ജോർജ്ജ് ബർണാർഡ് ഷാ...
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ് ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യ ലോകത്ത് പ്രവേശിച്ച അദ്ദേഹം, അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം ,മതം ,ഭരണസംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ച നീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.
സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ,തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളി വർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബൽ സമ്മാനവും(1925) ഓസ്കാർ പുരസ്കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ് ബെർണാർഡ് ഷാ. ബഹുമതികളിൽ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബൽ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നു വെങ്കിലും ഒടുവിൽ ഭാര്യയുടെ പ്രേരണയാൽ അതു സ്വീകരിച്ചു....
ജീവിതരേഖ...
1856 ജൂലൈ 26-ന് അയർലന്റിലെ ഡബ്ലിൻ നഗരത്തിലായിരുന്നു ബെർണാഡ് ഷായുടെ ജനനം. അച്ഛൻ ജോർജ്ജ് കർ ഷാ(1814–1885) ഡബ്ലിൻ കോടതിയിലെ ജീവനക്കാരനായിരുന്നു. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം ധാന്യ വ്യാപാരത്തിൽ പ്രവേശിച്ചുവെങ്കിലും വിജയിക്കാനായില്ല. അമ്മ ലൂസിൻഡ എലിസബത്ത് ഷാ (1830–1913) ഡബ്ലിനിലെ ഒരു ഭൂവുടമയുടെ മകളും സംഗീതജ്ഞയുമായിരുന്നു. ബെർണാഡ് ഷായ്ക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നു. ലൂസിൻഡ ഫ്രാൻസെസും(1853–1920), എലിനർ ആഗ്നസും(1854–1876). ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം. ഡബ്ലിൻ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്സ്യൽ ഡേ സ്കൂളിൽ പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. അശാസ്ത്രീയമായ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഷാ എന്നും തീവ്രമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.....
വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട് Cashel Byron's Profession എന്ന നോവലിലും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെർണാഡ് ഷായ്ക്ക് ഏകദേശം പതിനാറു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ പെണ്മക്കളോടൊപ്പം ലണ്ടനിലേക്ക് മാറി. ഡബ്ലിനിൽ അച്ഛനോടൊപ്പം കഴിച്ചുകൂട്ടാനായിരുന്നു ഷായുടെ തീരുമാനം. അക്കാലത്ത് ഒരു എസ്റ്റേറ്റ് ഓഫീസിൽ ഗുമസ്തനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1876 ഏപ്രിൽ മാസത്തിൽ അദ്ദേഹം ലണ്ടനിലെത്തി. അവിടെ വച്ച് സാഹിത്യത്തിൽ കൂടുതൽ തത്പരനായ ബർണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രത്തിൽ സംഗീതസംബന്ധിയായ ലേഖനങ്ങളെഴുതാനാരംഭിച്ചു. പിന്നീട് സാറ്റർഡേ റിവ്യു എന്ന വാരികയിൽ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമർശിച്ചും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.....
വായന അദ്ദേഹത്തെ ഒരു സോഷ്യലിസ്റ്റാക്കി മാറ്റി. 1884സെപ്റ്റംബറിൽ ലണ്ടനിൽ വച്ച് പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഹെൻറി ജോർജ്ജ് നടത്തിയ പ്രസംഗം അദ്ദേഹത്തെ ഫാബിയൻ സൊസൈറ്റിയിലേക്ക് ആകർഷിച്ചു. സാവധാന പരിവർത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1884-ൽ നിലവിൽ വന്ന പ്രസ്ഥാനമായിരുന്നു ഫാബിയൻ സൊസൈറ്റി. 1898-ൽ തന്റെ സഹ പ്രവർത്തകയായിരുന്ന ഷാർലറ്റ് പയ്ൻ ടൗൺഷൻഡ് എന്ന ഐറിഷ് വനിതയെ അദ്ദേഹം വിവാഹം കഴിച്ചു.1906-ൽ ഹെർട്ഫോഡ്ഷെയറിലെ വസതിയിൽ അവരിരുവരും താമസമാരംഭിച്ചു. പ്രസ്തുത വസതി ഷാസ് കോർണർ(Shaw's Corner)എന്ന പേരിൽ ഇന്നും പരിരക്ഷിക്കപ്പെടുന്നു.
1879നും 1883നും ഇടയിൽ ബെർണാഡ് ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.1892-ലാണ് അദ്ദേഹത്തിന്റെ ആദ്യ നാടകം Widower's Houses അരങ്ങിലെത്തിയത്. ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനു ശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി. അറുപത്തിമൂന്നു നാടകങ്ങൾക്കു പുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും 2,50,000 ത്തോളം എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്. 1895-ൽ ഫാബിയൻ സൊസൈറ്റിയിലെ തന്റെ സഹ പ്രവർത്തകരായിരുന്ന സിഡ്നി വെബ് ,ബിയാട്രിസ് വെബ്, ഗ്രഹാം വല്ലസ് ഏന്നിവരുമായി ച്ചേർന്ന് ബെർനാർഡ് ഷാ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസ്സ്ഥാപിച്ചു. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ ലൈബ്രറിയിൽ ഷായുടെ ബഹുമാനാർഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു. 1925-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.1931മുതൽ1936 വരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തി.1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1943 സെപ്റ്റംബർ 12ന് ഷാർലറ്റ് ഷാ അന്തരിച്ചു...
അവസാനകാലം 'ഷാസ് കോർണറി'ലാണ് അദ്ദേഹം ചിലവഴിച്ചത്.1950 നവംബർ 2-ന് 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബർണാഡ് ഷായുടെ അന്ത്യം. അദ്ദേഹത്തിന്റെ ചിതാഭസ്മം പത്നി ഷാർലറ്റ് ഷായുടേതിനൊപ്പം ഷാസ് കോർണറിലെ പൂന്തോട്ടത്തിൽ വിതറി....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ