പലായനത്തിന്റെ കഥയുമായി കുശാല്‍ നഗറിലെ സുവര്‍ണ്ണ ക്ഷേത്രം
🌻
കര്‍ണാടകയിലെ കുശാല്‍നഗറിലെ സുവര്‍ണ്ണ ക്ഷേത്രം . ദൂരം കണക്കാക്കിയപ്പോള്‍ കേരളത്തില്‍ നിന്ന് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് പോയി വരാം.
കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടിബറ്റന്‍ ക്ഷേത്രത്തില്‍ എത്താം. അല്ലെങ്കില്‍ മൈസൂര്‍-മടിക്കേരി വഴി മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം. പേര് സൂചിപ്പിക്കുന്നതിന് വിപരീതമായി തീര്‍ത്തും ഗ്രാമീണ അന്തരീക്ഷമുളള ഒരിടമാണ് കുശാല്‍നഗരം.
റോഡിനിരുവശത്തും പാടങ്ങളും പച്ചക്കറി കൃഷിയുമാണ്. മടിക്കേരിയേയും കുശാല്‍ നഗരത്തേയും ബന്ധിപ്പിക്കുന്ന റോഡിനിരുവശവും കാടിനോട് സദൃശ്യമായ പ്രദേശങ്ങളാണ്. ആ വഴിയുളള യാത്ര വളരെ രസകരമാണ്. പാതി വിടര്‍ന്ന കാപ്പിപ്പൂവിന്റെ മണവും റോഡിനിരുവശത്ത് നിന്നും യാത്രികരെ തേടിയെത്തും
കുശാല്‍ നഗരത്തിലെത്തിയാല്‍ ടിബറ്റന്‍ ക്ഷേത്രത്തിലേക്കുളള യാത്രാനിര്‍ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അത്ര വലുതല്ലാത്ത നടന്ന് കയറാന്‍ കഴിയുന്ന ഒരു മലമുകളിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൊച്ചു ടിബറ്റിലെത്തിയ പ്രതീതിയാണ് ഉണ്ടാകുക. ടിബറ്റന്‍ മാതൃകയിലുളള വീടുകളും കൃഷിയിടങ്ങളും സന്യാസിമഠങ്ങളും മാത്രമേ അവിടെ കാണാന്‍ കഴിയൂ.
യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വളരെ വിസ്തൃതമായ റോഡാണെങ്കിലും ടൗണില്‍ നിന്നും വളരെ അകലെയായതിനാല്‍ ക്ഷേത്രത്തിലേക്കുളള വഴിയില്‍ ഹോട്ടലുകള്‍ വളരെക്കുറവാണ്. യാത്രയില്‍ ഭക്ഷണം കൈയില്‍ കരുതുകയോ, മടിക്കേരിയില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൂടാതെ മടിക്കേരി കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് പെട്രോള്‍ പമ്പുകള്‍ വളരെ കുറവായതിനാല്‍ അതിന് വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണം.
ഇത്തരമൊരു ബുദ്ധ ക്ഷേത്രം ഇന്ത്യയുടെ തെക്കേ അറ്റമായ കുശാല്‍നഗരം പോലൊരു ഇടത്തിന്റെ പുറകിലെ ചരിത്രം നീണ്ട ഒരു പലായനത്തിന്റെ കഥയാണ്. 1950-ല്‍ ചൈനയുടെ അപ്രതീക്ഷിതമായ ആക്രമണമാണ് ടിബറ്റന്‍ ലാമമാരെ ഇന്ത്യയിലെത്തിച്ചത്. ചൈനയുടെ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്ത് നിലനില്‍പ്പില്ല എന്നു മനസ്സിലാക്കിയ ലാമമാര്‍ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
അങ്ങനെ ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സംഘം ടിബറ്റന്‍ സന്യാസിമാര്‍ ഒത്തുചേര്‍ന്നു. എന്നാല്‍ കുടിയേറിയ അത്രയും പേര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് അവരില്‍ ഒരു സംഘം കുശാല്‍നഗരത്തിലെത്തി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിക്കുകയെന്നത് അവര്‍ക്കൊരു വെല്ലുവിളി തന്നെയായിരുന്നു. പിന്നീടവര്‍ അവിടെ ലഭ്യമായ മുള ഉപയോഗിച്ച് വീടുകളും ക്ഷേത്രങ്ങളും പണിയുകയായിരുന്നു.
അതിജീവനത്തിന്റെ ഒരു പാട് കഥകളും ഇവര്‍ക്ക് പറയാനുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ആസ്പത്രിയും സ്‌കൂളും ഉള്‍പ്പെടെ എല്ലാ സൗകര്യവുമുളള ഒരു സമൂഹമായി ഇവിടുത്തെ ലാമമാര്‍ മാറി.
ക്ഷേത്രത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൊച്ചു ടിബറ്റിലെത്തിയ പ്രതീതിയാണ് ഉണ്ടാകുക. ടിബറ്റന്‍ മാതൃകയിലുളള വീടുകളും,കൃഷിയിടങ്ങളും, സന്യാസിമഠങ്ങളും മാത്രമേ അവിടെ കാണാന്‍ കഴിയൂ.
ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ധാരാളം കൊത്തുപണികളുളള ക്ഷേത്രത്തിന്റെ പ്രവേശനകവാടം സഞ്ചാരികളെ ആകര്‍ഷിക്കുതാണ്. ദൂരെ നി്ന്ന് കാണുമ്പോള്‍ ചെറിയ ക്ഷേത്രമാണെന്നു തോന്നുമെങ്കിലും ഉള്ളില്‍ പ്രവേശിച്ചാല്‍ വളരെ വിസ്തൃതമായി സങ്കീര്‍ണ്ണമായ വാസ്തുശാസ്ത്രപ്രകാരമാണ് ക്ഷേത്രം പണിക്കഴിപ്പിച്ചതെന്ന് മനസ്സിലാക്കാം.
ഗൗതമ ബുദ്ധന്‍, ബുദ്ധമത സ്ഥാപകനായ പദ്മസംഭവ, അമിത്തായൂസ് എന്നിവരുടെ നാല്‍പ്പത്തിടിയോളം വരുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ക്ഷേത്രത്തിനകത്ത് ഉളളത്. കൂടാതെ താന്ത്രിക ബുദ്ധിസത്തെക്കുറിച്ച് വിശദമായ വിവരം തരുന്ന ചുമര്‍ച്ചിത്രങ്ങളും ശില്‍പ്പങ്ങള്‍ക്ക് ഇരുവശങ്ങളിലായി കാണാം. ബുദ്ധമത സ്ഥാപകനായ പദ്മസംഭവന്റെ 25 ശിഷ്യന്മാരുടെ ചിത്രങ്ങള്‍ വളരെ മനോഹരമായി ക്ഷേത്രത്തിനകത്ത് വരച്ചുവെച്ചിട്ടുണ്ട്. പഴച്ചാറുകളും മററും ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ വരച്ചിട്ടുളളത്. ക്ഷേത്രത്തിനകത്തും പരിസരങ്ങളിലുമായി ധ്യാനിച്ചിരിക്കുന്ന ഒരു പാട് ബുദ്ധ സന്യാസിമാരെ (ലാമമാരെ)കാണാം.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ ബുദ്ധമത കേന്ദ്രമാണ് ഈ ടിബറ്റന്‍ ക്ഷേത്രം.ബുദ്ധമത ഗ്രന്ഥങ്ങളും, ആനക്കൊമ്പുകളും, പ്രാര്‍ത്ഥനാ ചക്രങ്ങളും, ക്ഷേത്രത്തിനകത്തെ മറ്റ് ആകര്‍ഷണങ്ങളാണ്.
മണ്ണില്‍ തീര്‍ത്ത് ടിബറ്റന്‍ രൂപരേഖ ക്ഷേത്രത്തിന് സമീപത്തായി കാണാം. കൊച്ചുവീടുകളും അതിര്‍ത്തികളും അതില്‍ സസൂക്ഷ്മം നിര്‍മ്മിച്ചിട്ടുണ്ട്.
ഇന്ത്യയിലെത്തന്നെ ശ്രദ്ധേയമായ ഒരു ബുദ്ധപഠന കേന്ദ്രം കൂടിയാണ് ഈ ബുദ്ധക്ഷേത്രം. നിരവധി ഗവേഷണ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി ദിവസേന ഈ ക്ഷേത്രത്തില്‍ എത്താറുളളത്.
ക്ഷേത്രത്തിന്റെ സമീപ പ്രദേശത്തുളള ടിബറ്റന്‍ മാതൃകയില്‍ നിര്‍മ്മിച്ച വീടുകളിലാണ് ടിബറ്റന്‍ ബുദ്ധ സന്യാസിമാര്‍ താമസിക്കുന്നത്.ക്ഷേത്രത്തിന് പുറത്തുളള വഴിയോരങ്ങളില്‍ ടിബറ്റന്‍ ആഭരണങ്ങളും ശില്‍പ്പങ്ങളും രോമക്കുപ്പായങ്ങളും ഭക്ഷണവസ്തുക്കളും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. കൂടാതെ കാപ്പികൃഷി ധാരാളമായി ഉളളതിനാല്‍ ശുദ്ധമായ കാപ്പിപ്പൊടിയും വീട്ടില്‍ നിര്‍മ്മിച്ച ചോക്ലേറ്റുകളും ഇവിടെ ലഭിയ്ക്കും.
🦋
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ