ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാന്നാർ കോവിൽ നിലവിളക്ക് നിർമിക്കുന്ന ഒരേയൊരു ക്ഷേത്രം

നിലവിളക്ക് നിർമിക്കുന്ന ഒരേയൊരു ക്ഷേത്രം
മാന്നാർ കോവിൽ
ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലായിരിക്കണം ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങളെക്കുറിച്ചുളള ആദ്യപാഠങ്ങൾ വായിച്ചത്! അവരവരുടെ സാമ്രാജ്യങ്ങൾ വിപുലമാക്കാനുളള പരസ്പര യുദ്ധങ്ങൾ ഒഴിവാക്കിയാൽ ഐശ്വര്യവും സമൃദ്ധിയുമുളള കാലമായിരുന്നു അതെന്ന് പാഠപുസ്തകങ്ങൾ പറഞ്ഞു. സമ്പന്നമായ നാട്ടുമ്പുറങ്ങൾ, കൃഷിയിടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ, നിത്യ വിസ്മയങ്ങളായി വാസ്തു ശില്പങ്ങൾ....ഉച്ചവെയിലിന്റെ തുളളികൾ വീഴുന്ന ക്ലാസ്മുറിയിലിരുന്ന് പാഠപുസ്ത കത്തിന്റെ വരിയിലൂടെ ഓരോ കുട്ടിയും സങ്കൽപിച്ചെടുക്കുന്ന ഒരു ലോകമുണ്ട്. ഗൃഹാതുരമായ ആ ലോകം കാണണമെങ്കിൽ ഇപ്പോൾ ഇവിടെ വന്നാൽ മതി; അംബാ സമുദ്രത്തിന് തൊട്ടടുത്തുളള മാന്നാർ കോവിലിൽ.
പുരാതനമായ ക്ഷേത്രത്തെരുവുകൾ.... കടൽ കടന്ന് വിരുന്നിനു വരുന്ന ദേശാടനപക്ഷികൾ. കറുത്തതും വെളുത്തതുമായ പെലിക്കനാണ് കൂട്ടത്തിൽ കൂടുതൽ. പാടങ്ങൾ നിറയെ പാറി നടക്കുന്ന ഇവ ബ്ലാക് ആൻഡ് വൈറ്റ് സിനിമകളെ ഓർമിപ്പിക്കും പലപ്പോഴും. അപൂർവ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഒരു നിലവിളക്കെങ്കിലും തെളിയിക്കാത്ത ക്ഷേത്രങ്ങളുണ്ടാകില്ല ഈ ലോകത്ത്. എന്നാൽ നിലവിളക്കുകൾ ഉണ്ടാക്കുന്ന ക്ഷേത്രം ഇവിടെ മാത്രമേയുണ്ടാകൂ. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് മുപ്പതു കിലോമീറ്റർ യാത്ര ചെയ്താൽ മതി മാന്നാർ കോവിലിലേക്ക്.
മാന്നാർ‌ കോവിലിന്റെ നിർമാണം ആഴ്‌വാർ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയെന്നു മുപ്പതു വർഷം ജീവിച്ചതും സമാ ധിയായതും ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു തെളിവായി ആഴ്‌വാർ സമാധിയുമുണ്ട് ക്ഷേത്രത്തിൽ. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമാണം ആ കാലത്താണെന്നു വിശ്വസിക്ക പ്പെടുന്നു. മാത്രമല്ല ആഴ്‌വാർക്ക് പ്രത്യേക പൂജകൾ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്.
ഒരു ക്ഷേത്രത്തിനു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കണമെന്ന രാജകൽപ്പനയായിരിക്കണം മാന്നാർ കോവിലിലെ നിലവിളക്ക് നിർമാണത്തിനു പിന്നിലെന്നാണ്് വിശ്വാസികൾ പറയുന്നത്. ക്ഷേത്ര ആവശ്യങ്ങൾക്കുളള പൂവുകൾക്കു വേണ്ടി പൂന്തോട്ടം മുതൽ ക്ഷേത്ര ജീവനക്കാർക്കു താമസിക്കാനുളള കെട്ടിടങ്ങൾ വരെ മാന്നാർ കോവിലിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. േക്ഷത്രത്തിനു ചുറ്റും ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും അമ്പലവാസികളാണ്.
ക്ഷേത്രത്തിന് ആവശ്യമുളളതിൽ കൂടുതൽ നിലവിളക്കുകൾ ഉണ്ടാക്കപ്പെട്ടതോടെ വിളക്കു നിർമിക്കുന്നവർക്ക് തൊഴിലില്ലാതെയായി. ഈ പ്രതിസന്ധി പരിഹരിക്കാൻ ആദ്യമാദ്യം തൊട്ടടുത്തുളള ക്ഷേത്രങ്ങൾക്ക് ആവശ്യമായ നിലവിളക്ക് വിതരണം ചെയ്തു. പിന്നീട് ക്ഷേത്രത്തിനു പുറത്തേക്ക് നിലവിളക്കു കൊണ്ടു പോകാനുളള അനുമതിയായി. അതോടെ മാന്നാർ കോവിലിനെ ചുറ്റിപ്പറ്റി നിലവിളക്കു നിർമാണം കുടിൽ വ്യവസായം പോലെ തഴച്ചു വളർന്നു. അങ്ങനെയാണ് മാന്നാർ കോവിലിനു ചുറ്റും നിലവിളക്കു നിർമാണ തെരുവുകൾ രൂപം കൊണ്ടെതെന്ന് തലമുറകളായി പറഞ്ഞു വരുന്നു.
‘ആയിരം വർഷങ്ങളുടെ പഴക്കമുണ്ടാകാം ക്ഷേത്രത്തിന്. പൂജയും തേവാരവും പാരമ്പര്യമാണ്. മാത്രമല്ല ഇതുപോലെയുളള ക്ഷേത്രഘടന ഇപ്പോൾ കാണാൻ തന്നെയില്ല. ഇപ്പോഴത്തെ പെരിയനമ്പി നരസിംഹഗോപാലൻ പറയുന്നു. മൂന്നു തട്ടുകളായി ഉയർന്നു പോകുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. അതുകൊണ്ട് മണിഗോപുരം വരെ തൊട്ടടുത്തു നിന്നു കാണാൻ കഴിയും. മൂന്നു ഭാവത്തിലുളള പ്രതിഷ്ഠയുളള മാന്നാർ കോവിൽ വേദനാരായണ സ്വാമിക്ഷേത്രം എന്നു കൂടി അറിയപ്പെടുന്നു. അറിവിന്റെ കേദാരമായി, ‍ജ്ഞാനത്തിന്റെ പ്രകാശമായി, നൂറ്റാണ്ടുകളുടെ സാക്ഷ്യവുമായി നിലനിൽ ക്കുകയാണ് ഈ അനന്തക്ഷേത്രം.
സീതാസമേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ലക്ഷ്മണൻ, ഭരതശത്രുഘ്നന്മാർ അങ്ങനെ ദൈവപരമ്പരകൾ തന്നെയുണ്ട് ഏക്കറുകളോളം പരന്നു കിടക്കുന്ന ഈ ക്ഷേത്രത്തിൽ.
ആഴ്‌വാർ പൂജയുണ്ടെങ്കിലും മഹാവിഷ്ണു പ്രതിഷ്ഠയാണു മുഖ്യം. മഹാവിഷ്ണുവിന്റെ മൂന്നു ഭാവങ്ങൾ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ശയന പ്രതിഷ്ഠയോടു സാമ്യ മുളളതാണ് ഇത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുമ്പോൾ ശയനപ്രതിഷ്ഠയുളള പത്മനാഭസ്വാമി ക്ഷേത്രവുമായി സാമ്യപ്പെടുന്നുണ്ട് മാന്നാർ കോവിലും. മാത്രമല്ല ആവണി അവിട്ടമാണ് ഇവിടുത്തെ ആഘോഷങ്ങളിൽ പ്രധാനം. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആവണി അവിട്ടം പ്രധാനമാണ്. കൽപ്പാത്തിയിലും മൂകാംബികയിലുമൊക്കെ നടക്കുന്ന രഥോത്സവങ്ങൾക്കു തുല്യമായ ഉത്സവവും ഇവിടെ നടക്കാറുണ്ട്. ക്ഷേത്രപരിസരത്ത് രഥം സൂക്ഷിച്ചിരിക്കുന്നതും കാണാം.
മാന്നാർ കോവിലിന്റെ മലയാളി ബന്ധത്തിനു മറ്റൊരു തെളിവ് ഇവിടുത്തെ ഓണാഘോഷമാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഓണത്തിന് വിശേഷാൽ പൂജകൾ നടക്കുന്നതു പോലെ തന്നെ മാന്നാർ കോവിലിലും ഓണത്തിന് വിശേഷാൽ പൂജകളുണ്ട്. ഈ ദിവസങ്ങളിലൊന്നിലാണ് തിരുവിതാകൂർ കൊട്ടാരത്തിൽ നിന്ന് സന്ദർശകരെത്തുന്നത്. ഒരു പാടു മലയാളികൾ വരാറുണ്ട് ഇവിടെ. പലരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്നവരാണ്. അവിടെ നിന്നും വിവരങ്ങൾ അറിഞ്ഞുവരുന്നവരും കുറവല്ല.’ ചിന്നനമ്പി അനന്തഗോപാലൻ പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രം ഇപ്പോൾ.
വ്യത്യസ്തമായ വിളക്കുകൾ
ക്ഷേത്രത്തിന് ചുറ്റും ചെറിയ ചെറിയ പ്രദേശങ്ങളായി പരന്നു കിടക്കുകയാണ് നിലവിളക്ക് ഉണ്ടാക്കുന്ന തെരുവുകൾ. തെക്കേത്തെരുവ്, വടക്കേത്തെരുവ്, പടിഞ്ഞാറുമൂല എന്നിങ്ങനെയാണ് ഓരോ തെരുവും അറിയപ്പെടുന്നത്. അഗ്രഹാര തെരുവുകളെ ഓർമ്മിപ്പിക്കുന്നതാണ് ഇവയും. ഓരോ വീടിനു മുന്നിലും സ്വർണം പോലെ തിളങ്ങുന്ന നിലവിളക്കുകൾ നിരത്തിവച്ചിട്ടുണ്ടാകും. പലതും പണി തീർത്തവയാണ്. നിലവിളക്കുകൾ മിനുക്കുകയും മുറുക്കുകയുമൊക്കെ ചെയ്യുന്ന ശബ്ദമാണ് ഇവിടെ നിന്നും ഉയരുന്നത്.
ഇവിടെ ഉണ്ടാക്കുന്ന നിലവിളക്കിന്റെ രൂപത്തിൽ വ്യത്യാസമുണ്ട് മലയാളികൾ പൊതുവെ അഞ്ചു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാടിന്റെ മറ്റുഭാഗങ്ങളിലും അഞ്ചു തിരിയിട്ട നിലവിളക്ക് ഉപയോഗിക്കുന്നു. എന്നാൽ മാന്നാർ കോവിലിലും പരിസരങ്ങളിലും പൊതുവെ നാലു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തിരുനെൽവേലി ജില്ലയിൽ പൊതുവേ ഈ പ്രവണതയുണ്ട്. അതുകൊണ്ടു തന്നെ മാന്നാർ കോവിലിൽ ഉണ്ടാക്കുന്ന നിലവിളക്കുകളിൽ കൂടുതലും തിരുനെൽവേലി ജില്ലയിലും പരിസരങ്ങളിലുമാ‌ണ് വിറ്റഴിക്കുന്നത്. എന്നാലിപ്പോൾ അഞ്ചു തിരിയിടുന്ന നിലവിളക്കുകളും ഉണ്ടാക്കുന്നു. കാരണം ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി തന്നെ.
നിലവിളക്ക് നിർമിക്കുകയെന്നത് ദൈവഹിതമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ എപ്പോഴും നിലവിളക്ക് മാത്രം ഉണ്ടാക്കുന്നത്. വേണമെങ്കിൽ ഞങ്ങൾക്ക് ഓടിലോ വെങ്കലത്തിലോ എന്തു വേണമെങ്കിലും നിർമിക്കാം. പക്ഷേ, അതൊന്നും ഇവിടെ ആരും ചെയ്യുന്നില്ല. കാരണം ഇതൊരു ദൈവപ്രവൃത്തിയായിട്ടാണ് ഞങ്ങൾ കരുതുന്നത്. എന്നതു തന്നെ.’ ക്ഷേത്രം ഭാരവാഹി കൂടിയായ വേലായുധൻ പറയുന്നു.
മുമ്പ് മൂശയൊരുക്കുന്നതു മുതൽ എല്ലാം ജോലിക്കാർ തന്നെ സ്വന്തമായി ചെയ്യുകയായിരുന്നു. പിന്നീട് പണിക്ക് ആളുകുറഞ്ഞതോടെ സഹായത്തിന് യന്ത്രങ്ങൾ വരുത്തിത്തുടങ്ങി. ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിളക്ക് മിനുക്കാനും പിരിയിടാനും മറ്റ് അത്യാവശ്യ പണികൾക്കും.
ബ്രഹ്മദേശം ക്ഷേത്രം
കൈലാസന്റെ അറിവിൽ അഞ്ചു തലമുറയായി തന്റെ കുടുംബം വിളക്കു പണി ചെയ്യുന്നു. അതായത് ഇരുനൂറു വർഷമായി നിലവിളക്കിനു വേണ്ടി മൂശയൊരുക്കുകയും ഓട് ഉരുക്കുകയും ചെയ്യുന്നു കൈലാസന്റെ വീട്ടിൽ. ഇവിടെ ഓരോ തലമുറയും വളർന്നു വരുന്നത് മൂശയിൽ നിന്നു പൊളിച്ചെടുത്ത നിലവിളക്കിന്റെ പ്രഭ കണ്ടുകൊണ്ടാണ്. എന്നാൽ പുതു തലമുറ വിളക്കുപണിയോട് വേണ്ടത്ര താത്പര്യം കാണിക്കു ന്നില്ലെന്ന അഭിപ്രായവും കൈലാസനുണ്ട്. കുറഞ്ഞ കൂലിയും കഠിനമായ ജോലിയുമാണ് കാരണം. ഇതിനേക്കാൾ ശമ്പളം കിട്ടുന്ന ജോലി പുറത്ത് ചെയ്യാൻ പറ്റുമ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ടാണെങ്കിൽ പോലും പുതുതലമുറ പുറം ജോലികൾ തേടിപ്പോവുകയാണ്.
മാന്നാറിലെ നിലവിളക്കുകൾ
മാന്നാർ കോവിലിലെ വിളക്കു നിർമാണത്തിനും കേരളവുമായി എന്തെങ്കിലും ബന്ധമുണ്ടോ? പത്തനംതിട്ട ജില്ലയിലെ മാന്നാറാണ് കേരളത്തിൽ വെങ്കലപാത്രങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് ചെമ്പകശേരി രാജാവ് തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്ന തൊഴിലാളികളാണ് മാന്നാറിൽ വെങ്കല നിർമാണ പ്രവർത്തനങ്ങളിൽ ആദ്യം ഏർപ്പെട്ടതെന്നും പിന്നീട് തദ്ദേശീയർ ആ ജോലി ഏറ്റെടുക്കുകയായിരുന്നുവെന്നും ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്നു വന്നവരാകണം മാന്നാറിൽ വെങ്കല നിർമാണത്തിനു തുടക്കം കുറിച്ചതെന്നു കരുതാം. മാത്രമല്ല തിരുവിതാംകൂർ രാജകുടുംബവുമായി ഈ ക്ഷേത്രം ഇന്നും പുലർത്തുന്ന സമ്പർക്കം കൊണ്ടു തന്നെ ഇതിനേക്കാൾ ശക്തമായ കൊടുക്കൽ വാങ്ങലുകൾ മുമ്പ് ഉണ്ടായിരുന്നതായും കണക്കാക്കാം. കുറ്റാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റേതായ തൊട്ടാരം ഇപ്പോഴും നിലവിലുണ്ട് ഈ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്ന് മാന്നാറിലേക്ക് ഒരു വഴി തെളിയുന്നുണ്ട്. നിലവിളക്കിന്റെയും വെങ്കല പാത്രങ്ങളുടെയും തിളക്കമുളള വഴി.
ബ്രഹ്മദേശം
നിലവിളക്ക് നിർമാണത്തിന്റെ മാഹാത്മ്യമറിഞ്ഞ് പോയാൽ നാമെത്തുന്നത് ചിലപ്പതികാരത്തിലേക്കാണ്. ഇളങ്കോവടികൾ ചിലപ്പതികാരത്തിൽ കൂമ്പുകാർ തെരുവിനെപ്പറ്റി പറയുന്നുണ്ട്. കൂമ്പുകാർ തെരുവിലാണ് പുരാതനമായ ബ്രഹ്മദേശം ക്ഷേത്രം. മാന്നാർകോവിൽ പോലെ തന്നെ പഴമയുളളതാണ് ഈ ക്ഷേത്രവും. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രമാണിത്. തമിഴ്നാടിന്റെ തനത് ക്ഷേത്ര നിർമാണ ശൈലിയിൽ നിന്ന് വ്യത്യസ്തമായ ബ്രഹ്മദേശം ക്ഷേത്രത്തിന്റെ ഘടന.
അംബാസമുദ്രം താലൂക്കിലാണ് ബ്രഹ്മദേശം ക്ഷേത്രം. ചോളരാജാവായിരുന്ന രാജരാജന്റെ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേദം അറിയാവുന്ന ബ്രഹ്മജ്ഞരെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന പ്രദേശമാണിത്. അതുകൊണ്ടാണ് ഈ സ്ഥലം ഇന്നും ചതുർവേദമംഗലം എന്ന് അറിയപ്പെടുന്നത്.താമ്രപർണിയുടെ കരയിലാണ് ബ്രഹ്മദേശം ക്ഷേത്രവും. അതിവിശാലമാണ് ക്ഷേത്രക്കുളം. കുളത്തിൽ നിന്ന് നദിയിലേക്ക് ഒഴുക്ക്. നൂറ്റാണ്ടുകളുടെ പഴക്കമറിയാം ക്ഷേത്ര കവാടങ്ങൾ കണ്ടാൽ തന്നെ. മാത്രമല്ല തമിഴ്നാട്ടിലെ പുരാതനമായ ക്ഷേത്രങ്ങൾക്കെല്ലാം മാതൃകയാകത്തക്കവിധം പഴമ അനുഭവപ്പെടുന്നതാണ് ബ്രഹ്മദേശം
ക്ഷേത്രത്തിന്റെ ചരിത്രം
ബ്രഹ്മദേശത്ത് പണ്ട് ധാരാളം ജ്യോത്സ്യന്മാരുണ്ടായിരുന്നു. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലേക്കു ചേക്കേറി മറ്റുളളവരുടെ ഭാവി പറയുന്നവർ. കേരളത്തിലെ ഉത്സവപ്പറമ്പുകളിലും വന്നുകൊണ്ടിരുന്നവർ ബ്രഹ്മദേശത്തുകാരായിരുന്നു. അവരിൽ പലരും ഇപ്പോൾ നല്ല കൃഷിക്കാരാണ്.
വേദത്തിൽ അഗാധമായ പാണ്ഡിത്യമുളളവരുടെ നാടായിരുന്നു ബ്രഹ്മദേശം. അതുപോലെ തന്നയാണോ ഇപ്പോഴും? സമീപവാസിയായ സെന്തിലിനോട് ചോദിച്ചു. ‘അതൊക്കെ കേട്ടറിവുകളാണ്. ഇവിടെ ഇപ്പോൾ കൂടുതലും കർഷകരാണ്. കണ്ടില്ലേ എങ്ങും പച്ചപ്പാണ്.’ സെന്തിൽ ചുറ്റും കണ്ണോടിച്ചു. വേദത്തിന്റെ അറിവ് അവരിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. എങ്കിലും പ്രകൃതി ബന്ധമുളള ആ സംസ്കാരം ഇന്നും തുടരുന്നു. അവർക്കിടയിൽ ദാഹജലം പോലെ ഒഴുകുകയാണ് താമ്രപർണി നദി.
പാപത്തിന്റെ നാശം
ബ്രാഹ്മദേശം കടന്നാണ് പാപനാശം. സ്വയംഭൂലിംഗത്തിന്റെ ആത്മാവും ശരീരവുമായി അഭിനയപ്രതിഭയായ കമലഹാസൻ നടന്നത് ഈ തെരുവുകളിലൂടെയാണ്. ഇവിടുത്തെ ചെറിയൊരു വാടകമുറിയിലുന്നാണ് കേബിൾ ടിവി ഓപ്പറേറ്ററായ സ്വയംഭൂലിംഗം സിനിമകൾ കണ്ടതും വിജയതന്ത്രങ്ങൾ മെനഞ്ഞതും. മലയാളത്തിലെ ഹിറ്റു സിനിമയായ ‘ദൃശ്യ’ത്തിന്റെ തമിഴ്പതിപ്പിനു വേണ്ടി പേനയെടുക്കുമ്പോൾ എഴുത്തുകാരനായ ജയമോഹന്റെ മനസ്സിലേക്കു വന്നത് പാപങ്ങളെ ഇല്ലാതാക്കുന്ന ഈ ഭൂമിയാണ്. തനിക്കെതിരെ പാഞ്ഞടുത്ത സംഹാരത്തിന്റെ കാറ്റിനെ ഇല്ലായ്മ ചെയ്തു കൊണ്ട് സ്വയം തീർക്കുന്ന സ്വയംഭൂലിംഗം താൻ ചെയ്ത പാപം തീർക്കാൻ ഇവിടുത്തെ നദിയിൽ മുങ്ങിക്കുളിക്കുന്നുണ്ട്.
സംഹാരത്തിന്റെ മൂന്നാം കണ്ണൊളിപ്പിച്ച കാലഭൈരവന്റെ ക്ഷേത്രമാണ് പാപനാശത്തുളളത്. അറുപത്തിനാലു പടവുകളാണ് ക്ഷേത്രത്തിൽ നിന്നു താഴേക്ക്. ഈ പടവുകൾ ഇറങ്ങിച്ചെല്ലുന്നത് ഗംഗ പോലെ ഒഴുകുന്ന നദിയിലേക്കാണ്. താമ്രപർണിനദിയുടെ ഒരു ഉപശാഖയാണിത്. ഈ നദിയിൽ മുങ്ങിക്കുളിക്കാൻ വേണ്ടി മാത്രം കിലോമീറ്ററുകൾ താണ്ടി വരുന്ന ഭക്തജനങ്ങളുണ്ട്. കൊടുംവേനലിലും വറ്റാതെ ഒഴുകുന്നു. ഈ നദി പുരാതന തമിഴ്ഗ്രാമങ്ങളെ ഓർമിപ്പിക്കുന്നതാണ് പാപനാശത്തിന്റെ പ്രത്യേകത. മുല്ലപ്പൂവിന്റെ വാടിയ ഗന്ധം, ശർക്കര ഉരുക്കി പാനിയെടുത്ത് ഉണ്ടാക്കുന്ന പലഹാരങ്ങൾ, ക്ഷേത്ര പ്രസാദമായി പൊങ്കലും പായസവും, ആവി പറക്കുന്ന ഇഡ്ഡലിപ്പാത്രങ്ങൾ, ഈ ആനന്ദങ്ങളെ മുഴുവൻ ഇല്ലാതാക്കി ക്കൊണ്ട് വഴിയരികിൽ നിറയുന്ന ഈച്ചക്കൂട്ടം. എങ്കിലും പാപനാശം ഭക്തിയും പുണ്യവുമാണ്. ഗംഗ ഒഴുകുന്നതുപോലെ താമ്രപർണി ഇവിടെ നിറഞ്ഞ് ഒഴുകുന്നു.
പാപനാശം ക്ഷേത്രവും ക്ഷേത്രക്കടവും കടന്ന് പോയാൽ അംബാസമുദ്രം. പേരു സൂചിപ്പിക്കുന്നതു പോലെ സമുദ്രമില്ല അംബാസമുദ്രത്തിൽ. ചെറിയൊരു പട്ടണം.താമ്രപർണി നദി മാത്രമേയുളളൂ ഇവിടെ. മാത്രമല്ല സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലാണ് അംബാസമുദ്രത്തിലെ മഞ്ചോലക്കുന്ന്. സാഹസികരായ സഞ്ചാരികൾ വന്നു പോകുന്ന ഇടം. പേരു പോലെ തന്നെ നിറയെ മാവിൻതോട്ടങ്ങളുണ്ട് ഇവിടെ. ചുരുക്കത്തിൽ ചെറിയ തെരുവുകളും കൃഷിയിടങ്ങളും ക്ഷേത്രങ്ങളും പളളികളും ചേർന്ന തമിഴിടം മാത്രമാണ് അംബാസമുദ്രം. പേരുകേൾക്കുന്നതുപോലെ വലിയൊരു കടൽത്തീരമില്ലെന്നുമാത്രം.
മഞ്ചോലക്കുന്നിനു മുകളിൽ നിന്നാൽ മണിമുത്താർ ഡാം കാണാം. ഡാമിന് ഒരറ്റത്ത് വലിയൊരു മലയുണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുളള ആ മലയ്ക്കു മുകളിൽ നിന്നാൽ കാറ്റ് കാണാൻ പറ്റും. കടൽത്തിര പോലെ അലയടിച്ചു വരുന്ന കാറ്റ്. മണിമുത്താറിന് വേറൊരു പ്രത്യേകതയുമുണ്ട്. ഡാമിന്റെ പടിഞ്ഞാറ് മുകളിൽ മഞ്ഞു പാറുന്ന സഹ്യപർവതം കാണാം. അഗസ്ത്യ മലനിരകളാണ് അവിടെ കാണുന്നത്. ലോകത്ത് ഇന്നോളം വേർതിരിക്കപ്പെട്ടിട്ടില്ലാത്ത അപൂർവ ഇനം ഔഷധങ്ങളും ജീവജാലങ്ങളും നിറഞ്ഞ സഹ്യ പർവത നിരകൾ. ആ മലനിരകൾക്കപ്പുറത്താണ് തിരുവനന്തപുരം നഗരം കിടക്കുന്നത്.
പാപനാശം ക്ഷേത്രം
വഴിയോരക്കാഴ്ചകളിൽ നീണ്ടു നിവർന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. ചിലപ്പോൾ കുട്ടനാടിനേക്കാൾ മനോഹരമെന്നു തോന്നും നീലാകാശത്തിനു താഴെയുളള ഈ പച്ചക്കടൽ കണ്ടാൽ. പിന്നെ, ബന്ദിപ്പൂക്കളുടെ ചുവപ്പു നിറം. ഇടയ്ക്കിടയ്ക്ക് മഞ്ഞ വരികൾ പോലെ ജമന്തിപ്പൂക്കൾ. സൂര്യകാന്തിപ്പാടങ്ങളും കാണാം അങ്ങിങ്ങായി. ഉളളിപ്പാടങ്ങൾ വേറെയും. കുന്നുകളായി കൂട്ടിയിട്ടിരിക്കുന്ന ഉളളിയുടെ ചുവപ്പു നിറം ഒരു അപൂർവ കാഴ്ച തന്നെയാണ്. പിന്നെ, പഴങ്ങളും പച്ചക്കറികളും കൊണ്ട് സമൃദ്ധമാണ് വഴിയോരങ്ങൾ. ചില വാഴത്തോട്ടങ്ങൾ കാണുമ്പോൾ അത് അച്ചടക്കമുളള ഒരു സ്കൂൾ അസംബ്ലിയാണെന്നു തോന്നും. അത്രയ്ക്കും മനോഹരമായാണ് അവയുടെ നിൽപ്പ്,‍ മണിമുത്താറിൽ നിന്ന് തെങ്കാശിയിലേക്കുളള വഴിയിലാണ് പ്രശസ്തമായ പൊട്ടൽപുത്തൂർ ദർഗ. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനവും പ്രശസ്തവുമായ മുസ്ലീം പളളിയാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ദർഗയ്ക്ക്.
മടക്കയാത്രയിൽ തെങ്കാശിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് യാത്ര ചെയ്യാം. തിരുനെൽവേലിയിൽ നിന്ന് മറ്റു തീർഥാടനകേന്ദ്രത്തിലേക്കുളള സൗകര്യം തന്നെയാണു കാരണം. മധുരയും തിരുച്ചെന്തൂരും പിളളാർപ്പെട്ടിയുമൊക്കെ തിരുനെൽവേലിക്കു ചുറ്റുമാണ്. മാത്രമല്ല സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറ്റാടിപ്പാടങ്ങൾ ഉളളത് തിരുനെൽവേലി ജില്ലയിലാണ്. മഞ്ഞും കാറ്റും ഒരു പോലെ വീശിയടിക്കുന്ന മലനിരകളാണ് ഇവിടെ മുഴുവൻ. നോക്കെത്താ ദൂരത്തോളം വിലോഭനീയമായ നീലക്കുന്നുകൾ. അതിനിടയിൽ കുഞ്ഞുങ്ങളുടെ കൈയിലിരുന്ന് കറങ്ങുന്ന പമ്പരം പോലെ കാറ്റാടി യന്ത്രങ്ങൾ. തമിഴിന്റെ ഉൾഹൃദയങ്ങളിലൂടെയുളള ഈ യാത്രയിൽ ചെറുതും വലുതുമായ എത്രയോ ക്ഷേത്രങ്ങൾ കടന്നു പോകാം. അവിടെ നിന്നെല്ലാം മുഴങ്ങുന്നത് ഒരേ മന്ത്രമാണ്.
‘ദൈവം വലിയവനാണ്. ദൈവം വലിയവനാണ്...’
ആ വിളി കേൾക്കുമ്പോൾ, മനസ്സിൽ ഒരു നിലവിളക്കെങ്കിലും തെളിയിക്കാത്ത എത്ര പേരുണ്ടാകും മനുഷ്യരായി
തിരുവനന്തപുരത്തു നിന്ന് മാന്നാർ കോവിലിലേക്ക് 147 കിലോമീറ്റർ ദൂരം. തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രമാണ് തൊട്ടടുത്ത പട്ടണം. തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്മല– ആര്യങ്കാവ്–തെങ്കാശി വഴി മാന്നാർ കോവിൽ. വടക്കൻ ജില്ലകളിൽ നിന്നു വരുന്നവർക്ക് കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ, തെന്മല വഴി മാന്നാർകോവിലിലേക്കു പോകാം. തെങ്കാശിയാണു തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇപ്പോൾ നേരിട്ട് ട്രെയിൻ സർവീസ് ഇല്ല.
അംബാസമുദ്രത്തിലും പരിസരങ്ങളിലുമാ‌യി ഏകദേശം മുപ്പതു കിലോമീറ്റർ ചുറ്റളവിലുളള തമിഴ് കാഴ്ചകളാണ് ഇവിടെ. തെങ്കാശിയിൽ നിന്ന് ഏറെക്കുറെ നാൽപതു കിലോമീറ്റർ ദൂരമുണ്ട് അംബാസമുദ്രത്തിലേക്ക്. അംബാസമുദ്രത്തെ ചുറ്റിയാണ് മാന്നാർ കോവിലും ബ്രഹ്മദേശവും പാപനാശവും മണിമുത്താർ ഡാമും വരുന്നത്. കണ്ണിന് ആനന്ദം ഉണ്ടാക്കുന്ന വ്യത്യസ്തമായ കാഴ്ചകളാണ് ഈ വഴികളിലുളളത്. അംബാ സമുദ്രം പേരുകൊണ്ടു വ്യത്യാസപ്പെടുന്നതുപോലെ മാന്നാർ കോവിലും ബ്രഹ്മദേശം ക്ഷേത്രവും പഴമയെ തൊട്ടറിയാ വുന്ന സ്ഥലങ്ങളാണ്. അപൂർവമായ കാഴ്ചയാണ് മണിമുത്താർ ഡാം നൽകുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...