കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം (മഞ്ചേരി)
മലപ്പുറം ജില്ലയിലെ മഞ്ചേരി പട്ടണത്തിനു സമീപം മേലാക്കം എന്ന സ്ഥലത്താണ് കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. കിഴക്ക് ദർശനം. ദേവി ഇവിടെ മാതൃഭാവത്തിലാണു കുടികൊള്ളുന്നത്. കേരളത്തിൽ ഏറ്റവും അധികം കളംപാട്ട് നടക്കുന്ന ക്ഷേത്രം എന്ന ഖ്യാതിയും ഈ ദേവീ ക്ഷേത്രത്തിനുണ്ട്.
ഐതിഹ്യം
ഒരു ബ്രാഹ്മണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം. പണ്ട് ഈ ക്ഷേത്രം ഒരു ശാസ്താക്ഷേത്രമായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. അക്കാലത്ത് ഒരു ദിവസം തളിപ്പറമ്പിലുള്ള ചെമ്മലാശ്ശേരി മനയിൽ നിന്നും ഒരു നമ്പൂതിരി മഞ്ചേരിയിൽ എത്തി. കാൽ നടയായിട്ടായിരുന്നു അദ്ദേഹത്തിൻ യാത്ര. ക്ഷേത്രത്തിലേക്ക് തിരിയുന്ന മേലാക്കം എന്ന സ്ഥലത്തെത്തിയപ്പോൾ കുറച്ചാളുകൾ അവിടെയിരുന്ന് ചീട്ട് കളിക്കുന്നത് കണ്ടു, താനൊരു ബ്രാഹ്മണനാണെന്നും കുളിച്ച് സന്ധ്യാവന്ദനം നടത്താൻ പറ്റിയ ക്ഷേത്രം വല്ലതും അടുത്തുണ്ടോ എന്നും അവരോട് ചോദിച്ചു. കളിയിൽ മുഴുകിയ അവർ, ഇവിടെ നിന്നും അര കി. മീ പോയാൽ ഒരു സ്ഥലമുണ്ടെന്നും,അവിടെ നിന്ന് “കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചാൽ മതി എന്നും പറഞ്ഞ് പരിഹാസത്തോടെ ബ്രാഹ്മണനെ യാത്രയാക്കി. പാവം ബ്രാഹ്മണൻ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ”കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചു. പെട്ടെന്ന് വിളീകേട്ടിട്ടെന്നവണ്ണം ഒരു സ്ത്രീ അയാളുടെ അരികിലെത്തി. അവർ അയാൾക്ക് കുളം കാണിച്ച് കൊടുക്കുകയും സന്ധ്യാവന്ദനത്തിനു ശേഷം ഭക്ഷണം നൽകുകയും പിന്നീട് ഉറങ്ങാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. പുലരാൻ ഏഴരനാഴികയുള്ളപ്പോൾ കുളിയും തേവാരവും കഴിഞ്ഞ് ഇവിടെ നിന്നും പൊയ്ക്കൊള്ളുവാനും പോകാൻ നേരത്ത് പറയണമെന്നും ആ സ്ത്രീ നിർദ്ദേശിച്ചു.
യാത്രചോദിക്കാനെത്തിയ ബ്രാഹ്മണനെ ആ സ്ത്രീ ഒരു പിടി കുരുമുളക് ഏൽപ്പിച്ചു എന്നിട്ട് ഇങ്ങോട്ട് പോരാൻ വഴി പറഞ്ഞ് കൊടുത്തവർ ഇരുന്ന സ്ഥലത്ത് അത് വിതറണമെന്നും നിർദ്ദേശിച്ചു. അപ്രകാരം ചെയ്തുകൊണ്ട് അയാൾ മടങ്ങിപ്പോവുകയും ചെയ്തു. വളരെ നാളുകൾക്കുശേഷം ബ്രാഹ്മണൻ വീണ്ടും ഈ പ്രദേശത്ത് വന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത്- പണ്ട് തന്നെ പരിഹസിച്ചവരെല്ലാം വസൂരി വന്ന് മരണമടയുകയായിരുന്നു എന്ന്. ദേവീ ദർശ്ശനമാണ് തനിക്കുണ്ടായത് എന്ന് മനസ്സിലാക്കിയ ആ ബ്രാഹ്മണ ശ്രേഷ്ഠൻ പിൽക്കാലത്ത് ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു എന്നാണ് വിശ്വാസം.
ദേവി കിഴക്കോട്ട് ദർശ്ശനാമായിട്ടാണ് ഇരിക്കുന്നത്, ദേവവൃക്ഷം ക്ഷേത്രപരിസരത്ത് തന്നെയുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്കിറങ്ങിയാൽ താഴ്ചയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, നാലമ്പലവും നടശ്ശാലയും മുഖമണ്ഡപവും എല്ലാം തന്നെ പുരാതന വാസ്തുശില്പ മാതൃകയിൽ പണിതീർത്തവയാണ്. ക്ഷേത്രത്തിന് ഇടതുവശത്തായിട്ടാണ് പാട്ട്പുര സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് കുളം.
നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറോട്ട് ദർശ്ശനമായി അയ്യപ്പനും കിഴക്കോട്ട് ദർശനമായി ഗണപതിയും സ്ഥിതി ചെയ്യുന്നു.
പ്രധാനവഴിപാടുകൾ
അഭീഷ്ട കാര്യസിദ്ധിക്കായി ഭക്തർ വഴിപാടായി ഉദയാസ്തമന പൂജ നടത്തി വരുന്നു. കളംപാട്ടാണ് ഇവിടത്തെ പ്രധാന വഴിപാട്, കാളികാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് ഏറെ പ്രസിദ്ധമാണ്. വർഷത്തിൽ പത്ത് ദിവസമൊഴികെ എല്ലാദിവസവും കളംപാട്ട് നടക്കുന്ന ഏക ക്ഷേത്രമാണിത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ