പാലക്കാട്
ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
*_കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവദേവാലയമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്._* _'മലബാറിലെ ശബരിമല' എന്ന പേരിൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമിയാണ്. കിരാത ഭാവത്തിൽ പടിഞ്ഞാറ് ദർശനം. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ചെർപ്പുളശ്ശേരി പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് പട്ടാമ്പി റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉപദേവതകളായി പരമശിവൻ,മഹാഗണപതി, നാഗരാജാവ്, നവഗ്രഹങ്ങൾഎന്നിവരും കുടികൊള്ളുന്നു._
*_ഐതിഹ്യം_*
_ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് നിരവധി ബ്രാഹ്മണകുടുംബങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു സ്ഥലനാമത്തിനുതന്നെ കാരണമായ ചെർപ്പുളശ്ശേരി മന. ഈ മനയിലെ കാരണവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിതനായ അദ്ദേഹംപെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായതിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തിൽപോയി ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശാനായ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്നാണ് അദ്ദേഹം നാട്ടിലെത്തിയത്._
_ജന്മദിനത്തിൽ പുലർച്ചെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് നമ്പൂതിരി ഇല്ലത്ത് തിരിച്ചെത്തിയപ്പോൾ കണ്ടത് ഇല്ലത്തിന്റെ നടുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഒരു ചുരികയാണ് (അയ്യപ്പന്റെ ആയുധമാണ് ചുരിക). ഈ കാഴ്ച കണ്ടപാടേ അദ്ദേഹം ഓടിപ്പോയി ചുരിക തൊട്ടെങ്കിലും അത് അപ്പോൾതന്നെ താണുപോയി. പകരം സ്വയംഭൂവായി ശാസ്താവിഗ്രഹം ഉയർന്നുവരുന്നത് അദ്ദേഹം കണ്ടു. ഇതുകൂടി കണ്ടപ്പോൾ ആനന്ദാശ്രുക്കൾ പൊഴിച്ച നമ്പൂതിരിതേവാരത്തിന് നേദിയ്ക്കാൻ വച്ച അട ശാസ്താവിന് നേദിച്ചു. ഇന്നും അട തന്നെയാണ് ശാസ്താവിന് പ്രധാനനിവേദ്യം. ശാസ്താവിനെ ഭക്തിയോടുകൂടി ഭജിച്ച ചെർപ്പുളശ്ശേരി നമ്പൂതിരിയ്ക്ക് ഒടുവിൽ ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയും അച്ഛനെപ്പോലെ തികഞ്ഞ ഭക്തനായിത്തന്നെ ജീവിച്ചു. അച്ഛന്റെ മരണശേഷം ഉണ്ണി സദാ ശാസ്താഭജനയിൽ മുഴുകി ജീവിച്ചതിനാൽ അദ്ദേഹം വിവാഹം കഴിയ്ക്കാൻ പോലും മറന്നുപോകുകയും അങ്ങനെ ആ കുടുംബം അന്യം നിന്നുപോകുകയും ചെയ്തു. ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉരുളിക്കുന്ന് നായർ ആ ബ്രാഹ്മണാലയത്തെ ദേവാലയമാക്കി മാറ്റി. അങ്ങനെയാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രം നിലവിൽ വന്നത്. ഇല്ലത്തെ നടുമുറ്റത്തെ മുല്ലത്തറ ശ്രീകോവിലായി; അടുക്കള തിടപ്പള്ളിയും. നായരുടെ ശ്രദ്ധയും ഭക്തിയും ക്ഷേത്രത്തെ വലിയ നിലയിലെത്തിച്ചു_
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ