പാലക്കാട്
ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം
പാലക്കാട് നഗരത്തിലാണ് ചിരപുരാതനമായ വിത്തുണ്ണി ശനീശ്വരസ്വാമി ക്ഷേത്രം. ഇത് തമിഴ് വംശജരുടെ ക്ഷേത്രമാണ്. ശനീശ്വരക്ഷേത്രമെന്ന നിലയിലും വിശ്രുതമാണ്. എല്ലാ വിഭാഗം ജനങ്ങളും ആരാധനയ്ക്കെത്തുന്ന മഹാക്ഷേത്രവും പാലക്കാടിന്റെ യശസ്സിന് മാറ്റു കൂടുന്നതാണ് ഈ പ്രദേശത്തിന്റെ സംസ്കാരിക പൈതൃകം. പാലക്കാട് -ഒറ്റപ്പാലം റൂട്ടില്‍ നൂറാണി ജംഗ്ഷനില്‍ വിത്തുണ്ണി റോഡരുകിലാണ് ശനീശ്വരസ്വാമി ക്ഷേത്രം. വലിയ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള ഗോപുരം. ഗോപുര മുകളില്‍ പാര്‍വ്വതി പരമേശ്വരന്മാരുടെ ശില്‍പം. അതിന് വലതുവശത്ത് ക്ഷേത്രകുളം. വിസ്തൃതമായ മുറ്റത്ത് പഴക്കമുള്ള ആല്‍മരം. ശ്രീകോവില്‍ പ്രധാന ദേവന്‍ ശിവന്‍. കിഴക്കോട്ട് ദര്‍ശനം. ശ്രീകോവിലിന് രണ്ടു വാതിലുകള്‍. കിഴക്കും തെക്കുമായി. നന്ദികേശന്‍ അകത്തും പുറത്തുമുണ്ട്. മദ്ധ്യഭാഗത്ത് അംബികയും, തെക്ക് വിനായകനും വടക്ക് വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുമുണ്ട്. പ്രധാനകോവിലിനു പിന്നില്‍ പടിഞ്ഞാറു ഭാഗത്ത് ശനീശ്വരന്‍ പടിഞ്ഞാറോട്ട് ദര്‍ശനമേകുന്നു. ശനീശ്വരസ്വാമിക്ക് പ്രാധാന്യം. പടിഞ്ഞാറെ നടയില്‍ ഹനുമാന്‍, ചണ്ഡീകേശന്‍, ഭൈരവന്‍, വനദുര്‍ഗ്ഗ, ബ്രഹ്മാവ്, ലീംഗോത്ഭവന്‍, ദക്ഷിണാമൂര്‍ത്തി എന്നീ ഉപദേവന്മാരുമുണ്ട്. നാല് പൂജ ശിവന് ധാരയും വിനായകന് അഭിഷേകവും ശനീശ്വരന് എള്ളുനിവേദ്യവും, ചെറുനാരങ്ങാ മാലയും പിന്‍വിളക്കും വഴിപാടുകളാണ്. ഏഴരശനിക്കും, കണ്ഠകശനിക്കും പിന്‍വിളക്കുവയ്ക്കും. കടുത്ത ശനിദോഷമുള്ളവര്‍ പരിഹാരാര്‍ത്ഥം നടത്തുന്നതാണ് ദ്രവ്യാഭിഷേകം. പാല്‍,തൈര്, തേന്‍, നെയ്യ്, ഇളനീര്, പനിനീര്, പഞ്ചാമൃതം, അരിപ്പൊടി, മഞ്ഞള്‍പൊടി, തിമണനപൊടി, നെല്ലിപ്പൊടി എന്നിവകൊണ്ടുള്ള അഭിഷേകം നടക്കും. അതുകഴിഞ്ഞാല്‍ പഞ്ചാമൃതം കൊണ്ടും ചന്ദനം കൊണ്ടും ഭസ്മം കൊണ്ടും അഭിഷേകവും നടക്കും. തമിഴ് മാസം ഒന്നാം തീയതി കാലത്ത് ഗണപതിഹോമം. മൃത്യൂഞ്ജയഹോമം, ഭഗവത്സേവ എന്നിവ നടക്കാറുണ്ട്. അന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന അന്നദാനവും ഉണ്ടാകും. ഗണപതിക്ക് ചതുര്‍ത്ഥി അഭിഷേകമുണ്ട്. മരിച്ചുപോയവരുടെ ശ്രാദ്ധദിവസം ബന്ധുജനങ്ങള്‍ ഇവിടെ ചതുര്‍ത്ഥിപൂജയും നടത്തിവരുന്നു. തുലാം മാസം പൗര്‍ണ്ണമി ദിവസം ശിവന് അന്നാഭിഷേകമുണ്ട്. അന്നംകൊണ്ട് ശിവന് പടികെട്ടി അത് അലങ്കരിച്ച് വാദ്യാഘോഷത്തോടെ കുളത്തില്‍ കൊണ്ടുപോയി മുങ്ങും. ഇത് വിശേഷ ചടങ്ങാണ്. എല്ലാ മാസവും കാര്‍ത്തിക ദിവസം കാര്‍ത്തികകാഭിഷേകമുണ്ട്. വിനായകചതുര്‍ത്ഥിയുംതിരുവാതിരയും പ്രധാനമാണ്. ഗുരു ദക്ഷിണാമൂര്‍ത്തിക്ക് ഗുരുപകര്‍ച്ച ചെയ്യും. ഈ സമയത്ത് ഭക്തര്‍കൊണ്ടുവരുന്ന നൂറ്റിയെട്ട് ദ്രവ്യങ്ങള്‍ ഹോമകുണ്ഠത്തില്‍ അര്‍പ്പിക്കുന്നു. ശനിപകര്‍ച്ച മഹായജ്ഞവും നടക്കാറുണ്ട്. ഓരോ നക്ഷത്രങ്ങള്‍ക്കുമുള്ള ദോഷപരിഹാരത്തിനായി ഭക്തര്‍ ഹോമത്തിലും അര്‍ച്ചനയിലും പങ്കെടുക്കും. ഗുരുക്കളാണ് ഹോമം നടത്തുന്നത്. ശനിയാഴ്ചകള്‍ വിശേഷമാണ്. അന്ന് ഭക്തജനതിരക്ക് ഉണ്ടാകും. തൈപ്പൂയവും വിശേഷമാണ്. പൈങ്കുനി ഉത്രം ഉത്സവത്തിന് ഭക്തജനങ്ങള്‍ വ്രതമിരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ