കമ്പരും ലങ്കാലക്ഷ്മിയും ഭദ്രകാളിയും
ആദ്യമായി ലങ്കയിൽപ്രവേശിച്ച ഹനുമാനെ ഒന്നാമതായി തടഞ്ഞുനിർത്തിയത് ലങ്കയെ പരിപാലിച്ചുകൊണ്ടുനിന്ന ലങ്കാലക്ഷ്മിയാണ്. ഈ ലങ്കാലക്ഷ്മി ഭദ്രകാളിയുടെ അവതാരമായിരുന്നുഎന്ന് തമിഴ്പുരാണങ്ങളിൽ കാണുന്നു. ഹനുമാൻ ലങ്കാലക്ഷ്മിയെ ഇടതുകൈകൊണ്ട് ഒന്നു പ്രഹരിച്ചു. അവൾ ആ അടിയേറ്റ് ചോരഛർദ്ദിച്ചുകൊണ്ട് മൂർച്ഛിച്ചുവീണു. ബോധം തിരിച്ചത്തിയപ്പോൾ അവൾക്ക് പൂർവ കഥഓർമ്മവന്നു. പൂർവരൂപം കൊടുത്ത ഹനുമാനെ അനുമോദിച്ചശേഷം അവൾ കൈലാസത്തിലേയ്ക്ക് തരിച്ചുപോയി. തനിക്ക് രാമരാവണയുദ്ധം കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ശിവനോട് പരാതി ബോധിപ്പിച്ചു. അപ്പോൾ അവളോട് ശ്രീ മഹാദേവൻ ഇങ്ങനെ മറുപടി പറഞ്ഞു. 'നീ ദ്രാവിഡ നാട്ടിൽചെന്ന് അവിടെയുള്ള 'സ്വയംഭൂലിംഗ' ക്ഷേത്രത്തിൽ അധിവാസമുറപ്പിക്കുക, അവിടെ ഞാൻ കമ്പരായി അവതരിച്ച് തമിഴ്ഭാഷയിൽ രാമായണം രചിച്ച് പാവക്കൂത്ത് നടത്തിക്കാം. അപ്പോൾ നിനക്ക് കാണുന്നതിനേക്കാൾ വ്യക്തമായും ഭംഗിയായും സമ്പൂർണ്ണമായും ശ്രീരാമകഥ, വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.' ശിവന്റെ ഈ പ്രസ്താവന അനുസരിച്ച് ഭദ്രകാളി തിരുവണ്ണനല്ലൂർ സ്വയം ഭൂലിംഗക്ഷേത്രത്തിൽ ആവാസമുറപ്പിച്ചു. ആക്ഷേത്രത്തിന്റെ സമീപത്ത് ശങ്കരനാരായണൻ എന്ന പണ്ഡിതശ്രേഷ്ഠൻ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ 'ചിങ്കാരവല്ലി' സന്താനലബ്ധിക്ക് സ്വയംഭൂലിംഗശിവനെ ആരാധിച്ചുപോന്നു. അങ്ങനെയിരിക്കെ വിധവയായി ത്തീർന്ന ചിങ്കാരവല്ലിയുടെ സന്താനമായി, ശ്രീ മഹാദേവൻ, മുൻനിശ്ചയമനുസരിച്ച് അവതരിച്ചു. അപവാദ ശങ്കിതയായ വല്ലി സ്വസന്താനത്തെ ക്ഷേത്രസങ്കേതത്തിൽ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. അങ്ങനെ അനാഥമായിക്കിടന്ന ആകുട്ടിയെ ഗണേശകൗണ്ടനെന്ന ഒരാൾ എടുത്ത് 'ജയപ്പവള്ളൻ' എന്ന കൗണ്ടപ്രമാണിയെ ഏൽപ്പിച്ചു. അപുത്രനായിരുന്ന അദ്ദേഹം ആശിശുവിനെ സ്വപുത്രനായി സ്വീകരിച്ച് വളർത്തിവന്നു. കൊടിമരക്കൊമ്പിന്റെ ചുവട്ടിൽ കിടന്നുകിട്ടിയ ശിശുവിനെ 'കമ്പൻ' എന്നുപേരിട്ടു ബാല്യത്തിൽത്തന്നെ അതിബുദ്ധിമാനായ കമ്പൻ പ്രകൃത്യാ അലസനാണെങ്കിലും യുവാവായപ്പോൾ അതി പണ്ഡിതനും നല്ല ഒരു കവിയുമായതോടുകൂടി ചോളരാജാവിന്റ കവി സദസ്സിൽ പ്രമുഖാംഗമായിത്തീർന്നു. പേരിൽ ബഹുമാന സൂചകമായ ബഹുവചന പ്രത്യയം ചേർന്നപ്പോൾ കമ്പൻ കമ്പരായിത്തീർന്നു. അന്നൊരിക്കൽചോളരാജാവ് കമ്പരോടും കവിസദസ്സിലെ ഒരംഗമായ 'ഓട്ടക്കുട്ടത്തെി'നോടും രാമകഥ തമിഴു കവിതയായി നർമ്മിക്കാനാവശ്യപ്പെട്ടു. സേതുബന്ധനംവരെ ഓട്ടക്കൂട്ടത്തനും, യുദ്ധപ്രകരണം കമ്പരും നിർമ്മിക്കാനാണ് നിർദ്ദേശം. ഓട്ടക്കൂട്ടത്തൻ തന്റെജോലി ആറുമാസംകൊണ്ട് പൂർത്തിയാക്കി. കമ്പരാകട്ടെ ഒന്നുംചെയ്തിട്ടുണ്ടായിരുന്നില്ല. ഈവിവരം രാജാവ് എങ്ങനെയോ അറിഞ്ഞു. കമ്പരെ തിരുമുമ്പിൽ വിളിച്ചുവരുത്തിക്കൊണ്ട് പറഞ്ഞു. നാളെത്തന്നെ രാമായാണം രാജസദസ്സിൽ വായിക്കണമെന്ന് കൽപ്പിച്ചു. ആ ഒരുരാത്രികൊണ്ട് കവിതയെഴുതാനിരുന്ന കമ്പർ ഒന്നും തന്നെ എഴുതാതെ ഉറക്കത്തിലാണ്ടുപോയി. വെളുപ്പിന് ഉണർന്നപ്പോൾ ഒരു ദിവ്യാകൃതി തിരോധാനം ചെയ്യുന്നതുകണ്ട് 'എഴുതിവെടിഞ്ചിതേ അംബ' എന്ന് കമ്പർ കുണ്ഠിതപ്പെട്ടപ്പോൾ 'എഴുതി മുടിഞ്ചിതേകമ്പാ' എന്ന ആദിവ്യാകൃതി അരുളിച്ചയ്ത് അപ്രത്യക്ഷയായി. കമ്പർബോധം തെളിഞ്ഞ്‌നോക്കുമ്പോൾ രാമായണം സമ്പൂർണ്ണമായി എഴുതിവച്ചിരിക്കുന്നതുകണ്ടു. അങ്ങനെ ചെയ്തത് വാഗ്‌ദേവതയായ ശാരദാ ഭഗവതിയാണെന്നുകണ്ട് അത്ഭുതപരതന്ത്രനായിത്തീർന്നു. അനന്തരം മഹത്തായ ആ കൃതി രാജസദസ്സിൽ പാടുകയായിരുന്നു. അന്ന് ആ കൊട്ടരസദസ്സിലുള്ളവർ ആശ്ചര്യത്താൽ ഇളകിമറിഞ്ഞു. പിന്നീട് രാജകൽപ്പനയനുസരിച്ച് ദേവാലയത്തിൽ ദേവീപ്രതിഷ്ഠയുടെ സന്നിധാനത്തിൽ യുദ്ധകാണ്ഡം കൂത്തുതുടങ്ങി. ഇങ്ങനെയാണ് കമ്പരെകുറിച്ചുള്ള പ്രധാന ഐതീഹ്യം. ഇങ്ങനെ കമ്പരായി അവതരിച്ച് രാമരാവണയുദ്ധം ക്ഷേത്രത്തിൽവച്ച് വർണ്ണിച്ചു പാടിക്കേൾപ്പിച്ചു. ഭദ്രകാളി അതുകേട്ട് നൃത്തം വച്ചുഎന്നാണ് സങ്കൽപ്പം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ