കണ്ണൂർ
പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
_*കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരുസുബ്രഹ്മണ്യക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം(Peralassery Sri Subrahmanya Temple)*കണ്ണൂർ-കൂത്തുപറമ്പ്പാതക്കരികിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യനെക്കൂടാതെ ഇവിടെ നാഗങ്ങളെയും ആരാധിച്ചു വരുന്നു. നാഗപ്രീതിക്കായി ഇവിടെ സർപ്പബലി,നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്._
*_ഐതിഹ്യം_*
_ഉത്തര കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പെരളശ്ശേരി അമ്പലം.കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് ലേക്കുള്ള വഴിയിൽ ഏതാണ്ട് 15 കിലോമീറ്റർ സഞ്ചരിച്ചാൽ പെരളശ്ശേരിയിൽ എത്താം. പെരളശ്ശേരിയിൽ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്. വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം. കിഴക്കോട്ടാണ് ഇവിടെ സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. മുൻപ് ഈ ക്ഷേത്രം ഒരു അയ്യപ്പൻകാവായിരുന്നത്രേ. അതിനു ശേഷം ശ്രീരാമനാണ് ഇപ്പോൾ കാണുന്ന സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത്.അതിനു മുൻപ് അയ്യപ്പക്ഷേത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ സ്ഥലം അയ്യപ്പൻകാവ് എന്നാണ് അറിയപ്പെട്ടിരുന്നത്._
_വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയായി.ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യ സാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം ഹനുമാനോടും ലക്ഷ്മണനോടും പറയുകയും ചെയ്തു._
_ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു.എന്നാൽ ബ്രഹ്മാവിനു അതിൻറെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ വീരബാഹുവിനോട് പറഞ്ഞു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമായി. പിന്നീട് പരമേശ്വരൻറെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ചു അയ്യപ്പൻ കാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തു പോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക് സുപ്രധാന സ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും,ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്ന് പറഞ്ഞു. ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായ് തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ ബിംബവുമായ് എത്തി. ശ്രീരാമൻ വളയുടെ മുകളിൽ തന്നെ പ്രതിഷ്ടിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു. വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചു. തുടർന്ന് ശ്രീരാമൻ വളയുടെ മുകളിൽ തന്നെ ബിംബം പ്രതിഷ്ഠിച്ചു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ ലോപിച്ചു പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു._
*_ഉത്സവങ്ങൾ_*
_തുലാസംക്രമം, തുലാം 10,11, ധനു ഉത്സവം എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്. തുലാ സംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. കാവേരി നദിയിലെ ജലം ഈ ദിവസം ഇവിടെ എത്തിച്ചെരുമെന്നാണ് വിശ്വാസം. ആയില്യം നാളിൽ കൂടുതൽ ഭക്തൻമാർ ഇവിടെയെത്താറുണ്ട്. നാഗാരാധനയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. നാഗപൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം_
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ