മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം
മദ്ധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളിലൊന്നാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. മുതുകുളം ഗ്രാമത്തിന്റെ ഐശ്വര്യവും അതിലുപരി ഏതൊരു മുതുകുളത്തുകാരന്റെയും വൈകാരിക അംശവുമാണ് പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. പാണ്ഡവരുടെ വനവാസ കാലത്ത് അവർ ഈ പ്രദേശത്ത് താമസിക്കുകയും മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്റെ ഇഷ്ടദേവതയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ് ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം. പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങൾ നിര്‍വഹിച്ചു പോരുന്നു. അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് കുന്തിദേവി തന്റെ തേവാരമൂര്‍ത്തിക്ക് ആദ്യമായി നിവേദിച്ചത്. അതുകൊണ്ട് പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാടു കദളിപ്പഴമായി തീർന്നു. ഇഷ്ടവരദായിനിയായ പാണ്ഡവർ കാവിലമ്മ സമസ്ത ജനങ്ങള്‍ക്കും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് ഓണാട്ടുകരയുടെ ഐശ്വര്യ ദേവതയായി പരിലസിക്കുന്നു.
തിരുവുത്സവ ദിവസങ്ങളിൽ നിത്യേന പകൽ ആറാട്ട് നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും പാണ്ഡവർ കാവിനുണ്ട്. കുംഭ മാസത്തിലെ പൂരം നാളിൽ ആറാട്ട് വരത്തക്ക വിധമാണ് ഉത്സവം. നാല് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ ദേവിയുടെ ചൈതന്യ വര്‍ദ്ധനവിനായി തന്ത്ര വിധി പ്രകാരം അതി പ്രധാനമായ ഉത്സവബലി നടത്തി വരുന്നു. ഒമ്പതാം ഉത്സവ നാളിലെ പള്ളിവേട്ടയും ആഘോഷപൂര്‍വമുള്ള തിരിച്ചെഴുന്നള്ളതും ദര്‍ശന പ്രധാനമാണ്. ഉത്സവ ദിവസങ്ങളിൽ വളരെ ഖ്യാതി കേട്ട ഒരു ചടങ്ങാണ് സേവ. അമ്പലപ്പുഴ വേല പോലെ തന്നെ പ്രശസ്തമാണ് പാണ്ഡവര്‍കാവിലെ സേവയും. ഉത്സവ ദിവസങ്ങളിൽ സ്ത്രീകൾ ചമയ വിളക്കെടുക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ആറാട്ട് ദിവസം വൈകുന്നേരം അഞ്ചു ഭഗവതിമാരുടെ എഴുന്നള്ളത്തും, എതിരേൽപ്പും യാത്ര ചോദിക്കലും ദര്‍ശന പ്രധാനമായ ചടങ്ങുകൾ ആണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ