തിരുമുല്ലവാരം ക്ഷേത്രം
*പ്രസിദ്ധമായ 108 മഹാവിഷ്ണു*ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ "മഹാവിഷ്ണുവും""പരമശിവനുമാണ്" പ്രധാന ആരാധനാ മൂർത്തികൾ. എങ്കിലും മഹാവിഷ്ണുവിനാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദർശനമായി മഹാവിഷ്ണുവും പടിഞ്ഞാറ് ദർശനമായി പരമശിവനും. വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ വട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ദിവസം മൂന്ന് പൂജകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന്റെ മേൽക്കോയ്മയിലുള്ളതാണ് ഈ ക്ഷേത്രം.
കൊല്ലം പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
*വിശ്വാസം*
കുലശേഖര കാലഘട്ടത്തിൽ കൊല്ലം തലസ്ഥാനമാക്കി നാടു ഭരിച്ചിരുന്ന രാജാവിന്റെ ആരാധനാമൂർത്തിയായിരുന്നു ഇവിടുള്ള മഹാവിഷ്ണു എന്നൊരു വിശ്വാസം പ്രബലമായുണ്ട്. ക്ഷേത്രക്കുളം കടലോരത്താണെങ്കിലും ക്ഷേത്രക്കുളത്തിലെ വെള്ളത്തിനും ക്ഷേത്രക്കിണറ്റിലെ വെള്ളത്തിനും ഉപ്പുരസമില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ ബലിയിട്ടാൽ പരേതാത്മാക്കൾക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ഇവിടുത്തെ മഹാവിഷ്ണുവിനെ മോക്ഷദായകനായ "പരമാത്മാവ്" ആയിട്ടാണ് സങ്കൽപ്പിചിരിക്കുന്നത്. "തിലഹോമമാണ്" ഭഗവാന്റെ ഇഷ്ടവഴിപാട്.
*ചരിത്രം*
പ്രാക്തനകാലത്ത് ഈ ക്ഷേത്രം ഒരു പ്രസിദ്ധമായ ബുദ്ധവിഹാരമായിരുന്നു. ശ്രീമൂലവാസം എന്ന പുകൾപെറ്റ ബുദ്ധകേന്ദ്രമായിരുന്നു ഇത് എന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് കണ്ടെടുത്ത ബുദ്ധപ്രതിമകളിൽ ദക്ഷിണപാഥേ ശ്രീമൂലവാസേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ സ്ഥലത്തെ പറ്റിയാണ്. ഈ പ്രതിമകൾ ക്രീസ്തുവിനു മുൻപ് നിർമ്മിക്കപ്പെട്ടവയാണ്. വീരരാഘവന്റെ തരിസാപ്പള്ളി ചെപ്പേടുകളിലും ശ്രൂമീലവസ ക്ഷേത്രത്തിലേക്കു നൽകുന്ന സംഭാവനയെപ്പറ്റി വിവരണമുണ്ട്. കൊല്ലം ജില്ലയിൽ കര കടൽ കയറിയായിരിക്കാം ഈ പ്രദേശം നശിച്ചു പോയത് എന്നു ചരിത്രകാർന്മാർ അഭിപ്രയപ്പെടുന്നു.
*പിതൃപൂജയും തിലഹോമവും*
ഈ ക്ഷേത്രം പിതൃപൂജയ്ക്കും തിലഹോമത്തിനും പ്രസിദ്ധമാണ്. മേൽപ്പറഞ്ഞ പൂജകൾ നടത്തിയാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നും പിതൃദോഷം പരിഹരിക്കപ്പെടുമെന്നും ഉള്ള വിശ്വാസമാണ് ഇതിന്റെ കാരണം.
*ഉപദേവതകൾ*
മഹാദേവന്റെ ശ്രീകോവിലിൽ ശ്രീ പാർവതീദേവി, ഗണപതിഭഗവാൻ,ധർമശാസ്താവ്, ശ്രീമുരുകൻ എന്നിവരെ കൂടാതെ മറ്റുപദേവതകളായിഭുവനേശ്വരിദേവിയും രക്ഷസ്സുംകുടികൊള്ളുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ