തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി,തിരുവനന്തപുരം ജില്ല
ഭക്തിപ്രസാദമരുളും തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി*
*തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവൻകോട്.*
വട്ടിയൂർക്കാവിനോട് ചേർന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവൻകോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവൻകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവൻകോട് എന്നായി മാറിയത്.
*ക്ഷേത്ര മഹാത്മ്യം*
തിരുവിതാംകൂർ രാജകുടുംബവും എട്ടുവീട്ടിൽ പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട് പണിക്കരുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടിൽ പിള്ളമാരിൽപെട്ട കഴക്കൂട്ടത്ത് പിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കർ. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട് നടക്കാതെ വന്നപ്പോൾ പ്രാർത്ഥനയുടെ വഴിതേടി. പ്രാർത്ഥനയുടെ ഫലമായി ത്രിമൂർത്തികൾ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തിൽ നിന്നും ദേവി അകന്നു പോവുകയും ത്രിമൂർത്തികളാൽ കാട്ടിൽ കൂടിയിരുത്തപ്പെടുകയും ചെയ്‌തു. അങ്ങനെയാണ് തൊഴുവൻകോട്ടെ പ്രതിഷ്‌ഠയ്‌ക്ക് വഴിയായതെന്നാണ് ഐതിഹ്യം. പരമഭക്തനായ പണിക്കർ പിന്നീടുള്ള കാലം അമ്മയെ പൂജിച്ച് കഴിയുകയും ഒടുവിൽ യോഗീശ്വരനായി മാറുകയും ചെയ്‌തു.
*ക്ഷേത്ര വിശേഷം*
മാർത്താണ്ഡവർമ്മയുടെ ആരാധനാമൂർത്തിയായ ദേവിയെ കാണാൻ മഹാരാജാവ് മാസത്തിലൊരിക്കൽ ക്ഷേത്രത്തിൽ എത്തുമായിരുന്നു.
നഗരത്തിൽ നിന്നും വരുന്നവർ പടിഞ്ഞാറേ നട വഴിയാണ് അമ്പലത്തിൽ പ്രവേശിക്കുക. ക്ഷേത്രത്തോട് അടുക്കുന്തോറും വിസ്‌മയാവഹമായ കാഴ്‌ചകളാണ് ഭക്തരെ കാത്തിരിക്കുന്നത്. വർണപ്രഭയിൽ തെളിയുന്ന ബിംബങ്ങൾ, വലിയ ഗോപുരങ്ങൾ, മതിലുകൾ പോലും ആകർഷകം. അതിലൊന്നിൽ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അർജ്ജുനന്റേയും ചിത്രം. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലിൽ പറ്റിപിടിച്ചു വളരുന്ന വടവൃക്ഷത്തിന്റെ വേരുകൾ ആരെയും ആകർഷിക്കും. ശിൽപചാതുര്യം വിളങ്ങുന്ന തൂണുകൾ, കോവിൽ മണ്ഡപങ്ങൾ, ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങൾ എന്നിവയാൽ ഭക്തരെ ആത്മീയ നിർവൃതിയിൽ ആറാടിക്കും തൊഴുവൻകോട് അമ്പലം.
നഗരത്തിൽ നിന്നും വരുന്നവർ പടിഞ്ഞാറേ നട വഴിയാണ് അമ്പലത്തിൽ പ്രവേശിക്കുക. ക്ഷേത്രത്തോട് അടുക്കുന്തോറും വിസ്‌മയാവഹമായ കാഴ്‌ചകളാണ് ഭക്തരെ കാത്തിരിക്കുന്നത്. വർണപ്രഭയിൽ തെളിയുന്ന ബിംബങ്ങൾ, വലിയ ഗോപുരങ്ങൾ, മതിലുകൾ പോലും ആകർഷകം. അതിലൊന്നിൽ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അർജ്ജുനന്റേയും ചിത്രം. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലിൽ പറ്റിപിടിച്ചു വളരുന്ന വടവൃക്ഷത്തിന്റെ വേരുകൾ ആരെയും ആകർഷിക്കും. ശിൽപചാതുര്യം വിളങ്ങുന്ന തൂണുകൾ, കോവിൽ മണ്ഡപങ്ങൾ, ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങൾ എന്നിവയാൽ ഭക്തരെ ആത്മീയ നിർവൃതിയിൽ ആറാടിക്കും തൊഴുവൻകോട് അമ്പലം.
*ചാമുണ്ഡേശ്വരി, മോഹിനിയക്ഷിയമ്മ എന്നീ രണ്ട് രണ്ട് പ്രധാന ദേവതകളാണുള്ളത്.* കൂടാതെ, ഗണപതി, യോഗീശ്വരൻ. വീരഭദ്രൻ, ഭൈരവൻ, കരിങ്കാളി, ദേവി, തമ്പുരാൻ, ഗന്ധർവൻ, യക്ഷി അമ്മ, നാഗർ, മറുത, ഭുവനേശ്വരി, ദുർഗ, ബ്രഹ്മരക്ഷസ് കൂടാതെ നവഗ്രഹ പ്രതിഷ്‌ഠയും ഗന്ധർവ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്. രാവിലെ അഞ്ചരയ്‌ക്ക് നടതുറന്നാൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്‌ക്ക് തുറന്നാൽ എട്ട് മണിവരെയും ദർശനമുണ്ടാകും.
*ശത്രുസംഹാരാർച്ചനയും സഹസ്രനാമാർച്ചനയും നവഗ്രഹാർച്ചനയും പ്രധാന വഴിപാടുകളാണ്. ഗണപതിക്കും നാഗർക്കും പ്രത്യേകം അർച്ചനയുണ്ട്. മംഗല്യപുഷ്‌പാർച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്. അതിന് പുറമെ കോഴിയും ആടും പശുകുട്ടികളും നേർച്ചയായി ക്ഷേത്രത്തിൽ സ്വീകരിക്കും.*
പ്രതിഷ്‌ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാർത്തികയ്‌ക്കാണ് പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത് പകൽ സമയത്ത് നട അടയ്‌ക്കില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്. അവസാന ദിവസം ഉച്ചയ്‌ക്കാണ് തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലിയും ഉരുൾ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്ത് പുരുഷൻമാർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപന ദിവസം നടക്കുന്ന ഹാരാർപ്പണത്തിന് അഭൂതപൂർവ്വമായ തിരക്കാണ്. ആരെയും അതിശയിപ്പിക്കും വിധം ബൃഹത്തായ രണ്ട് പനിനീർ ഹാരങ്ങൾ മധുരയിൽ നിന്നും രണ്ട് ലോറികളിലായിട്ടാണ് ഇവിടെ കൊണ്ടുവരുന്നത്. ഹാരഘോഷയാത്രയ്‌ക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്‌മേളം, നെയ്യാണ്ടിമേളം, പുലിക്കളി, കോൽക്കളി, മയിൽ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെ നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് പ്രദക്ഷിണം വച്ച് അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്‌ക്ക് ശേഷമുള്ള പൂജ കഴിഞ്ഞ് രാത്രി ഗുരുതിയോടെ നടയടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ