ഐരാവതം ഉപാസിച്ച ശിവന്‍
കലയുടേയും വാസ്തുവിദ്യാ ചാതുര്യത്തിന്റേയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള ശ്രീകോവിലിന് മുമ്പിലുള്ള മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്.
ഇന്ദ്രന്റെ ആനയായ ഐരാവതം ദുര്‍വാസാവിന്റെ ശാപത്താലാണ് വെളുത്തനിറമായത്. ഐരാവതം ശാപമോചനത്തിനായി ശിവനെ ഈ ക്ഷേ ്രതത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വരം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു. പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്‍പ്പങ്ങള്‍ കാണാനാകുന്നത്. ക്ഷേത്രത്തിന്റെ നില നിരപ്പില്‍നിന്ന് ഒരു അടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍. മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതുകാണാം. ഭരതനാട്യത്തിന്റെ വിവിധരൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ആന തേരുവലിക്കുന്ന രൂപത്തില്‍ പണിതിട്ടുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു.
വികസിച്ചു നില്‍ക്കുന്ന ഒരു താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്‍പ്പമാണ് മുഖ്യ ശില്‍പ്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക. രാവണന്‍ കൈലാസം എടുത്തുനില്‍ക്കുന്ന ശില്‍പ്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യില്‍ ഇല്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്‍പ്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതം ഉതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും. നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചാണുപോല്‍ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടിട്ടുള്ളത്.
ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രികോവിലില്‍ ഗണപതി വിഗ്രഹം കാണാം. മുഖ്യദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ പണിതീര്‍ത്ത സപ്തമാതാക്കളുടെ രൂപങ്ങളുമുണ്ട്.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ പണിതീര്‍ത്ത സപ്തമാതാക്കളുടെ രൂപങ്ങളുമുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം. രാവിലെ 6 മണിക്ക് നട തുറന്നാല്‍ രാത്രി 8.30 നാണ് അടയ്ക്കുക. സര്‍ക്കാര്‍ യുനെസ്‌കോയുടെ ലോകപൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ഷേത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ