ഭഗവദ് പാദത്തിൽ അലിഞ്ഞു ചേർന്ന മള്ളിയൂർ തിരുമേനി
പ്രാരബ്‌ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം.
അതിനുമുമ്പ് മുത്തശ്ശന്‍റെ അച്ഛന്‍റെ കാലത്ത് രാജകൊട്ടാരുമായി നല്ല ബന്ധമുള്ള ഒരു സമ്പന്നകാലവും മള്ളിയൂര്‍ മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി. അമ്മ ആര്യാ അന്തര്‍ജ്ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു.
എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചു കാലം പൂജാദികള്‍ പഠിക്കാനും ചെയ്യാനും പോയി. 12-ാം വയസ്സില്‍ തിരിച്ച് പോന്നു. സ്‌കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്‌പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും; ദുശ്ശീലം ശീലിക്കും. അതിനാല്‍ അമരഭാഷതന്നെ പഠിപ്പിക്കണമെന്നായി അച്ഛന്‍റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നതാണ് ചരിത്രം.
14 വയസ്സു കഴിഞ്ഞശേഷമാണ് സംസ്‌കൃതപഠനം തുടങ്ങുന്നത്, ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി, പഠനം, ഉറക്കകുറവ്. ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം അതിന്‍റെ ഭയാനകഭാവം കാട്ടിത്തുടങ്ങി. ഗുരുവായൂരപ്പന് തന്‍റെ ഭക്തനെ നേരിട്ടൊന്നു ചികിത്സിക്കേണ്ട സമയം അടുത്തു. പല സ്ഥലത്തും ചികിത്സിച്ചു. തൈക്കാട് മൂസിന്‍റെ ചികിത്സയില്‍ തെല്ല് ആശ്വാസം തോന്നിയെങ്കിലും രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ആറുമാസം നീണ്ടു നിന്നു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നില നില്‌ക്കുമോ എന്നുവരെ തോന്നി. ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിതിരി മരുന്നിനൊപ്പം സൂര്യനമസ്‌കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷ നമസ്‌കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ത്ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി. വൈദ്യശാസ്‌ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതിനിയായ മാതാവിന്‍റെ നാക്കില്‍നിന്നുതന്നെ ഗുരുവായൂരപ്പന്‍റെ ഇച്ഛ വാക്കായി വന്നു. ഉണ്ണീ നീ ശ്രീഗുരുവായൂരപ്പനെ തന്നെ ആശ്രയിക്കൂ!
ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ എത്തി. പണ്‌ഢിതനും, മഹാഭക്തനും, വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി. പടപ്പനമ്പൂതിരിക്ക് പുതിയ ഭക്തനെ ഇഷ്‌ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി.
പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‌കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍ രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്‍റെ പാദങ്ങളില്‍ ദക്ഷിണയായി സമര്‍പ്പിച്ചു. ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശുകന്‍റെ പക്കല്‍ ഭാഗവതം ഇല്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയൊരുക്കി. മഹാഭക്തയായിരുന്ന ഒരു അമ്മ്യാര്‍ താല്‌പര്യമുള്ളവര്‍ക്ക് സൗജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ത്ഥവും പറഞ്ഞു. കേട്ടു നിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. “ഭംഗിയായി… സന്തോഷമായി… ഗുരുവായൂരപ്പന്‍ പ്രസാദിച്ചു.” ഭജനം കഴിഞ്ഞു. ഇല്ലത്തേയ്‌ക്ക് തിരിച്ചു.
അക്കാലത്ത് മാമണ്ണ സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ചു പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്‌ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം കാവ്യം, തര്‍ക്കം, കൗമുദി (വ്യാകരണം) മുതലായവ അവിടെ പഠിച്ചു). ആയിടയ്‌ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും, ജപവുമായി അദിത്യപുരം സൂര്യക്ഷേത്രത്തില്‍ ഭജനം തുടങ്ങി. ശങ്കരന്‍നമ്പൂതിരിയുടെ പാരായണവൈദഗ്‌ദ്ധ്യത്തെക്കുറിച്ചും, ആര്‍ത്ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവത പാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടു വര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.
ഇക്കാലത്താണ് ഒളശ്ശയില്‍ ചിരട്ടമണ്‍ ഇല്ലത്ത് പ്രശ്‌നവശാന്‍ ദശമം അര്‍ത്ഥത്തോടെ വായിക്കണമെന്ന് ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്‌ടാംഗഹൃദയം പഠിക്കാമെന്ന് വാഗ്‌ദാനവും ഏകദേശം രണ്ടുകൊല്ലം പഠിച്ച് അവിടെ താമസിച്ചു. പക്ഷേ രോഗം? ഇടയ്‌ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്‌നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്‌കാരം ഉണ്ടല്ലോ പേടിക്കേണ്ട മാറിക്കോളും.
1124-ല്‍ കൈതമറ്റം ശങ്കരന്‍നമ്പൂതിരി ദാനം ചെയ്‌ത തിരുവഞ്ചരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്‌ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും തിരുമേനിക്ക് സന്തോഷിക്കാന്‍ വകയായില്ല. ശ്രീമഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്ന് വീഴുന്ന ജലത്തുള്ളികളേക്കാള്‍ വലുതായിരുന്നു മനസ്സ് വിങ്ങിക്കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്‌താഹം ആരംഭിച്ചു. ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളു. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി.
1134-ല്‍ വിവാഹം മേളത്തൂര്‍ അരപ്പനാട്ടുപട്ടേരിയുടെ പുത്രി സുഭദ്ര അന്തര്‍ജ്ജനം. അവര്‍ക്ക് നാലുമക്കള്‍. രണ്ടാണും, രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്‍റെ വഴി പിന്തുടരുന്നു.
“യോഗക്ഷേമം വഹാമ്യഹം”
ശ്രീമദ്‌ഭാഗവത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവിരിക്കുന്ന ഭാഗത്ത് (ഏഴാം സ്‌കന്ധം) ശ്രദ്ധാലുവായ യുധിഷ്‌ഠരിന്‍റെ ചോദ്യത്തിനുത്തരമായി ശ്രീനാരദര്‍ അരുളി. “ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്ന് കേള്‍ക്കൂ.
സര്‍വ്വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൗകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.”
ശ്രീമദ്‌ഭാഗവത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവിരിക്കുന്ന ഭാഗത്ത് (ഏഴാം സ്‌കന്ധം) ശ്രദ്ധാലുവായ യുധിഷ്‌ഠരിന്‍റെ ചോദ്യത്തിനുത്തരമായി ശ്രീനാരദര്‍ അരുളി. “ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്ന് കേള്‍ക്കൂ.
സര്‍വ്വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൗകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.”
പലര്‍ക്കും ഭഗവല്‍ക്കഥ കേള്‍ക്കുന്നതിലുപരി, പറയാനാണ് ഇന്ന് താല്‌പര്യം, മള്ളിയൂരില്‍ നമുക്ക് തിരിച്ചു കാണാം, നാരദന്‍ തുടരുന്നു. “ഗൃഹത്തില്‍ വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക.” മള്ളിയൂരിന്‍റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടന്ന് ബോദ്ധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്, പക്ഷേ ഗൃഹത്തിലെ ഓരോ കാര്യവും വാസുദേനിശ്ചയമെന്ന അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരേയും അനുമോദിക്കുന്നു; പക്ഷേ ഈശ്വരച്ഛയെ മാത്രം സ്വീകരിക്കുന്നു.
ഒരിക്കൽ മള്ളിയൂരില്‍ നടന്ന അഷ്‌ടമംഗല്യപ്രശ്‌നചിന്തയില്‍ പ്രാശ്‌നികന്‍ പറഞ്ഞു. “ശാരീരികക്ലേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്‌ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്‌താല്‍ കിട്ടേമ്‌ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്‌ടനാണ്.”
മഹാഭക്തനായ മള്ളിയൂരനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട മള്ളിയൂരിന്. മഹാപണ്‌ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നുമാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ; വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും, പാടവും പുറമേ സമം സമം, കുത്തി നോക്കിയാലേ ആഴമറിയൂ… അതുപോലെ ജ്ഞാനിയും, അജ്ഞാനിയും ബാഹ്യദൃഷ്‌ടിയില്‍ ഒരപോലെ. “കുത്തി നോക്കണം ആഴമറിയാന്.” ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവനും മള്ളിയൂര്‍ ഭാഗവതമയമാക്കി. “യദ്‌ഭാവം തത് ഭവതി”. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്ത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്‌ഠാനമാണല്ലോ ആ ജീവിതം നാളിതുവരെ.
പ്രത്യക്ഷകൃഷ്‌ണസ്വരൂപമാണ് ശ്രീമദ്‌ഭാഗവതം എന്ന് ശാസ്‌ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്‍റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്‌ണവ തേജസിന്‍റെ സാന്നിദ്ധ്യം പ്രകടമായി. അമ്പാടികണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഭക്തന്മാര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീഗുരുവായൂരപ്പനും അഭീഷ്‌ട വരപ്രദനായ വിഘ്‌നേശ്വരനും വാഴുന്നീടം!
ഹന്തഭാഗ്യം ജനാനാം.
( കടപ്പാട്:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ