പഞ്ചതന്ത്രം കഥകൾ
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന് മൂന്നു പുത്രന്മാരാണുണ്ടാ യിരുന്നത്. പുത്രന്മാർ മൂവരും ബുദ്ധിഹീനരും, ദുർബുദ്ധികളുമായിരുന്നു. തന്റെ പുത്രന്മാരുടെ ബുദ്ധിയുണർത്താൻ എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ രാജാവ് തന്റെ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
രാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ സുമതി എന്ന മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ്, സർവ്വ ശാസ്ത്രവിശാരദനായ വിഷ്ണുശർമ്മ എന്ന ബ്രാഹ്മണനെ ആളയച്ചു വരുത്തി. പുത്രന്മാരെ അദ്ദേഹത്തിന് ഏൽപ്പിച്ചു കൊടുത്തു.
വിഷ്ണുശർമ്മ ലോകത്തിലെ ധർമ്മ ശാസ്ത്രങ്ങളും , നീതിശാസ്ത്രങ്ങളും എല്ലാം ഉൾപ്പെടുത്തി വളരെ മനോഹരമായി അഞ്ചു ഗ്രന്ഥങ്ങൾ (തന്ത്രങ്ങൾ) രചിച്ചു. അദ്ദേഹം അവ ഓരോന്നായി അമരശക്തി രാജാവിന്റെ പുത്രന്മാരെ പഠിപ്പിച്ചു.അങ്ങിനെ അവർ അറിവുള്ളവരായി തീരുകയും ചെയ്തു.
മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം ഇങ്ങിനെ അഞ്ചു ഭാഗങ്ങളിലായിട്ടാണ് ഈ കഥകൾ അവതരിപ്പിച്ചിട്ടുള്ളത്. നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ കഥകൾ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.
1 - സഞ്ജീവകൻ
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പട്ടണത്തിൽ വർദ്ധമാനകൻ എന്ന ഒരു വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനും, അതുപോലെ തന്നെ നല്ല ഒരു ധർമ്മിഷ്ഠനുമായിരുന്നു.പണം കൊണ്ട് നേടാൻ കഴിയാത്തതായി ലോകത്തിൽ ഒന്നും തന്നെയില്ലെന്ന് വിശ്വസിച്ചിരുന്ന ആ വ്യാപാരി ഏതുവിധേനയും കുറെ പണം കൂടി സമ്പാദിക്കണമെന്ന ആഗ്രഹത്താൽ മഥുരാ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെയെത്തി വ്യാപാരം ചെയ്ത് ധനം സമ്പാദിക്കാമെന്ന് തീരുമാനിച്ച വ്യാപാരി തന്റെ ഭൃത്യന്മാരോടൊപ്പം കാളവണ്ടിയിൽ അവിടേക്ക് യാത്രയായി.
യാത്രയ്ക്കിടയിൽ ഒരു കാട്ടിൽ വെച്ച് വണ്ടിയുടെ ഭാരക്കൂടുതൽ കാരണം നുകം പൊട്ടി സഞ്ജീവകൻ എന്ന കാള നിലത്ത് വീണു പോയി.രണ്ടോ മൂന്നോ ദിവസം കാത്തിരുന്നിട്ടും തന്റെ കാള എഴുന്നേൽക്കുന്നില്ലെന്ന് കണ്ട വ്യാപാരി, കാളയെ നോക്കാൻ ചില ഭൃത്യരെ ഏൽപ്പിച്ച് നഗരത്തിലേക്ക് പുറപ്പെട്ടു. സഞ്ജീവകൻ ജീവിക്കുകയാണെങ്കിൽ അവനേയും കൂട്ടി തന്റെ അടുക്കലെത്താനും, അഥവാ ചത്തുപോവുകയാണെങ്കിൽ അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷം വരാനും തന്റെ ഭൃത്യരെ പറഞ്ഞ് ഏൽപ്പിച്ച വ്യാപാരി മഥുരയിലേക്കുള്ള തന്റെ യാത്ര പുനരാരംഭിച്ചു.
എന്നാൽ സഞ്ജീവകനെ നോക്കാൻ നിർത്തിയ ഭൃത്യന്മാരാകട്ടെ പിറ്റേ ദിവസം തന്നെ അവനെ ഉപേക്ഷിച്ച് വ്യാപാരിയുടെ അടുത്തെത്തി. സഞ്ജീവകൻ ചത്തു പോയെന്നും, അവനെ ചിതകൂട്ടി ദഹിപ്പിച്ചെന്നും വ്യാപാരിയെകയ്യിലിരിപ്പ് നല്ലതായത് കൊണ്ട് അവിടന്ന് പറഞ്ഞു വിട്ടു വിശ്വസിപ്പിച്ചു.അദ്ദേഹത്തിനാകട്ടെ ഈ വാർത്ത വളരെ സങ്കടമുളവാക്കുന്നതായിരുന്നു.
സഞ്ജീവകന് പിന്നീട് എന്തു സംഭവിച്ചു എന്നറിയണ്ടേ?
സഞ്ജീവകൻ" അബോധാവസ്ഥയിൽ നിന്നും ഉണർന്നു. യമുനാനദിയിലെ കുളുർ കാറ്റേറ്റ് അവൻ പതുക്കെ" നടക്കാൻ തുടങ്ങി. അവിടവിടെയായി വളർന്നു നിന്ന ഇളം പുല്ല് തിന്ന് യമുനയിലെ വെള്ളവും കുടിച്ച് അവൻ തന്റെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുത്തു. കുറച്ചു ദിവസം കൊണ്ട് അവൻ തടിച്ച് ശക്തനായി മാറി ,അവിടെയെല്ലാം മുക്രയിട്ടു കൊണ്ട് നടന്നു. അവശനിലയിലായിരുന്ന സഞ്ജീവകനെ വർദ്ധമാനകന്റെ ഭൃത്യന്മാർ ഉപേക്ഷിച്ചുവെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ സഞ്ജീവകൻ പൂർണ്ണ ആരോഗ്യവാനായി മാറുകയാണുണ്ടായത്.
ഈ കഥ വായിച്ചതിൽ നിന്നെന്തു മനസ്സിലാക്കാം...🔥..
*വിധി രക്ഷിക്കാൻ ഉറച്ചവനെ കാട്ടിലുപേക്ഷിച്ചാൽ പോലും അവൻ ജീവിതത്തിലേക്ക് തിരിച്ചെത്തും. അല്ലെങ്കിലോ വീട്ടിലിരുന്നിട്ടും ഒരു കാര്യവുമില്ല*🔥
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ