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ, സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവ്, ദക്ഷന്‍ ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയിയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചുവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണകഥകളില്‍ പരാമര്‍ശിക്കുന്നു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ് ഛേദിക്കുകയും ചെയ്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മാവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകാലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ഉത്സവം
(കൊട്ടിയൂരിലേക്ക് എങ്ങനെ എത്തിച്ചേരാം )
കോഴിക്കോട്ടുനിന്ന് വടകര - കുഞ്ഞിപ്പള്ളി - കൂത്തുപറമ്പ് വഴി 122 കി.മീറ്ററാണ് ദൂരം. ബസ്സിലാണെങ്കില്‍ ചെന്നു പോവുകയാണ് സൗകര്യം. ഇതുവഴി 126 കി.മീറ്ററാണ് ദൂരം കോഴിക്കോട് - ബാലുശ്ശേരി - പേരാമ്പ്ര - കുറ്റ്യാടി വഴി പക്രംതളം ചുരത്തിലൂടെ ബോയ്ക്ക് ടൗണ്‍ വഴിയും പോവാം. പ്രകൃതിഭംഗിനിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്‌സ് ടൗണില്‍ ഗതാഗതകുരുക്കിന് സാധ്യതയുണ്ട് തലേശ്ശരിയില്‍നിന്ന് 64 കി. മീറ്ററാണ് ദൂരം. തലേശ്ശരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കി. മീറ്റര്‍ പിന്നിട്ട് തൊക്കിലങ്ങാടിനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കി. മീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരെയുള്ള റോഡില്‍ രണ്ട് കി. മീറ്റര്‍ പോയാല്‍ വാരപ്പീടിക. അവിടെനിന്നും വലത്തോട്ടു തിരിയുക. കൊളക്കാട്-കേളകം വഴി കൊട്ടിയൂ രിലേക്ക് എത്താം. വാരപ്പീടികയില്‍ നിന്നും നേരേപോയാല്‍ തെറ്റുവഴി -തുണ്ടി-മണത്തണ-കേളകം വഴിയും കൊട്ടിയൂരിലെത്താം. ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്‌സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കി. മീറ്റര്‍ നേരെ നിടുംപൊയിലില്‍ വന്ന് കേളകം റോഡിലേക്കുകയറി പോവാം. ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷല്‍ ബസ്സുകള്‍ ധാരാളമുണ്ടാവും.
ഈ നമ്പറുകള്‍ കുറിച്ചിട്ടോളൂ
ദേവസ്വവുമായി ബന്ധപ്പെടാനുള്ള നമ്പര്‍ 0490 2480234, 2480484
തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ 0490 284413
കണ്ണൂര്‍ 0497 2706585
കേളകം പോലീസ് സ്റ്റേഷന്‍ 0490 2412048
പേരാവൂര്‍ സ്റ്റേഷന്‍ 0490 2444458
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ